This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപാര്‍തീഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:01, 14 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപാര്‍തീഡ്

Apartheid

ദക്ഷിണാഫ്രിക്കയില്‍ അധീശത്വം സ്ഥാപിച്ച വെളുത്ത വംശജര്‍ തദ്ദേശീയ ജനതയ്ക്കു മേല്‍ നടപ്പിലാക്കിയ വര്‍ണവിവേചനം. നിയമപരമായി സാധൂകരിക്കപ്പെട്ട വംശീയതയാണ് അപാര്‍തീഡ്. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെ രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ ഉല്പ്പനമാണ് അപാര്‍തീഡ്. 1652-ല്‍ ദക്ഷിണാഫ്രിക്കയില്‍ കുടിയേറി അധിവാസമേഖലകള്‍ സ്ഥാപിച്ച വെള്ളക്കാര്‍ തദ്ദേശീയരായ കറുത്തവംശജര്‍ക്കെതിരെ വംശീയ വര്‍ണവിവേചനസമീപനമാണ് സ്വീകരിച്ചത്. ക്രമേണ കൊളോണിയലിസമായി രൂപാന്തരപ്പെട്ട വെള്ളക്കാരുടെ ആധിപത്യം പലതരം ആചാരങ്ങളിലൂടെയും വഴക്കങ്ങളിലൂടെയും വംശീയമേധാവിത്വമായി പരിണമിക്കുകയാണുണ്ടായത്. തദ്ദേശീയരായ കറുത്തവംശക്കാരെ നികൃഷ്ടരായി കണക്കാക്കിയ വെള്ളക്കാര്‍ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നും അവരെ പാര്‍ശ്വവല്‍ക്കരിക്കുകയുണ്ടായി. നിറത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിവും വിവേചനവും സൃഷ്ടിച്ച ഈ വംശീയപ്രത്യയശാസ്ത്രവും രാഷ്ട്രീയാധിപത്യവുമാണ് അപാര്‍തീഡ് എന്നറിയപ്പെട്ടത്. 1899-1902-ലെ ആംഗ്ളോ-ബോര്‍ യുദ്ധത്തെത്തുടര്‍ന്ന് അധീശത്വം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ അപാര്‍തീഡിനെ സാധൂകരിക്കുന്ന സമീപനം സ്വീകരിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ വന്ന വെള്ളക്കാരുടെ ഗവണ്‍മെന്റുകള്‍ വര്‍ണവിവേചനത്തെ സ്ഥാപനവല്‍ക്കരിച്ച നിയമങ്ങള്‍ ആവിഷ്ക്കരിച്ചു. 1913-ലെ 'ഭൂനിയമ'വും തൊഴില്‍ സ്ഥലങ്ങളില്‍ നിറത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്ന 'വര്‍ണമതില്‍' നിയമങ്ങളും ഇതിനുദാഹരണങ്ങളാണ്. ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രിയായിരുന്ന ജാന്‍ ക്രിസ്ത്യന്‍ സ്മട്ട്സ് 1917-ല്‍ ആദ്യമായി 'അപാര്‍തീഡ്' എന്ന സംജ്ഞ ഉപയോഗിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കറുത്തവരുടെ സഞ്ചാരസ്വാതന്ത്യ്രത്തെ നിയന്ത്രിക്കുന്ന 'സഞ്ചാരനിയന്ത്രണനിയമ'ങ്ങളും അവരെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നും വാണിജ്യകേന്ദ്രങ്ങളില്‍ നിന്നും പുറത്താക്കുകയാണുണ്ടായത്. വെള്ളക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കറുത്തവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. തിരിച്ചറിയല്‍ കാര്‍ഡുകളില്ലാത്ത കറുത്തവരെ എവിടെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റുചെയ്യാവുന്ന നിയമങ്ങളും നടപ്പാക്കിയിരുന്നു. 1945-ല്‍ അധികാരത്തില്‍ വന്ന വെള്ളക്കാരുടെ 'നാഷനല്‍ പാര്‍ട്ടി', അപാര്‍തീഡിനെ പഴുതുകളില്ലാത്ത നിയമവ്യവസ്ഥയാക്കി മാറ്റി. ഓരോ വ്യക്തിയേയും വംശത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുന്ന നിയമങ്ങള്‍ പാസാക്കിയ നാഷനല്‍ പാര്‍ട്ടി ഭരണം, മിശ്ര വിവാഹം, മിശ്രലൈംഗികത തുടങ്ങിയവയെ കുറ്റകൃത്യങ്ങളായി പ്രഖ്യാപിച്ചു. 1950-ല്‍ നിലവില്‍ വന്ന 'ഗ്രൂപ്പ് ഏര്യാസ് ആക്റ്റ്' കറുത്തവരെയും വെള്ളക്കാരെയും ഭൂമിശാസ്ത്രപരമായി വേര്‍തിരിച്ചു. ദക്ഷിണാഫ്രിക്കയില്‍ തദ്ദേശീയ ജനതയെ സ്വന്തം നാട്ടില്‍ അടിമകളും അഭയാര്‍ഥികളുമാക്കിയ പ്രധാന അപാര്‍തീഡ് നിയമങ്ങള്‍ ഇവയാണ്. 'ദ് ഇമ്മൊറാലിറ്റി ആക്റ്റ് അമന്‍ഡ്മെന്റ്' (1950), ദ് പോപ്പുലേഷന്‍ റെഗുലേഷന്‍ ആക്റ്റ് (1950), ദ് സപ്രഷന്‍ ഒഫ് കമ്യൂണിസം ആക്റ്റ് (1950), ബന്തു അതോറിറ്റീസ് ആക്റ്റ് (1951) പ്രിവന്‍ഷന്‍ ഒഫ് ഇല്ലീഗല്‍ സ്ക്വാറ്റിങ് ആക്റ്റ്' (1951), ദ് റിസര്‍വേഷന്‍ ഒഫ് സെഷറേറ്റ് അമനിറ്റീസ് ആക്റ്റ്' (1953), ദ് ബന്തു എഡ്യൂക്കേഷന്‍ ആക്ട് (1953), ബന്തു അര്‍ബന്‍ ഏര്യാസ് ആക്റ്റ് (1954), ബ്ളാക്ക് ഹോം ലാന്‍ഡ് സിറ്റിസണ്‍ ആക്റ്റ് (1970). ഈ നിയമങ്ങളിലൂടെ ഒരു വംശീയ പ്രത്യയശാസ്ത്രമെന്നതില്‍ നിന്ന്, അപാര്‍തീഡിനെ ഭരണഘടനാപരമായ നിയമവ്യവസ്ഥയാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു.

'വെള്ള ദക്ഷിണാഫ്രിക്ക'യെന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ തൊഴിലെടുക്കുന്നതിനോ വ്യവസായങ്ങള്‍ നടത്തുന്നതിനോ കറുത്തവര്‍ക്ക് അവകാശമില്ലായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും പ്രത്യേകം ഗതാഗത സൌകര്യങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍, തിയെറ്ററുകള്‍ എന്നിവ സ്ഥാപിച്ചു. എന്നാല്‍ കറുത്തവര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ക്ഷേമസംവിധാനങ്ങളെ അവഗണിച്ച ഗവണ്‍മെന്റ് വെള്ളക്കാരുടെ മേഖലകളില്‍ ഏറ്റവും മെച്ചപ്പെട്ട ആശുപത്രികള്‍, വിദ്യാലയങ്ങള്‍, നിരത്തുകള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് നിര്‍മിച്ചത്. കറുത്തവരെ വന്‍തോതില്‍ ക്രിസ്തുമത പരിവര്‍ത്തനം ചെയ്തുവെങ്കിലും വെള്ളക്കാരുടെ പള്ളികളില്‍ അവരെ പ്രവേശിപ്പിച്ചിരുന്നില്ല. 'ബ്ളാക്ക് ഹോം ലാന്‍ഡ് സിറ്റിസണ്‍ ആക്റ്റ്' അനുസരിച്ച് കറുത്തവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ പൌരത്വം തന്നെ നഷ്ടമായി.

1959-ല്‍ ബന്തു സ്വയംഭരണനിയമം നടപ്പില്‍ വന്നതോടെ വര്‍ണവിവേചനനയം സാര്‍വത്രികമായിത്തീര്‍ന്നു. ഓരോ സമൂഹത്തിനും അതിന്റെ കഴിവുകള്‍ പരമാവധി വികസിപ്പിക്കാന്‍ ജന്മദേശത്തുമാത്രമേ സാധ്യമാകൂ എന്നും, ബന്തുകള്‍ ഏക സ്വഭാവമുള്ള ഒരു ജനതയല്ലെന്നും ഉള്ള സിദ്ധാന്തത്തില്‍നിന്നും ഉടലെടുത്ത ഈ നിയമംമൂലം 'ബന്തുസ്താന്‍' എന്ന പേരില്‍ എട്ടു ജനപദങ്ങള്‍ തദ്ദേശവാസികള്‍ക്കുവേണ്ടി സ്ഥാപിതമായി. ഇതിന്റെ ഫലമായി നഗരങ്ങളിലെ 30 ലക്ഷത്തോളം ആഫ്രിക്കക്കാര്‍ ആ പ്രദേശങ്ങളിലെ സ്ഥിരവാസമുള്ള ജനതയായി കണക്കാക്കപ്പെടാന്‍ നിര്‍വാഹമില്ലാതായി (അവരില്‍ ചിലരെല്ലാം മൂന്നു തലമുറയിലധികമായി അവിടെ കഴിഞ്ഞു കൂടിയവരാണ്). ബന്തു പ്രദേശങ്ങളിലുള്ളവരായി അവരെ കണക്കാക്കാമെന്നും തൊഴിലാവശ്യങ്ങള്‍ക്കനുസരിച്ച് അവരെ ബന്തുനിവാസികളുമായി കൈമാറ്റം ചെയ്യാമെന്നും വന്നുചേര്‍ന്നു.

ചുരുക്കത്തില്‍, ഭൂരിപക്ഷംവരുന്ന തദ്ദേശീയരെ ദക്ഷിണാഫ്രിക്കയില്‍ 'പ്രവാസി'കളാക്കിമാറ്റുന്ന കര്‍ക്കശനിയമങ്ങളാണ് അപാര്‍തീഡ് ആവിഷ്ക്കരിച്ചത്. 1960-നും 1990-നു മിടയ്ക്ക് ലക്ഷക്കണക്കിന് കറുത്തവരെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് ബലമായി കുടിയിറക്കുകയും 'കറുത്തമേഖലാപ്രദേശ'ങ്ങളില്‍ പുനരധിവസിപ്പിക്കുകയും ചെയ്തു. 1950-കളില്‍ മാത്രം ജോഹന്നാസ് ബര്‍ഗില്‍ നിന്നും 60,000 പേരെ സൊവീറ്റോയിലേക്കു ആട്ടിപ്പായിച്ചു. കറുത്തവര്‍ക്ക് വോട്ടവകാശവും നിഷേധിക്കപ്പെട്ടിരുന്നു. ഏഷ്യന്‍ ഇന്ത്യന്‍ വംശങ്ങള്‍ക്കെതിരായ വിവേചനത്തിനെതിരെ രൂപംകൊണ്ട ഇന്ത്യന്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗാന്ധിജി ഫീനിക്സ് ആശ്രമം സ്ഥാപിച്ചു. നിറത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം ജനസംഖ്യയെ വെള്ളക്കാര്‍, കറുത്തവര്‍, ഇന്ത്യന്‍ വംശജര്‍, 'കളേര്‍ഡ്' എന്നിങ്ങനെ 4 വിഭാഗങ്ങളിലായി വര്‍ഗീകരിച്ചു. ബന്തുനിവാസികള്‍ കൊയ്സാന്‍കാര്‍, മിശ്രവംശജര്‍ എന്നിവരെയാണ് കളേര്‍ഡ് വിഭാഗത്തില്‍പെടുത്തിയിരുന്നത്.

അപാര്‍തീഡ് വിരുദ്ധസ്വാതന്ത്യസമരം. പരമ്പരാഗതമായി യാഥാസ്ഥിക സമീപനം സ്വീകരിച്ചുപോന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി), 1950-കളില്‍ അപാര്‍തീഡിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആവിഷ്ക്കരിച്ചു. പണിമുടക്കുകള്‍, നിയമലംഘനം, പ്രതിഷേധമാര്‍ച്ചുകള്‍ തുടങ്ങിയ പ്രത്യക്ഷ സമരരീതികള്‍ ആവിഷ്ക്കരിച്ച എ.എന്‍.സി. 1955-ല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് 'ഫ്രീഡം ചാര്‍ട്ടര്‍' അംഗീകരിച്ചു. എ.എന്‍.സി. നേതൃത്വത്തിന്റെ മിതവാദനയങ്ങളില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം 1959-ല്‍ കൂടുതല്‍ സമരോത്സുകമായ പാന്‍ ആഫ്രിക്കനിസ്റ്റ് കോണ്‍ഗ്രസ്സി'നു (പി.എ.സി.) രൂപം നല്‍കി. 1960 മാ. 21-ന് പി.എ.സിയുടെ നേതൃത്വത്തില്‍ ഇരുപതിനായിരത്തോളം ആളുകള്‍ തിരച്ചറിയല്‍ കാര്‍ഡ് കൈവശം വയ്ക്കാതെ ഷാര്‍പ്പ്വില്ലെയില്‍ പ്രകടനം നടത്തി. സമാധാനപരമായ പ്രകടനത്തിനുനേരെ നടത്തിയ വെടിവെയ്പ്പില്‍ 69 പേര്‍ തല്‍ക്ഷണം മരിക്കുകയും 186 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എല്ലാവര്‍ക്കും പിന്നിലാണ് വെടിയേറ്റത്. തുടര്‍ന്ന് എ.എന്‍.സിയേയും പി.എ.സിയേയും നിരോധിക്കുകയും ചെയ്തു.

അപാര്‍തീഡിനെതിരായ സ്വാതന്ത്യ്രസമരത്തില്‍ 'ഷാര്‍പ് വില്ലെ' കൂട്ടക്കുരുതി നിര്‍ണായകവഴിത്തിരിവായി. അപാര്‍തീഡിനെതിരെ സായുധ സമരമാരംഭിക്കാന്‍ ഈ സംഭവം എ.എന്‍.സിയെ പ്രേരിപ്പിച്ചു. 1964-ജൂണില്‍ നെല്‍സണ്‍ മണ്ടേല ഉള്‍പ്പെടെ എട്ട് എ.എന്‍.സി. നേതാക്കളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഈ വിചാരണയേയും ശിക്ഷയേയും ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു. ഇതേത്തുടര്‍ന്ന് ലോകമൊട്ടാകെ അപാര്‍തീഡിനെതിരെ പ്രതിക്ഷേധം വ്യാപകമായി. 1970-കളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ സ്റ്റീവ് ബിക്കോയുടെ നേതൃത്വത്തില്‍ 'കറുത്ത അവബോധപ്രസ്ഥാനം' രൂപം കൊള്ളുകയും അപാര്‍തീഡ് വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ജനകീയമാകുകയും ചെയ്തു. 1977-ല്‍ പ്രിട്ടോറിയയില്‍ അറസ്റ്റു ചെയ്യപ്പെട്ട സ്റ്റീവ് ബിക്കോ പൊലിസ് മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരിച്ചു. ഈ സംഭവം കറുത്തവരുടെ സ്വാതന്ത്യ്രപ്രക്ഷോഭത്തെ കൂടുതല്‍ സജീവമാക്കി. 1980 കളില്‍ വെളുത്തവരില്‍ ഒരു വിഭാഗവും അപാര്‍തീഡിനെതിരെ രംഗത്തുവന്നു.

1963-ല്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ദക്ഷിണാഫ്രിക്കയ്ക്കെതിരെ സായുധ ഉപരോധം ഏര്‍പ്പെടുത്തി. 1978-ലെയും 1983-ലെയും 'വംശീയതക്കെതിരായ ലോകസമ്മേളനം' ദക്ഷിണാഫ്രിക്കയ്ക്കെതിരെ പ്രമേയങ്ങള്‍ പാസാക്കി. 1950-കളില്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ അനവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കക്കെതിരെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തി. 1980-കളുടെ അവസാനമാകുമ്പോഴേക്കും മിക്ക രാജ്യങ്ങളും ദക്ഷിണാഫ്രിക്കയുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചതോടെ, ദക്ഷിണാഫ്രിക്കന്‍ ഗവ. പൂര്‍ണമായും ഒറ്റപ്പെടുകയാണുണ്ടായത്. അതേസമയം ലോകരാജ്യങ്ങള്‍ക്കിടയില്‍ എ.എന്‍.സിയുടെ പിന്തുണ വര്‍ധിച്ചു. 1986-ല്‍ സ്വീഡിഷ് പ്രധാനമന്ത്രിയായിരുന്ന ഒലോഫ് പാമെ, അപാര്‍തൈഡ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പറയുകയുണ്ടായി "അപാര്‍തീഡിനെ നവീകരിക്കാനാവില്ല; അതിനെ ഉന്‍മൂലനം ചെയ്യുകയാണ് വേണ്ടത്. ഈ കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഗവണ്‍മെന്റിനെ പിന്തുണച്ച ഏകരാജ്യം ഇസ്രായേല്‍ ആണ്. പി.ഡബ്ള്യു.ബോത്തയുടെ ഭരണകാലത്ത് അപാര്‍തീഡിനെ പരിഷ്ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും സ്വാതന്ത്യ്രസമരം ശക്തമായതോടെ 1985-ല്‍ ദക്ഷിണാഫ്രിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1990-ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എഫ്.ഡബ്ള്യു.ഡി. ക്ളര്‍ക്ക് അടിയന്തിരാവസ്ഥ പിന്‍വലിക്കുകയും എ.എന്‍.സി ഉള്‍പ്പെടെയുള്ള സ്വാതന്ത്യപ്രസ്ഥാനങ്ങള്‍ക്കുമേലുണ്ടായിരുന്ന നിരോധനം നീക്കുകയും ചെയ്തു. പത്രസ്വാതന്ത്യ്രം പുനഃസ്ഥാപിച്ച ഡി ക്ളര്‍ക്ക് 1990 ഫെ. 11-ന് നെല്‍സണ്‍ മണ്ടേലയെ മോചിപ്പിക്കുകയും ചെയ്തു. 27 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ നെല്‍സണ്‍ മണ്ടേല അപാര്‍തീഡ് വിരുദ്ധ സ്വാതന്ത്യ്രപ്രസ്ഥാനത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് ലോകമെങ്ങും ആദരിക്കപ്പെട്ടു. 1990-നും 1991-നുമിടയ്ക്ക് അപാര്‍തീഡ് നിയമങ്ങള്‍ ഒന്നൊന്നായി റദ്ദാക്കപ്പെട്ടു. 1992-മാ.-ല്‍ നടന്ന ജനഹിതപരിശോധന എ.എന്‍.സി യും മറ്റു സംഘടനകളുമായി സഹകരിച്ചുകൊണ്ട് പുതിയൊരു ഭരണഘടനയ്ക്കു രൂപം നല്‍കാന്‍ ഗവണ്‍മെന്റിനെ അധികാരപ്പെടുത്തി. എല്ലാ അന്യവിവേചനങ്ങളും നിരോധിക്കുന്ന കരട് ഭരണഘടന 1993-ല്‍ പ്രസിദ്ധീകരിച്ചു. 1994 ഏ. 26 അര്‍ധരാത്രിയില്‍ ന്യൂനപക്ഷ അപാര്‍തീഡ് ഗവണ്‍മെന്റിന്റെ പതാക താഴ്ത്തി, സ്വാതന്ത്യ്രപ്രക്ഷോഭത്തെ പ്രതിനിധീകരിക്കുന്ന 'മഴവില്‍ സഖ്യ'ത്തിന്റെ പതാക ഔദ്യോഗികമായി ഉയര്‍ത്തിയതോടെ അപാര്‍തീഡ് യുഗത്തിന്റെ അന്ത്യം കുറിച്ചു. മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 62.7 ശ.മാ. വോട്ട് നേടിയ എ.എന്‍.സി. അധികാരത്തിലെത്തുകയും നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അപാര്‍തീഡ് സൃഷ്ടിച്ച അസമത്വങ്ങളും വിവേചനങ്ങളും പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ലോകത്തിലെ ഏറ്റവും അസമമായ വരുമാനവിതരണമാണ് ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്നത്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള ജനസംഖ്യയുടെ 90 ശ.മാ.-വും കറുത്തവംശജരാണ്. നോ: നെല്‍സണ്‍ മണ്ടേല, ദക്ഷിണാഫ്രിക്ക.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍