This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുംഭം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുംഭം
Aquarius
ജ്യോതിശ്ചക്രത്തിലെ ഒരു രാശി. ജ്യോതിശ്ശാസ്‌ത്ര സങ്കേതമനുസരിച്ച് ജ്യോതിശ്ചക്രം മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടു രാശികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിൽ പതിനൊന്നാമത്തെ രാശിയാണിത്; ഹൃദ്രാഗം, ഘടം, കുടം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഇതിന്റെ പേർ അക്വാറിയസ് (Aquarius)എന്നാണ്. അവിട്ടം നക്ഷത്രത്തിന്റെ ഒടുവിലത്തെ പകുതിയും ചതയവും പൂരുരുട്ടാതിയുടെ ആദ്യത്തെ മുക്കാൽ ഭാഗവും ഇതിൽ ഉള്‍പ്പെട്ടിരിക്കുന്നു. സൂര്യന്‍ ഈ രാശിയിൽ സഞ്ചരിക്കുന്ന സമയത്തിന് കുംഭമാസമെന്നും ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയത്തിന് കുംഭക്കൂറെന്നും പറയുന്നു. സൂര്യന് ഈ രാശി കടക്കാന്‍ ഏകദേശം മുപ്പതുദിവസവും ചന്ദ്രന് രണ്ടേകാൽ ദിവസവുമാണ് വേണ്ടിവരുന്നത്. ഒരാള്‍ ജനിക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തിൽ ഉദിക്കുന്നത് (ഭൂമിക്ക് അഭിമുഖമായി വരുന്നത്) കുംഭം രാശിയാണെങ്കിൽ ആ ആളിന്റെ ലഗ്നം കുംഭമാണെന്നു പറയുന്നു.
ശൂന്യമായ ഒരു കുടം തോളിൽവച്ചുകൊണ്ടുനിൽക്കുന്ന പുരുഷന്റെ രൂപമാണ് ഈ രാശിക്ക് ഭാരതീയാചാര്യന്മാർ നല്‌കിയിട്ടുള്ളത്. ജ്യോതിഷസങ്കേതമനുസരിച്ച് ഓജസ്ഥിരരാശിയായ കുംഭം കപിലവർണവും (തവിട്ടു നിറമുള്ളതും), വായവ്യവും (വായുഭൂതത്തിലുള്‍പ്പെട്ടതും), ദിവാരാശിയും (പകൽ ബലമുള്ളതും), ശീർഷോദയവും ക്രൂരവുമാണ്. ഇത് മനുഷ്യരാശിയും ഗ്രാമസ്വഭാവമുള്ളതുമായി സങ്കല്‌പിക്കപ്പെട്ടിരിക്കുന്നു. ശനിക്കാണ് ഇതിന്റെ ആധിപത്യം നല്‌കപ്പെട്ടിരിക്കുന്നത്. ശനിയുടെ മൂലത്രികോണരാശിയും ഇതുതന്നെ. കുംഭം രാശിയെ മുപ്പത് സമഭാഗങ്ങളായി ഭാഗിച്ചാൽ അതിൽ ആദ്യത്തെ ഇരുപതു ഭാഗം ശനിയുടെ മൂലത്രികോണവും ബാക്കിപത്തുഭാഗം സ്വക്ഷേത്രവുമാണ്. വരാഹമിഹിരന്റെ പ്രസിദ്ധമായ ഹോര അഥവാ "ബൃഹജ്ജാതക'ത്തിൽ "കുംഭലഗ്നം അശുഭസൂചകമാണെന്നാണ് സത്യാചാര്യന്റെ അഭിപ്രായം. ലഗ്നം ഏതു രാശിയായാലും അതിന്റെ ദ്വാദശാംശകം (ജനനസമയത്ത് ലഗ്നരാശിയിൽ അതിന്റെ പന്ത്രണ്ടിൽ എത്ര ഭാഗം ചെന്നിട്ടുണ്ടോ, ആ രാശി മുതൽ അത്രയും രാശികള്‍ കഴിഞ്ഞുള്ള രാശി.) കുംഭമായിവരുന്നത് അശുഭസൂചകമാണെന്നാണ് യവനാചാര്യന്മാരുടെ അഭിപ്രായം. ഏതു രാശിക്കും കുംഭദ്വാദശാംശകം വരുമെന്നതുകൊണ്ട് എല്ലാ രാശിക്കുംകൂടി ഇത്തരം ദോഷാരോപണം ചെയ്യുന്നത് ശരിയല്ല; അതുകൊണ്ട് സത്യാചാര്യന്റെ അഭിപ്രായമാണ് ശരി എന്ന് വിഷ്‌ണുഗുപ്‌തന്‍ അഭിപ്രായപ്പെടുന്നു' (അധ്യായം തകത, പദ്യം 3) എന്നു പറഞ്ഞുകാണുന്നു.
(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള)