This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:30, 4 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

കലണ്ടര്‍

Calendar

സമയത്തെ ദിവസം, ആഴ്‌ച, മാസം, വര്‍ഷം എന്നിങ്ങനെ പല അന്തരാളങ്ങളായി വിഭജിച്ചു ക്രമീകരിക്കുന്ന സംവിധാനം. കണക്കുകള്‍ ഹാജരാക്കേണ്ട തീയതി എന്നര്‍ഥമുള്ള കലന്‍ഡെ (Kalendae) എന്ന ലത്തീന്‍ ശബ്‌ദത്തില്‍ നിന്നാണ്‌ കലണ്ടര്‍ എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഏതാണ്ട്‌ ഇതിനു സമാനമായിട്ടുള്ള പദമാണ്‌ ഭാരതീയരുടെ പഞ്ചാംഗം.

ആദിയും അന്തവുമില്ലാത്ത കാലത്തെ ഏതെങ്കിലും സംഭവങ്ങളുടെ ആവര്‍ത്തന സ്വഭാവത്തെ ആസ്‌പദമാക്കി ഗണനീയമാക്കുമ്പോഴാണ്‌ സമയം എന്ന സങ്കല്‌പമുണ്ടാകുന്നത്‌. സമയത്തിന്റെ അളവുകളാണ്‌ മണിക്കൂര്‍, ദിവസം, ആഴ്‌ച, മാസം, വര്‍ഷം തുടങ്ങിയവ.

പ്രകൃത്യാ ആവര്‍ത്തനസ്വഭാവം പ്രകടമായി കാണുന്നത്‌ ഭൂമി, ചന്ദ്രന്‍ എന്നീ ഖഗോളങ്ങളുടെ ചലനത്തിലാണ്‌. ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുമ്പോള്‍ സൂര്യന്‌ അഭിമുഖമായി വരുന്ന ഇടങ്ങളില്‍ പകലും പ്രതിമുഖമായ ഇടങ്ങളില്‍ രാത്രിയും അനുഭവപ്പെടുന്നു. ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്‌ക്കാന്‍ എടുക്കുന്ന കാലയളവിനെ ഒരു ചാന്ദ്ര മാസം എന്നുപറയുന്നു; ഭൂമി സൂര്യനെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്‌ക്കാന്‍ എടുക്കുന്ന കാലയളവിനെ ഒരു വര്‍ഷമെന്നും. സൗരയൂഥത്തിലെ ഇത്തരം ചലനങ്ങള്‍ കൊണ്ട്‌ ഭൂമിയിലെ കാലാവസ്ഥയില്‍ വന്നുചേരുന്ന മാറ്റങ്ങള്‍ക്കും ആവര്‍ത്തനസ്വഭാവമുണ്ട്‌. ഋതുക്കള്‍ ഇത്തരത്തിലുള്ള കാലയളവുകളാണ്‌. ഇങ്ങനെ സ്വാഭാവികമായി ദൃശ്യമാകുന്ന ആവര്‍ത്തന പ്രതിഭാസങ്ങളാണ്‌ ആദ്യകാലത്ത്‌ സമയത്തിന്റെ അളവുകളായി ഗണിക്കപ്പെട്ടിരുന്നത്‌. സ്വാഭാവികമായ ഈ അളവുകളില്‍നിന്ന്‌ പ്രായോഗികാവശ്യങ്ങള്‍ക്ക്‌ വേണ്ടി പല കാലയളവുകളും പിന്നീട്‌ നിര്‍വചിക്കപ്പെടുകയുണ്ടായി. സെക്കന്‍ഡ്‌, മിനിറ്റ്‌, മണിക്കൂര്‍, ആഴ്‌ച എന്നിവ ഇത്തരത്തില്‍പ്പെടുന്നു. മതപരമായ ചടങ്ങുകളുടെ അടിസ്ഥാനത്തിലും പ്രാചീനകാലം മുതല്‍ പലതരം കാലഗണനാരീതികള്‍ മിക്കരാജ്യങ്ങളിലും നിലവിലിരുന്നു.

ആമുഖം

ദിനരാത്രങ്ങള്‍, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍, ഋതുക്കള്‍ എന്നിവ പ്രകൃതിയിലെ ആവര്‍ത്തനസ്വഭാവമുള്ള പ്രതിഭാസങ്ങളാണ്‌. ഇവയ്‌ക്കു ജീവജാലങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്‌. പ്രാചീനകാലത്തുതന്നെ ഈ പ്രതിഭാസങ്ങള്‍ക്ക്‌ ജീവിതത്തിലുള്ള സ്വാധീന-ം മനുഷ്യന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇന്ത്യ, ഈജിപ്‌ത്‌, മെസപ്പൊട്ടേമിയ, ചൈന എന്നിവിടങ്ങളിലെ നദീതടസംസ്‌കാരങ്ങളില്‍ ഇതു നിഴലിച്ചു കാണുന്നു. ഏറ്റവും ആധുനികമായ സംസ്‌കാരങ്ങളില്‍ വരെ ഇതിന്റെ സ്വാധീന-ം പ്രകടമാണ്‌. എന്നാല്‍ ഈ പ്രതിഭാസങ്ങള്‍ സ്വാഭാവികമായ കാലയളവുകളെയാണ്‌ സൂചിപ്പിക്കുന്നത്‌. പ്രാചീനമായ മിക്ക കലണ്ടറുകളും ചന്ദ്രന്റെ വൃദ്ധിക്ഷയചക്രത്തെ ആധാരമാക്കിയാണ്‌ കല്‌പനചെയ്‌തിട്ടുള്ളത്‌. ചാന്ദ്രപര്യടന ചക്രത്തെ ആധാരമാക്കിയുള്ള രീതി മാറ്റി, അയനവര്‍ഷ(tropical year)ത്തെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകള്‍ പിന്നീട്‌ പ്രചാരത്തില്‍ വന്നു.

ദിവസം, ആഴ്‌ച, മാസം, വര്‍ഷം

ഭൂമി സ്വയം തിരിയുന്നതുകൊണ്ട്‌ ഭൂമിയിലുള്ളവര്‍ക്ക്‌ അനുഭവപ്പെടുന്ന ഒരു പകലും ഒരു രാത്രിയും ചേര്‍ന്ന കാലയളവാണ്‌ സൗരദിനം (solar day) അഥവാ ദിവസം. ഒരു ദിവസത്തെ സൗകര്യാര്‍ഥം ഇരുപത്തിനാല്‌ തുല്യഭാഗങ്ങളാക്കി തിരിച്ചാല്‍ ഓരോന്നും ഓരോ മണിക്കൂറും, മണിക്കൂറിനെ അറുപതു തുല്യഭാഗങ്ങളാക്കിയാല്‍ മിനിറ്റും, മിനിറ്റിനെ അറുപതു തുല്യഭാഗങ്ങളാക്കിയാല്‍ സെക്കന്‍ഡും ആകുന്നു. ഏഴു ദിവസം ചേരുന്നത്‌ ഒരു ആഴ്‌ച. ദിവസം ഒഴികെ ഇപ്പറഞ്ഞ കാലയളവുകളെല്ലാം കൃത്രിമമാണ്‌. ചന്ദ്രന്‍, സൂര്യന്‌ ആപേക്ഷികമായി ഭൂമിയെ ഒരിക്കല്‍ പ്രദക്ഷിണം വയ്‌ക്കുന്നതിന്‌ 29.53059 ദിവസം വേണ്ടിവരുന്നു. ഈ കാലയളവിനെ ഒരു ചാന്ദ്രമാസം (lunation) എന്നു പറയുന്നു. മാസം എന്ന സങ്കല്‌പം തന്നെ ഇതില്‍ നിന്നാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ചാന്ദ്രമാസം 29.5 ദിവസമെന്നു കണക്കാക്കിയാല്‍ പന്ത്രണ്ട്‌ ചാന്ദ്രമാസം കൊണ്ടു 354 ദിവസം തികയുന്നു. അതായത്‌, ഒരു ചാന്ദ്രവര്‍ഷ(lunar year)ത്തില്‍ 354 ദിവസം. ഇതു സൗരവര്‍ഷത്തില്‍ നിന്ന്‌ 11മ്പ ദിവസം കുറവാണ്‌. ജ്യോതിശ്ശാസ്‌ത്രപരമായി സൗരവര്‍ഷം എന്നത്‌ ഭൂമി ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്നതിന്‌ അഥവാ ഭൂമി ക്രാന്തിവൃത്തത്തിലെ വിഷവബിന്ദുവില്‍ തുടങ്ങി, വീണ്ടും അതേ ബിന്ദുവിലെത്തുന്നതിന്‌ എടുക്കുന്ന കാലയളവാണ്‌. ഇത്‌ 365.242199 ദിവസമാണ്‌; അതായത്‌ 365 ദിവസം 5 മണിക്കൂര്‍ 48 മിനിറ്റ്‌ 46 സെക്കന്‍ഡ്‌. സൗകര്യാര്‍ഥം ഒരു സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം 365മ്പ ദിവസമെന്നു കണക്കാക്കി വരുന്നു. യഥാര്‍ഥ സൗരവര്‍ഷം ഇതിനെക്കാള്‍ 11 മി. 14 സെ. കുറവാണ്‌ എന്നു വ്യക്തം. സൗരവര്‍ഷം മാത്രം കണക്കിലെടുത്ത്‌ ഏറെക്കുറെ സ്വീകാര്യവും ഏകതാനവുമായ ഒരു കലണ്ടര്‍സമ്പ്രദായം ക്രമപ്പെടുത്താന്‍ കഴിയുന്നതാണ്‌. ഒരു സൗരവര്‍ഷത്തില്‍ 12.36827 ചാന്ദ്രമാസമുണ്ട്‌. അതുകൊണ്ട്‌ സൗരവര്‍ഷവും ചാന്ദ്രമാസവും തമ്മില്‍ ബന്ധപ്പെടുത്തുമ്പോള്‍ വര്‍ഷത്തിന്റെ ഉപവിഭാഗങ്ങള്‍ക്ക്‌ (ഋതുക്കള്‍ക്കും മറ്റും) പൊരുത്തമില്ലാതെ വരുന്നു.

പ്രായോഗികാവശ്യങ്ങള്‍ക്കായുള്ള കലണ്ടറില്‍ രണ്ടു പ്രധാന ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടേണ്ടതായുണ്ട്‌. ഒരു വര്‍ഷത്തിലെ ദിവസങ്ങളെ 12 മാസങ്ങള്‍ക്കു ഏറെക്കുറെ തുല്യമായി വിഭജിക്കണം; അയനാന്ത(solstice)ങ്ങളിലോ വിഷുവ(equinox)ങ്ങളിലോ അല്ലെങ്കില്‍ അവയില്‍നിന്ന്‌ നിശ്ചിത ദൂരത്തോ സൂര്യന്‍ സ്ഥിതിചെയ്യുന്ന സമയമായിരിക്കണം എല്ലാ തവണയും വര്‍ഷത്തിന്റെ ആരംഭം. വര്‍ഷത്തില്‍ ഉള്‍പ്പെടുന്ന 365 ദിവസത്തെ 12 കൊണ്ട്‌ തുല്യമായി വിഭജിക്കാന്‍ കഴിയാത്തതുകൊണ്ട്‌ എല്ലാ മാസങ്ങളും തുല്യ കാലയളവിലാകാന്‍ നിവൃത്തിയില്ല. 365 ദിവസത്തിനു ശേഷം ഏതാനും മണിക്കൂറുകളും മിനിറ്റുകളും കൂടി വര്‍ഷത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ടും വര്‍ഷത്തിന്റെയും ദിവസത്തിന്റെയും ആരംഭം ഒരേ നിമിഷത്തിലാകേണ്ടതുകൊണ്ടും ഈ ഭിന്നിത അളവ്‌ വര്‍ഷത്തില്‍ത്തന്നെ ഉള്‍പ്പെടുത്താന്‍ കഴിയുകയില്ല. ഭിന്നിത അളവ്‌ നാലു തവണ ചേരുമ്പോള്‍ ഏകദേശം ഒരു ദിവസമാകുന്നു. അതുകൊണ്ട്‌ നന്നാലു വര്‍ഷം തികയുമ്പോള്‍ ആ വര്‍ഷത്തില്‍ ഒരു ദിവസം അധികം ചേര്‍ത്ത്‌ പൊരുത്തപ്പെടുത്തിയാണ്‌ പ്രായോഗിക രീതിയില്‍ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്‌.

ആഴ്‌ചയില്‍ ഏഴു ദിവസമെന്നു ക്ലിപ്‌തപ്പെടുത്തിയതുകൊണ്ട്‌ 28 (= 4 x 7) വര്‍ഷം കൊണ്ടേ ദിവസങ്ങളുടെ എല്ലാ രീതിയിലുമുള്ള വ്യത്യാസങ്ങള്‍ തീരുകയും പുതുവര്‍ഷം ആഴ്‌ചയിലെ ഒരേ ദിവസം തന്നെ വീണ്ടും വരികയും ചെയ്യുകയുള്ളു. അതായത്‌ 28 വര്‍ഷക്കാലത്തേക്കുള്ള കലണ്ടര്‍ തുടര്‍ന്നുള്ള ഓരോ 28 വര്‍ഷക്കാലാന്തരാളത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഈ കാലയളവിനെ സൗരചക്രം (solar cycle) എന്നു പറയുന്നു.

സൗരവര്‍ഷാരംഭവും ചാന്ദ്രമാസാരംഭവും ഒരേ ദിവസം സംഭവിക്കുകയും ഇതേ ചക്രം ആവര്‍ത്തിക്കുകയും ചെയ്യുന്നത്‌ ഇവ തമ്മില്‍ ബന്ധപ്പെടുത്താന്‍ ആവശ്യമായിരുന്നു. ചാന്ദ്രമാസം ഒന്നിടവിട്ട്‌ 29ഉം 30ഉം ദിവസം എന്ന രീതിയില്‍ ആകെ 354 ദിവസമേ ചാന്ദ്രവര്‍ഷത്തില്‍ ഉള്‍പ്പെടുന്നുള്ളു. 19 ചാന്ദ്രവര്‍ഷങ്ങളും 30 ദിവസം വീതമുള്ള ആറു മാസങ്ങളും 29 ദിവസമുള്ള ഒരു മാസവും കൂടി ചേര്‍ന്നാലേ 19 സൗരവര്‍ഷമാകു. അതായത്‌ 19 സൗരവര്‍ഷം കഴിയുമ്പോള്‍ പിറക്കുന്ന സൗരവര്‍ഷാരംഭത്തിലെയും ചാന്ദ്രമാസാരംഭത്തിലെയും അമാവാസി (New moon) വര്‍ഷത്തിലെ ഒരേ തീയതി തന്നെയായിരിക്കും: 354 x 19 + 30 x 6 + 29 = 6935 = 365 x 19. 19 സൗരവര്‍ഷത്തില്‍ നാലോ അഞ്ചോ അധിവര്‍ഷം (leap year) ഉണ്ടാകും. അധിവര്‍ഷത്തില്‍ ഒരു ദിവസം ചാന്ദ്രമാസത്തിലും ചേര്‍ത്ത്‌ ആകെ 6939ഓ 6940ഓ ദിവസം ആക്കുന്നു. ശ.ശ. ദൈര്‍ഘ്യം 6939.75 മ്പ്ര (3 x 6940 + 6939)}, ദിവസം വരുന്ന ഈ കാലയളവിനെ ചാന്ദ്രചക്രം (lunar cycle) എന്നു പറയുന്നു.

സൗരകലണ്ടര്‍

ദിവസത്തെയാണ്‌ കാലത്തിന്റെ മൗലിക ഘടകമായി പരിഗണിച്ചിട്ടുള്ളത്‌. മാസങ്ങള്‍, ഋതുക്കള്‍, വര്‍ഷം എന്നിവയുടെ ദൈര്‍ഘ്യം അളക്കുന്നത്‌ ദിവസങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെ (അഥവാ സൂര്യാസ്‌തമയം മുതല്‍ അടുത്ത സൂര്യാസ്‌തമയം വരെ)യുള്ള സമയത്തെ ആണ്‌ ഒരു ദിവസം എന്നു തുടക്കത്തില്‍ കണക്കാക്കിയിരുന്നത്‌. കൃത്യമായ ഒരു സമയപരിധി ഇതില്‍ ഇല്ലെന്നതുകൊണ്ട്‌ ദിവസത്തിന്റെ അളവ്‌ വ്യത്യാസപ്പെടുന്നു. അതുകൊണ്ട്‌ തുടര്‍ച്ചയായ രണ്ട്‌ അര്‍ധരാത്രികള്‍ക്കിടയ്‌ക്കുള്ള കാലയളവിനെ ഒരു ദിവസം എന്നു കണക്കാക്കുന്ന പതിവ്‌ ആരംഭിച്ചു. എന്നാലും ദിവസത്തിന്റെ അളവ്‌ ക്ലിപ്‌തമല്ല. അതുകൊണ്ടാണ്‌ ശ.ശ. സൗരദിനം (average solar day) എന്ന ആശയം ഉടലെടുത്തത്‌. ഒരു സ്ഥാനത്തെ മധ്യാഹ്‌നരേഖയിലൂടെ സൂര്യന്റെ തുടര്‍ച്ചയായ രണ്ടു സംക്രമണങ്ങള്‍ക്കിടയിലുള്ള കാലയളവുകളുടെ ശരാശരിയായിരിക്കും ഒരു ശരാശരി സൗരദിനം.

സൗരദിനത്തിനു പുറമേ നക്ഷത്രദിന(sidereal day)വും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്‌. മധ്യാഹ്‌നരേഖയിലൂടെയുള്ള ഒരു സ്ഥായി നക്ഷത്രത്തിന്റെ രണ്ടു തുടര്‍ച്ചയായ സംക്രമണങ്ങള്‍ക്കിടയിലുള്ള കാലയളവാണിത്‌. ക്രാന്തിവൃത്തവും ഖമധ്യരേഖയും തമ്മില്‍ വിച്ഛേദിക്കുന്ന ബിന്ദു(വസന്തവിഷുവം- vernal equinox)വിന്റെ രണ്ടു സംക്രമണങ്ങള്‍ക്കിടയ്‌ക്കുള്ള കാലയളവിനെ ആസ്‌പദമാക്കിയാണ്‌ നക്ഷത്രദിനം കണക്കാക്കുന്നത്‌. നിശ്ചിതസ്ഥാനങ്ങളുള്ള നക്ഷത്രങ്ങള്‍ക്കിടയില്‍ ഈ ബിന്ദുവിന്‌, പശ്ചിമാഭിമുഖമായ മന്ദഗതിയുള്ളതിനാല്‍, നക്ഷത്രദിനത്തിന്റെ ദൈര്‍ഘ്യം സ്ഥായിനക്ഷത്രത്തെ ആസ്‌പദമാക്കിയുള്ളതിനെക്കാള്‍ (അഥവാ ഭൂഭ്രമണത്തിന്റേതിനെക്കാള്‍) അല്‌പം കുറവായിരിക്കും.

സൗരദിനം നക്ഷത്രദിനത്തെക്കാള്‍ നീണ്ടതാണ്‌. ഇതിനു കാരണം, ഭൂമി ഒരു പ്രാവശ്യം അതിന്റെ അച്ചുതണ്ടില്‍ പൂര്‍ണമായി തിരിയുമ്പോഴേക്കും സൂര്യന്‍ ഏതാണ്ട്‌ ഒരു ഡിഗ്രി കിഴക്കോട്ടു നീങ്ങിയിരിക്കുന്നതായി അനുഭവപ്പെടുന്നു എന്നുള്ളതാണ്‌. ഭൂമി അതിന്റെ പരിക്രമണപഥത്തില്‍ നടത്തുന്ന ചലനമാണ്‌ സൂര്യന്റെ ഈ നീക്കത്തിനാധാരം. ശ.ശ. സൗരദിനവും നക്ഷത്രദിനവും തമ്മിലുള്ള ബന്ധം താഴെ ചേര്‍ക്കുന്നു:

365.25 ശ.ശ. സൗരദിനങ്ങള്‍ = 366.25 നക്ഷത്രദിനങ്ങള്‍ ഭൂമിയുടെ ഭ്രമണ സമയം = 23 മ. 56 മി. 4.100 സെ. (ശ.ശ. സൗരസമയമാത്രയില്‍) നക്ഷത്ര ദിനം = 23 മ. 56 മി. 4.091 സെ. (ശ.ശ. സൗരസമയമാത്രയില്‍) ശ.ശ. സൗരദിനം = 24 മ. 3 മി. 56.555 സെ. (നക്ഷത്ര സമയത്തില്‍)

ഭൂമിയുടെ ഭ്രമണസമയമായ യഥാര്‍ഥ നക്ഷത്രദിനം പൊതുവേ സ്ഥിരതയുള്ളതാണെന്നു കരുതപ്പെടുന്നു. ക്രാന്തിവൃത്തത്തിന്‌ ഭൂമധ്യരേഖയുമായുള്ള ചരിവുകൊണ്ടും ഭൂമിയുടെ വാര്‍ഷികമായ അസമചലനം കൊണ്ടും ആണ്‌ സൗരദിനത്തിനു മാറ്റം വരുന്നത്‌.

ചന്ദ്രനെ സംബന്ധിച്ച പ്രതിഭാസമാണ്‌ മാസം. കറുത്തവാവിന്റെ അന്ത്യം മുതല്‍ അടുത്ത കറുത്തവാവിന്റെ അന്ത്യം വരെയുള്ള കാലമായ ഇത്‌ 29.246 ദിവസം മുതല്‍ 29.817 ദിവസം വരെ വ്യത്യാസപ്പെട്ടുവരുന്നു. കണക്കിലെടുക്കുന്ന ശ.ശ. ദൈര്‍ഘ്യം 29.5305881 ദിവസം അഥവാ 29 ദിവസം 12 മ. 44 മി. 2.8 സെ. ആകുന്നു.

ഋതുക്കള്‍ ആവര്‍ത്തിക്കാന്‍ വേണ്ടിവരുന്ന കാലത്തെയാണ്‌ വര്‍ഷം എന്നു പറയുന്നത്‌. സാധാരണയായി 360 ദിവസം ഒരു വര്‍ഷമായി (30 ദിവസം വീതമുള്ള 12 മാസം) കണക്കാക്കി വന്നു. എന്നാല്‍ പിന്നീട്‌ ഇതിലുള്ള അപാകത മനസ്സിലാക്കി അയനരേഖ(diurnal path)കളെ ആധാരമാക്കി വര്‍ഷത്തിന്റെ കാലയളവ്‌ നിര്‍ണയിക്കപ്പെട്ടു; 365.242199 ദിവസങ്ങള്‍ അഥവാ 365 ദിവസം 5 മ. 48 മി. 46 സെ.

സൂര്യനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന സൗരകലണ്ടറിനും ചന്ദ്രനെ ആധാരമാക്കിയുള്ള ചാന്ദ്രകലണ്ടറിനും പുറമേ രണ്ടും ചേര്‍ത്തുള്ള സൗരചാന്ദ്ര കലണ്ടറുകളും ഉണ്ടായിരുന്നു. ചന്ദ്രനെ ആധാരമാക്കിയാണ്‌ മിക്കവാറും പ്രാചീന കലണ്ടറുകള്‍ നിര്‍മിച്ചിട്ടുള്ളത്‌. എന്നാല്‍ ഈജിപ്‌തിലേത്‌ വ്യത്യസ്‌ത രീതി ആയിരുന്നു. 30 ദിവസമുള്ള മാസങ്ങളും (തോത്ത്‌, ഫാവോഫി, അഥിര്‍, ചോയിയാക്ക്‌, ടൈബി, മെഷിര്‍, ഫാമനോത്ത്‌, ഫാര്‍മുത്തി, പാച്ചോണ്‍, പായ്‌നി, എപിഫി, മെമേസ്‌സോറി) 360 ദിവസങ്ങളുള്ള വര്‍ഷവും ഈജിപ്‌തുകാര്‍ അടിസ്ഥാനങ്ങളായി സ്വീകരിച്ചു പോന്നു. ശേഷിക്കുന്ന അഞ്ചു ദിവസത്തെ സംബന്ധിച്ച്‌ ഒരു പഴങ്കഥയും പ്രചരിച്ചിരുന്നു. ഭൂമിദേവതയായ സേബും ആകാശദേവതയായ നുട്ടും തമ്മില്‍ അവിഹിതമായ വേഴ്‌ചയുണ്ടായി. ഈ ബന്ധത്തില്‍ നിന്നുള്ള സന്തതികള്‍ ഏതെങ്കിലും വര്‍ഷത്തിലോ ഏതെങ്കിലും മാസത്തിലോ ജനിക്കുകയില്ല എന്ന്‌ സൂര്യദേവനായ റാ, നുട്ടിനെ ശപിച്ചു. നുട്ട്‌ ഉപദേശത്തിനായി ജ്ഞാനദേവതയായ തോത്തിനെ സമീപിച്ചു. ചന്ദ്രദേവതയുമായി ചൂതുകളിച്ച തോത്ത്‌ ചന്ദ്രദേവതയുടെ പ്രകാശത്തിന്റെ എഴുപത്തിരണ്ടിലൊരുഭാഗം സമ്പാദിക്കുകയും ചെയ്‌തു. ഇതുപയോഗിച്ച്‌ തോത്ത്‌ അഞ്ചു ദിവസങ്ങളുണ്ടാക്കി. സെബും നുട്ടും തമ്മിലുള്ള വേഴ്‌ചയില്‍ നിന്നുണ്ടായ ഓസിറിസ്‌, ഐസിസ്‌, നെഫ്‌തിസ്‌, സെറ്റ്‌, അനൂബിസ്‌ എന്നീ ദേവതകളുടെ ജന്മദിനങ്ങളായി ഈ ദിവസങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ഈജിപ്‌തിലെ ദേവതാഗണങ്ങളില്‍ മുഖ്യരാണ്‌ ഈ അഞ്ചു പേരും. മാസങ്ങള്‍ പഴയപടി മുപ്പതു ദിവസം വീതമായി നിലനിന്നു. ഈ അഞ്ചു ദിവസങ്ങള്‍ വര്‍ഷത്തിന്റെ അവസാനത്തിലാണ്‌ വരുന്നത്‌. ഈ അഞ്ചു ദിവസങ്ങളെ എപാഗേമെനായ്‌ എന്നു പറഞ്ഞു വന്നു. ഇവ ദേശീയ ഒഴിവു ദിവസങ്ങളായി ആഘോഷിക്കപ്പെട്ടു. ഇതില്‍ നിന്ന്‌ ഈജിപ്‌തുകാര്‍ സൗരകലണ്ടര്‍ അംഗീകരിച്ചുവെന്ന്‌ കണക്കാക്കാവുന്നതാണ്‌. ഈജിപ്‌തുകാര്‍ നാലുമാസം വീതമുള്ള മൂന്ന്‌ ഋതുക്കളായി വര്‍ഷത്തെ വിഭജിച്ചിരുന്നു: വെള്ളപ്പൊക്ക കാലം, വിതകാലം, വിളവെടുപ്പുകാലം.

365 ദിവസമുള്ള വര്‍ഷം ഈജിപ്‌തുകാര്‍ സ്വീകരിച്ചത്‌ ബി.സി. 4236ലാണെന്ന്‌ യു.എസ്‌. പുരാവസ്‌തുഗവേഷകനായ ജെയിംസ്‌ ഹെന്‌റി ബ്രസ്‌റ്റെഡ്‌ കണക്കാക്കിയിട്ടുണ്ട്‌. സൂര്യനോടൊപ്പം സിറിയസ്സ്‌ നക്ഷത്രം (ഈജിപ്‌തുകാര്‍ക്ക്‌ തോത്ത്‌) ഉദിക്കുന്നതിന്റെ ആവര്‍ത്തനകാലവും നൂറ്റാണ്ടുകളായി ശേഖരിക്കപ്പെട്ടിരുന്ന നൈല്‍നദിയിലെ വെള്ളപ്പൊക്കത്തിന്റെ ആവര്‍ത്തനകാലവും വച്ച്‌ വര്‍ഷത്തിന്റെ ശരിയായ ദൈര്‍ഘ്യം 365.25 ദിവസമാണെന്ന്‌ ഈജിപ്‌തുകാര്‍ മനസ്സിലാക്കി. ബി.സി. 238ല്‍ ടോളമി കകക ഇതിനാവശ്യമായ തിരുത്തലുകള്‍ വരുത്തുകയുണ്ടായി. നാലുവര്‍ഷം കൂടുമ്പോള്‍ ഓരോ ദിവസം കൂട്ടിയാണ്‌ ഇത്‌ പ്രാവര്‍ത്തികമാക്കിയത്‌. വര്‍ഷാവസാനത്തില്‍ അഞ്ച്‌ അധിക ദിവസങ്ങള്‍ക്കു പകരം മൂന്നു വര്‍ഷത്തേക്ക്‌ അഞ്ചു വീതവും നാലാമത്തേതിന്‌ ആറും എന്ന ക്രമത്തില്‍ എടുത്തിരുന്നെങ്കില്‍ ഈജിപ്‌ഷ്യന്‍ കലണ്ടര്‍ കുറേക്കൂടി ശാസ്‌ത്രീയമാകുമായിരുന്നു. എന്നാല്‍ ബി.സി. 23-22 ആഗ. 29നു ഈജിപ്‌ഷ്യന്‍ വര്‍ഷാവസാനത്തില്‍ ഒരു ദിവസം കൂടി ചേര്‍ത്തു പരിഷ്‌കരിക്കുകയാണു ചെയ്‌തത്‌.

ചാന്ദ്രകലണ്ടറും ചാന്ദ്രസൗരകലണ്ടറും

പ്രാചീനകാലത്തെ പരിഷ്‌കൃത രാജ്യങ്ങളില്‍ ചന്ദ്രനെ ആധാരമാക്കിയുള്ള കലണ്ടര്‍ മിക്കവാറും ഉപയോഗിക്കാതിരുന്ന ഒരേയൊരു രാജ്യം ഈജിപ്‌ത്‌ ആണെന്ന്‌ കരുതിവരുന്നു. അന്ന്‌ ബാബിലോണിയയിലും ഭാരതത്തിലും സമയനിര്‍ണയനത്തിന്‌ സൂര്യനെയും മാസനിര്‍ണയനത്തിന്‌ ചന്ദ്രനെയും ആധാരമാക്കിയിരുന്നു. സാമാന്യമായി, മിക്കരാജ്യങ്ങളിലും ചാന്ദ്രകലണ്ടര്‍ ഉപയോഗിച്ചിരുന്നതായി കരുതാം. മതപരമായ ന്യായീകരണമാണ്‌ ഇതിനുള്ളത്‌. എന്നാല്‍ ചന്ദ്രനെ ആധാരമാക്കി തൃപ്‌തികരമായ രീതിയില്‍ കലണ്ടര്‍ രചിക്കുക സാധ്യമല്ല. 29.5 ദിവസം വീതമുള്ള 12 ചാന്ദ്രമാസങ്ങള്‍ കൊണ്ട്‌ 354 ദിവസമേ ആകുന്നുള്ളു. സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം 365 1/4 ദിവസമായതുകൊണ്ട്‌ ശേഷിക്കുന്ന 11 ദിവസത്തിന്റെ കുറവ്‌ പരിഹരിക്കാനാണ്‌ ചാന്ദ്രസൗരവര്‍ഷങ്ങളുടെ പൊരുത്തപ്പെടുത്തലുകള്‍ വരുത്തിയത്‌. സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം സ്ഥിരമല്ലെന്നാണ്‌ ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്‌. 16 ദശലക്ഷം വര്‍ഷത്തില്‍ ഒരു ദിവസം കണ്ട്‌ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. സുമേറിയന്‍ കാലത്ത്‌ സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.2425ഉം ഇപ്പോള്‍ 365.2422ഉം ദിവസങ്ങളാണ്‌.

ബി.സി. 600നുശേഷം കാല്‍ദിയക്കാര്‍ (ബാബിലോണിയ) ചാന്ദ്രമാസത്തിന്റെയും സൗരമാസത്തിന്റെയും യഥാര്‍ഥ ദൈര്‍ഘ്യം കണ്ടുപിടിക്കാന്‍ ശ്രമിച്ചു. എട്ട്‌ സൗരവര്‍ഷങ്ങള്‍ 2921.94 ദിവസങ്ങളും 99 ചാന്ദ്രമാസങ്ങള്‍ 2923.53 ദിവസങ്ങളും ആണെന്നു കണ്ടെത്തി. ഇതനുസരിച്ച്‌ എട്ട്‌ വര്‍ഷങ്ങള്‍ക്കകം 1.59 ദിവസങ്ങളാണ്‌ വ്യത്യാസം വരുന്നത്‌. എട്ട്‌ സൗരവര്‍ഷ ചക്രത്തില്‍ 12 ചാന്ദ്രമാസങ്ങള്‍ വീതമുള്ള എട്ട്‌ ചക്രങ്ങള്‍ക്കു പുറമേ മൂന്ന്‌ അധികമാസങ്ങള്‍ ഉണ്ടാകണം; പിന്നീട്‌ 27 സൗരവര്‍ഷചക്രത്തില്‍ പത്ത്‌ അധികമാസങ്ങളും. പില്‍ക്കാലത്ത്‌ 19 സൗരവര്‍ഷ ചക്രമാണ്‌ പ്രയോഗത്തില്‍ വന്നത്‌. ഈ വര്‍ഷചക്രം ഉപയോഗിച്ചുള്ള ബന്ധം താഴെ ചേര്‍ക്കുന്നു: 19 സൗരവര്‍ഷം = 6939.60 ദിവസങ്ങള്‍ 235 ചാന്ദ്രമാസം = 6939.69 ദിവസങ്ങള്‍ 19 വര്‍ഷങ്ങളില്‍ 0.09 ദിവസത്തിന്റെ അഥവാ 210 വര്‍ഷങ്ങളില്‍ ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ട്‌.

വേദകാല ഭാരതീയര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, ജൂതന്മാര്‍ എന്നിവരും ചാന്ദ്രസൗര കലണ്ടറുകള്‍ ഉപയോഗിക്കുകയും ചാന്ദ്രസൗര പൊരുത്തപ്പെടുത്തലുകള്‍ വരുത്തുകയും ചെയ്‌തിട്ടുണ്ട്‌.

പുരാതന ജൂതകലണ്ടറും ഇസ്‌ലാമിക കലണ്ടറും ചന്ദ്രനെ ആശ്രയിച്ചുള്ളതായിരുന്നു. ഇന്നും പ്രാദേശികമായി പല രാജ്യങ്ങളും ചാന്ദ്രകലണ്ടര്‍ ഉപയോഗിച്ചു വരുന്നുണ്ട്‌; അല്‍ജീരിയ, ഇറാക്ക്‌, കുവൈറ്റ്‌, ലെബനന്‍, ലിബിയ, മൊറിറ്റാനിയ, മൊറോക്കോ, നൈജീരിയ, സൌദി അറേബ്യ, സിറിയ, സൊമാലിയ, സുഡാന്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങള്‍. വിയറ്റ്‌നാം, ചൈന, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചാന്ദ്രസൗരകലണ്ടറാണ്‌ പ്രചാരത്തിലുള്ളത്‌.

സപ്‌തദിനവാരം

ഏഴു ദിവസം അടങ്ങിയ ആഴ്‌ചകള്‍ കൃത്രിമമായ സൃഷ്ടിയാണ്‌. ഈജിപ്‌തുകാര്‍ക്ക്‌ പത്തു ദിവസത്തെ ആഴ്‌ചയാണുണ്ടായിരുന്നത്‌. ബാബിലോണിയക്കാര്‍ മതപരമായ അനുഷ്‌ഠാനങ്ങള്‍ക്കു വേണ്ടി ഏഴു ദിവസമുള്ള ആഴ്‌ചക്രമം സ്വീകരിച്ചിരുന്നു. വര്‍ഷത്തിലെ അവസാനത്തെ ആഴ്‌ചയ്‌ക്ക്‌ എട്ടോ ഒമ്പതോ ദിവസങ്ങളുടെ ദൈര്‍ഘ്യം ഉണ്ടായിരുന്നു. ഇറാനിലും സപ്‌തദിനവാരം നിലവിലിരുന്നു. എ.ഡി. 321ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ്‌ യൂറോപ്പില്‍ സപ്‌തദിനവാരം ഏര്‍പ്പെടുത്തിയത്‌. സൂര്യന്‍, ചന്ദ്രന്‍, ശനി, വ്യാഴം, ചൊവ്വ, ശുക്രന്‍, ബുധന്‍ എന്നീ ജ്യോതിര്‍ഗോളങ്ങളെ ആധാരമാക്കിയാകാം സപ്‌തദിനവാരം ഏര്‍പ്പെടുത്തിയത്‌. ഈ ഗോളങ്ങള്‍ക്കു സമാനമായ ബാബിലോണിയന്‍ ദേവനാമങ്ങള്‍ ശമഷ്‌, സിന്‍, നിനുര്‍ത്ത, മാര്‍ദുക്‌, നെര്‍ഗല്‍, ഇഷ്‌താര്‍, നെബു എന്നിവയാണ്‌. ആറു ദിവസം കൊണ്ട്‌ "ലോകസൃഷ്ടി' പൂര്‍ത്തിയായെന്നും ഏഴാം ദിവസം വിശ്രമദിവസമായി നീക്കി വച്ചെന്നും "ഉത്‌പത്തി പുസ്‌തക'ത്തില്‍ പറയുന്നു. ഇതിനെ ആധാരമാക്കിയാണ്‌ സപ്‌തദിനവാരം ഏര്‍പ്പെടുത്തിയതെന്നും ഒരു സിദ്ധാന്തമുണ്ട്‌.

ചില പ്രമുഖ കലണ്ടര്‍ വ്യവസ്ഥകള്‍

ഈജിപ്‌ഷ്യന്‍ കലണ്ടര്‍

പുരാതന ഈജിപ്‌ഷ്യന്‍ കലണ്ടർ (കോം ഓംബോ ക്ഷേത്രം)

പൊതുവേ സൗരകലണ്ടറാണ്‌ ഈജിപ്‌തില്‍ നിലവിലിരുന്നതെന്നു പറയാം. 365.25 ദിവസമുള്ള സൗരവര്‍ഷവും ചാന്ദ്രമാസവും ദിനവും പൊരുത്തപ്പെട്ടു പോകുന്ന കാലയളവുകളല്ല. പ്രാരംഭകാലത്തെങ്കിലും ചാന്ദ്രകലണ്ടര്‍ അവര്‍ ഉപയോഗിച്ചിരുന്നുവെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. ചാന്ദ്രചിഹ്‌നം ഉപയോഗിച്ച്‌ ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്നതും മാസികവും അര്‍ധമാസികവ-ുമായ ഉത്‌സവങ്ങള്‍ കൊണ്ടാടുന്നതും ഒഴികെ ചാന്ദ്രകലണ്ടര്‍ അവര്‍ ഉപയോഗിച്ചിരുന്നുവെന്നതിന്‌ വേറെ തെളിവൊന്നും ലഭ്യമല്ല. സപ്‌തദിനവാരം അവര്‍ക്കജ്ഞാതമായിരുന്നു. പകലും രാവും 12 മണിക്കൂര്‍ വീതമെന്ന്‌ നിശ്ചിതമായിരുന്നു. രാപ്പകലുകളുടെ ആരംഭം കൃത്യമായി കണക്കിലെടുത്തിരുന്നില്ല.

ബാബിലോണിയന്‍ കലണ്ടര്‍

ബാബിലോണിയരുടെ ചാന്ദ്രസൗര കലണ്ടറുകളെപ്പറ്റി സെലൂസിദ്‌ കാലം മുതല്‍ പരക്കെ അറിയപ്പെട്ടിരുന്നു. ഒന്നാമത്തെ മാസത്തിന്‌ 30 ദിവസവും മറ്റുള്ളവയ്‌ക്ക്‌ ഒന്നിടവിട്ട്‌ 29, 30 ദിവസങ്ങളും ആയിരുന്നു. ചിലപ്പോള്‍ ഒടുവിലത്തെ മാസത്തോട്‌ ഒരുദിവസം ചേര്‍ത്തുവന്നു. ബാബിലോണിയന്‍ വര്‍ഷത്തില്‍ ദിവസങ്ങള്‍ 354, 355, 383, 384, 385 എന്നിങ്ങനെ മാറിവരും. ഇങ്ങനെ അനിശ്‌ചിതമായിരുന്ന കാലയളവോടുകൂടിയ വര്‍ഷം ഉള്‍ക്കൊള്ളുന്നതായിരുന്നു ബാബിലോണിയന്‍ കലണ്ടര്‍. എന്നാല്‍ ബി.സി. ഏഴാം നൂറ്റാണ്ടായപ്പോഴേക്കും വളരെ കൃത്യതയുള്ള സൗരകലണ്ടറും രാശിവ്യവസ്ഥയും അവര്‍ വികസിപ്പിച്ചെടുത്തു.

അസീറിയന്‍ കലണ്ടര്‍

ബി.സി. 10-ാം ശ. വരെ അസീറിയയില്‍ പ്രചാരത്തിലിരുന്നത്‌ അവരുടെ സ്വന്തം കലണ്ടറായിരുന്നു. പിന്നീട്‌ ബാബിലോണിയന്‍ കലണ്ടര്‍ പ്രചാരം നേടി, അസീറിയന്‍ കലണ്ടറില്‍ വര്‍ഷം ആരംഭിക്കുന്നത്‌ വസന്തവിഷുവ(spring equinox)ത്തിനു രണ്ടു മാസം മുമ്പാണ്‌. ജ്യോതിശ്ശാസ്‌ത്രപരമായ ശാസ്‌ത്രീയത ആ കലണ്ടറിനുണ്ടായിരുന്നില്ലെന്നാണ്‌ ഈ വസ്‌തുത സൂചിപ്പിക്കുന്നത്‌. മാസങ്ങളുടെ പേരുകള്‍ കാര്‍ഷിക പ്രാധാന്യമുള്ളവയായിരുന്നു. വര്‍ഷത്തില്‍ 12 മാസങ്ങളുണ്ടായിരുന്നു. ഇവ ബാബിലോണിയന്‍ മാസങ്ങളുമായി ഒത്തുപോകുന്നവയല്ല.

ചൈനീസ്‌ കലണ്ടര്‍

18-ാം ശതകത്തിലെ ചൈനീസ്‌ കലണ്ടർ

ചരിത്രാതീത കാലത്ത്‌ ചൈനക്കാര്‍ ചാന്ദ്ര കലണ്ടറാണ്‌ ഉപയോഗിച്ചിരുന്നത്‌. ബി.സി. 23-57നോടടുപ്പിച്ച്‌ യാവോ (Yao) ചക്രവര്‍ത്തി ചാന്ദ്രകലണ്ടറിനുപകരം ഋതുക്കളെ ആശ്രയിച്ചുള്ള കലണ്ടര്‍ ഏര്‍പ്പെടുത്തി. ചാന്ദ്രവര്‍ഷത്തിലെ 354 ദിവസത്തിനു പുറമേ 365ല്‍ ശേഷിക്കുന്ന ദിവസങ്ങള്‍ അധിദിവസങ്ങളായി ചേര്‍ത്തു. അങ്ങനെ ഓരോ 19 വര്‍ഷത്തിലും 7 മാസം ചേര്‍ത്തു. 7-ാം ശ.ത്തില്‍ ജെസ്യൂട്ട്‌ മിഷനറിമാര്‍ കലണ്ടര്‍ പരിഷ്‌കരിച്ചു. 60 വര്‍ഷചക്രമാണ്‌ പിന്നീട്‌ ഉപയോഗിച്ചു വന്നത്‌. ആദ്യത്തെ ചക്രം ബി.സി. 2637ല്‍ ആരംഭിച്ചു. 1911ല്‍ ചൈനീസ്‌ റിപ്പബ്ലിക്‌ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു നടപ്പാക്കി.

ജൂത കലണ്ടര്‍

അടിസ്ഥാനപരമായി ചന്ദ്രനെ ആധാരമാക്കിയതായിരുന്നു ജൂതകലണ്ടര്‍. എന്നാല്‍ സൗരവര്‍ഷവുമായി പൊരുത്തപ്പെടുത്തുന്നതിനുവേണ്ടി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്‌. മാസപ്പേരുകള്‍ മിക്കവാറും ബാബിലോണിയന്‍ കലണ്ടറില്‍ നിന്നെടുത്തതാണെന്നു വ്യക്തമാണ്‌. വസന്തകാലത്തെ ആബിബ്‌ (നിസാന്‍) ആണ്‌ ആദ്യത്തെ മാസം. അധികമാസങ്ങള്‍ ചേര്‍ക്കുന്നതിനെയും മാസാരംഭം നിശ്‌ചയിക്കുന്നതിനെയും സംബന്ധിച്ച്‌ നിശ്‌ചിതമായ നിബന്ധനകളൊന്നും ആദ്യകാലത്ത്‌ ഉണ്ടായിരുന്നില്ല. എ.ഡി. 4-ാം ശ. ത്തോടെയാണ്‌ നിശ്‌ചിതമായ ചട്ടങ്ങള്‍ നടപ്പിലായത്‌. 19 വര്‍ഷചക്രമനുസരിച്ചാണ്‌ അധികമാസങ്ങള്‍ ചേര്‍ത്തിരുന്നത്‌. വര്‍ഷത്തില്‍ 353, 354, 355 എന്നീ വിവിധ രീതിയില്‍ ദിവസങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. മാസങ്ങള്‍ക്ക്‌ 29ഓ 30ഓ ദിവസം വീതമാണ്‌.

ഇറാനിയന്‍ കലണ്ടര്‍

ഈജിപ്‌ഷ്യന്‍ കലണ്ടര്‍ ആയിരുന്നു ഇറാനിലും നടപ്പിലിരുന്നത്‌. ഇറാനിലെ ചക്രവര്‍ത്തിയായിരുന്ന ദാരിയൂസിന്റെ കാലത്ത്‌ (ബി.സി. 520) വര്‍ഷത്തിലെ കാല്‍ദിവസത്തിന്റെ കുറവ്‌ മറ്റൊരു തരത്തിലാണ്‌ പരിഹരിച്ചത്‌. 365 ദിവസങ്ങള്‍ അടങ്ങിയ 120 വര്‍ഷത്തിലൊരിക്കല്‍ 30 ദിവസമുള്ള ഒരു ഇടക്കാല മാസം അവര്‍ ചേര്‍ത്തു. അന്നത്തെ ഇറാനിയന്‍ മാസങ്ങളുടെ പേരുകള്‍ മുഴുവനും ഇപ്പോള്‍ ലഭ്യമല്ല. തുറവാഹര, തായ്‌ഗ്രസി, അഡുക്കനി, (?), ഗാര്‍മപാഭ, (?), ബാഗയാഡി, (?), അത്രിയാഭിജ, അനാമക, മാര്‍ഗസാന, വിയച്‌ന എന്നീ പേരുകളേ, ക്രമത്തില്‍ ലഭ്യമായിട്ടുള്ളു.

പേര്‍ഷ്യക്കാര്‍ക്ക്‌ ആഴ്‌ചകളോ ദശദിനങ്ങളോ ഉണ്ടായിരുന്നില്ല. മാസത്തിലെ തുടര്‍ച്ചയായ ദിവസങ്ങള്‍ക്ക്‌ ദൈവങ്ങളുടെയോ മതതത്ത്വങ്ങളുടെയോ പേരുകള്‍ നല്‌കപ്പെട്ടിരുന്നു. എ.ഡി. 648ല്‍ പേര്‍ഷ്യയെ മുസ്‌ലിങ്ങള്‍ കൈയടക്കിയതിനുശേഷം ചന്ദ്രനെ ആധാരമാക്കിയുള്ള ഇസ്‌ലാം കലണ്ടര്‍ അവിടെ പ്രചാരത്തില്‍ വന്നു.

1074-75 കാലത്ത്‌ സെല്‍ജ്യൂക്‌ സുല്‍ത്താന്‍ ജലാലുദീന്‍ മാലിക്‌ ഷാ പ്രസിദ്ധ ജ്യോതിശ്ശാസ്‌ത്രജ്ഞനും കവിയുമായ ഉമര്‍ഖയ്യാമിനെ കലണ്ടര്‍ പരിഷ്‌കരണത്തിനായി നിയോഗിച്ചു. പരിഷ്‌കരിച്ച കലണ്ടറിന്റെ പേര്‌ താരിഖ്‌ഇജലാലി എന്നായിരുന്നു. ഹിജറ 471 റംസാന്‍ 10 എ.ഡി. 1079 മാ. 16 ആയി കണക്കാക്കപ്പെടുന്നു. ജലാലി പരിഷ്‌കരണത്തിന്‌ പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും ആധുനികമായത്‌ 33 വര്‍ഷങ്ങളില്‍ എട്ട്‌ ദിവസം ചേര്‍ത്തുകൊണ്ടുള്ളതാണ്‌. വസന്ത വിഷുവ ദിനമോ (vernal equinox) തൊട്ടടുത്ത ദിവസമോ ആണ്‌ വര്‍ഷാരംഭം. എന്നാല്‍ ഉമര്‍ഖയ്യാമിന്റെ തികച്ചും ശാസ്‌ത്രീയമായ നിര്‍ദേശങ്ങള്‍ എല്ലാ തലത്തിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. സാധാരണജനങ്ങള്‍ പഴയ ഇസ്‌ലാമിക കലണ്ടര്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. 1925ല്‍ ഇറാനില്‍ റേസാ ഷാ പഹ്‌ലവി അധികാരത്തില്‍ വന്നപ്പോള്‍ ഇസ്‌ലാം കലണ്ടര്‍ വീണ്ടും പരിഷ്‌കരിക്കപ്പെട്ടു. സൗരവര്‍ഷമാണ്‌ സ്ഥാപിക്കപ്പെട്ടത്‌. ഇറാനിലെ പഴയരീതി ഏറെക്കുറെ വീണ്ടെടുത്തു.

ഗ്രീക്ക്‌ കലണ്ടര്‍

ആധുനിക യൂറോപ്യന്‍ കലണ്ടറുകളില്‍ നിന്നു വ്യത്യസ്‌തമായിരുന്നു ഗ്രീക്ക്‌ കലണ്ടര്‍. വര്‍ഷം അയനാന്തം മുതല്‍ അയനാന്തം വരെ (അഥവാ വിഷുവം മുതല്‍ വിഷുവം വരെ) ആയിരുന്നു. അമാവാസി മുതലായിരുന്നു മാസം കണക്കാക്കിയിരുന്നത്‌. മാസത്തെ ആഴ്‌ചകളായി വിഭജിച്ചിരുന്നില്ല. സൗരവര്‍ഷവും ചാന്ദ്രവര്‍ഷവും തമ്മില്‍ 90 ദിവസത്തെ വ്യത്യാസമുണ്ട്‌. ഈ വ്യത്യാസം നികത്തിയിരുന്നത്‌ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ മൂന്നു ചാന്ദ്രമാസങ്ങള്‍ മൂന്നു തവണയായി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു. ഏഥന്‍സിലെ ജ്യോതിശ്ശാസ്‌ത്രജ്ഞനായിരുന്ന മിറ്റണ്‍ ആണ്‌ സുപ്രധാനമായ കലണ്ടര്‍ പരിഷ്‌കാരത്തിനു ശ്രമിച്ചത്‌. ഇതനുസരിച്ച്‌ ബി.സി. 432 ജൂണ്‍ അവസാനം മുതലുള്ള വര്‍ഷങ്ങളെ ഏഴ്‌ അധിമാസങ്ങളോടുകൂടിയ 19 സാധാരണവര്‍ഷം വീതമുള്ള "ബൃഹദ്‌വര്‍ഷ' (great year)ങ്ങള്‍ ആയി കണക്കാക്കി വന്നു. മാസത്തിന്‌ ശരാശരി 29 ദിവസം 12 മ. 45 മി. 57 സെ. ദൈര്‍ഘ്യം വരും. സിസിക്കസ്സിലെ കാലിപ്പസ്‌ (Callippus of Cyzicus) നൊല്‌ "ബൃഹദ്‌വര്‍ഷങ്ങള്‍' വീതം ചേര്‍ത്ത്‌ ഒരു ക-ാലചക്രം ആവിഷ്‌കരിച്ചു. പിന്നീട്‌ നാല്‌ കാലിപ്പസ്‌ കാലചക്രം ചേര്‍ത്ത്‌ 304 വര്‍ഷം വീതമുള്ള കാലചക്രരീതി ഹിപ്പാര്‍ക്കസ്‌ നടപ്പാക്കുകയുണ്ടായി. ഈ കാലഗണനാസമ്പ്രദായത്തിനു പുറമേ കര്‍ഷകരും മറ്റും സൂര്യന്‍െറ ഉദയത്തെയും നക്ഷത്രരാശികളുടെ അസ്‌തമയത്തെയും മറ്റും ആധാരമാക്കി നിരീക്ഷിച്ച്‌ ഗണിച്ചെടുത്ത കലണ്ടറുകളും പ്രചാരത്തിലിരുന്നു.

ഇസ്‌ലാമിക കലണ്ടര്‍

1760-61 കാലത്തെ ഒരു ഇസ്‌ലാമിക കലണ്ടർ

തികച്ചും ചാന്ദ്രമാണ്‌ ഇസ്‌ലാം കലണ്ടര്‍. വര്‍ഷത്തില്‍ 12 ചാന്ദ്രമാസങ്ങളുണ്ട്‌. ചന്ദ്രക്കല ആദ്യം പ്രത്യക്ഷപ്പെടുന്നതു മുതല്‍ ഓരോ മാസവും കണക്കാക്കപ്പെടുന്നു. മാസത്തില്‍ 29ഓ 30ഓ ദിവസമുണ്ടായിരിക്കും; വര്‍ഷത്തില്‍ 354, 355 എന്നിങ്ങനെ ദിവസങ്ങളുടെ എണ്ണം മാറിക്കൊണ്ടിരിക്കും. നവവത്‌സരദിനം ഋതുചക്രത്തില്‍ പിന്നാക്കം മാറിക്കൊണ്ടിരിക്കും. 32.5 വര്‍ഷം കൊണ്ട്‌ ഋതുക്കളുടെ ചക്രം (seasonal cycle) പൂര്‍ത്തിയാകുകയും ചെയ്യും.

ഹിജറ കലണ്ടര്‍ എ.ഡി. 622 ജൂല. 16നുമാണ്‌ ആരംഭിക്കുന്നത്‌. ചാന്ദ്രസൗര കലണ്ടറായിരുന്നു മുമ്പ്‌ മെക്കയിലും മറ്റും ഉപയോഗിച്ചിരുന്നത്‌. ഇതനുസരിച്ചുള്ള അധികമാസം (13-ാമതു മാസം) ഉപയോഗപ്പെടുത്തുന്നതിനെ നബി നിരോധിച്ചു. അന്നുമുതല്‍ തികച്ചും ചാന്ദ്രകലണ്ടര്‍ ഉപയോഗിക്കേണ്ടതാണെന്ന്‌ അനുശാസിക്കുകയും ചെയ്‌തു.

മായന്‍മെക്‌സിക്കന്‍ കലണ്ടര്‍

മായന്‍ രീതിയെ അസ്‌പദമാക്കി ശിലകൊണ്ടു നിർമിച്ച ആസ്റ്റെക്‌ സൗരകലണ്ടർ(1479).മധ്യത്തിൽ സൂര്യദേവന്റെ ശിരോഭാഗവും ചുറ്റും ആസ്റ്റെക്‌ പുരാണങ്ങളനുസരിച്ചുള്ള പ്രപഞ്ച ചരിത്രവും ചിത്രീകരിച്ചിരിക്കുന്നു.

മായന്‍ കലണ്ടറില്‍ 365 ദിവസമുള്ള വര്‍ഷം സ്ഥിരമായിരുന്നു. അധിവര്‍ഷമേ ഉണ്ടായിരുന്നില്ല. 20 ദിവസമുള്ള 18 മാസങ്ങളും ശേഷം അവസാനം 5 ദിവസവും ചേര്‍ത്ത്‌ വര്‍ഷം തികച്ചിരുന്നു. ദിവസങ്ങള്‍ എണ്ണിയിരുന്നത്‌ 0, 1, 2 ....... 19 എന്ന കണക്കിനായിരുന്നു.

മെക്‌സിക്കന്‍ കലണ്ടറനുസരിച്ചും 20 ദിവസം വീതമുള്ള 18 മാസങ്ങളടങ്ങുന്ന വര്‍ഷമായിരുന്നു. ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പേരുകള്‍ കൊടുത്തിരുന്നു. ശേഷിക്കുന്ന 5 ദിവസം ഒന്നിലും പെട്ടിരുന്നില്ല. കലണ്ടറില്‍ 13 ദിവസം വീതമുള്ള 28 ആഴ്‌ചകള്‍ ചേര്‍ത്തു കാണാം. അപ്രകാരം 364 ദിവസം കണക്കില്‍പ്പെട്ടിരുന്നു. എ.ഡി. 1091ല്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ 20 ദിവസം വീതമുള്ള 13 മാസങ്ങളടങ്ങുന്ന വര്‍ഷം അംഗീകരിച്ചുകൊണ്ടുള്ള കലണ്ടര്‍ രൂപപ്പെട്ടു.

റോമന്‍ കലണ്ടര്‍

ക്രിസ്‌ത്യന്‍ കലണ്ടര്‍ എന്ന അപരനാമത്തില്‍ പിന്നീട്‌ അറിയപ്പെടുന്ന സമ്പ്രദായം ഉത്തര യൂറോപ്പിലെ അനാഗരികമായ ജനങ്ങള്‍ ഉപയോഗിച്ചു വന്നതാണെന്ന്‌ അഭിപ്രായമുണ്ട്‌. വസന്താരംഭത്തിലെ (മാ. 1 മുതല്‍ 25 വരെയുള്ള) ഒരു ദിവസമാണ്‌ ഇതിന്റെ ആരംഭം. 10 മാസങ്ങളിലായി 304 ദിവസങ്ങളുള്ള വര്‍ഷം അവസാനിക്കുന്നത്‌ അയനാന്തത്തോടെയാണ്‌. ബാക്കിയുള്ള 61 ദിവസം കണക്കില്‍പ്പെടുത്തിയിരുന്നില്ല. ഈ കലണ്ടറാണ്‌ നാഗരികത പുഷ്ടിപ്പെട്ടു നിന്ന റോമില്‍പ്പോലും അന്നുണ്ടായിരുന്നത്‌. ഈ കലണ്ടറിന്‌ പിന്നീട്‌ പല മാറ്റങ്ങളും ഉണ്ടായി. 12 ചാന്ദ്രമാസങ്ങളുള്ള വര്‍ഷമാണ്‌ റോമന്‍ റിപ്പബ്ലിക്കന്‍ കലണ്ടറില്‍ ഉപയോഗിച്ചത്‌. 31 ദിവസം വീതമുള്ള നാലു മാസങ്ങളും 29 ദിവസം വീതമുള്ള ഏഴു മാസങ്ങളും 28 ദിവസമുള്ള ഒരു മാസവും ഇതില്‍ ഉണ്ടായിരുന്നു.

ജൂലിയന്‍ കലണ്ടര്‍

ബി.സി. 46ല്‍ ജൂലിയസ്‌ സീസര്‍, റോമന്‍ കലണ്ടറിനു സമഗ്രമായ മാറ്റം വരുത്തി. പരിഷ്‌കരിക്കപ്പെട്ട റോമന്‍ കലണ്ടറാണ്‌ ജൂലിയന്‍ കലണ്ടര്‍. ഈജിപ്‌ഷ്യന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞനായ സോസിജനസ്സിന്റെ ഉപദേശമനുസരിച്ച്‌ ജൂലിയസ്‌ സീസര്‍ അധിവര്‍ഷ സമ്പ്രദായം ഏര്‍പ്പെടുത്തി. ശ.ശ. വര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.25 ദിവസമാക്കണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്‌തു. സാധാരണ വര്‍ഷത്തിന്‌ 365ഉം നന്നാലു വര്‍ഷമെത്തുമ്പോള്‍ അധിവര്‍ഷത്തിന്‌ 366ഉം ദിവസങ്ങളായി നിശ്ചയിച്ചു. കലണ്ടര്‍ സമൂലം പരിഷ്‌കരിക്കുന്നതിനുവേണ്ടി ബി.സി. 46-ാം വര്‍ഷത്തിന്റെ ദൈര്‍ഘ്യം 445 ദിവസമാക്കേണ്ടി വന്നു. "കുഴപ്പത്തിന്റെ വര്‍ഷം' എന്നാണ്‌ ബി.സി. 46നെ സമകാലീന ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്‌.

പുതുവര്‍ഷം ഡി. 25നു ആരംഭിക്കണമെന്ന്‌ സീസര്‍ നിര്‍ദേശിച്ചെങ്കിലും ജനസമ്മതി ലഭിച്ചില്ല, ബി.സി. 45 ജനു. 1നു ഒരു കറുത്തവാവു ദിനമായിരുന്നു. ഈ ദിനം ഭാഗ്യദ്യോതകമാണെന്ന വിശ്വാസമനുസരിച്ചാണ്‌ പുതുവത്‌സരദിനം സ്വീകരിക്കപ്പെട്ടത്‌. ജൂലിയന്‍ കലണ്ടര്‍ റോമന്‍ സാമ്രാജ്യം മുഴുവന്‍ അംഗീകരിച്ചിരുന്നു.

ഗ്രിഗോറിയന്‍ കലണ്ടര്‍

ജൂലിയന്‍ കലണ്ടറിന്റെ പരിഷ്‌കൃത രൂപമാണ്‌ ഗ്രിഗോറിയന്‍ കലണ്ടര്‍. 365.2422 ദിവസമാണ്‌ യഥാര്‍ഥ വര്‍ഷത്തിലുള്ളത്‌. എന്നാല്‍ ഒരു വര്‍ഷത്തില്‍ 365.25 ദിവസം എന്ന കണക്കിലാണ്‌ ജൂലിയന്‍ കലണ്ടര്‍ നിര്‍മിച്ചിരുന്നത്‌. അതുകൊണ്ട്‌ എ.ഡി. 323 ഡി. 21നു ശൈത്യകാല അയനാന്ത്യമായിരുന്നത്‌ എ.ഡി. 1582ല്‍ 10 ദിവസം പിന്നാക്കം നീങ്ങി. അയനാന്ത്യവുമായി ക്രിസ്‌തുമസ്സിനുള്ള ബന്ധവും നഷ്ടപ്പെട്ടിരുന്നു. ഈസ്റ്റര്‍ ആചരണത്തിലും തെറ്റുകള്‍ വന്നു. കലണ്ടര്‍ പരിഷ്‌കരിച്ച്‌ തെറ്റുതിരുത്തേണ്ടത്‌ അനിവാര്യമായി. 1572ല്‍ ഗ്രിഗറി തകകക മാര്‍പ്പാപ്പ നേപ്പിള്‍സിലെ ഗണിതശാസ്‌ത്രജ്ഞനായ അലോഷ്യസ്‌ ലിലിയ സിന്റെയും പിന്നീട്‌ ക്ലാവിയൂസിന്റെയും നിര്‍ദേശങ്ങളനുസരിച്ച്‌ 1582ല്‍ കലണ്ടര്‍ പരിഷ്‌കരണം വിളംബരം ചെയ്‌തു. വ്യത്യാസം വന്ന 10 ദിവസം വിട്ടുകളഞ്ഞുകൊണ്ട്‌ 1582 ഒ. 4 വ്യാഴാഴ്‌ചയ്‌ക്കു പിറ്റേന്ന്‌ ഒ. 15 വെള്ളിയാഴ്‌ചയാണെന്നു കണക്കാക്കി. അധിവര്‍ഷം സംബന്ധിച്ച നിയമത്തിലും മാറ്റം വരുത്തി. 400 കൊണ്ട്‌ ഹരിക്കാന്‍ കഴിയാത്ത ശതവര്‍ഷങ്ങള്‍ അധിവര്‍ഷങ്ങളായി കണക്കാക്കേണ്ടതില്ലെന്നും വ്യവസ്ഥ ചെയ്‌തു. അങ്ങനെ 400 വര്‍ഷങ്ങളില്‍ വരാവുന്ന 100 അധിവര്‍ഷങ്ങള്‍ 97 ആയി. കലണ്ടറിലെ വര്‍ഷം 365.2425 ദിവസമായി.

ഇതനുസരിച്ച്‌ ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം 26 സെ. കൂടുതലാണ്‌. 4000 വര്‍ഷം ആകുമ്പോഴേക്ക്‌ 1 ദിവസം 5 മണിക്കൂറിന്റെ (3323 വര്‍ഷമാകുമ്പോഴേക്ക്‌ 1 ദിവസത്തിന്റെ) വ്യത്യാസമുണ്ടാകും. 4000, 8000 എന്നീ വര്‍ഷങ്ങളെ അധിവര്‍ഷമല്ലാത്ത സാധാരണ വര്‍ഷങ്ങളായി കണക്കാക്കിയാല്‍ ഇതു പരിഹരിക്കപ്പെടുമെന്ന്‌ പിന്നീട്‌ നിര്‍ദേശിക്കപ്പെട്ടു.

ഗ്രിഗോറിയന്‍ കലണ്ടര്‍ യൂറോപ്പിലെ കത്തോലിക്കാ രാഷ്‌ട്രങ്ങള്‍ ഉടനെ സ്വീകരിച്ചു. ബ്രിട്ടനില്‍ 1752ല്‍ മാത്രമാണ്‌ ഈ കലണ്ടര്‍ അംഗീകരിക്കപ്പെട്ടത്‌. 1752ല്‍ ഗ്രിഗോറിയന്‍ കലണ്ടറും ജൂലിയന്‍ കലണ്ടറും തമ്മില്‍ 12 ദിവസത്തിന്റെ വ്യത്യാസമുണ്ടായിരുന്നു. 1752 സെപ്‌. 2നു (ബുധനാഴ്‌ച) ശേഷം സെപ്‌. 14 (വ്യാഴാഴ്‌ച) എന്നു ഗണിച്ചുകൊണ്ടാണ്‌ ബ്രിട്ടന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ചത്‌. ചൈനയും അല്‍ബേനിയയും 1912ലും ബള്‍ഗേറിയ 1916ലും സോവിയറ്റ്‌ റഷ്യ 1918ലും റുമേനിയയും ഗ്രീസും 1924ലും തുര്‍ക്കി 1927ലും ഈ കലണ്ടര്‍ നടപ്പിലാക്കി.

ഗ്രിഗോറിയന്‍ കലണ്ടറിന്റെ പരിഷ്‌കരണം സംബന്ധിച്ച ഗൗരവപൂര്‍ണമായ ഒരു നിര്‍ദേശം 1887ല്‍ ഇറ്റാലിയന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞനായ അര്‍മലിനിയുടേതായിരുന്നു. വേള്‍ഡ്‌ കലണ്ടര്‍ (വിശ്വകലണ്ടര്‍) ആണ്‌ പ്രതിവിധിയായി നിര്‍ദേശിക്കപ്പെട്ടത്‌. എലിസബത്ത്‌ ഏഷിലസ്സിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കിയുള്ള വേള്‍ഡ്‌ കലണ്ടര്‍ അസോസിയേഷന്‍ ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്‌.

റഷ്യന്‍ കലണ്ടര്‍

പ്രകൃതിയിലെ പ്രതിഭാസങ്ങളെയും കാലാവസ്ഥാഭേദങ്ങളെയും അടിസ്ഥാനമാക്കിയുള്ള 12 മാസങ്ങളടങ്ങിയ വര്‍ഷമാണ്‌ പ്രാചീനകാലത്ത്‌ റഷ്യന്‍ നിവാസികളായ സ്ലാവുകള്‍ക്കുണ്ടായിരുന്നത്‌. മാസപ്പേരുകള്‍ക്ക്‌ പ്രാദേശികമായ വ്യത്യാസങ്ങളുമുണ്ടായിരുന്നു. മിക്കവാറും ഗ്രിഗോറിയന്‍ കലണ്ടറിലെ ജനുവരി തുടങ്ങിയ മാസങ്ങള്‍ക്കു സമാനമായ പേരുകളായിരുന്നു റഷ്യയിലും മാസങ്ങള്‍ക്കുണ്ടായിരുന്നത്‌. പത്താം നൂറ്റാണ്ടോടുകൂടി റോമന്‍ രീതിയിലുള്ള കലണ്ടര്‍ റഷ്യയില്‍ പ്രചാരത്തില്‍ വന്നു. സപ്‌തദിനവാരം, റോമന്‍ മാസപ്പേരുകള്‍, ജൂലിയന്‍ കലണ്ടര്‍ എന്നിവ അംഗീകരിക്കപ്പെട്ടു. ലോകസൃഷ്ടിവര്‍ഷമായറിയപ്പെടുന്ന ബി.സി. 5508 മുതലാണ്‌ അവര്‍ വര്‍ഷം കണക്കാക്കിത്തുടങ്ങിയത്‌. 15-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ രീതി തുടര്‍ന്നു. പീറ്റര്‍ക ചക്രവര്‍ത്തി റഷ്യയില്‍ ക്രിസ്‌ത്യന്‍ കലണ്ടര്‍ ഏര്‍പ്പെടുത്തി (1700); വര്‍ഷാരംഭം ജനു. 1 എന്നു നിശ്‌ചയിക്കപ്പെട്ടു. "ലോകസൃഷ്ടി'ക്ക്‌ 7208 വര്‍ഷത്തിനു ശേഷമുള്ള ദിനം 1700 ജനു. 1 ആയി അംഗീകരിക്കപ്പെട്ടു.

ഫ്രഞ്ച്‌ കലണ്ടര്‍

ഫ്രഞ്ച്‌ വിപ്ലവത്തെത്തുടർന്ന്‌ നടപ്പാക്കിയതും പിന്നീട്‌ നെപ്പോളിയന്‍ നിർത്തലാക്കിയതുമായ ഫ്രഞ്ച്‌ കലണ്ടർ

1582ല്‍ ഫ്രാന്‍സില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ഫ്രഞ്ചു വിപ്ലവത്തെ ത്തുടര്‍ന്നു നടപ്പാക്കിയ ദശാംശ സമ്പ്രദായത്തിന്റെ ഭാഗമായി 1793 ന. 24നു പുറപ്പെടുവിച്ച ഒരു ശാസനം മുഖേന 1792 സെപ്‌. 22 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒരു നവീന കലണ്ടര്‍ നടപ്പാക്കി. ഈജിപ്‌ഷ്യന്‍ കലണ്ടറിനെ മാതൃകയാക്കിയുള്ള ഈ കലണ്ടറില്‍ ഏഴു ദിവസത്തെ ആഴ്‌ച ഉപേക്ഷിച്ച്‌ പത്തു ദിവസത്തേത്‌ ഏര്‍പ്പെടുത്തി. അവസാനത്തെ അഞ്ചു ദിവസം (അധിവര്‍ഷത്തില്‍ ആറും) മാസങ്ങളുമായി ബന്ധപ്പെടുത്താതെ ജനസേവനത്തിനായി നീക്കിവച്ചു. 1805ല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്‌ ഇതു നിര്‍ത്തലാക്കി; ഗ്രിഗോറിയന്‍ കലണ്ടര്‍ പുനഃസ്ഥാപിച്ചു.

അബ്‌ദം

ഓരോ കലണ്ടറിനും ആധാരമായ വര്‍ഷാരംഭഹേതുവിനെ അടിസ്ഥാനമാക്കി കലണ്ടറിനു നല്‌കപ്പെടുന്ന നാമധേയമാണ്‌ അബ്‌ദം (era). പുരാതന ഈജിപ്‌ഷ്യന്‍ രേഖകളില്‍ അബ്‌ദങ്ങളൊന്നും ഉപയോഗിച്ചു കാണുന്നില്ല. മിക്കവാറും രാജാക്കന്മാരുടെ സിംഹാസനാരോഹണത്തെ അടിസ്ഥാനമാക്കിയാണ്‌ അബ്‌ദങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഭാരതത്തില്‍ അശോകചക്രവര്‍ത്തിയുടെ ഭരണ-ാരംഭവര്‍ഷമാണ്‌ ഉപയോഗപ്പെടുത്തിയത്‌.

ഗ്രീക്ക്‌ ജ്യോതിശ്ശാസ്‌ത്രജ്ഞന്മാരായ ഹിപ്പാര്‍ക്കസിന്റെയും (ബി.സി. 140) ടോളമിയുടെയും (എ.ഡി. 150) ലേഖനങ്ങളില്‍ ബാബിലോണിലെ നബുനാസിറി (ബി.സി. 747)ന്റേതെന്നു പറയപ്പെടുന്ന ഒരു അബ്‌ദത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. ഈ അബ്‌ദം പ്രചാരത്തില്‍ വന്നില്ല. ഗ്രീക്ക്‌ ഒളിമ്പിയാഡ്‌ (ബി.സി. 776), റോം സ്ഥാപനം (ബി.സി. 753) എന്നീ അബ്‌ദങ്ങളും ഉണ്ടായിരുന്നു. സെലൂക്കസിന്റെ രാജവംശം സ്ഥാപിച്ചതിന്റെ സ്‌മരണയ്‌ക്കായി ഏര്‍പ്പെടുത്തിയതാണ്‌ സെലൂസിഡിയന്‍ അബ്‌ദം. മറ്റു രാഷ്‌ട്രങ്ങളും രാജാക്കന്മാരും അബ്‌ദാവതരണരീതി അനുകരിച്ചു. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യത്തെ അബ്‌ദം പാര്‍ഥിയന്‍ ആണ്‌. സെലൂസിഡിന്റെ ഭരണത്തില്‍ നിന്നുള്ള മോചനത്തിന്റെ സ്‌മരണയ്‌ക്കായി പാര്‍ഥിയ (കിഴക്കന്‍ പേര്‍ഷ്യ) ഏര്‍പ്പെടുത്തിയതാണ്‌ ഈ അബ്‌ദം (ബി.സി. 248).

പാര്‍ഥിയന്‍ ഭരണം ഭാരതത്തിലുണ്ടായിരുന്നെങ്കിലും പാര്‍ഥിയന്‍ അബ്‌ദ-ം ഭാരതത്തില്‍ നിലവിലിരുന്നതായി രേഖകളില്ല. വ്യത്യസ്‌തങ്ങളായ 30 അബ്‌ദങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്‌. ക്രിസ്‌തുവര്‍ഷം, ഹിജറ വര്‍ഷം, താരിഖ്‌ ഇലാഹി എന്നിവ വൈദേശികമാണ്‌. കലിയുഗം, സപ്‌തര്‍ഷി, യുധിഷ്‌ഠിര തുടങ്ങിയവ ഭാരതീയവുമാണ്‌. ഈ രണ്ടു വിഭാഗങ്ങളിലും പെടാത്ത സങ്കരസ്വഭാവമുള്ള അബ്‌ദങ്ങളുമുണ്ട്‌. ഭാരതത്തിലാകെ ജ്യോതിശ്ശാസ്‌ത്ര പണ്ഡിതന്മാര്‍ ഉപയോഗിച്ചിരുന്നതാണ്‌ ശകവര്‍ഷം. കനിഷ്‌കനാണ്‌ ശകവര്‍ഷം ആരംഭിച്ചത്‌.

ഭാരതീയ കലണ്ടറുകള്‍

കേരള സർക്കാർ കലണ്ടർ

അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചാന്ദ്രസൗരപഞ്ചാംഗം ബി.സ.ി 1300 വരെ ഭാരതത്തില്‍ ഉപയോഗിച്ചിരുന്നതായി അനുമാനിക്കാന്‍ കഴിയും. അശോകന്റെ ക-ാലം (ബി.സി.270) വരെ തെളിവുരേഖകള്‍ ലഭ്യമല്ല. ബ്രാഹ്മണങ്ങളിലും സൂത്രഗ്രന്ഥങ്ങളിലും മഹാഭാരതത്തിലും മറ്റു സാഹിത്യഗ്രന്ഥങ്ങളിലും പഞ്ചാംഗത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്‌. എന്നാല്‍ യജുര്‍വേദകാലത്തിന്റെ അവസാനം മുതല്‍ സിദ്ധാന്തജ്യോതിഷകാലത്തിന്റെ ആരംഭംവരെയുള്ള ചരിത്രം അപൂര്‍ണമാണ്‌. ബി.സി. 1300 മുതല്‍ എ.ഡി. 300 വരെ ഈ അജ്ഞാതകാലം നീണ്ടു കിടക്കുന്നു. പഞ്ചാംഗം ഗണിക്കുന്നതിനാവശ്യമായ സൂത്രവാക്യങ്ങളടങ്ങിയ വേദാംഗജ്യോതിഷം ഇക്കാലത്തേതാണെന്നു കരുതപ്പെടുന്നു. സൂര്യപ്രജ്ഞാപ-്‌തി, ജ്യോതിഷകരണം, കാലാലോകപ്രകാശ എന്നിവയിലെ ചട്ടങ്ങള്‍ വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയില്‍ നല്‌കിയിട്ടുണ്ട്‌. പഴയ പ്രബന്ധങ്ങളില്‍ ഒരു വര്‍ഷത്തിന്റെ ദൈര്‍ഘ്യം 366 ദിവസവും പഞ്ചസിദ്ധാന്തികയനുസരിച്ച്‌ 365.3569ഉം ആണ്‌. വിദേശീയ സ്വാധീനം തീരെയില്ലാത്തതാണ്‌ ഇക്കാലത്തെ വേദാംഗജ്യോതിഷപഞ്ചാംഗം. ശകന്മാരും കുശാനന്മാരും ഭരിച്ചിരുന്ന കാലത്ത്‌ (ബി.സി. 100എ.ഡി. 200) ആയിരിക്കണം ഗ്രീക്ക്‌ കാല്‍ദിയന്‍ ജ്യോതിശ്ശാസ്‌ത്ര വിവരങ്ങള്‍ ഭാരതത്തിലേക്ക്‌ കടന്നത്‌. സൂര്യസിദ്ധാന്തവും മറ്റും ഇതിന്റെ ഫലമാണെന്നു പറയാം. എ.ഡി.400ഓടുകൂടി വേദാംഗജ്യോതിഷപഞ്ചാംഗത്തിനു പ്രചാരമില്ലാതായി. എ.ഡി. 400 മുതല്‍ 1200 വരെ ഭാരതത്തില്‍ സിദ്ധാന്തജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള പഞ്ചാംഗങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌; കണക്കു കൂട്ടുന്നതിന്‌ ശകവര്‍ഷവും. രാജവംശങ്ങള്‍ പലതും സ്വന്തം അബ്‌ദങ്ങള്‍ സ്വീകരിച്ചു വന്നു. വാര്‍ഷികപഞ്ചാംഗങ്ങള്‍ സൂര്യസിദ്ധാന്തം, ആര്യസിദ്ധാന്തം, ബ്രഹ്മസിദ്ധാന്തം എന്നിവയെ ആധാരമാക്കിയാണ്‌ തയ്യാറാക്കിയിരുന്നത്‌. എ.ഡി. 1200 മുതല്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക്‌ ഭാരതത്തില്‍ ഹിജറ കലണ്ടര്‍ നിലവില്‍ വന്നു. 1584ല്‍ അക്‌ബര്‍ ഇറാന്‍ സൗരകലണ്ടറിന്റെ പരിഷ്‌കൃതരൂപമായ താരിഖ്‌ ഇലാഹി ഉപയോഗപ്പെടുത്തി. 1630ല്‍ ഇതും പ്രയോഗത്തിലില്ലാതായി. 1757ല്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിച്ചു തുടങ്ങി. ഇന്ത്യയിലെ ചില അബ്‌ദങ്ങളുടെ ആരംഭം താഴെ കുറിക്കുന്നു:

കലിയുഗം	ബി.സി. 	3102	ഫെ. 	17
ശകവര്‍ഷം	എ.ഡി. 	78	മാ. 	15
ഹിജറ		എ.ഡി. 	622	ജൂല. 	16
കൊല്ലവര്‍ഷം	എ.ഡി. 	825	ആഗ. 25
 

ശകവര്‍ഷം

വരാഹമിഹിരന്റെയും (മരണം: എ.ഡി. 587) മുമ്പുള്ള കാലത്ത്‌ ഭാരതത്തില്‍ ചുരുക്കം ചിലയിടങ്ങളിലൊഴികെ പ്രചാരത്തിലിരുന്ന അബ്‌ദമാണ്‌ ശകവര്‍ഷം. ജ്യോതിഷക്കാര്‍ ഇന്നും ഉപയോഗിച്ചുവരുന്നത്‌ ശകവര്‍ഷരീതിയാണ്‌. ശകകാലം, ശകഭൂപകാലം, ശകേന്ദ്രക-ാലം, സാലിവാഹനകാലം, ശകസംവത്‌ എന്നിങ്ങനെ പലവിധത്തില്‍ ഇതറിയപ്പെടന്നു. ചാന്ദ്രസൗരഗണനപ്രകാരം ചൈത്രാദിയും സൗരഗണനപ്രകാരം മേഷാദിയുമാണ്‌ ഇതിന്റെ വര്‍ഷം. എ.ഡി. 78ലെ വസന്തവിഷുവദ്‌ദിനത്തിലാണ്‌ ശകവര്‍ഷം ആരംഭിക്കുന്നത്‌. ഉജ്ജയിനിയിലെ ക്ഷത്രപന്മാരുടെ കാലം മുതല്‌ക്കാണ്‌ ഇതാരംഭിച്ചതെന്ന്‌ കരുതപ്പെടുന്നു. ഭാരതത്തില്‍ ഇന്നും അംഗീകൃതമായ ഒരു പ്രധാന അബ്‌ദമാണിത്‌.

കൊല്ലവര്‍ഷം

കേരളത്തില്‍ പ്രചാരം കിട്ടിയ കൊല്ലവര്‍ഷത്തിന്റെ ആരംഭം എ.ഡി. 825ലാണ്‌. നക്ഷത്ര രാശികളുടെ പേരുകളാണ്‌ മാസങ്ങള്‍ക്കുള്ളത്‌. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നീ 12 മാസങ്ങളില്‍ ദിവസങ്ങളുടെ സംഖ്യ സ്ഥിരമല്ല. ഭൂമിയുടെ പരിക്രമണപഥം ദീര്‍ഘവൃത്തമായതിനാല്‍ ഒരു രാശി (300) കടക്കാന്‍ സൂര്യന്‍ എടുക്കുന്ന കാലയളവ്‌ വ്യത്യസ്‌തമായതാണ്‌ ഇതിനു കാരണം. ബാബിലോണിയന്‍ഗ്രീക്ക്‌ കലണ്ടര്‍ വ്യവസ്ഥയുമായി ഇതിനുള്ള ബന്ധം ശ്രദ്ധേയമാണ്‌. കറുത്തവാവും വെളുത്തവാവും ആചരിക്കുന്ന സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്ന രീതിയിലാണ്‌ കൊല്ലവര്‍ഷത്തിന്റെ സംവിധാനം. കൊല്ലവര്‍ഷാരംഭത്തെ സംബന്ധിച്ച്‌ പല ഐതിഹ്യങ്ങളുമുണ്ട്‌.

കലണ്ടര്‍ പരിഷ്‌കരണം

ഏതു കാലത്തും പ്രാദേശികമായി കലണ്ടര്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരുന്നെങ്കിലും ലോകത്തിലാകെ പ്രയോജനമുള്ള പരിഷ്‌കാരത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്‌ ഗ്രിഗോറിയന്‍ കലണ്ടറിന്റെ അപര്യാപ്‌തതകള്‍ പരിഹരിക്കാനായിരുന്നു. അന്താരാഷ്‌ട്ര ക്ലിപ്‌ത കലണ്ടര്‍ (International Fixed Calendar), വിശ്വകലണ്ടര്‍, അവിരാമകലണ്ടര്‍ എന്നിവയാണ്‌ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. ഔഗുസ്‌ത്‌ കോംത്‌ (1798-1857) നിര്‍ദേശിച്ച രീതി പരിഷ്‌കരിച്ചതാണ്‌ (1849) ആദ്യത്തേത്‌. മോസെസ്‌ ബ്രൂയിനെസ്‌ കോട്‌സ്‌വര്‍ത്ത്‌ (1859-1943) ആണ്‌ ഇതിന്റെ സംവിധായകന്‍. 28 ദിവസം വീതമുള്ള 13 മാസം അടങ്ങുന്ന വര്‍ഷമാണ്‌ ഇതിന്‌. 365-ാം ദിവസം "ലോകദിനം' ആയി കണക്കാക്കും. അത്‌ ആഴ്‌ചയിലും മാസത്തിലും ചേര്‍ക്കില്ല. മാസാരംഭം എന്നും ഞായറാഴ്‌ച ആയിരിക്കും.

ഗ്രിഗോറിയന്‍ കലണ്ടറിലെ മാസങ്ങള്‍ക്ക്‌ 28 മുതല്‍ 31 വരെ ദിവസങ്ങള്‍ ഉള്ളതുകൊണ്ട്‌ വര്‍ഷാരംഭവും മാസാരംഭവും ഏത്‌ ആഴ്‌ചദിനവുമാകാം. മാസത്തിലെ പ്രവര്‍ത്തനദിവസങ്ങളുടെ എണ്ണം 24 മുതല്‍ 27 വരെ മാറിക്കൊണ്ടിരിക്കുന്നു. ഇതു പരിഹരിക്കാനെന്നോണം ആഗോളപ്രചാരമുള്ള ഈ കലണ്ടര്‍ പരിഷ്‌കരിക്കണമെന്ന അഭിപ്രായങ്ങളുണ്ടായി. 1834ല്‍ ഇറ്റലിയിലെ പുരോഹിതനായ അബ്‌ബെമസ്‌ത്രാഫിനി 13 മാസങ്ങളുള്ള കലണ്ടര്‍ ആവിഷ്‌കരിക്കണമെന്ന്‌ നിര്‍ദേശിക്കുകയുണ്ടായി. ഇത്‌ ഫലപ്രദമായില്ല. വേള്‍ഡ്‌ കലണ്ടര്‍ അസോസിയേഷന്‍ നിര്‍ദേശങ്ങള്‍ ക്രാഡീകരിച്ചു. ഭരണപരവും മതപരവുമായ രണ്ട്‌ ആവശ്യങ്ങള്‍ക്കാണ്‌ കലണ്ടര്‍ ഉപയോഗിക്കുന്നത്‌. ആദ്യത്തേതിന്‌ ഗ്രിഗോറിയന്‍ കലണ്ടറും രണ്ടാമത്തേതിന്‌ ചാന്ദ്രസൗരകലണ്ടറുമാണ്‌ ഇന്ത്യയില്‍ ഉപയോഗിക്കുന്നത്‌. ഇസ്‌ലാമിക രാഷ്‌ട്രങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടറും ചാന്ദ്രകലണ്ടറുമാണ്‌ പ്രചാരത്തിലുള്ളത്‌. ഗ്രിഗോറിയന്‍ കലണ്ടര്‍ തന്നെ പരക്കെ ഉപയോഗിക്കുന്ന ക്രിസ്‌തീയ രാഷ്‌ട്രങ്ങളില്‍ മതപരമായ ആവശ്യങ്ങള്‍ക്ക്‌ പള്ളികളുടെ വക പ്രത്യേക കലണ്ടറുകളും നിലവിലുണ്ട്‌.

വിശ്വകലണ്ടര്‍

ഗ്രിഗോറിയന്‍ കലണ്ടറില്‍ സാധാരണവര്‍ഷത്തിന്‌ 52 ആഴ്‌ചകളും ഒരു ദിവസവും ആണ്‌. നന്നാലു വര്‍ഷമാകുമ്പോള്‍ 366 ദിവസങ്ങളുള്ള അധിവര്‍ഷത്തില്‍ 52 ആഴ്‌ചകളും രണ്ടു ദിവസങ്ങളുമുണ്ട്‌. ഒരു സാധാരണവര്‍ഷം ഞായറാഴ്‌ചയാണ്‌ ആരംഭിക്കുന്നതെങ്കില്‍ അടുത്തവര്‍ഷം തിങ്കളാഴ്‌ചയായിരിക്കും. അധിവര്‍ഷം ഞായറാഴ്‌ചയാണ്‌ ആരംഭിക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം ആരംഭിക്കുന്നത്‌ ചൊവ്വാഴ്‌ചയായി മാറും. ഉദാഹരണമായി 1980 അധിവര്‍ഷമായതിനാല്‍ അതില്‍ ഒരു ദിവസം കൂടുതലുണ്ട്‌. 1980 ജൂണ്‍ മാസാന്ത്യത്തില്‍ ഈ ഒരു ദിവസം ചേര്‍ത്ത്‌ മാറ്റി നിര്‍ത്തി പതിവുള്ള ലോകദിനവും മാറ്റി നിര്‍ത്തിയാല്‍ 1981ഉം തിങ്കളാഴ്‌ചതന്നെ ആരംഭിക്കുന്നതാണ്‌. സൗകര്യാര്‍ഥം ഞായറാഴ്‌ച ദിവസം വര്‍ഷം ആരംഭിക്കുംവിധം ഈ സംവിധാനം ഏര്‍പ്പെടുത്തുമെങ്കില്‍ എല്ലാ മാസത്തിലെയും തീയതികള്‍ ഒരേ ആഴ്‌ചദിനങ്ങളില്‍ വരുന്നതാണ്‌. മാസങ്ങള്‍ക്ക്‌ 28 മുതല്‍ 31 വരെ വ്യത്യസ്‌ത ദിനങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനും ശാസ്‌ത്രീയമായ കാരണങ്ങളില്ല. ഓരോ മാസവും ഒരേ ആഴ്‌ചദിനത്തില്‍ ആരംഭിക്കുന്നതിനും കൂടി വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതാണ്‌ വിശ്വകലണ്ടര്‍ പദ്ധതി. ജനുവരി, ഏപ്രില്‍, ജൂലായ്‌, ഒക്‌ടോബര്‍ എന്നിവയ്‌ക്ക്‌ 31 വീതവും ഫെബ്രുവരി, മേയ്‌, ആഗസ്റ്റ്‌, നവംബര്‍, മാര്‍ച്ച്‌, ജൂണ്‍, സെപ്‌തംബര്‍, ഡിസംബര്‍ എന്നിവയ്‌ക്ക്‌ 30 വീതവും നിശ്‌ചയിച്ചാല്‍ ആദ്യത്തെ നാലു മാസങ്ങളും ഞായറാഴ്‌ചയും; രണ്ടാമത്തെ നാലു മാസങ്ങളും ബുധനാഴ്‌ചയും; മൂന്നാമത്തെ നാലു മാസങ്ങളും വെള്ളിയാഴ്‌ചയും ആരംഭിക്കുന്നതാണ്‌.

ഈ രീതി സ്വീകരിച്ച്‌, വിശ്വകലണ്ടര്‍ അംഗീകരിക്കുന്ന പക്ഷം സൗകര്യപ്രദമായ കലണ്ടര്‍ നിലവില്‍ വരുന്നതാണ്‌.

അവിരാമകലണ്ടര്‍

ഗ്രിഗറി കലണ്ടറിന്റെ തത്ത്വങ്ങള്‍ ക്രാഡീകരിച്ച്‌ കാലാകാലത്തേക്കുമായി പ്രയോജനപ്പെടുത്താവുന്ന കലണ്ടര്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 2400 വരെയുള്ള ദിനം കണ്ടുപിടിക്കാവുന്നതിന്റെ മാതൃക താഴെ കൊടുക്കുന്നു:

ക്രിസ്‌ത്വബ്‌ദത്തിലെ ഏതെങ്കിലും ദിവസം കണ്ടുപിടിക്കാനുള്ള മാര്‍ഗമാണ്‌ താഴെ വിവരിക്കുന്നത്‌: മുകള്‍ ഭാഗത്തു നിന്ന്‌ ആ വര്‍ഷത്തിന്റെ ആഴ്‌ചദിന അക്ഷരം കണ്ടുപിടിക്കുക. അധിവര്‍ഷം സൂചിപ്പിക്കാന്‍ രണ്ട്‌ അക്ഷരങ്ങള്‍ ചേര്‍ത്തു കാണാം; ജനുവരിക്കും ഫെബ്രുവരിക്കും ആദ്യാക്ഷരവും മറ്റുള്ളവയ്‌ക്ക്‌ രണ്ടാമത്തേതും ഉപയോഗിക്കണം. താഴെ ഭാഗത്ത്‌ ആ വര്‍ഷത്തേക്കുള്ള ആഴ്‌ചദിനത്തിന്റെ അക്ഷരവും ആവശ-്യമായ മാസവും ഉള്ള കോളം കണ്ടുപിടിക്കുക. ഈ കോളത്തില്‍ നിന്ന്‌ ആ മാസത്തിലെ ആഴ്‌ചദിനം ലഭ്യമാകുന്നു. ഉദാ. 1962ന്റെ ആഴ്‌ചദിനാക്ഷരം G ആണ്‌. ഈ അക്ഷരവും ജൂലായ്‌ മാസവും ആദ്യകോളത്തിലാണ്‌ കാണുക. അതുകൊണ്ട്‌ 1962 ജൂല. 4 ബുധനാഴ്‌ചയായിരിക്കും.

ഇന്ത്യയില്‍

കേന്ദ്ര ശാസ്‌ത്രവ്യവസായഗവേഷണ കൗണ്‍സില്‍ (സി.എസ്‌.ഐ.ആര്‍.) 1952 നവംബറില്‍ ഇന്ത്യയില്‍ നിലവിലുള്ള വിവിധ കലണ്ടറുകള്‍ പരിശോധിച്ച്‌ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തി, ഒരു ദേശീയപഞ്ചാംഗം ആവിഷ്‌കരിക്കുന്നതിനുവേണ്ടി മേഘനാഥ സാഹ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിക്കുകയുണ്ടായി. ഗ്രിഗോറിയന്‍ കലണ്ടറിന്റെ പോരായ്‌മകള്‍ പരിഹരിച്ച്‌ ആധുനിക ജീവിതത്തിന്‌ കൂടുതല്‍ അനുയോജ്യമായ വിശ്വകലണ്ടര്‍ ലോകമൊട്ടുക്ക്‌ സ്വീകരിക്കപ്പെടണമെന്ന്‌ 1954ല്‍ ഇന്ത്യ ഐക്യരാഷ്‌ട്രസഭയില്‍ നിര്‍ദേശം വച്ചു. സി.എസ്‌.ഐ.ആര്‍. സമിതി തയ്യാറാക്കിയ ഏകീകൃതപഞ്ചാംഗമാണ്‌ ഇന്ത്യ സമര്‍പ്പിച്ചത്‌.

ശാസ്‌ത്രത്തെയും മാമൂലുകളെയും ഭാഗികമായി ആശ്രയിച്ചാണ്‌ ഇന്ത്യയിലെ പഞ്ചാംഗങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌. ഇന്ത്യയില്‍ വിവിധ പഞ്ചാംഗങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും ആര്യഭടനു (എ.ഡി. 500) ശേഷം ശകവര്‍ഷമാണ്‌ സ്വീകരിച്ചുവരുന്നത്‌.

ബി.സി. 3-ാം നൂറ്റാണ്ടു മുതലുള്ള പൗരസ്‌ത്യപാശ്‌ചാത്യ വീക്ഷണങ്ങള്‍ സമന്വയിപ്പിച്ചാണ്‌ ശകവര്‍ഷം രൂപപ്പെടുത്തിയിട്ടുള്ളത്‌. ശകവര്‍ഷം മറ്റു രീതികളോടൊപ്പം ഉപയോഗിക്കണമെന്ന സമിതിയുടെ നിര്‍ദേശമനുസരിച്ചാണ്‌ ഇന്ന്‌ ഇന്ത്യയില്‍ ശകവര്‍ഷവും തുടരുന്നത്‌.

സിദ്ധാന്തജ്യോതിഷത്തിന്റെ കാല(എ.ഡി. 200)ത്തിനു മുമ്പ്‌ വേദാംഗജ്യോതിഷ നിയമമനുസരിച്ചുള്ള ചാന്ദ്രപഞ്ചാംഗമാണ്‌ ഇന്ത്യയില്‍ ഉണ്ടായിരുന്നത്‌. തിഥിയും നക്ഷത്രവും മാത്രമേ ഉപയോഗപ്പെടുത്തിയിരുന്നുള്ളൂ. അതുകൊണ്ട്‌ ശാസ്‌ത്രീയമായി സമഗ്രത കൈവരുന്നില്ല. വിശേഷദിവസങ്ങളുടെ ഗണനത്തിന്‌ ഇന്ത്യയില്‍ ഒരു കേന്ദ്രസ്ഥാനം (രേഖാംശം: 820 30ക്ല കി.; അക്ഷാംശം: 230 11ക്ല വ. ഇത്‌ ഉജ്ജയിനിയെ കുറിക്കുന്നു) ആധാരമാക്കണമെന്ന്‌ സമിതി നിര്‍ദേശിച്ചു. ഒരു ദേശീയ പഞ്ചാംഗം ഏര്‍പ്പെടുത്തുന്നതിന്‌ സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ താഴെ കൊടുക്കുന്നു: i. ഏകീകൃതദേശീയ പഞ്ചാംഗത്തിന്‌ ശകവര്‍ഷം ഉപയോഗിക്കേണ്ടതാണ്‌. എ.ഡി. 1954-55 ശകവര്‍ഷം 1876നു തുല്യമാകുന്നു; അഥവാ എ.ഡി. 1954 ശകവര്‍ഷം 1875-76നു സമാനം.

ii. വസന്തവിഷുവദ്‌ദിനത്തിനു പിറ്റേന്നു മുതല്‍ വര്‍ഷം ആരംഭിക്കണം.

iii. സാധാരണവര്‍ഷത്തില്‍ 365 ദിവസങ്ങളും അധിവര്‍ഷത്തില്‍ 366 ദിവസങ്ങളും ഉണ്ടായിരിക്കണം. ശകവര്‍ഷത്തോട്‌ 78 കൂട്ടിക്കിട്ടുന്ന തുകയെ 4 കൊണ്ടു ശിഷ്ടമില്ലാതെ ഹരിക്കാന്‍ കഴിയുമെങ്കില്‍ അത്‌ അധിവര്‍ഷമായിരിക്കും. എന്നാല്‍ സംഖ്യ 100ന്‍െറ പെരുക്കമാണെങ്കില്‍, 400 കൊണ്ട്‌ ശിഷ്ടമില്ലാതെ ഹരിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ അത്‌ അധിവര്‍ഷമായിരിക്കയുള്ളു.

iv. ആണ്ടിലെ ആദ്യത്തെ മാസം ചൈത്രം ആയിരിക്കണം. മാസങ്ങളിലെ ദിവസങ്ങളുടെ കണക്ക്‌ ഇപ്രകാരമാണ്‌: ചൈത്രം, വൈശാഖം, ജ്യേഷ്‌ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാര്‍ത്തിക, അഗ്രഹായനം (മാര്‍ഗശീര്‍ഷം), പൗഷം, മാഘം, ഫാല്‍ഗുനം എന്നീ മാസങ്ങള്‍ക്ക്‌ യഥാക്രമം 30 (അധിവര്‍ഷത്തില്‍ 31), 31, 31, 31, 31, 31, 30, 30, 30, 30, 30, 30 ദിവസങ്ങളായിരിക്കും. മാസങ്ങള്‍ ആരംഭിക്കുന്നത്‌ ക്രമത്തില്‍ മാര്‍ച്ച്‌ 22 (അധിവര്‍ഷത്തില്‍ 21), ഏപ്രില്‍ 21, മേയ്‌ 22, ജൂണ്‍ 22, ജൂലായ്‌ 23, ആഗസ്റ്റ്‌ 23, സെപ്‌തംബര്‍ 23, ഒക്‌ടോബര്‍ 23, നവംബര്‍ 22, ഡിസംബര്‍ 22, ജനുവരി 21, ഫെബ്രുവരി 20 ആയിരിക്കും. പരിഷ്‌കരിച്ച പഞ്ചാംഗത്തില്‍ ഗ്രീഷ്‌മം, വര്‍ഷം, ശരത്‌, ഹേമന്തം, ശിശിരം, വസന്തം എന്നീ ആറു ഋതുക്കള്‍ വൈശാഖം മുതല്‍ ഈരണ്ടു മാസങ്ങളായി നിര്‍ണയിച്ചിരിക്കുകയാണ്‌.

v മതപരമായ ആവശ്യങ്ങള്‍ക്കുള്ള പഞ്ചാംഗം ചാന്ദ്രമാസങ്ങളെത്തന്നെയാണ്‌ ആശ്രയിക്കുന്നത്‌. എന്നാല്‍ ചാന്ദ്രമാസങ്ങള്‍ സൗരമാസങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നിര്‍ണയിക്കപ്പെടുക. ഇതിനായി സൗരമാസം കണക്കാക്കുന്നത്‌ വസന്തവിഷുവദ്‌ ബിന്ദുവില്‍ നിന്ന്‌ 230 15ക്ല മുന്നോട്ടു ക്രമത്തില്‍ നീങ്ങി ആയിരിക്കണം. അങ്ങനെ മാസാരംഭത്തിലെ ഖഗോളീയ രേഖാംശങ്ങള്‍ 230 15ക്ല-ം തുടര്‍ന്ന്‌ 300 വീതം ചേര്‍ത്തു ലഭ്യമാകുന്നവയുമാകുന്നു.

vi. മതപരമായ ആവശ്യങ്ങള്‍ക്കുള്ള ചാന്ദ്രമാസങ്ങള്‍ കറുത്തവാവു മ-ുതല്‍ ആരംഭിക്കും.

vii. വിഷുവദ്‌ദിനത്തിന്റെ വര്‍ഷംതോറുമുള്ള പിന്നാക്കംപോക്ക്‌ അവഗണിക്കുക കാരണം, ഉത്‌സവങ്ങളുടെ തീയതികള്‍ ഏകദേശം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആചരിച്ചു വന്നതില്‍ നിന്ന്‌ (ഋതുചക്രവുമായി നോക്കുമ്പോള്‍) 23 ദിവസം നീങ്ങിപ്പോയിട്ടുണ്ട്‌. ഇനിയും നീങ്ങാതെ സ്ഥിരമാക്കി നിര്‍ത്തുകയാണ്‌ ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്‌.

viii. സാമൂഹികാവശ്യങ്ങള്‍ക്ക്‌ ദിവസമായി കണക്കാക്കുന്നത്‌ കേന്ദ്രസ്ഥാനത്ത്‌ (ഉജ്ജയിനിയിലെ) രണ്ടു തുടര്‍ച്ചയായ അര്‍ധരാത്രികളുടെ ഇടവേളയാണ്‌.

ix. കണക്കുകളില്‍ സൂര്യന്റെയും ചന്ദ്രന്റെയും ഖഗോള രേഖാംശങ്ങള്‍ കണ്ടുപിടിക്കേണ്ടത്‌, നിരീക്ഷിച്ചറിഞ്ഞ അവയുടെ വിലകളോടു പൊരുത്തപ്പെട്ടുവരത്തക്കവിധം അവയുടെ ചലനങ്ങളുടെ ആധുനികവും സമ്പൂര്‍ണവുമായ സമീകരണം പരിഗണിച്ചായിരിക്കണം.

പരിഷ്‌കരിച്ച പഞ്ചാംഗം നടപ്പില്‍ വരുത്തുന്നതിനു പറ്റിയ തീയതി ശകവര്‍ഷം 1878 ചൈത്രം 1-ാം തീയതിക്കു സമാനമായ എ.ഡി. 1956 മാ. 21 ആണ്‌. ഈ രീതിയിലാണ്‌ ഇന്ത്യയില്‍ ഇന്ന്‌ കലണ്ടര്‍ തയ്യാറാക്കുന്നത്‌. ഔദ്യോഗികാവശ്യങ്ങള്‍ക്ക്‌ ഇന്നും ഗ്രിഗോറിയന്‍ കലണ്ടറാണ്‌ ഇന്ത്യയിലും ഉപയോഗിക്കുന്നത്‌. നോ: കൊല്ലവര്‍ഷം; ഗ്രിഗോറിയന്‍ കലണ്ടര്‍; ജൂലിയന്‍ കലണ്ടര്‍; പഞ്ചാംഗം; ഭാരതീയ പഞ്ചാംഗങ്ങള്‍; ജ്യോതിഷ പഞ്ചാംഗം; ശകവര്‍ഷം; ഹിജറ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍