This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ റസാക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:02, 14 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അബ്ദുല്‍ റസാക്ക് (1413 - 82)

Abdul Razak

പേര്‍ഷ്യന്‍ചരിത്രകാരന്‍. പൂര്‍ണമായ പേര് 'അബ്ദുല്‍' റസാക്ക് കമാല്‍ അല്‍ദീന്‍ ഇബ്നു ജലാല്‍ അല്‍ദീന്‍ ഇസ്ഹാക്ക്അല്‍ സമര്‍ക്കന്തീ, എന്നാണ്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഷാഹ്റൂഖിന്റെ നയതന്ത്രപ്രതിനിധിയായി 1443-ല്‍ സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തി. 15-ാം ശ.-ത്തിലെ കേരളത്തെ, പ്രത്യേകിച്ച് കോഴിക്കോടിനെ കുറിച്ച് ഇദ്ദേഹത്തിന്റെ വിവരണങ്ങളില്‍നിന്ന് പലതും ഗ്രഹിക്കാം. സാമൂതിരി പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ അടുക്കലേക്ക് പ്രതിപുരുഷനെ അയച്ചിരുന്നു. അതിനുള്ള പ്രതിസന്ദര്‍ശനമായിരുന്നു ഇത്. ഇവിടത്തെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കാന്‍ ഒരു വലിയ കമ്പോളം കണ്ടെത്തല്‍ ആയിരുന്നു സാമൂതിരിയുടെ ലക്ഷ്യമെങ്കില്‍, സാമൂതിരിയെ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം ചെയ്യിക്കലായിരുന്നു ഷാഹ്റൂഖിന്റെ ഉദ്ദേശ്യം.

സുല്‍ത്താന്‍ ഷാഹ്റൂഖിന്റെ കീഴില്‍ ഖാസി (ജഡ്ജി) ആയിരുന്ന ജലാലുദ്ദീന്‍ ഇസ്ഹാഖിന്റെ മകനായി 1413 ന. 6-ന് ഹീരേത്തില്‍ (അഫ്ഗാനിസ്താന്‍) അബ്ദുല്‍ റസാക്ക് ജനിച്ചു. പിതാവിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന അബ്ദുല്‍ റസാക്ക് അക്കാലത്തെ ഉന്നതരായ ചില പണ്ഡിതന്‍മാരുടെ കീഴില്‍ വിദ്യാഭ്യാസം നേടി. 1437-ല്‍ പിതാവ് മരിച്ചപ്പോള്‍ നിയമകാര്യങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനാല്‍ പിതാവിന്റെ ഉദ്യോഗം ഇദ്ദേഹത്തിന് ലഭിച്ചു. അബ്ദുല്‍ റസാക്കിന്റെ കഴിവുകളില്‍ സുല്‍ത്താന് വലിയ മതിപ്പായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയിലേക്കു നയതന്ത്രപ്രതിനിധിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

1441 ജനു.-ല്‍ അബ്ദുല്‍ റസാക്ക് ഹിറാത്തില്‍നിന്ന് യാത്ര ആരംഭിച്ച് 1445-ല്‍ കോഴിക്കോട്ടെത്തി. കോവിലകത്തുപോയി സാമൂതിരിയെ സന്ദര്‍ശിച്ച് അധികാരപത്രം സമര്‍പ്പിക്കുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. അതിനുശേഷം അഞ്ചുമാസത്തോളം ഇദ്ദേഹം കോഴിക്കോട്ടു താമസിച്ചു. ഇതിനിടയ്ക്ക് പല പ്രാവശ്യം സാമൂതിരിയെ സന്ദര്‍ശിച്ച് തന്റെ യാത്രോദ്ദേശ്യം വ്യക്തമാക്കി. മതം മാറുകയില്ലെന്ന അഭിപ്രായത്തില്‍ സാമൂതിരി ഉറച്ചുനിന്നു. ഈ അവസരത്തിലാണ് വിജയനഗറിലെ രാജാവില്‍നിന്ന് ഒരു ക്ഷണം അബ്ദുല്‍ റസാക്കിന് ലഭിച്ചത്. ഉടനടി ആ ക്ഷണം സ്വീകരിച്ച്, കടല്‍മാര്‍ഗം കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്കു പോയി; അവിടെനിന്ന് പതിനഞ്ചു ദിവസംകൊണ്ട് വിജയനഗരത്തിലെത്തി. ഹൃദ്യമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. രാജകീയാതിഥിയായി ഏതാനുംനാള്‍ അവിടെ താമസിച്ചതിനുശേഷം സ്വദേശത്തേക്കു തിരിച്ചു. ഇന്ത്യയില്‍നിന്നും മടങ്ങിയെത്തിയ അബ്ദുല്‍ റസാക്കിനെ മറ്റു പല വിദേശരാജ്യങ്ങളിലേക്കും അയച്ചു. ഷാഹ്റൂഖിന്റെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കീഴില്‍ പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1463 ജനു-ല്‍ ഇദ്ദേഹം ഗവര്‍ണറായി നിയമിതനായി. ആ പദവിയിലിരിക്കേ 1482 ആഗ.-ല്‍ നിര്യാതനായി.

യാത്രാവിവരണം. ഇദ്ദേഹത്തിന്റെ മത്തലാ-എ-സദൈന്‍ വമജ്മാ-എ-ബഹ്റേന്‍ എന്ന ഗ്രന്ഥത്തില്‍ യാത്രാനുഭവങ്ങളും കാലഘട്ടത്തിന്റെ ചരിത്രവും പ്രതിപാദിച്ചിട്ടുണ്ട്. ആ ഗ്രന്ഥത്തില്‍ കേരളത്തിന് സമുചിതമായ സ്ഥാനം നല്കിയിട്ടുണ്ട്. കറുത്ത മനുഷ്യരെ ഇദ്ദേഹം ആദ്യമായി കാണുന്നത് കോഴിക്കോട്ടുവച്ചാണ്. ഇദ്ദേഹത്തെ കൂടുതല്‍ അദ്ഭുതപ്പെടുത്തിയത് അവരുടെ വസ്ത്രധാരണരീതി ആയിരുന്നു. ഇദ്ദേഹത്തിന്റെ വിവരണത്തിലെ ചില പ്രസക്തമായ ഭാഗങ്ങള്‍ ഇപ്രകാരമാണ്: 'എന്റെ പ്രതീക്ഷകളെ തകര്‍ത്ത ഈ കറുത്തവര്‍ഗക്കാര്‍ സ്ത്രീപുരുഷഭേദമെന്യേ മിക്കവാറും നഗ്നരാണ്. നാഭിമുതല്‍ കാല്‍മുട്ടുവരെ മറയ്ക്കുന്ന ഒരു തുണിക്കഷണമാണ് വസ്ത്രമായി അവരുടെ ശരീരത്തില്‍ ആകെയുള്ളത്. പുരുഷന്‍മാര്‍ ഒരു കൈയില്‍ വാളും മറുകൈയില്‍ തോല്‍കൊണ്ട് ആവരണം ചെയ്തിട്ടുള്ള പരിചയുമായിട്ടാണ് നടക്കുക. സാധാരണക്കാര്‍ മുതല്‍ രാജാക്കന്‍മാര്‍ അടക്കമുള്ളവരുടെ വേഷമിതാണ്. എന്നാല്‍ മുസ്ലീങ്ങളുടെ വേഷവിധാനം ഇതില്‍ നിന്ന് ഭിന്നമാണ്. അറബികളെപ്പോലെ വിലയേറിയ വസ്ത്രങ്ങളും ആഡംബരസാധനങ്ങളും അവര്‍ ലോഭമില്ലാതെ ഉപയോഗിക്കുന്നു.

കോഴിക്കോട്ടു കപ്പലിറങ്ങിയപ്പോള്‍ ഏതാനും മുസ്ലീങ്ങളും ഒരുകൂട്ടം ഹിന്ദുക്കളും എന്നെ സ്വീകരിക്കാന്‍ എത്തി. എനിക്കു താമസിക്കുവാനായി സൌകര്യപ്രദമായ ഒരു ഭവനം അവര്‍ ഏര്‍പ്പാടു ചെയ്തുതന്നു. ഭക്ഷണത്തിനുവേണ്ട എല്ലാ സാധനങ്ങളും അവിടെ തയ്യാറുണ്ടായിരുന്നു. കോഴിക്കോട്ട് എത്തിയതിന്റെ മൂന്നാംദിവസം അവിടത്തെ രാജാവിന്റെ സവിധത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

വസ്ത്രധാരണ രീതിയിലോ ശരീരപ്രകൃതിയിലോ അദ്ദേഹത്തിന് (സാമൂതിരി) മറ്റു ഹിന്ദുക്കളില്‍നിന്ന് യാതൊരു പ്രത്യേകതയുമില്ല. എല്ലാ ഹിന്ദുക്കളേയുംപോലെ അദ്ദേഹവും അര്‍ധനഗ്നനാണ്. രാജാവിനെ 'സാമൂതിരി' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. രാജാവു മരിച്ചാല്‍ രാജാധികാരം ലഭിക്കുക മക്കള്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ അല്ല, മരുമക്കള്‍ക്കാണ്. അധികാരമോ ആയുധമോ ഉപയോഗപ്പെടുത്തി അനന്തരാവകാശം പിടിച്ചുപറ്റാന്‍ ആരും ശ്രമിക്കാറില്ല. ബ്രാഹ്മണര്‍, യോഗികള്‍ തുടങ്ങി ഒട്ടേറെ ജാതിക്കാര്‍ ഉണ്ട് ഹിന്ദുക്കളുടെ ഇടയില്‍. ഓരോ ജാതിയുടെയും ആചാരസമ്പ്രദായങ്ങള്‍ ഭിന്നങ്ങളാണ്.

സ്ത്രീകള്‍ക്ക് ബഹുഭര്‍ത്തൃത്വം അനുവദിച്ചിട്ടുള്ള ഒരു ജാതിക്കാരും ഇവരുടെ ഇടയിലുണ്ട്. ഒരു സ്ത്രീക്ക് രണ്ടോ നാലോ അതിലധികമോ ഭര്‍ത്താക്കന്‍മാരുണ്ടാകാം.

കോവിലകത്തുപോയി സാമൂതിരിയെ സന്ദര്‍ശിച്ച അവസരത്തില്‍ ആയുധധാരികളായ വളരെയേറെ ഹിന്ദുക്കള്‍ അവിടെ ഹാജരുണ്ടായിരുന്നു. സാമൂതിരിയുടെ പ്രധാന കാര്യക്കാരന്‍ ആയിരുന്ന ഒരു മുസ്ലിമും സന്നിഹിതനായിരുന്നു. രാജാവിന് അഭിവാദനങ്ങള്‍ അര്‍പ്പിച്ചതിനുശേഷം അവര്‍ നിര്‍ദേശിച്ച സ്ഥാനത്ത് ഞാനിരുന്നു. പിന്നീട് സുല്‍ത്താന്റെ അധികാരപത്രം വായിച്ച് സമര്‍പ്പിക്കുകയും തിരുമുല്ക്കാഴ്ച പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതിരറ്റ ബഹുമാനത്തോടും ആദരവോടുംകൂടി പല വിവരങ്ങളും എന്നോട് അദ്ദേഹം ചോദിച്ചറിഞ്ഞു. എന്നാല്‍ എന്റെ പ്രധാന ദൌത്യത്തില്‍മാത്രം അദ്ദേഹം വേണ്ടത്ര താത്പര്യം കാണിച്ചില്ല.

വളരെയേറെ ജനങ്ങള്‍ താമസിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളുള്ള ഒരു വലിയ തുറമുഖമാണ് കോഴിക്കോട്. അബിസിനിയ, സഞ്ചുബാര്‍, സേര്‍ബാദ് (ഇന്ത്യാസമുദ്രത്തിലെ തെക്കും വടക്കുമുള്ള ദ്വീപുകള്‍ക്ക് പേര്‍ഷ്യാക്കാര്‍ പറയുന്ന പേരാണ് സേര്‍ബാദ്) മലാക്ക, മക്ക, ഹിജാസ് എന്നിവിടങ്ങളില്‍നിന്നുള്ള അസംഖ്യം വ്യാപാരികള്‍ അവിടെ പാര്‍ക്കുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും നല്ല സാധനങ്ങള്‍ അവിടെ വില്ക്കപ്പെടുന്നു. ജനസംഖ്യയില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം.

ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ മുസ്ലിങ്ങളാണ് എണ്ണത്തില്‍ കൂടുതല്‍. മുസ്ലിങ്ങള്‍ സാമൂതിരിയുടെ സമ്മതത്തോടുകൂടി രണ്ടു വലിയ പള്ളികള്‍ അവിടെ പണികഴിപ്പിച്ചിട്ടുണ്ട്. അവയില്‍ ബാങ്കും നിസ്കാരവും കൃത്യമായി നടക്കുന്നു. പള്ളികളില്‍ ഖാസിമാരെ നിയമിച്ചുകൊടുത്തിട്ടുള്ളത് സാമൂതിരിയാണ്.

നഗരത്തില്‍ എല്ലാവിധത്തിലും നിയമവും സമാധാനവും നിലനിന്നുവരുന്നു. വ്യാപാരികള്‍ തങ്ങളുടെ ചരക്കുകള്‍ കപ്പലുകളില്‍നിന്നിറക്കി അങ്ങാടികളില്‍ വയ്ക്കുന്നു. ചരക്കുകള്‍ അങ്ങാടിയില്‍ എത്തിച്ചുകഴിഞ്ഞാല്‍ പിന്നീടതു സൂക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന്റേതാണ്. അതില്‍ അണു അളവും വ്യത്യാസമുണ്ടായിരിക്കുകയില്ല. മുഴുവന്‍ ചരക്കും വിറ്റഴിഞ്ഞാല്‍ നാല്പതില്‍ ഒരു ഭാഗം നികുതിയായി വസൂലാക്കും. അതല്ലാതെ മറ്റു നികുതികളൊന്നും ഈടാക്കുന്നതല്ല. ഏതെങ്കിലും ഒരു വ്യാപാരി മരണപ്പെടുകയോ ഏതെങ്കിലും കപ്പല്‍ പൊളിഞ്ഞ് അതിലെ ചരക്കുകള്‍ തുറമുഖത്ത് അടുക്കുകയോ ചെയ്യുകയാണെങ്കില്‍ യാതൊരു കുറവുംകൂടാതെ, അവയുടെ അവകാശികള്‍ വരുമ്പോള്‍ ഏല്പിക്കും. കോഴിക്കോട്ടുനിന്ന് അറബ്, അദന്‍ മുതലായ രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളില്‍ സാധാരണയായി കുരുമുളകാണ് കയറ്റിക്കൊണ്ടുപോകാറുള്ളത്. കോഴിക്കോട്ടുകാര്‍ സമുദ്രവ്യാപാരത്തില്‍ വളരെ സമര്‍ഥന്‍മാരും ധീരന്‍മാരുമാണ്. അക്കാരണത്താല്‍ അവരെ ചീനക്കുട്ടികള്‍ എന്നു വിളിക്കുന്നു. ഇന്ത്യന്‍ സമുദ്ര തീരങ്ങളില്‍ പൊതുവേ കള്ളന്‍മാരുടെ ശല്യമുണ്ടെങ്കിലും കോഴിക്കോട്ടു തുറമുഖം ലക്ഷ്യമാക്കി വരുന്ന കപ്പലുകളെ കടല്‍കൊള്ളക്കാര്‍ ഉപദ്രവിക്കാറില്ല.

ഹിന്ദുക്കള്‍ പശുവിനെ കൊല്ലുകയോ പശുവിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യുന്നില്ല. ഗോഹത്യ മഹാപാപമാണത്രെ. പശുവിനെ പുണ്യമൃഗമായി അവര്‍ കരുതുന്നു. പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മം ആരാധനാ സമയങ്ങളില്‍ നെറ്റിയിലും മറ്റും പൂശുന്നു.'

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍