This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടലാക്രമണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:59, 4 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

കടലാക്രമണം

പ്രകൃതിക്ഷോഭം, തരംഗപ്രവര്‍ത്തനം, വേലായപ്രവര്‍ത്തനം (tidal action), കടലോരധാര (littoral current) തുടങ്ങിയവയുടെ പ്രവര്‍ത്തനഫലമായി തീരപ്രദേശങ്ങളില്‍ മാറ്റം വരുത്തുന്ന പ്രക്രിയ. സ്വതേതന്നെ ഒരു നീണ്ട കാലയളവില്‍ കടലോരം സ്ഥിരരൂപം പാലിക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. പ്രകൃത്യാ ഉണ്ടാകുന്ന രൂപഭേദം, ഒരു ചെറിയ കാലയളവിലേക്കായാല്‍ പോലും, അത്‌ മഌഷ്യരുടെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളെയും ജീവധനാദികളെയും പ്രതികൂലമായി ബാധിക്കും.

കടല്‍ത്തീരരൂപീകരണം

ഭൂമിയുടെ ഉപരിതലം വളരെയേറെക്കാലത്തെ ഭൗമപ്രക്രിയകളുടെ ഫലമാണ്‌. കടല്‍ത്തീരങ്ങളുടെ ഇന്നത്തെ അവസ്ഥ രൂപപ്പെട്ടിട്ടുള്ളത്‌ ഹിമയുഗം ക്ഷയിച്ചു തുടങ്ങിയതു മുതല്‍ ഇന്നുവരെയുള്ള ദീര്‍ഘകാലത്തെ പരിവര്‍ത്തനങ്ങളുടെ ഫലമായാണ്‌. ഇന്നത്തെ സമുദ്രതലത്തിനു അനേകം മീറ്റര്‍ താഴെ ആയിരുന്നിരിക്കണം അന്നത്തെ സമുദ്രതലം. ഹിമം ഉരുകിയതോടെ ഇത്‌ ഏകദേശം ഒരു നൂറ്റാണ്ടില്‍ ഒരു മീറ്റര്‍ എന്നതോതില്‍ ഉയര്‍ന്നു. ഏകദേശം 6000 കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഈ തോത്‌ കുറഞ്ഞുവരുകയും 3000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജലതലം ഏതാണ്ട്‌ ഇന്നത്തെ നിലവാരത്തില്‍ എത്തുകയും ചെയ്‌തു. ജലതലത്തിന്റെ ഉയര്‍ച്ച ചെറിയ പാറക്കഷണങ്ങളെയും മണ്‍തരികളെയും തരംഗപ്രവര്‍ത്തനം കൊണ്ട്‌ ചരിവു കുറഞ്ഞ ഉറച്ച തീരങ്ങളില്‍ നിക്ഷേപിക്കുകയും തത്‌ഫലമായി ഇന്നു നാം കാണുന്ന തരത്തിലുള്ള പുതിയ കടല്‍പ്പുറങ്ങള്‍ (beaches) രൂപംകൊള്ളുകയും ചെയ്‌തു. വലിയ നദികള്‍, സമുദ്രതലത്തോട്‌ സന്ധിക്കുന്ന സ്ഥലങ്ങളില്‍ മണ്ണും ചെളിയും നിക്ഷേപിച്ച്‌ പുതിയ കരകളും തിട്ടകളും രൂപീകരിച്ചു. അതോടനുബന്ധിച്ച്‌ കായലുകളും ചതുപ്പുകളും ഉണ്ടായി. ഉയര്‍ന്ന അക്ഷാംശങ്ങളില്‍ ഹിമാനികള്‍ (glaciers) തെക്കായ ഭൂതലങ്ങള്‍ കരണ്ട്‌ താഴ്‌വാരങ്ങളില്‍ നിക്ഷേപിച്ച ഉരുണ്ട പാറക്കഷണങ്ങളെയും മണ്‍തരികളെയും ചേര്‍ത്ത്‌ സമുദ്രത്തിലെ ഒഴുക്കുകളും ഓളങ്ങളും ബീച്ചുകളായി രൂപപ്പെടുത്തി. സമുദ്രതലം താരതമ്യേന സ്ഥിരത കൈവരിച്ചതോടെ കരരൂപീകരണപ്രക്രിയയുടെ ആക്കം കുറഞ്ഞു.

കടൽ ഭിത്തി കോണ്‍ക്രീറ്റ്‌ പൈലുകള്‍, പ്രബലിത കോണ്‍ക്രീറ്റ്‌ പടികള്‍, വക്രമുഖപ്പ്‌

ഇന്നത്തെ അവസ്ഥയില്‍ കടലാക്രമണംകൊണ്ട്‌ നശിക്കുന്നതിനെക്കാള്‍ കൂടുതല്‍ കര സമുദ്രതലത്തിനുമുകളില്‍ ഉണ്ടാകുന്നു എന്നാണ്‌ നിഗമനം. കടലാക്രമണംമൂലം നഷ്ടപ്പെടുന്ന ഭൂമി പലപ്പോഴും മനുഷ്യപ്രയത്‌നം കൊണ്ടു സാമ്പത്തികമൂല്യം നേടിയതും പുതിയ കര, കല്ലും മണ്ണും ചെളിയും നിറഞ്ഞു താഴ്‌ന്നതും പെട്ടെന്ന്‌ ഉപയോഗയോഗ്യമാക്കാന്‍ പ്രയാസമുള്ളതും ആണ്‌. ഏതായാലും മൊത്തം കടല്‍ക്കരകളില്‍ അധികപങ്കിന്റെയും ലാഭനഷ്ടത്തെപ്പറ്റി വിശദമായി ഒരു പഠനം നടന്നിട്ടില്ല. വ്യാവസായിക മുന്നേറ്റം കൊണ്ടും ജനനിബിഡതകൊണ്ടും ശാസ്‌ത്രപുരോഗതികൊണ്ടും മുന്നേറിയ ബ്രിട്ടന്‍, യു.എസ്‌., ജര്‍മനി, ജപ്പാന്‍ മുതലായ രാജ്യങ്ങളുടെ സാമ്പത്തിക പ്രാധാന്യമുള്ള തീരഭാഗങ്ങളും ലോകത്തെങ്ങും പ്രധാന തുറമുഖങ്ങളോടനുബന്ധിച്ചുള്ള മേഖലകളും മാത്രമാണ്‌ വിശദമായ പഠനത്തിനു വിധേയമായിട്ടുള്ളത്‌.

കടലാക്രമണത്തിന്റെ അന്തിമഫലങ്ങള്‍ തീരശിലകളുടെ ഉറപ്പിനെയും മണ്‍തരികളുടെ ഗുണങ്ങളെയും പ്രത്യേകിച്ച്‌, തരിയുടെ വലുപ്പത്തെയും കനത്തെയും കൂടി ആശ്രയിച്ചിരിക്കും. തീരങ്ങള്‍ ഇന്നത്തെ രൂപം പ്രാപിച്ചതും ഈ ഘടകങ്ങളെ ആശ്രയിച്ചു തന്നെയാണ്‌. കടല്‍ത്തീരങ്ങളെ സംബന്ധിച്ച പഠനങ്ങളില്‍, പഠനോദ്ദേശ്യം അനുസരിച്ചു കരകളെ പലതരത്തില്‍ വര്‍ഗീകരിക്കാറുണ്ട്‌. ജലതലത്തിന്റെ ക്രമമായ ഉയര്‍ച്ചയില്‍ ഉണ്ടായ തീരരൂപമാണോ അതോ ഹിമവാഹികളും നദികളും സമുദ്രതീരപ്രക്രിയകളും നികത്തിയെടുത്ത കരയാണോ എന്നുള്ളത്‌ വളരെ പ്രസക്തമാണ്‌. അതുപോലെ തീരഭാഗത്ത്‌ കടല്‍ അടുത്ത കുറെ കാലങ്ങളായി മുന്നേറിക്കൊണ്ടിരിക്കയാണോ പിന്‍വാങ്ങുകയാണോ എന്നുള്ള വസ്‌തുതയും പ്രധാനമാണ്‌. തീരം സ്‌തരങ്ങളില്ലാത്ത തൂക്കായ ഉറച്ച പാറയാണെങ്കില്‍ കടലാക്രമണം ഏശുകയില്ല. പക്ഷേ സ്‌തരങ്ങളുള്ളതാണെങ്കില്‍ അവയിലെ മൃദു ശിലകള്‍ തരംഗപ്രവര്‍ത്തനഫലമായി ക്രമേണ കരണ്ട്‌ ക്ഷയിച്ചുപോകും. ഇതിന്റെ ഫലമായി ദുര്‍ബലമായിത്തീരുന്ന ഭാഗങ്ങള്‍ പെട്ടെന്ന്‌ ഇടിഞ്ഞു വീഴാനും ഇടയുണ്ട്‌. തൂക്കായ പാറകളോടുചേര്‍ന്ന്‌ വീതികുറഞ്ഞ താഴ്‌ന്ന തിട്ടകള്‍ പാറ കരണ്ടെടുക്കുന്നതിനുതകുന്ന കല്‌ക്കഷണങ്ങളും മണ്‍തരികളും തരംഗത്തിന്‌ സംഭാവനചെയ്യും. ഒരു നീണ്ട കാലയളവില്‍ ഈ പ്രക്രിയ എത്ര ഉറച്ച പാറയ്‌ക്കും കരളല്‍ ഉണ്ടാക്കും. ഉറച്ച്‌ കഠിനമായ കരിങ്കല്ല്‌ നോര്‍വേയിലെ ഫിയോഡു(fjord)കള്‍ പോലെ ഉരുണ്ട ഗോളരൂപത്തിലോ പരന്ന തലങ്ങളായോ കരണ്ടുപോകും. ഉറച്ച ബസാള്‍ട്ട്‌ (basalt) പാറകള്‍ തൂണുകള്‍ പോലെയോ തൂണ്‍കൂട്ടങ്ങള്‍ പോലെയോ രൂപം പ്രാപിക്കും. ന്യൂയോര്‍ക്കില്‍ ഹഡ്‌സണ്‍ നദീമുഖത്തുള്ള പാലിസേഡ്‌സ്‌ (palisades) എന്ന പ്രകൃതിദൃശ്യം ഇങ്ങനെ ഉണ്ടായതാണ്‌.

മണല്‍ക്കല്ല്‌, ചുണ്ണാമ്പുകല്ല്‌, വെട്ടുകല്ല്‌ മുതലായ കാഠിന്യം കുറഞ്ഞ ശിലകള്‍ എളുപ്പം കരളലിനു വിധേയമാകും. അതുകൊണ്ടുണ്ടാകുന്ന ഇടിയലും ശിലയുടെ ലേയത്വ വൈവിധ്യവും കാരണം ഇത്തരം തീരങ്ങള്‍ ചെങ്കുത്തുപാറകളായോ പടിപ്പടിയായോ രൂപപ്പെടുന്നു. ഹിമാനികള്‍ ഉത്‌പാദിപ്പിച്ച കടല്‍ത്തീരങ്ങള്‍ ഉരുണ്ട പാറകള്‍ ഉള്ളവയാണ്‌. കടലിന്റെ പ്രവര്‍ത്തനം കൊണ്ടുണ്ടായ കരകള്‍ മണല്‍ത്തിട്ടകളാണ്‌. നദീമുഖങ്ങളോടനുബന്ധിച്ചു ചെളിത്തിട്ടകള്‍ ഉണ്ടാകും. താരതമ്യേന അടുത്ത കാലത്തുണ്ടായ കാറ്റിന്റെയോ ശക്തിയായ വേലായ പ്രവര്‍ത്തനത്തിന്റെയോ തിരയടിയുടെയോ ഫലമായി ക്രമേണ ചരിഞ്ഞ്‌ പെട്ടെന്ന്‌ സമതലമായ മണല്‍പ്പുറമോ സമാന്തര തിട്ടകളായ മണല്‍ക്കൂനകളോ ആയി കാണാവുന്നതാണ്‌. ഇത്തരം കടല്‍ത്തീരങ്ങളിലാണ്‌ കടലാക്രമണം പെട്ടെന്നു ദൃശ്യമാകുന്നത്‌. മണല്‍ത്തരികളുടെ വലുപ്പവും ഘനത്വവും തരംഗപ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്‌.

തീരധാരകള്‍ കൊണ്ടോ നദീനിക്ഷേപങ്ങള്‍ കൊണ്ടോ കരയ്‌ക്ക്‌ സമാന്തരമായി കടലില്‍, കരയില്‍നിന്ന്‌ വിട്ടുമാറി നീണ്ട തിട്ടകള്‍ പല സ്ഥലത്തും ഉണ്ടാകാറുണ്ട്‌. ഇത്തരം തിട്ടകള്‍ തരംഗങ്ങളുടെയും വേലിയേറ്റങ്ങളുടെയും ശക്തി കുറയ്‌ക്കുന്നു. ആലപ്പുഴയ്‌ക്കടുത്ത്‌ ഇടവപ്പാതിക്കാലത്ത്‌ ചാകരയുണ്ടാക്കുന്ന പ്രദേശവും വൈപ്പിന്‍കരപോലെ താരതമ്യേന സ്ഥിരരൂപം പ്രാപിച്ച തിട്ടകളും ഇതിനുദാഹരണങ്ങളാണ്‌.

കാരണങ്ങളും രൂപങ്ങളും

സമുദ്രതലത്തിന്റെ പ്രവര്‍ത്തനപ്രതിപ്രവര്‍ത്തനങ്ങള്‍ കരയില്‍ താമസിക്കുന്ന മഌഷ്യസമൂഹത്തിന്‌ ഉപദ്രവമായി പരണമിക്കുമ്പോഴാണ്‌ അതിനെ കടലാക്രമണം എന്നു വ്യവഹരിക്കുന്നത്‌. ഈ വീക്ഷണത്തില്‍ സാധാരണ കണ്ടുവരുന്ന കടലാക്രമണരൂപങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

അതിശക്തമായ തരംഗങ്ങള്‍ കരയെ ആക്രമിച്ച്‌ കുറേക്കാലമായി നിലവിലുണ്ടായിരുന്ന തീരരേഖ നശിപ്പിക്കുകയും അലകള്‍ കരയ്‌ക്ക്‌ കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക; പെട്ടെന്നുണ്ടാകുന്ന ശക്തമായ പ്രകൃതിക്ഷോഭം മൂലമാണ്‌ ഇതുണ്ടാകുന്നത്‌. കടലിനോടടുത്തു കരയ്‌ക്കു താമസിക്കുന്ന മഌഷ്യര്‍ക്കും അവരുടെ സമ്പത്തിഌം ഇത്തരം കടലാക്രമണം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. ഇത്തരം തരംഗങ്ങള്‍ ഉയര്‍ന്ന വേലിയേറ്റം, ഭൂമികുലുക്കം, കൊടുങ്കാറ്റുകള്‍ മുതലായ ഒന്നിലധികം കാരണങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഉണ്ടാകുമ്പോള്‍ ജീവധനാദികള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ അവര്‍ണനീയമാണ്‌. ഉദാഹരണത്തിന്‌ 1978 നവംബറില്‍ ആന്ധ്രപ്രദേശില്‍ ദിവി എന്ന മുനമ്പില്‍ ഉണ്ടായ കൊടുങ്കാറ്റും കടലാക്രമണവും 20,000ത്തിലധികം പേരുടെ ജീവന്‍ അപഹരിച്ചു. ഉഷ്‌ണമേഖലയില്‍ ഉണ്ടാകുന്ന അതിശക്തമായ കൊടുങ്കാറ്റുകള്‍ സാധാരണ ഭൂഖണ്ഡങ്ങളുടെ കിഴക്കേ കരയിലാണ്‌ കണ്ടുവരുന്നത്‌. സമുദ്രങ്ങളുടെ അടിത്തട്ടില്‍ ഭൂ അഭിനതികളില്‍ ശക്തമായ ഭൂമികുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട്‌. ജലത്തില്‍ അതിവേഗം സഞ്ചരിക്കുന്ന സുനാമിതരംഗങ്ങള്‍ (tsunami) വളരെ ഊര്‍ജം സമാഹരിക്കുന്നവയാണ്‌. തീരത്തോടടുക്കുമ്പോള്‍ ഇവ വളരെ ഉയര്‍ന്ന തരംഗപരമ്പരകളായി കരയിലേക്ക്‌ അതിശക്തമായി അടിച്ചുകയറി ഭയാനകങ്ങളായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. ഈ വന്‍തരംഗങ്ങള്‍ പസിഫിക്‌ കരകള്‍ക്കും പ്രത്യേകിച്ചു ജപ്പാന്‍, ഹാവായ്‌ മുതലായ ദ്വീപതീരങ്ങള്‍ ക്കും ഭീമമായ ഭീഷണിയാണ്‌. 2004 ഡി. 26ന്‌ ഇന്തോനേഷ്യയ്‌ക്കു സമീപം സമുദ്രത്തിലുണ്ടായ ഭൂചലനം ഉളവാക്കിയ സുനാമി തരംഗം ഇന്ത്യ ഉള്‍പ്പെടെ അനവധി രാജ്യങ്ങളില്‍ കനത്ത ജീവഹാനിയും മറ്റ്‌ നാശനഷ്ടങ്ങളും ഉണ്ടാക്കി. ഇന്ത്യയില്‍ തമിഴ്‌നാട്‌, കേരളം, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം തുടങ്ങിയ ഇടങ്ങളാണ്‌ സുനാമിയുടെ പ്രഹരത്തിനിരയായത്‌. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന വന്‍തരംഗങ്ങള്‍ ഉണ്ടാകുന്നതിഌ മുന്‍പ്‌ കൊടുങ്കാറ്റ്‌, മഴ മുതലായ ലക്ഷണങ്ങള്‍ ഉണ്ടാകാത്തതുകൊണ്ട്‌ ഇവയെ പ്രവചിക്കുന്നതിഌം രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിഌം പ്രയാസമാണ്‌. അടുത്തകാലത്തായി കടലില്‍ ഇടവിട്ടു സ്ഥാപിച്ചിരിക്കുന്ന ഇലക്‌ട്രാണിക സംവിധാനങ്ങളുടെ സഹായത്തോടെ ജപ്പാനിലും യു.എസ്സിന്റെ പടിഞ്ഞാറന്‍ കരയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും മണിക്കൂറുകള്‍ക്കു മുമ്പുതന്നെ മുന്നറിയിപ്പു ലഭ്യമാക്കുക സാധ്യമായിട്ടുണ്ട്‌. സാധാരണ വേലിയേറ്റപ്രവര്‍ത്തനം വളരെ ക്രമമായ ഒരു പ്രക്രിയയാണ്‌. പക്ഷേ ചില പ്രത്യേകാവസരങ്ങളില്‍ മറ്റു കാലാവസ്ഥാഘടകങ്ങള്‍കൂടി ചേര്‍ന്നു വേലിയേറ്റം സാധാരണ സീമകള്‍ ലംഘിക്കുമ്പോഴാണ്‌ അപകടകാരിയാകുന്നത്‌. സാധാരണഗതിയില്‍ത്തന്നെ വേലിയേറ്റ പ്രവര്‍ത്തനം ഒരു പ്രത്യേക തീരഭാഗം തുടര്‍ച്ചയായി കരളുന്നതിഌ കാരണമാകാം. ഇതു മഌഷ്യനിര്‍മിതമായ ജട്ടികള്‍, തുറമുഖങ്ങള്‍ മുതലായ സംരചനകള്‍ക്ക്‌ കേടു വരുന്നതിഌം ഇടയാക്കാറുണ്ട്‌. കാറ്റിന്റെ ദിശയും കരയോടടുത്ത അടിത്തട്ടിന്റെ ചരിവും രൂപവും തരംഗങ്ങള്‍ കരയ്‌ക്ക്‌ വന്നടിക്കുന്നതിന്റെ കോണത്തിന്‌ വ്യത്യാസം വരുത്തുന്നു. ഈ കോണം, തരംഗങ്ങള്‍ തീരപദാര്‍ഥങ്ങളെ കരയ്‌ക്ക്‌ സമാന്തരമായി ഒഴുക്കി മാറ്റുന്ന ദിശയും തോതും നിയന്ത്രിക്കുന്നു. നദീമുഖങ്ങളോടു ചേര്‍ന്നും ഗള്‍ഫ്‌ സ്‌ട്രീം (Gulf Stream) പോലെയുള്ള സമുദ്രജലപ്രവാഹങ്ങളോടഌബന്ധിച്ചും കടല്‍ത്തീരത്ത്‌ സ്ഥിരമായ ധാരകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം. ഇത്തരം ധാരകള്‍ പുതിയ കരകള്‍ രൂപീകരിക്കുന്നതിഌം ചില കരകള്‍ കരളുന്നതിഌം കാരണമാകാറുണ്ട്‌.

ശക്തിയായ കാറ്റ്‌ മണല്‍ത്തിട്ടകളുടെ ഉപരിതലം രൂപീകരിക്കുന്നതിഌം തരികളെ വര്‍ഗീകരിക്കുന്നതിഌം സഹായിക്കുന്നു. തിരകളുടെ പ്രധാന കാരണങ്ങളിലൊന്ന്‌ എന്ന നിലയില്‍ വേലായപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറുണ്ട്‌. കാറ്റ്‌ കടലാക്രമണത്തിന്റെ ഒരു പ്രധാന കാരണമായിത്തീരുകയും ചെയ്യാറുണ്ട്‌.

തരംഗ പ്രവര്‍ത്തനം

കരയ്‌ക്കു വന്നടിക്കുന്ന അലകള്‍ ശിലാപിണ്ഡങ്ങളെ കരളുന്നു, പാറക്കഷണങ്ങളെ ഉരുട്ടിയും മറിച്ചും തമ്മിലടിപ്പിക്കുക വഴി പൊടിക്കുന്നു. മണ്‍തരികളെ കരയിലേക്കും കടലിലേക്കും ചലിപ്പിക്കുന്നു. അലകളുടെ കരയുമായുള്ള കോണമഌസരിച്ചു കടലോരത്തിഌ സമാന്തരമായി മണ്‍തരികളെ അടിച്ചുകയറ്റുന്നത്‌ കരയ്‌ക്ക്‌ രൂപഭേദം വരുത്തുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. കാറ്റിന്റെ ഊര്‍ജം ജലോപരിതലത്തിലേക്ക്‌ പകരുന്നത്‌ തരംഗങ്ങള്‍ ഉണ്ടാകുന്നതിന്‌ പ്രധാന കാരണമാണ്‌. ഈ പ്രക്രിയയെ സംബന്ധിച്ചുള്ള അറിവ്‌ അപൂര്‍ണമാണ്‌. എണ്ണമറ്റ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട്‌ ഇക്കാര്യത്തില്‍ വളരെ വൈവിധ്യവുമുണ്ട്‌. തരംഗങ്ങളുടെ പ്രവര്‍ത്തനം കൊണ്ട്‌ ഒരു നിശ്ചിത തീരഖണ്ഡത്തിഌണ്ടാകുന്ന രൂപഭേദം മനസ്സിലാക്കുന്നതിഌം, പ്രവണതകള്‍ പ്രവചിക്കുന്നതിഌം, പ്രതിവിധികള്‍ നിര്‍ദേശിക്കുന്നതിഌം താഴെ പറയുന്ന ഘടകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ച്ചയായ നിരീക്ഷണം കൊണ്ട്‌ ശേഖരിക്കേണ്ടതാണ്‌: മ. കരയുടെ ചരിവും പ്രവര്‍ത്തനം ബാധിക്കുന്ന സീമകളും; യ. പല കാലാവസ്ഥയിലും പല സമയങ്ങളിലുമുള്ള തരംഗങ്ങുടെ അളവുകള്‍ ഉയരം, തരംഗദൈര്‍ഘ്യം, ആവര്‍ത്തനകാലം, കരയോടടുത്തുവരുമ്പോള്‍ അലകള്‍ തലമറിയുന്ന രേഖയുടെ സീമകള്‍ (Limits of lines of breakers), പല കാലാവസ്ഥയിലും അലകള്‍ അടിക്കുന്ന ദിശകള്‍; ര. കരയിലും, കരയോടടുത്ത്‌ അടിത്തട്ടിലും ഉള്ള മണ്ണിന്റെയും ശിലകളുടെയും ഗുണങ്ങള്‍ പ്രത്യേകിച്ച്‌, തരികളുടെ വലുപ്പവും ഘനത്വവും.

തരംഗഘടകങ്ങള്‍ കാലാവസ്ഥയും കാറ്റും അഌസരിച്ചു വ്യത്യാസപ്പെടുന്നതാകയാല്‍ തുടരെ ഒരു വര്‍ഷമെങ്കിലും പല സമയങ്ങളിലും നിരീക്ഷണങ്ങള്‍ നടത്തി സാംഖ്യകീയ വിശകലനം ചെയ്‌തു ശരിയായ നിഗമനങ്ങളില്‍ എത്തേണ്ടതാണ്‌. തരംഗപ്രവര്‍ത്തനം താത്ത്വികമായി നിര്‍ണയിക്കുന്നതു പ്രായോഗികമല്ല. ഒരു നിശ്ചിതതീരഖണ്ഡത്തില്‍ തുടരെയുള്ള നിരീക്ഷണങ്ങള്‍കൊണ്ടു ശേഖരിച്ച വിവരങ്ങള്‍ താത്ത്വികമായി പരിശോധിച്ച്‌ അവിടെയുണ്ടാകാവുന്ന രൂപഭേദങ്ങള്‍ ഏകദേശം പ്രവചിക്കാവുന്നതാണ്‌. മേല്‌പറഞ്ഞ ഘടകങ്ങള്‍ അളക്കുന്നതിഌം രേഖപ്പെടുത്തുന്നതിഌം പറ്റിയ പല ഉപകരണങ്ങളും ലഭ്യമാണ്‌. തരംഗഘടകങ്ങള്‍ ശാസ്‌ത്രീയമായി വിശ്ലേഷിക്കുന്നതിഌള്ള പരികലനങ്ങള്‍ സുസ്ഥാപിതമാണെങ്കിലും ഉപകരണങ്ങള്‍ കാലാഌസൃതമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്‌.

വേലായ പ്രവര്‍ത്തനം

തരംഗങ്ങളെ അപേക്ഷിച്ചു വേലിയേറ്റവേലിയിറക്ക പ്രവര്‍ത്തനങ്ങള്‍ ക്രമത്തിലുള്ളതും പ്രവചനവിധേയവുമാണ്‌. സ്ഥിരവും ക്രമവുമായ വേലിയേറ്റവേലിയിറക്കങ്ങള്‍ തരികളാല്‍ രൂപവത്‌കരിക്കപ്പെട്ട കടല്‍ക്കരകള്‍ക്കു കാലക്രമത്തില്‍ വരുത്തുന്ന രൂപഭേദം ചിലപ്പോള്‍ ആ സ്ഥലത്തുള്ള തരംഗപ്രവര്‍ത്തനത്തെക്കാള്‍ കൂടുതലാകാം. സൂര്യചന്ദ്രന്മാരുടെ ആകര്‍ഷണശക്തിയാണു വേലായചക്രത്തിന്‌ (tidal cycle) ആധാരമായിട്ടുള്ളത്‌. കരയുടെ രൂപഭേദങ്ങളും കടലൊഴുക്കുകളും വേലായപ്രവര്‍ത്തനത്തിന്റെ സമയത്തിഌം ആയാമത്തിഌം (amplitude) വ്യത്യാസം വരുത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ ചാക്രികസ്വഭാവത്തിഌം സമയവ്യത്യാസത്തിഌം സ്ഥിരതയുണ്ട്‌. ഒരു സ്ഥലത്തു രണ്ടു മൂന്നുവര്‍ഷത്തെ നിരീക്ഷണങ്ങള്‍ കൊണ്ട്‌ ഏറ്റസമയം, ഇറക്കസമയം, ഏകദേശസീമകള്‍ എന്നിവ പ്രവചനവിധേയമാക്കാം. ഇതിനാവശ്യമായ ഗണിതപ്രക്രിയകള്‍ സുപ്രതിഷ്‌ഠിതവുമാണ്‌. പക്ഷേ കൊടുങ്കാറ്റുകള്‍, ഭൂമികുലുക്കം മുതലായ അപ്രതീക്ഷിതകാരണങ്ങള്‍ കൊണ്ട്‌ അതിശക്തമായ ഏറ്റങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതുകൊണ്ടു ജീവധനാദികള്‍ക്കു നാശനഷ്ടങ്ങള്‍ ഉണ്ടാവുക സാധാരണമാണ്‌.

ജെട്ടി: കൽക്കെട്ടും ആസ്‌ഫാള്‍ട്ടും

പലപ്പോഴും വേലായപ്രവര്‍ത്തനം തീരപദാര്‍ഥങ്ങളെ ഇളക്കി ഒഴുക്കുന്നതിഌ ശക്തമല്ല. അലകള്‍കൊണ്ട്‌ ഇളകുന്ന പദാര്‍ഥങ്ങളെ ഒഴുക്കി മാറ്റുന്നതാണ്‌ അതിന്റെ സ്വഭാവം. ഒരു സ്ഥലത്തു തുടര്‍ച്ചയായുള്ള നിരീക്ഷണങ്ങളെ താത്ത്വികമായി വിലയിരുത്തിയാണു വേലായപ്രവര്‍ത്തനത്തിന്റെ കടലാക്രമണശേഷിയെ വിലയിരുത്തേണ്ടത്‌. അതിഌള്ള പ്രതിവിധികള്‍ നിര്‍ണയിക്കുന്നതിലും ഈ തത്ത്വങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും കണക്കിലെടുക്കേണ്ടതാണ്‌.

കടലോരധാരകള്‍

കരയോടു ചേര്‍ന്നു കാലികമായോ സ്ഥിരമായോ ഏകദേശം കരയ്‌ക്കു സമാന്തരമായി തുടരെയുള്ള ഒഴുക്കിനാണ്‌ കടലോരധാര എന്നു പറയുന്നത്‌. അലകളുടെ ചരിവ്‌, കാറ്റുകള്‍, നദികളുടെ നിര്‍ഗമനങ്ങള്‍, കരയുടെ രൂപം മുതലായവ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. കടലില്‍ത്തന്നെയുള്ള ഒഴുക്കുകളും ഇതിഌ കാരണമാകാം. നിരന്തരമായുള്ള നിരീക്ഷണങ്ങള്‍ കൊണ്ടാണ്‌ ഇതിന്റെ കാലികദിശകളും, ഊര്‍ജവും, കരയുടെ രൂപവത്‌കരണത്തില്‍ ഇതിഌള്ള പങ്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഇതിഌണ്ടാകാവുന്ന വ്യത്യാസങ്ങളും നിര്‍ണയിക്കേണ്ടത്‌.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍

അസാധാരണമായ പ്രകൃതിക്ഷോഭങ്ങള്‍ കൊണ്ടുണ്ടാകുന്ന കടലാക്രമണം ഇന്ന സ്ഥലത്ത്‌ ഇന്ന സമയത്ത്‌ ഉണ്ടാകുമെന്ന്‌ പ്രവചിക്കുക സാധ്യമല്ല. അവകൊണ്ടുണ്ടാകാവുന്ന ജീവഹാനിയും സാമ്പത്തികനഷ്ടവും മുന്‍കൂട്ടി കണക്കാക്കാവുന്നതുമല്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ കിഴക്കേഭാഗം പൊതുവില്‍ തുലാവര്‍ഷക്കാലത്തു കൊടുങ്കാറ്റുകള്‍ ഉണ്ടാകാവുന്ന ഒരു മേഖലയാണെന്നും താഴ്‌ന്ന തീരപ്രദേശങ്ങള്‍ കടലാക്രമണത്തിന്‌ ഇരയാകാഌള്ള സാധ്യതയുണ്ടെന്നും അറിവുള്ളതാണ്‌. ഇതുപോലെ പല വന്‍കരകളിലും കടലാക്രമണ സാധ്യതയുണ്ടെന്നു ചരിത്രം, കാലാവസ്ഥ, ഭൗമപ്രക്രിയ എന്നിവയുടെ അടിസ്ഥാനത്തിലും അറിയാം. ഇത്തരം കരഭാഗങ്ങള്‍ സംരക്ഷിക്കുന്നതിഌള്ള സാങ്കേതികവിജ്ഞാനവും വിഭവശേഷിയും ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ലഭ്യമായ വിഭവ സാമ്പത്തികശേഷി വച്ചുകൊണ്ട്‌ ഇതിഌ നല്‌കാവുന്ന പരിഗണന താരതമ്യേന പരിമിതമാണെന്നും കാണാം. ജനപ്പെരുപ്പം, വാണിജ്യപ്രാധാന്യം, മറ്റു സാമ്പത്തികപരിഗണന എന്നിവകൊണ്ടു പ്രധാനപ്പെട്ട സംരചനകളെയും ഭൂഭാഗങ്ങളെയും സംരക്ഷിക്കുക എന്നതു മാത്രമാണ്‌ ഇക്കാലത്തു സാധ്യമാകുന്നത്‌. കാലാവസ്ഥയും പ്രകൃതിക്ഷോഭവും പ്രവചിക്കുന്നതിഌള്ള സാങ്കേതികശേഷി മുറയ്‌ക്ക്‌ പുരോഗമിക്കുന്നുണ്ട്‌. ഇത്തരം പ്രവചനങ്ങള്‍ കഴിയുന്നത്ര കൂടുതല്‍ പ്രദേശങ്ങളില്‍ ഉടഌടന്‍ അറിയിക്കുന്നതിഌള്ള വാര്‍ത്താവിനിമയശൃംഖലയും ഉയര്‍ന്ന തോതില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിഌള്ള സംവിധാനവും ഉണ്ടാക്കുകയാണ്‌ വേണ്ടത്‌. ഇന്‍ഷുറന്‍സ്‌പദ്ധതികള്‍ വ്യക്തികളുടെ നഷ്ടങ്ങള്‍ കുറെയെല്ലാം പരിഹരിക്കുന്നതിഌപകരിക്കും.

കരിങ്കൽ കടൽഭിത്തി

ഒരു നിശ്ചിതസീമയിലുള്ള കരയും അതിനോടുചേര്‍ന്ന സംരചനകളും സംരക്ഷിക്കുന്നതിന്‌ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്‌ ഒരു മുന്നുപാധിയാണു കരയുടെയും അതിനോടുചേര്‍ന്ന കടല്‍ഭാഗത്തിന്റെയും എന്‍ജിനീയറിങ്‌ സര്‍വേക്ഷണം നിര്‍വഹിക്കുക എന്നത്‌. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ക്കു പ്രാധാന്യമുള്ളതുകൊണ്ട്‌ ഒരാണ്ടില്‍ കാലാവസ്ഥയ്‌ക്കഌസരിച്ചു പല തവണ സര്‍വേക്ഷണം നടത്തണം. ഇത്തരം സര്‍വേക്ഷണം തുടരെ രണ്ടുമൂന്നു കൊല്ലം നടത്തുകയാണെങ്കില്‍ കടലാക്രമണത്തിന്റെ പ്രതിമാനം നിശ്ചയിക്കാന്‍ കഴിയുന്നതാണ്‌. ഒരു പ്രധാന ജനപദത്തോടുചേര്‍ന്ന കരയാണെങ്കില്‍ ഒരു നീണ്ട ഭൂതകാലത്തെ കരയുടെ രൂപമാറ്റങ്ങള്‍ പല ചരിത്രരേഖകളും ഭൂസ്വത്തുരേഖകളും വഴി മനസ്സിലാക്കാം. വര്‍ത്തമാനകാലത്തെ നിരീക്ഷണങ്ങള്‍ കൊണ്ടുണ്ടായ നിഗമനങ്ങളുടെ യാഥാര്‍ഥ്യം ഇവ സ്ഥിരീകരിക്കും.

ടെട്രാപോഡുകള്‍ നിരത്തിയിട്ടു കടൽഭിത്തി സംരക്ഷിക്കുന്നു

സാധാരണ സര്‍വേക്ഷണരീതികള്‍ക്കും ഉപകരണങ്ങള്‍ക്കും പുറമേ വിമാനവും മറ്റും ഉപയോഗപ്പെടുത്തി തുടരെ എടുക്കുന്ന ഏരിയല്‍ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള സര്‍വേക്ഷണവും വളരെ പ്രയോജനകരമാണ്‌. പല ഘടകങ്ങളെയും അവയുടെ ആകത്തുകയെയും ഒന്നിച്ചു കാണുന്നതിന്‌ ഇത്തരം സര്‍വേക്ഷണങ്ങള്‍ കൊണ്ടു സാധിക്കും. രണ്ടാം ലോകയുദ്ധകാലത്ത്‌ അഭിഗമ്യമല്ലാത്ത കടല്‍ക്കരകള്‍ ഈ രീതി ഉപയോഗിച്ചു സര്‍വേക്ഷിക്കുന്നതിഌള്ള പ്രവിധികള്‍ വളരെ പുരോഗമിക്കുകയുണ്ടായി. ജലരേഖാനിര്‍ണയം (water line method) ജലസുതാര്യതാനിര്‍ണയം (water transparency method), തരംഗപരമ്പരകളുടെ വേഗവും ദൈര്‍ഘ്യവുംനിര്‍ണയിക്കല്‍ മുതലായവ ഇത്തരം സര്‍വേക്ഷണത്തിന്റെ ഭാഗങ്ങളാണ്‌.

ടെട്രാപോഡ്‌

കടലോരധാരകളും രൂപഭേദപ്രവണതകളും നേരിട്ടു നിര്‍ണയിക്കുന്നതിന്‌ ഒരു മാര്‍ഗം ഹ്രസ്വകാല റേഡിയോ പ്രസരണം ഉള്ള പദാര്‍ഥങ്ങള്‍ അടക്കം ചെയ്‌ത പ്ലാസ്റ്റിക്‌ ഗുളികകളുപയോഗപ്പെടുത്തിയിട്ടുള്ളതാണ്‌. തീരപദാര്‍ഥങ്ങളോടു വലുപ്പത്തിലും ഘനത്വത്തിലും സാമ്യം വഹിക്കുന്ന ഇത്തരം ഗുളികകള്‍ ഒരു സ്ഥലത്ത്‌ കടലില്‍ നിക്ഷേപിച്ചാല്‍ അവയുടെ ചലനത്തിന്റെ ദിശയും തോതും ഗൈഗര്‍ കൗണ്ടര്‍ (Geiger counter) കൊണ്ട്‌ പിന്തുടരാവുന്നതാണ്‌. പ്ലവങ്ങള്‍കൊണ്ടും തീരധാരകളുടെ ദിശയും വേഗവും നിര്‍ണയിക്കാം.

തിരകളെ തടയാന്‍ 10 ടണ്ണിലധികം ഭാരം വരുന്ന കോണ്‍ക്രീറ്റ്‌ ബ്ലോക്കുകള്‍ നിരത്തിയിരിക്കുന്നു

ഒരു നിശ്ചിത സ്ഥലത്തോ പ്രത്യേക സംരചനകളോടഌബന്ധിച്ചോ തരംഗങ്ങളുടെയും വേലായപ്രവര്‍ത്തനങ്ങളുടെയും ഫലങ്ങള്‍ നിര്‍ണയിക്കുന്നതിന്‌ ഒരു പ്രധാന മാര്‍ഗം മാതൃകാപരീക്ഷണങ്ങളാണ്‌. വിവിധതലത്തിലും നിലവാരങ്ങളിലും ഇതിഌള്ള പ്രവിധികള്‍ ഇന്നു ഹൈഡ്രാളിക്‌ എന്‍ജിനീയറിങ്ങില്‍ സുസ്ഥാപിതമായിട്ടുണ്ട്‌. നിരീക്ഷണങ്ങളും പരീക്ഷണഫലങ്ങളും തട്ടിച്ചുനോക്കി ന്യായയുക്തമായ നിഗമനങ്ങളില്‍ എത്തി സംരക്ഷണസംരചനകള്‍ ഡിസൈന്‍ ചെയ്‌ത്‌ അത്‌ മാതൃകകളില്‍ പുനഃപരിശോധന നടത്തിയാണ്‌ വലിയ സംരചനകള്‍ നിര്‍മിക്കുന്നത്‌. വൈവിധ്യംകൊണ്ട്‌ അളവു നിര്‍ണയിക്കാന്‍ പ്രയാസമുള്ള ഘടകങ്ങളുടെ ബാഹുല്യം ഉള്‍പ്പെടുന്ന ഇത്തരം സാങ്കേതികപഠനങ്ങളില്‍ മാതൃകാപരീക്ഷണങ്ങള്‍, ഘടകങ്ങള്‍ വിലയിരുത്തുന്നതിഌം പ്രവിധികള്‍ നിശ്ചയിക്കുന്നതിഌം സഹായിക്കുന്നു.

കേരളത്തിലെ കടൽഭിത്തിയുടെ ഛേദക്കാഴ്‌ച

ഒരു നിശ്ചിത കടലോരഖണ്ഡം സംരക്ഷിക്കുന്നതിഌള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു രണ്ടുതരം സമീപനം ആകാം. കടലാക്രമണത്തെ നേരിട്ടു ചെറുക്കുന്നതിഌ ശേഷിയുള്ള സംരചനകള്‍ നിര്‍മിക്കുക, കടലാക്രമണഘടകങ്ങളെ നിയന്ത്രിച്ച്‌ അവയുടെ ആക്രമണ പ്രവണത കുറയ്‌ക്കുകയോ തിരിച്ചു വിടുകയോ അവയെ സംരക്ഷണസഹായകങ്ങളാക്കി മാറ്റുകയോ ചെയ്യുക. പല പ്രതിരോധസംരചനകളും ഈ രണ്ടു സമീപനങ്ങളും ഉള്‍ക്കൊള്ളുന്നു. കരയുടെ ഒരു ഖണ്ഡം സംരക്ഷിക്കുന്നതിഌ പണിയുന്ന കടല്‍ഭിത്തികള്‍ പ്രധാനമായും ആദ്യത്തെ സമീപനം സ്വീകരിക്കുന്നു. ബള്‍ക്ക്‌ഹെഡ്‌ (bulk-head), റിവറ്റ്‌മെന്റ്‌ (revetment) എന്നീ പേരുകള്‍ അവയുടെ സ്ഥാനവും ഉപയോഗവും അഌസരിച്ച്‌, കടല്‍ഭിത്തികള്‍ക്കുണ്ട്‌. കടല്‍ഭിത്തികള്‍ കരയ്‌ക്കും വെള്ളത്തിഌം ഉള്ള അതിര്‍ത്തി സ്ഥാപിക്കുന്നതിഌപകരിക്കുകയും കര ഇടിഞ്ഞും കരണ്ടും പോകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കടല്‍ഭിത്തികള്‍ തൂക്കായതും ചരിഞ്ഞവയും പടിപ്പടിയായുള്ളവയും ആയ കരകളെ സംരക്ഷിക്കുന്നതിഌതകുന്നു. ചിലപ്പോള്‍ കുറച്ച്‌ കടലിലേക്കു തള്ളി കരയ്‌ക്കു വീതികൂട്ടി പണിയേണ്ടതായി വരും. പ്രത്യേകിച്ചും ഭിത്തിക്കടുത്ത്‌ നൗകകള്‍ വന്നടുക്കുന്നതിന്‌ ആവശ്യമായ ആഴം നിലനിര്‍ത്തേണ്ടതുണ്ടെങ്കില്‍. കടല്‍ഭിത്തികള്‍ അവയോടു ചേര്‍ന്നു പിന്നിലുള്ള കരയെ മാത്രമേ സംരക്ഷിക്കുന്നതിഌതകൂ. ക്രമേണ കാര്‍ന്നെടുക്കപ്പെടുന്ന കരകള്‍ ഭിത്തികള്‍കൊണ്ടു സംരക്ഷിക്കപ്പെടുമെങ്കിലും അവയുടെ കീഴ്‌ച്ചാല്‍ ഭാഗത്തുള്ള കര കരണ്ടു പോകുന്നതിഌള്ള പ്രവണത വര്‍ധിക്കുന്നു. അതുകൊണ്ടു ഭിത്തികളുടെ സ്ഥാനവും സംരേഖണവും (alignment) പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. അടിത്തറ കരണ്ടു പോകാതിരിക്കത്തക്ക താഴ്‌ചയില്‍ ഉറപ്പിക്കേണ്ടതുമാണ്‌. ഭിത്തികളുടെ മുകളില്‍ക്കൂടി പ്രതീക്ഷിക്കാവുന്ന ഏറ്റവും കൂടിയ ഉയരത്തിലുള്ള അലകള്‍ മറിയുന്നതിന്‌ അഌവദിച്ചുകൂടാത്തതാണ്‌. എപ്പോഴെങ്കിലും ഇത്‌ അഌവദനീയമാണോ എന്നുള്ളതു തന്നെ കരയുടെ സ്വഭാവവും വെള്ളം വാര്‍ന്നൊഴിയുന്നതിഌള്ള സൗകര്യങ്ങളും അഌസരിച്ചു നിശ്ചയിക്കേണ്ടതാണ്‌. ഭിത്തിയുടെ ഉയരം നിര്‍ണയിക്കുന്നതില്‍ ഇതൊരു പ്രധാനഘടകമാണ്‌. കല്‍ക്കെട്ട്‌, കോണ്‍ക്രീറ്റ്‌, ഉരുക്കുപൈലുകള്‍ (steel piles),തടിപൈലുകള്‍ (timber piles), ചെട്ടക്കൂടും കല്ലും (cribs & stone), കല്‍ക്കൂട്ടങ്ങള്‍ (stone mounds) മുതലായവ കൊണ്ടു കടല്‍ഭിത്തികള്‍ നിര്‍മിക്കാറുണ്ട്‌. ടെട്രാപോഡുകള്‍ (tetrapods) മുതലായ പ്രത്യേക രൂപങ്ങളുള്ള കോണ്‍ക്രീറ്റു നിര്‍മിതികള്‍, വലിയ കല്ലുകള്‍ ലഭ്യമല്ലാത്തപ്പോഴും അവ കൂടുതല്‍ ഫലപ്രദമാണെന്നു കാണുന്നിടത്തും ഭിത്തികളുടെ കടല്‍വശത്ത്‌ നിക്ഷേപിക്കാറുണ്ട്‌. ഇവ തിരയടിയുടെ ശക്തി കുറയ്‌ക്കും. ഭിത്തിയുടെ മുകള്‍ഭാഗം പരന്ന തലമാക്കുന്നതിഌം ഗതാഗതയോഗ്യമാക്കുന്നതിഌം കോണ്‍ക്രീറ്റ്‌, ആസ്‌ഫാള്‍ട്ട്‌ കോണ്‍ക്രീറ്റ്‌ മുതലായ പദാര്‍ഥങ്ങള്‍കൊണ്ട്‌ ഛത്രകങ്ങള്‍ (caps) നിര്‍മിക്കാറുണ്ട്‌. ശ്രദ്ധിക്കേണ്ട പ്രധാന ഡിസൈന്‍ ഘടകങ്ങള്‍ സുസ്ഥിരത (stability), വേലായപ്രവര്‍ത്തനപ്രതിരോധശേഷി, കെട്ടുറപ്പ്‌ (bonding), അടിത്തറയുടെ ആഴം, വെള്ളം വാര്‍ന്നു പോകുന്നതിഌള്ള മാര്‍ഗങ്ങള്‍ മുതലായവയാണ്‌. സംരക്ഷിതകടല്‍ത്തീരങ്ങള്‍ രണ്ടാമത്തെ സമീപനത്തില്‍ പ്പെടുന്നു. വീതിയില്‍ ക്രമമായി ചരിഞ്ഞ ബീച്ചുകളോ കരയ്‌ക്കു സമാന്തരമായ മണല്‍ത്തിട്ടകളോ തരംഗശക്തി നിയന്ത്രിച്ച്‌ അവയ്‌ക്കു പുറകിലുള്ള കരയെ സംരക്ഷിക്കുന്നു. അസാധാരണമായി പെട്ടെന്ന്‌ കാര്‍ന്നുപോയ കടല്‍ത്തീരങ്ങള്‍ക്കും ക്രമേണ കരണ്ടുപോകുന്ന മണല്‍ത്തിട്ടകള്‍ക്കും പുതിയ മണ്ണു കൊണ്ടിട്ട്‌ സംരക്ഷണം നല്‌കുകയാണ്‌ ഈ പ്രക്രിയയുടെ സ്വഭാവം. ഇതിഌപയുക്തമായ മണ്ണ്‌തരിമണല്‍, ധാരാളമായി അടുത്തു ലഭ്യമായിരിക്കണം. അധികച്ചെലവില്ലാതെ കൊണ്ടുവന്നു നിരത്തിയിടുന്നതിഌള്ള വഴിയും യന്ത്രാപകരണങ്ങളും ലഭ്യമായിരിക്കണം. തരംഗങ്ങളും തീരധാരകളും ശരിക്കു മനസ്സിലാക്കി ഉചിതമായ സ്ഥാനങ്ങളില്‍ പുതിയ മണ്ണ്‌ ഇടുന്നതുകൊണ്ടു കരയുടെ രൂപം തുടര്‍ന്നു സംരക്ഷിക്കപ്പെടുന്നു. കടല്‍ത്തീരത്തിന്റെ രൂപീകരണം കുറെയെല്ലാം കടല്‍തന്നെ ഏറ്റെടുക്കുന്നു. ഇതോടു ചേര്‍ന്നു കരയുടെ ഭാഗങ്ങള്‍ക്കോ മേല്‍ച്ചാലിലോ കീഴ്‌ച്ചാലിലോ കടലാക്രമണ വര്‍ധനവുണ്ടാകുന്നില്ല എന്നുള്ളതാണ്‌ ഇതിന്റെ ഒരു പ്രധാന ഗുണം. ഇത്‌ തീരപോഷണം (artificial beach nourishment)എന്നും അറിയപ്പെടുന്നു. തീരപോഷണത്തിലെ പ്രധാന ഡിസൈന്‍ ഘടകങ്ങള്‍: (i) കരയോടുചേര്‍ന്ന തീരധാരയുടെ പ്രവര്‍ത്തനംകൊണ്ടു കരണ്ടു പോകുന്ന പദാര്‍ഥങ്ങളുടെ ഗുണവും പരിണാമവും തോതും; (ii) കടല്‍ത്തീരത്തിഌ യോജിച്ച മണ്ണിന്റെ ഗുണവും ലഭ്യതയും സ്ഥാനവും കൊണ്ടുവരുന്നതിഌള്ള മാര്‍ഗങ്ങളും ചെലവും; (iii) ഒരുമിച്ചോ തുടരെയോ ആവശ്യം വരുന്ന മണ്ണിന്റെ പരിണാമവും തോതും; (iv) ഉദ്ദേശിക്കുന്ന ബീച്ചിന്റെ നീളം, വീതി, ചരിവ്‌, പൊക്കം, പൊതുരൂപം മുതലായ മാനങ്ങള്‍ (dimensions); (v) ജലതലപ്രവര്‍ത്തനശൈലി; (vi) കാറ്റിന്റെ ദിശ, ശക്തി, കാലങ്ങള്‍ എന്നിവയാണ്‌.

സമുദ്രതലത്തിന്റെ പ്രകൃതിപ്രക്രിയകള്‍ കൊണ്ടു തന്നെ പുതിയ തിട്ടകള്‍ ഉത്‌പാദിപ്പിക്കത്തക്കവണ്ണം പുലിമുട്ടുകള്‍ (groins) ജെട്ടികള്‍ (jetties), തരംഗരോധികള്‍ (break waters) മുതലായ സംരചനകള്‍ നിര്‍മിക്കപ്പെടുന്നതും സാധാരണമാണ്‌. പുലിമുട്ടുകള്‍ കരയ്‌ക്കു ലംബമായി നിര്‍മിക്കപ്പെടുന്ന തിട്ടകളാണ്‌. കരയ്‌ക്കു സമാന്തരമായ തീരധാരയ്‌ക്ക്‌ തടസ്സമുണ്ടാക്കി തീരപദാര്‍ഥങ്ങളെ ഭാഗികമായിട്ടെങ്കിലും നിശ്ചിതസ്ഥാനത്തു നിക്ഷേപിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. മേല്‍ച്ചാലിനോട്‌ അടുത്ത ഭാഗത്തു കരളല്‍ ഉണ്ടാകുകയില്ല; കീഴ്‌ച്ചാലില്‍ ഉണ്ടാകുകയും ചെയ്യും. പുലിമുട്ടിന്റെ ക്ഷമത അതിന്റെ സ്ഥാനം, നീളം, പൊക്കം, പാരഗമ്യത (permeability) എന്നിവയെ ആശ്രയിച്ചിരിക്കും. കരയുടെ ഒരു ഖണ്ഡത്തിന്‌ ഒന്നോ അതിലധികമോ പുലിമുട്ടുകള്‍ സ്ഥാപിക്കാവുന്നതാണ്‌. എല്ലാറ്റിന്റെയും പ്രവര്‍ത്തനരീതി ഒന്നുതന്നെയാണെങ്കിലും ഓരോന്നിന്റെ ക്ഷമതയും പ്രത്യേകം നിശ്ചയിച്ച്‌ എത്ര എണ്ണം സ്ഥാപിക്കുന്നതാണ്‌ ഉചിതവും ലാഭകരവും എന്നു നിര്‍ണയിക്കേണ്ടതാണ്‌. പുലിമുട്ടുകള്‍ സ്ഥാപിക്കുന്ന രീതി വളരെ പ്രധാനമാണ്‌. കടല്‍ത്തീരത്തിന്റെ രൂപം സംരക്ഷിക്കുന്നതിനോ പിന്നിലുള്ള കര രക്ഷിക്കുന്നതിനോ കടല്‍ത്തീരത്തിഌ ക്രമേണ വീതി കൂട്ടുന്നതിനോ പദാര്‍ഥ നഷ്ടം വരാതിരിക്കുന്നതിനോ കടല്‍ത്തീരത്തിഌ പുതിയ രൂപം നല്‌കുന്നതിനോ പുലിമുട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്‌. പുലിമുട്ടുകള്‍ ഉപയോഗിക്കുന്നതിലുള്ള പ്രധാന പരിഗണനകള്‍ തീരധാര കൊണ്ടുവരുന്ന പദാര്‍ഥങ്ങളുടെ ഗുണങ്ങളും പര്യാപ്‌തതയും കീഴ്‌ച്ചാലില്‍ ഉണ്ടാകുന്ന കരളല്‍, കരയുമായിട്ടു ബന്ധിപ്പിക്കല്‍, പാരഗമ്യത, നിര്‍മാണപദാര്‍ഥങ്ങളുടെ വിലയും നിര്‍മാണച്ചെലവും എന്നിവയാണ്‌. ഡിസൈനിലെ എന്‍ജിനീയറിങ്‌ ഘടകങ്ങള്‍ കടല്‍ഭിത്തികള്‍ പോലെ തന്നെയാണ്‌. എന്നാല്‍ പാരഗമ്യതയാണ്‌ കൂടുതല്‍ പരിഗണനയര്‍ഹിക്കുന്നത്‌.

ഉരുക്കുപൈലുകള്‍കൊണ്ട്‌ രൂപപ്പെടുത്തിയ കോശങ്ങള്‍ (cells) പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിഌപയോഗിക്കാം. ഉരുക്കുപൈലുകള്‍, തടിപ്പലകകള്‍, കോണ്‍ക്രീറ്റ്‌ മുതലായ പദാര്‍ഥങ്ങള്‍കൊണ്ട്‌ നിര്‍മിച്ച കിണറുകള്‍ കടലിന്റെ മണല്‍ അടിത്തട്ടില്‍ ഇറക്കി ഉറപ്പിക്കുന്നതിഌ സൗകര്യമുള്ളവയാണ്‌. കല്ലടുക്കുകൊണ്ടുള്ള പുലിമുട്ടുകള്‍ (dumped stone groins) സ്ഥിരത കൈവരാത്ത അടിത്തട്ടുകള്‍ക്ക്‌ അഌയോജ്യമാണ്‌. രൂപഭേദത്തിനൊത്ത്‌ കല്ലടുക്കിന്‌ ഇരുത്തം വന്നുകൊണ്ടിരിക്കും.

ജെട്ടികള്‍, പുലിമുട്ടുകള്‍ പോലെ തന്നെ കരയ്‌ക്ക്‌ ഏകദേശം ലംബമായി നിര്‍മിക്കുന്ന സംരചനകളാണ്‌. ഒഴുക്കിന്റെ ദിശയും തോതും സീമകളും നിശ്ചയിച്ചശേഷം കരയോ സംരചനകളോ സംരക്ഷിക്കുന്നതിനാണ്‌ ഇവ നിര്‍മിക്കുന്നത്‌. പലപ്പോഴും തുറമുഖങ്ങളുടെ പ്രവേശനമാര്‍ഗത്തോടഌബന്ധിച്ച്‌ ഇവ നിര്‍മിക്കാറുണ്ട്‌. അതുകൊണ്ട്‌ ഒരുറച്ച മേല്‍ഭാഗവും അതിഌമേല്‍ ഒരു പാതയും ചിലപ്പോള്‍ ഇവയുടെ ഭാഗമാണ്‌. ഒരു വശത്തെങ്കിലും നൗകകള്‍ വന്നടുക്കത്തക്കവണ്ണം ആഴമുണ്ടാകണം.

ജെട്ടികളുടെ ഡിസൈന്‍ തത്ത്വങ്ങളും നിര്‍മാണപദാര്‍ഥങ്ങളും രൂപങ്ങളും പൊതുവില്‍ പുലിമുട്ടുപോലെ തന്നെയാണ്‌. അവയോടുചേര്‍ന്ന്‌ മറ്റു സംരചനകള്‍ ഉള്ളതുകൊണ്ടു സ്ഥാനം, നീളം, ചരിവ്‌, കരബന്ധങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധയോടെ നിശ്ചയിക്കേണ്ടതാണ്‌.

സിമന്റിഌപകരം ആസ്‌ഫാള്‍ട്ടും കല്‍ക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കോണ്‍ക്രീറ്റും കല്ലുകള്‍ ബന്ധിക്കുന്നതിന്‌ ആസ്‌ഫാള്‍ട്ട്‌ ബന്ധകപദാര്‍ഥങ്ങളും (bonding materials) ഉപയോഗിക്കാറുണ്ട്‌. കടലിന്റെ രാസാപക്ഷയത്തിഌം കരളലിഌം എതിരായി ആസ്‌ഫാള്‍ട്ടിന്‌ നല്ല പ്രതിരോധശക്തിയുണ്ട്‌. തരംഗരോധികള്‍, ജട്ടികള്‍ പോലെ തന്നെയുള്ള സംരചനകളാണ്‌. അവ കരയ്‌ക്കു ലംബമായിരിക്കണമെന്നില്ല. കരവിട്ടു സ്ഥാപിക്കുന്ന തരംഗരോധികള്‍ പദാര്‍ഥനിക്ഷേപം കൊണ്ടു ബീച്ചിഌ വീതി കൂട്ടുന്നതിഌം ബീച്ചിലെ തരംഗപ്രവര്‍ത്തനം കുറയ്‌ക്കുന്നതിഌം നൗകാമാര്‍ഗങ്ങളില്‍ ആഴം സംരക്ഷിക്കുന്നതിഌം ഒഴുക്കും തരംഗങ്ങളും നിയന്ത്രിക്കുന്നതിഌം സഹായകമാണ്‌. കടലോരധാര നിയന്ത്രിക്കത്തക്കവണ്ണമാണ്‌ ഇത്‌ സ്ഥാപിക്കേണ്ടത്‌. കടല്‍ഭിത്തികള്‍ സംരക്ഷിക്കാഌം ഇവ സ്ഥാപിക്കാറുണ്ട്‌.

തരംഗരോധികളുടെ സ്ഥാനവും നീളവും ഉയരവും ശ്രദ്ധയോടെ നിശ്ചയിക്കേണ്ടതാണ്‌. ജലതലത്തിഌ മുകളില്‍ പൊങ്ങിനില്‌ക്കണമെന്ന്‌ നിര്‍ബന്ധമില്ലെങ്കിലും മുകളില്‍ക്കൂടി അലകള്‍ സാധാരണമായി അടിച്ചു കയറാതിരിക്കത്തക്ക ഉയരം സൗകര്യപ്രദമാണ്‌. കരവിട്ട തരംഗരോധികള്‍ തുടര്‍ച്ചയായി ഒറ്റ നീളത്തില്‍ പണിയുന്ന ഫലം തന്നെ പലപ്പോഴും ഇടവിട്ടു പണിയുന്നതുകൊണ്ട്‌ ലഭിക്കും. നിര്‍മാണലാഭം പ്രകടവുമാണ്‌. തരംഗരോധികള്‍ കരയോടുചേര്‍ന്നു നിര്‍മിക്കുന്നതു തുറമുഖപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനാണ്‌. നല്ല കാലാവസ്ഥയില്‍ നൗക അവയോടുചേര്‍ന്ന്‌ അടുക്കത്തക്കവണ്ണം ഉപരിതലത്ത്‌ കോണ്‍ക്രീറ്റുപാത നിര്‍മിക്കുന്നത്‌ തുറമുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ പര്യാപ്‌തമാണ്‌.

ജ്യാമിതീയരൂപങ്ങള്‍ നിര്‍ബന്ധമില്ലാത്തതുകൊണ്ടും കുറെയെല്ലാം ചലനങ്ങള്‍ പ്രതീക്ഷിക്കേണ്ടതുകൊണ്ടും തരംഗരോധികള്‍ മിക്കതും വലിയ കല്‍ക്കട്ടകള്‍ നിക്ഷേപിച്ച്‌ ഉണ്ടാക്കിയ തിട്ടകളാണ്‌. ടെട്രാപോഡ്‌ മുതലായ കോണ്‍ക്രീറ്റുരൂപങ്ങളും ഉപയോഗിക്കാറുണ്ട്‌. തരംഗരോധികളെ രാത്രിയിലും പകലും തിരിച്ചറിയത്തക്കവണ്ണം ഉചിതമായ സ്ഥാനങ്ങളില്‍ വിളക്കുമരങ്ങളും ബോയികളും (buoys) സ്ഥാപിക്കേണ്ടതാണ്‌. കരയ്‌ക്കടുത്തുള്ള ജലഗതാഗതവും മത്സ്യബന്ധനപ്രവര്‍ത്തനങ്ങളും മുറയ്‌ക്കു വര്‍ധിക്കുന്നതുകൊണ്ട്‌ രക്ഷാസിഗ്‌നലുകള്‍ കൂടുതല്‍ സ്ഥാപിക്കേണ്ടത്‌ ആവശ്യമാണ്‌.

കടല്‍ത്തീരങ്ങളും തിട്ടകളും സംരക്ഷിക്കുന്നതിന്‌ കുറ്റിവേലികളും മരങ്ങളും പുല്ലുകളും പല സസ്യവര്‍ഗങ്ങളും ഉപയോഗിക്കാം. നട്ടുവളര്‍ത്തിയെടുക്കുന്നത്‌ ആദ്യം വിഷമകരമാണെങ്കിലും കാലം ചെല്ലുന്തോറും മണ്ണു കൂടുതല്‍ ഉറപ്പിക്കുന്നതിഌം പുതിയ ചെടികള്‍ നട്ടു വളര്‍ത്തുന്നതിഌം സൗകര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ആവശ്യവും രീതികളും സംരചനകളും സംരക്ഷണ നിലവാരവും സാമ്പത്തിക മാനദണ്ഡങ്ങള്‍ വച്ചാണ്‌ പരിശോധിക്കേണ്ടത്‌. ഇതിഌള്ള ഒരു മാനദണ്ഡം ഒരു മീറ്റര്‍ കര സംരക്ഷിക്കുന്നതിഌവേണ്ടിവരുന്ന മുതല്‍മുടക്കിന്റെ ഭാഗവും പലിശയും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെയുള്ള ശരാശരി വാര്‍ഷിക മൂല്യം ആണ്‌. അതേ അടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെടുന്ന വസ്‌തുക്കളുടെ വാര്‍ഷികമൂല്യവും തിട്ടപ്പെടുത്തി ഒരു താരതമ്യപഠനം നടത്താവുന്നതാണ്‌.

കടലാക്രമണം ജീവധനാദികള്‍ക്കു വരുത്തുന്ന നാശനഷ്ടങ്ങള്‍ കുറയ്‌ക്കാഌള്ള ഒരു പ്രധാന മാര്‍ഗം കടലോരത്തു കറുച്ചു സ്ഥലം ഒഴിച്ചിടുകയാണ്‌. പക്ഷേ പലപ്പോഴും പ്രദേശത്തുള്ളവര്‍ക്ക്‌ ഇതു സ്വീകാര്യമല്ല; പ്രത്യേകിച്ചും ജനസാന്ദ്രത കൂടുതലുള്ളപ്പോള്‍. കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മിക്ക അവസരങ്ങളിലും സാമൂഹ്യ രാഷ്‌ട്രീയ സമ്മര്‍ദങ്ങളും സ്ഥാപിത താത്‌പര്യക്കാരുടെ പ്രലോഭനങ്ങളും നേരിടേണ്ടി വരാറുണ്ട്‌. സാമ്പത്തിക സാങ്കേതിക ഘടകങ്ങള്‍ക്കു മുന്‍തൂക്കം നല്‌കിയുള്ള പ്രതിവിധികള്‍ എപ്പോഴും സ്വീകാര്യമാകണമെന്നുമില്ല.

കേരളത്തില്‍

കേരളത്തിന്‌ 560 കി.മീ. ദൈര്‍ഘ്യമുള്ള കടല്‍ത്തീരം ഉണ്ട്‌. ഏകദേശം 320 കി.മീ. ദൂരം പലസ്ഥലത്തായി കടലാക്രമണവിധേയമാണെന്നു കരുതപ്പെടുന്നു. കേരളത്തിന്റെ കടല്‍ക്കര പ്രധാനമായും ലാറ്ററൈറ്റ്‌ നിറഞ്ഞതാണ്‌. വന്‍കരയ്‌ക്കും തീരത്തിഌം ഇടയ്‌ക്കു കായലുകളും താഴ്‌ന്ന സ്ഥലങ്ങളും പലയിടത്തും ഉണ്ട്‌. നീണ്ടകര മുതല്‍ കായംകുളം വരെ വിലയേറിയ ഖനിജധാതുക്കള്‍ നിറഞ്ഞ മണല്‍ പ്രദേശങ്ങളാണുള്ളത്‌. ആലപ്പുഴ, കൊച്ചി, കോഴിക്കോട്‌ തീരങ്ങളില്‍ കാലികമായി ഉണ്ടാകുന്ന സമുദ്രാന്തര ചെളിത്തിട്ടകള്‍ (submerged mud banks) മത്സ്യബന്ധനത്തിഌ പ്രസിദ്ധമാണ്‌. കേരളത്തിലെ കടലാക്രമണത്തിന്റെ പ്രധാന കാരണങ്ങള്‍: (i) കാലവര്‍ഷക്കാലത്തെ പ്രകൃതിക്ഷോഭം; (ii) ഭൗമ ഘടകങ്ങളുടെ താഴ്‌ന്ന പ്രതിരോധശക്തി; (iii) നദികള്‍ ആദ്യം കായലില്‍ ചേരുകമൂലം കടല്‍ത്തീരത്തു പദാര്‍ഥലഭ്യത കുറയല്‍; (iv) നദീമുഖങ്ങളുടെ അസ്ഥിരതയും അവയ്‌ക്കു സ്ഥാനം മാറാഌള്ള പ്രവണതയും എന്നിവയാണ്‌.

കടലാക്രമണത്തിന്‌ ഇരയായ ഒരു കരഭാഗം

ആകത്തുകയില്‍ കേരളത്തില്‍ കരനഷ്ടം ഉണ്ടാകുന്നുണ്ടെന്നാണു നിഗമനം. വര്‍ഷംതോറും കേരളത്തില്‍ പൂന്തുറ, ചവറ, തൃക്കുന്നപ്പുഴ, തുമ്പോളി, ചെല്ലാനം, പുതുവയ്‌പ്‌, മനക്കടവ്‌, ചാമക്കാല, ഏങ്ങണ്ടിയൂര്‍, ചേറ്റുവാ, താനൂര്‍, കൊയിലാണ്ടി, ചാലിയം, ബേപ്പൂര്‍, മടപ്പള്ളി, ഇരിങ്ങല്‍, കല്ലായി, മാടക്കര, കോഴിക്കോട്‌, കനൂകര, ചെമ്മീന്‍കുളം, ബേക്കല്‍, കൊടിക്കുളം തുടങ്ങി മിക്ക തീരപ്രദേശങ്ങളിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്‌. 2004 ഡി.ല്‍ ഉണ്ടായ സുനാമിദുരന്തം കേരളത്തിന്റെ തെക്കന്‍ ജില്ലകളെയാണ്‌ ഏറ്റവും കൂടുതല്‍ ബാധിച്ചത്‌. കൊല്ലം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. കേരളത്തില്‍ മൊത്തം 180 പേരുടെ ജീവനാണ്‌ അപഹരിക്കപ്പെട്ടത്‌. 5805 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു.

ജനസാന്ദ്രതയും ഫലഭൂയിഷ്‌ഠതയും കൂടുതല്‍ ഉള്ളതുകൊണ്ടാണ്‌ കേരളത്തില്‍ കടലാക്രമണത്തിന്റെ സാമ്പത്തികനഷ്ടം ഭാരിച്ചതാവുന്നത്‌. കടലാക്രമണം നിശ്ചിതകാലത്ത്‌ അറിയപ്പെടുന്ന ഖണ്ഡങ്ങളില്‍ ഉണ്ടാകുന്നതു കൊണ്ടു ജീവനാശം സാധാരണമല്ല.

1950ഌശേഷമാണു കടലാക്രമണത്തെ കേരളത്തിന്റെ ഒരു പ്രധാന പ്രശ്‌നമായി പരിഗണിക്കാനാരംഭിച്ചത്‌. ഈ രംഗത്ത്‌ 1964 വരെ നടന്ന പ്രവര്‍ത്തനങ്ങള്‍ പരീക്ഷണങ്ങളായേ പരിഗണിക്കേണ്ടതുള്ളു. പലതരം കടല്‍ഭിത്തികളും പുലിമുട്ടുകളും ആണ്‌ ആദ്യം നിര്‍മിച്ചത്‌. പുലിമുട്ടുകള്‍ കടലാക്രമണസ്ഥാനത്തെ നീക്കുന്നതിനേ ഉപകരിച്ചുള്ളു. 1964ഌ ശേഷം കടല്‍ഭിത്തികളാണു പ്രധാനമായി നിര്‍മിച്ചുവരുന്നത്‌. അഌഭവം കൊണ്ടും പരീക്ഷണഫലമായും അവയുടെ ഡിസൈന്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

(കെ.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍