This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആറ്റക്കുരുവി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആറ്റക്കുരുവി
നെല്‌പാടങ്ങളിൽ കതിരുവന്നു കഴിഞ്ഞാൽ കൂട്ടംകൂട്ടമായി പറന്നുനടന്ന് നെല്ലിന്‍മണികള്‍ കൊത്തിത്തിന്നുന്ന ഒരു ചെറുപക്ഷി; കൂരിയാറ്റ, ഏള, തൂക്കണാംകുരുവി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. മഴക്കാലത്ത് തെങ്ങ്, പന. മുളങ്കൂട്ടം തുടങ്ങിയവയിൽ പുല്ലുകൊണ്ടുണ്ടാക്കിയ, കുപ്പികള്‍പോലെ കൂട്ടംകൂട്ടമായി തൂങ്ങിക്കിടക്കുന്ന ഇവയുടെ കൂടുകള്‍ മനുഷ്യശ്രദ്ധയെ ആകർഷിക്കുന്നു. കൊക്കു മുതൽ വാലറ്റംവരെ ഏതാണ്ട് 15 സെ.മീ. നീളം മാത്രംവരുന്ന ചെറിയ പക്ഷികളാണ് ആറ്റക്കുരുവികള്‍. കൊക്ക് തടിച്ചു കുറുകി ത്രികോണാകൃതിയിലിരിക്കുന്നു. ആണ്‍പക്ഷികള്‍ക്ക് നെറ്റി മുതൽ കഴുത്തുവരെയുള്ള ഭാഗവും മാറും തിളങ്ങുന്ന കടുംമഞ്ഞയാണ് നിറം; താടി, തൊണ്ട, കവിളുകള്‍ എന്നിവിടങ്ങളിൽ തവിട്ടുനിറം കലർന്ന കറുപ്പാണ്; മുതുകിനും ചിറകുകള്‍ക്കും വാലിനും തവിട്ടുനിറമാണ്; ഈ ഭാഗങ്ങളിൽ കടും തവിട്ടുനിറത്തിൽ കുറെ വരകളും കാണാം. ആണ്‍പക്ഷിയുടെ മാറിലുള്ള മഞ്ഞനിറം പുറകോട്ട് ക്രമേണ ചുരുങ്ങി വെള്ളയായി മാറുന്നു. പെണ്‍പക്ഷിക്ക് പൊതുവേ തവിട്ടുനിറമാണ്. സന്താനോത്‌പാദനകാലത്തു മാത്രമേ ആണ്‍കുരുവികള്‍ക്ക് നിറത്തിൽ പ്രത്യേകതയുള്ളൂ; അല്ലാത്തപ്പോള്‍ പെണ്‍കുരുവിയുടെ നിറം തന്നെയാണവയ്‌ക്കും.
അതിമനോഹരങ്ങളും ശില്‌പചാതുര്യം തികഞ്ഞതുമായ കൂടുകളാണ് ആറ്റക്കുരുവികള്‍ നിർമിക്കുക. ഈ വൈദഗ്‌ധ്യത്തെ ആസ്‌പദമാക്കി "കുരുവിയെ കൂടുകെട്ടാന്‍ പഠിപ്പിക്കണമോ' എന്നൊരു പഴമൊഴി പോലും മലയാളത്തിൽ പ്രചാരത്തിലെത്തിയിട്ടുണ്ട്. അധികമാരുടെയും ശ്രദ്ധ കടന്നു പറ്റാത്ത സ്ഥാനങ്ങളിലാണ് സാധാരണയായി മറ്റു പക്ഷികള്‍ കൂടുകള്‍ നിർമിക്കാറുള്ളത്. എന്നാൽ ആറ്റക്കുരുവികള്‍ കൂട്ടംകൂട്ടമായി എല്ലാവർക്കും കാണത്തക്കവിധത്തിൽ കൂടുകെട്ടുന്നു. നെല്ലോലയിൽനിന്നും തൊങ്ങോലയിൽനിന്നും എടുക്കുന്ന നാരുകള്‍, ചിലയിനം പുല്ലുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇവ കൂടുകെട്ടുന്നത്. കൂടിനുള്ളിൽ ഒരറയും അതിനുള്ളിലേക്ക് വളഞ്ഞിടുങ്ങിയ പ്രവേശനമാർഗവും കാണാം. അറയിൽ മുട്ടയിടാനൊരു പ്രത്യേകസ്ഥാനവുമുണ്ട്. കൂടിനുള്ളിലേക്കുള്ള പ്രവേശനമാർഗം ഇടുങ്ങിയതാകയാൽ ശത്രുക്കളിൽനിന്നു മുട്ടകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കാന്‍ സാധിക്കുന്നു. കൂടുനിർമാണം മിക്കവാറും ആണ്‍പക്ഷികളുടെ ചുമതലയാണ്. മഴക്കാലം അടുക്കുന്നതോടുകൂടിയാണ് കൂടുകെട്ടാനാരംഭിക്കുക; കൂടിന് ആദ്യം കയറിൽ കെട്ടിത്തൂക്കിയ ഒരു വളയത്തിന്റെ ആകൃതിയാണുള്ളത്. ഇതിന്റെ ഇരവുശത്തുമായി മോന്തായവും അതിനോടനുബന്ധിച്ച് കൂടിന്റെ ചുമരുകളും അവസാനം പ്രവേശനമാർഗമായ നീണ്ട കുഴലും ഉണ്ടാക്കിയെടുക്കുന്നു. ആണ്‍പക്ഷി കൂടു നിർമിച്ചു തുടങ്ങുമ്പോള്‍ പെണ്‍പക്ഷി രംഗത്തെത്തും. പെണ്‍പക്ഷികള്‍ ഓരോ കൂട്ടിലും കയറിയിറങ്ങി പരിശോധിച്ച് ഒന്ന് തിരഞ്ഞെടുക്കുകയും ആ കൂടിന്റെ നിർമാതാവിനെ ഇണയാക്കുകയും ചെയ്യും. അതിനുശേഷം കൂടിന്റെ മിനുക്കുപണികള്‍ക്ക് പെണ്‍പക്ഷിയും സഹായിക്കുന്നു. കൂടു തീരുന്നതോടെ പെണ്‍പക്ഷി മുട്ടയിടാന്‍ തയ്യാറായിരിക്കും. ഒരു പ്രാവശ്യം നാലു മുട്ടകള്‍ കാണും. മുട്ടകള്‍ക്ക് വെള്ളനിറമാണ്. മുട്ടയിട്ടശേഷം പെണ്‍പക്ഷി അടയിരിപ്പ് ആരംഭിക്കുന്നു. ആണ്‍പക്ഷി അടയിരിപ്പിൽ സഹായിക്കുകയില്ല. "ബഹുഭാര്യത്വം' പുലർത്തുന്ന ആണ്‍കുരുവികള്‍ അടുത്തൊരു കൂടുകെട്ടാനും ഒരു ഇണയെക്കൂടി കണ്ടെത്താനും തുടങ്ങും. ഒരു സീസണിൽ ഇപ്രകാരം രണ്ടോ മൂന്നോ കൂടുകള്‍ ഒരു ആണ്‍പക്ഷി കെട്ടാറുണ്ട്. അവസാനത്തെ കൂടു പണിയുമ്പോള്‍ ഇണയെ കിട്ടാതെവന്നാൽ കൂടുനിർമിതി പകുതിയാക്കിയിട്ട് ആണ്‍പക്ഷി അത് സ്വന്തം വസതിയായി ഉപയോഗിക്കുന്നു. ആറ്റക്കുരുവികള്‍ കൂടുകെട്ടി താവളമടിക്കുന്നയിടങ്ങളിൽ രണ്ടുതരം കൂടുകള്‍ കണ്ടുവരുന്നതിന്റെ കാരണമിതാണ്. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങളുണ്ടായാൽ അവയെ തീറ്റാനും സംരക്ഷിക്കാനും ആണ്‍പക്ഷികള്‍ തുനിയാറില്ല; പക്ഷേ ശത്രുക്കളോട് എതിരിടാന്‍ ആണ്‍പക്ഷികള്‍ തയ്യാറായിരിക്കും. കാക്കകളാണ് കേരളത്തിൽ ആറ്റക്കുരുവിയുടെ പ്രധാനശത്രുക്കള്‍.
ആറ്റക്കുരുവിയുടെ കൂടുകളിലെ മുട്ടയിടാനുള്ള അറയ്‌ക്കു മുകളിൽ അല്‌പം കളിമച്ചു വയ്‌ക്കാറുണ്ട്; ഈ മണ്‍കട്ടകളിൽ മിന്നാമിനുങ്ങുകളെ ഇവ ഒട്ടിച്ചുചേർത്തു വെളിച്ചമുണ്ടാക്കുന്നു എന്നൊരു വിശ്വാസമുണ്ട്. പക്ഷിശാസ്‌ത്രജ്ഞന്മാരുടെ നിരീക്ഷണങ്ങള്‍ ഇതൊരു കെട്ടുകഥയാണെന്ന് തെളിയിച്ചിരിക്കുന്നു. കൂടുകള്‍ ശരിക്കും തൂങ്ങിക്കിടക്കുവാനായാണ് ഇപ്രകാരം കളിമണ്‍ കട്ടകള്‍ കൂടുകള്‍ക്കുള്ളിൽ വയ്‌ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.