This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ബാസ് I (1571 - 1629)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:10, 9 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അബ്ബാസ് I (1571 - 1629)

പേര്‍ഷ്യയിലെ ഷാ. മഹാനായ അബ്ബാസ് I പേര്‍ഷ്യയിലെ സഫാവി വംശത്തില്‍ 1571 ജനു. 27-ന് ഷാ മുഹമ്മദ് ഖുദാബന്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചു. പിതാവിന്റെ സ്ഥാനത്യാഗാനന്തരം 1587-ല്‍ അബ്ബാസ് ഭരണഭാരം ഏറ്റെടുത്തു. സുശക്തമായൊരു സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര ഭദ്രത സുരക്ഷിതമാക്കാന്‍ അബ്ബാസിനു കഴിഞ്ഞു. ആരംഭത്തില്‍തന്നെ കിസില്‍ ബാഷ് ഗോത്രങ്ങളുടെയും ഉസ്ബെക്കുകളുടെയും തുര്‍ക്കികളുടെയും എതിര്‍പ്പിനെ ഇദ്ദേഹത്തിനു ഒരേസമയം നേരിടേണ്ടിവന്നു. കിസില്‍ബാഷ് ഗോത്രക്കാരെ നിര്‍വീര്യമാക്കുന്നതിനും സ്വരക്ഷയ്ക്കുംവേണ്ടി പുതിയൊരു അംഗരക്ഷകസൈന്യത്തെ ഇദ്ദേഹം രൂപവത്കരിച്ചു. രാജഭക്തി തികഞ്ഞ ഒരു ശക്തിയായി ഈ സൈന്യം വളര്‍ന്നു വന്നു. 1597-ല്‍ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി; തുടര്‍ന്നു സുഫിയാനില്‍വച്ചു നടന്ന ഒരു യുദ്ധത്തില്‍ തുര്‍ക്കികളെയും. തുര്‍ക്കികളില്‍നിന്നു ബാഗ്ദാദ്, കര്‍ബല, നജാഫ്, ജോര്‍ജിയ എന്നീ സ്ഥലങ്ങള്‍ പിടിച്ചടക്കി. ഇംഗ്ളീഷ് നാവികസേനയുടെ സഹായത്തോടെ പോര്‍ത്തുഗീസുകാരില്‍ നിന്നും പിടിച്ചടക്കിയ ഓര്‍മൂസ് പില്ക്കാലത്ത് 'ബന്തറേ അബ്ബാസ്' (അബ്ബാസ് തുറമുഖം) എന്ന പേരില്‍ അറിയപ്പെട്ടു.

മാസന്തരാന്‍ (Mazandaran) വരെ നീണ്ടുകിടക്കുന്ന രാജപാതകള്‍, പാലങ്ങള്‍, കൊട്ടാരങ്ങള്‍ സാര്‍ഥവാഹക സത്രങ്ങള്‍ തുടങ്ങിയവ നിര്‍മിച്ച അബ്ബാസിന്റെ ആഭ്യന്തരഭരണം മികവുറ്റതായിരുന്നു. ഇസ്ഫഹാനിലെ സ്മാരകമന്ദിരങ്ങള്‍, ജുമാമസ്ജിദ്, നാല്പത് സ്തൂപങ്ങളുള്ള സിഹില്‍ സുതൂന്‍ കൊട്ടാരം, ചാര്‍ബാഗ്, മാസന്തിരാനിലെ വന്‍ പാലങ്ങള്‍, ഫറാഹബാദിലെ കൊട്ടാരം മുതലായവ ശില്പകലയ്ക്ക് അബ്ബാസ് നല്കിയ മികച്ച സംഭാവനകളാണ്. കൊള്ളക്കാരെ അടിച്ചമര്‍ത്തിക്കൊണ്ട് ഇദ്ദേഹം സഞ്ചാരസൌകര്യങ്ങളും വാര്‍ത്താവിതരണ സൌകര്യങ്ങളും സുരക്ഷിതമാക്കി.

ഇന്ത്യയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും സൌഹാര്‍ദപരമായ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ അബ്ബാസ്, അക്ബറുമായും ജഹാംഗീറുമായും മമതയില്‍ ആയിരുന്നു. തുര്‍ക്കിക്കെതിരായി ഒരു യൂറോപ്യന്‍സഖ്യം ഉണ്ടാക്കുന്നതില്‍ അബ്ബാസ് പൂര്‍ണമായും വിജയിച്ചില്ല. പുതിയ തലസ്ഥാനമായ ഇസ്ഫഹാനെ മനോഹരമായ കൊട്ടാരങ്ങളും, മന്ദിരങ്ങളും, പള്ളികളും, ഉദ്യാനങ്ങളുംകൊണ്ട് അലംകൃതമാക്കി.

കഴിവുറ്റ ഒരു ഭരണാധിപനായിരുന്നു എങ്കിലും ഇദ്ദേഹം പലപ്പോഴും സ്വന്തം കുടുംബാംഗങ്ങളോടുപോലും ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്. 42 വര്‍ഷക്കാലത്തെ ഭരണത്തിനുശേഷം ഫറാഹബാദില്‍വച്ച് 1629 ജനു. 19-ന് അന്തരിക്കുമ്പോള്‍ അബ്ബാസിന്റെ സാമ്രാജ്യം ടൈഗ്രീസ് മുതല്‍ സിന്ധു നദിവരെ വ്യാപിച്ചുകഴിഞ്ഞിരുന്നു.

(പ്രൊഫ. എം.എ. ഷുക്കൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍