This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓറാന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓറാന്
Oran
അൽജീരിയയിലെ ഭരണവിഭാഗ(ഡിപ്പാർട്ടുമെന്റ്)ത്തിന്റെ ആസ്ഥാനനഗരം. 35° 37' വടക്ക് 0° 39' പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലിന്റെ ശാഖയായ ഓറാന് ഉള്‍ക്കടലിന്റെ തീരത്താണ് ഈ തുറമുഖനഗരം സ്ഥിതിചെയ്യുന്നത്. മുഡ്ജാജോ പർവതത്തിന്റെ സാനുക്കളിൽ ഏതാണ്ട് ഒരു ആംഫിതിയെറ്ററിന്റെ ആകൃതിയിൽ പടുത്തുയർത്തിയിരിക്കുന്ന ഓറാന് ആധുനിക മാതൃകയിലുള്ള നഗരമാണ്. തുറമുഖത്തിന് ചെറുതും വലുതുമായ രണ്ടുഭാഗങ്ങളുണ്ട്. നഗരത്തിലെ പ്രധാന വാസ്തുശില്പങ്ങളിൽ ഭദ്രാസനപ്പള്ളി, കസ്ബ, സൈനികാശുപത്രി, രണ്ടു പഴയ കോട്ടകൊത്തളങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ആധുനിക പ്രതിരോധ സജ്ജീകരണങ്ങളുള്ള ഓറാന് ഒരു "സംരക്ഷിതനഗര'മാണെന്നു പറയാം. ധാന്യങ്ങള്‍, വീഞ്ഞ്, ഒലീവെണ്ണ, പുകയില, തുകൽ, സിഗററ്റ്, കാലിത്തീറ്റയായ എസ്പാർട്ടോപുല്ല് എന്നിവയും കന്നുകാലികളുമാണ് ഓറാനിൽനിന്നുള്ള പ്രധാന കയറ്റുമതികള്‍. ജനസംഖ്യ: 7,59,645 (2008) ഇത് അള്‍ജീരിയയിലെ രണ്ടാമത്തെ വലിയ നഗരമാണ്. വിസ്തീർണം 2221 ച.കി.മീ.
മൂർ വിഭാഗക്കാരുടെ കേന്ദ്രമായിരുന്ന ഓറാനിൽ 1509-ലാണ് സ്പെയിന്‍കാർ അധിവാസം ഉറപ്പിച്ചത്. 1708-ൽ തുർക്കികള്‍ കൈയടക്കിയെങ്കിലും 1732-ൽ സ്പെയിന്‍കാർ വീണ്ടെടുത്തു. 1831-ൽ ഫ്രഞ്ച് അധീനതയിൽ എത്തിച്ചേർന്നതിനെത്തുടർന്നാണ് നഗരം വികാസം പ്രാപിച്ചത്.
ഒരു മുഖ്യ തുറമുഖനഗരമായ ഓറാന് 1960 മുതൽ പശ്ചിമ അള്‍ജീരിയയുടെ വാണിജ്യ-വ്യവസായ വിദ്യാഭ്യാസകേന്ദ്രമാണ്. ആധുനിക ഓറാന് ഒരു മുഖ്യ എണ്ണ-പ്രകൃതിവാതകവിപണനകേന്ദ്രമായി മാറിയിട്ടുണ്ട്. അള്‍ജീരിയയിലെ ഒരു പ്രമുഖ സാഹിത്യ- സാംസ്കാരിക മേഖല എന്ന നിലയിലും ഓറാന് പ്രസിദ്ധമാണ്.