This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർപാദ്‌ (? - 907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:38, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർപാദ്‌ (? - 907)

Arpad

ആർപാദ്‌

ഹംഗറിയിലെ ആദ്യത്തെ രാജാവ്‌. ഫിനോ-ഉഗ്രിക്‌ ഗോത്രത്തിൽപ്പെട്ട മജാർ (Magyar) ജനവർഗത്തിന്റെ തലവനായ ആൽമോഷിന്റെ പുത്രനായ ഇദ്ദേഹത്തെ എ.ഡി. 890-ഓടുകൂടി ഏഴ്‌ മജാർ വർഗത്തലവന്മാർ ചേർന്ന്‌ രാജകുമാരനായി തിരഞ്ഞെടുത്തു. ഈ നാടോടിവർഗത്തെ (Nomadic Tribes) ഏെകീകരിച്ച ആർപാദ്‌ അവരെ ഡോണ്‍, നിപ്പർ എന്നീ നദികള്‍ക്കിടയ്‌ക്ക്‌ കരിങ്കടലിനു വടക്കായി കിടന്ന സമതലപ്രദേശങ്ങളിൽനിന്ന്‌ വെറട്‌സ്‌കി ചുരം വഴി, കാർപാത്തിയന്‍ പർവതനിര താണ്ടി, വടക്കുകിഴക്കുഭാഗത്ത്‌ ഇപ്പോള്‍ ഹംഗറി എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു നയിച്ചു; ഈ കുടിയേറിപ്പാർപ്പ്‌ 896-ഓടുകൂടി പൂർത്തിയായി. ബള്‍ഗേറിയന്‍ രാജകുമാരനായ സലാനെയും ഖസാർമാരുടെ (Khazars) നൊടുവാഴിയായ മരോട്ടിനെയും വ്‌ളാച്ചുകളുടെ (Vlachs) നേതാവായ ഗ്യാലുവിനെയും ആർപാദ്‌ പരാജയപ്പെടുത്തി. ഫ്രാങ്കിഷ്‌ രാജാവായ ആർണൂള്‍ഫിന്റെ (850-99) സഹായത്തോടെ ഇദ്ദേഹം മൊറേവിയയിലെ സ്‌പറ്റോപ്ലക്കിനെയും തോല്‌പിച്ചു; അതോടുകൂടി മൊറേവിയന്‍ സാമ്രാജ്യവും നശിച്ചു. മധ്യഡാന്യൂബ്‌ തടത്തിന്റെ അധിപനാകാന്‍ ആർപാദിന്‌ അധികകാലം വേണ്ടിവന്നില്ല. 907-ൽ അവർ ജർമന്‍കാരെയും തോല്‌പിച്ചു. മധ്യഹംഗറിയിൽ ഇപ്പോഴത്തെ ബുഡാപെസ്റ്റിനു സമീപമായി, തോല്‌പിക്കപ്പെട്ട വർഗക്കാരോടൊപ്പം, ആർപാദും അദ്ദേഹത്തിന്റെ വർഗക്കാരും സ്ഥിരവാസമാരംഭിച്ചു. ഇദ്ദേഹം ആസ്റ്റ്രിയ, ബവേറിയ, ഇറ്റലി, സ്വിറ്റ്‌സർലണ്ട്‌ എന്നീ രാജ്യങ്ങളുടെ പല ഭാഗങ്ങളും ആക്രമിച്ചു കീഴടക്കി.

907-ൽ ആർപാദ്‌ അന്തരിച്ചു. ആർപാദിന്റെ രാജവംശം 1301 വരെ നിലനിന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍