This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്‌ഷ്വാകുവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:09, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്‌ഷ്വാകുവംശം

ദക്ഷിണേന്ത്യയില്‍ എ.ഡി. മൂന്നും നാലും ശതകങ്ങള്‍ക്കിടയില്‍ വാണിരുന്ന ഒരു രാജവംശം. ശാതവാഹനന്മാരുടെ പതനത്തിനുശേഷം ഉയര്‍ന്നുവന്ന പല ചെറുകിട രാജവംശങ്ങളിലൊന്നാണിത്‌. ഇക്‌ഷ്വാകു വംശക്കാര്‍ തെലുഗുനാട്ടിലെ ചില പ്രദേശങ്ങളില്‍ ഭരണം നടത്തിപ്പോന്നു. കൃഷ്‌ണ-ഗുണ്ടൂര്‍ മേഖലയിലായിരുന്നു അവരുടെ രാജ്യം. ഇക്‌ഷ്വാകുവംശത്തിന്റെ സ്ഥാപകന്‍ ശാന്തമൂലന്‍ ക ആണെന്നും തലസ്ഥാനം ശ്രീപര്‍വതമെന്നറിയപ്പെട്ടിരുന്ന വിജയപുരിയാണെന്നും കരുതപ്പെടുന്നു. ഇവരെ "ആന്ധ്രഭൃത്യന്മാര്‍' എന്നും പറഞ്ഞുവന്നു. ഇവരുടെ വാഴ്‌ചക്കാലം എ.ഡി. 220 മുതല്‍ 295 വരെയായിരുന്നുവെന്നും അതല്ലാ 345 വരെയായിരുന്നുവെന്നും രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. ഈ രാജവംശത്തിന്റെ ഭരണചരിത്രത്തെപ്പറ്റി ചില ഇതിഹാസപരാമര്‍ശനങ്ങളും കാണാം. മൊത്തം ഏഴു രാജാക്കന്മാര്‍ 57 വര്‍ഷം ഭരിച്ചു എന്നാണ്‌ പറയപ്പെടുന്നതെങ്കിലും, അമരാവതി, ജഗ്ഗയ്യപ്പേട്ട, നാഗാര്‍ജുനക്കൊണ്ട എന്നിവിടങ്ങളിലെ ശിലാരേഖകളില്‍നിന്നും ചില രാജാക്കന്മാരുടെ പേരുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇവരുടെ കാലത്ത്‌ നാഗാര്‍ജുനക്കൊണ്ടയിലെ വലിയ സ്‌തൂപമടക്കം പല ബൗദ്ധസ്‌മാരകങ്ങളും സ്ഥാപിതമായി. അക്കാലത്ത്‌ തെലുഗുരാജ്യത്തിലും സിലോണി(ശ്രീലങ്ക)ലും ഉള്ള ബുദ്ധമതക്കാര്‍ തമ്മില്‍ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. വാണിജ്യവും കലകളും ഇവരുടെ കാലത്ത്‌ പരിപുഷ്‌ടമായി. വീരപുരുഷദത്തനെന്ന രാജാവിന്റെ അഞ്ചു പത്‌നിമാരില്‍ മൂന്നുപേരും പിതൃസഹോദരിമാരായിരുന്നുവെന്നത്‌ അക്കാലത്തെ സാമൂഹികാചാരങ്ങളിലേക്കു വെളിച്ചം വീശുന്നു. മൂന്നാം ശതാബ്‌ദത്തിന്റെ ഒടുവില്‍ കൃഷ്‌ണാനദീതീരം ഇക്‌ഷ്വാകുവംശത്തിനു നഷ്‌ടപ്പെടുകയും പല്ലവന്മാര്‍ക്ക്‌ അധീനമാവുകയും ചെയ്‌തെന്ന്‌ "മായദവോലു' ശാസനം തെളിയിക്കുന്നു. നാലാം ശതാബ്‌ദത്തിന്റെ ആരംഭംവരെ വെറുമൊരു പ്രാദേശികശക്തിയായി ഇക്‌ഷ്വാകുവംശജര്‍ നിലനിന്നിരുന്നുവെങ്കിലും, കാലാന്തരത്തില്‍, ആദ്യം ബൃഹത്‌പലായനന്മാര്‍ക്കും, പിന്നീട്‌ പല്ലവന്മാര്‍ക്കും അവര്‍ കീഴടങ്ങുകയുണ്ടായി. പല്ലവന്മാര്‍ ഇക്‌ഷ്വാകുഭരണം അവസാനിപ്പിക്കുകയും, കൃഷ്‌ണാനദിയുടെ തെക്കുള്ള പ്രദേശങ്ങള്‍ തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

(അടൂര്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍