This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉന്നതമേഖലാരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:36, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉന്നതമേഖലാരോഗങ്ങള്‍

പർവതങ്ങളിലും ഉയർന്ന വിതാനങ്ങളിലുമുള്ള നേർത്ത വായു ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍. ഉന്നതമേഖലകളിൽ (2400 മീ. മുകളിൽ) ഓക്‌സിജന്റെ ഭാഗികമർദം കുറവായതിനാൽ ശ്വസിക്കുമ്പോള്‍ രക്തത്തിലേക്കു കലരുന്ന ഓക്‌സിജന്റെ അളവ്‌ കുറയുകയും ദ്രുതഗതിയിൽ ശ്വാസം വലിക്കേണ്ടതായി വരുകയും ചെയ്യുന്നു. സാധാരണ ഫ്‌ളൂവിന്റെയോ കാർബണ്‍ ഡൈഓക്‌സൈഡ്‌ വിഷാവസ്ഥയുടെയോ ഒക്കെ പോലെയുള്ള ലക്ഷണങ്ങള്‍ മുതൽ ശ്വാസകോശവീക്കം (Pulmonary oedema), മസ്‌തിഷ്‌ക വീക്കം (Cerebral oedema) തുടങ്ങിയ മാരകരോഗങ്ങള്‍ വരെ ഇതുമൂലം ഉണ്ടാകുന്നു. ഉയരം, ആരോഹണനിരക്ക്‌, കായികാധ്വാനം എന്നിവ ഈ രോഗാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. എന്നാൽ ഈ രോഗത്തിന്‌ വശഗതമാക്കുന്ന പ്രധാന ഘടകം വ്യക്തിഗതമായ ശാരീരിക പ്രത്യേകതകളും ശരീരക്രിയാവസ്ഥയുമാണ്‌. അതായത്‌ ഒരേ സാഹചര്യത്തിൽത്തന്നെ എല്ലാവരിലും ഒരുപോലെ അല്ല ശരീരക്രിയാ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത്‌ എന്നു സാരം. തലവേദന, വിശപ്പില്ലായ്‌മ, മനംപിരട്ടൽ, ഛർദി, ക്ഷീണം, തലക്കനം, ഉറക്കമില്ലായ്‌മ, ശരീരത്തിൽ സൂചി കുത്തുന്ന പോലുള്ള വേദന, മൂക്കിൽ നിന്ന്‌ രക്തം വരിക, മുഖത്തും കൈകാലുകളിലും നീര്‌ എന്നിവയാണ്‌ പ്രാരംഭലക്ഷണങ്ങള്‍.

ഉന്നതമേഖലകളെ ഉയരാടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിട്ടുണ്ട്‌. 1500-3500 മീ. വരെ-ഉയർന്ന പ്രദേശം, 3500-5500 മീ. വരെ-വളരെ ഉയർന്ന പ്രദേശം, 5500 മീറ്ററിനു മുകളിൽ-അത്യുന്നത പ്രദേശം. ഉയരം കൂടുന്തോറും അന്തരീക്ഷം കൂടുതൽ നേർത്തതാകുകയും ഓക്‌സിജന്‍ലഭ്യത കുറയുകയും ചെയ്യുന്നു. തത്‌ഫലമായി ഉയരം കൂടുന്തോറും ശാരീരിക പ്രവർത്തനങ്ങളിൽ വ്യതിയാനം ഉണ്ടാകുന്നതിനും രോഗാവസ്ഥ സംജാതമാകുന്നതിനും മാരകമാകുന്നതിനുമുള്ള സാധ്യത വർധിക്കുന്നു. ഹൈപോക്‌സിയമൂലം ശരീരപ്രവർത്തനവ്യതിയാനങ്ങളുടെ സ്വഭാവം ആരോഹണത്തിന്റെ ഗതിവേഗത്തെയും ആശ്രയിച്ചിരിക്കും. ആരോഹണം സാവധാനത്തിലാണെങ്കിൽ ശരീരപ്രവർത്തനത്തിൽ മാറ്റങ്ങള്‍ വരാന്‍ വേണ്ടത്രസമയം ലഭ്യമാകും. എന്നാൽ പെട്ടെന്നാണെങ്കിൽ വ്യതിയാനങ്ങള്‍വരുന്നതു നാടകീയമായിട്ടായിരിക്കും. ജെറ്റു സഞ്ചാരത്തിന്റെയും സ്‌പേസ്‌ യാത്രയുടെയും സന്ദർഭങ്ങളിലുണ്ടാകാവുന്ന സ്‌ഫോടകങ്ങളായ മാറ്റങ്ങളിൽ നിന്നു രക്ഷനേടാന്‍, വായുമർദത്തിനു യാതൊരു കുറവും വരാത്തതരത്തിൽ നിയന്ത്രിതമർദമുള്ള പേടകങ്ങളും സ്‌പേസ്‌ കാപ്‌സ്യൂളുകളും അനിവാര്യമാണ്‌.

ഉന്നതമേഖലകളിൽ അന്തരീക്ഷവായു നേർത്തതാവുന്നതുമൂലം ഓക്‌സിജന്റെ ഭാഗികമർദവും കുറയുന്നു. തത്‌ഫലമായി ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തിൽ പ്രവേശിക്കുന്ന ഓക്‌സിജന്റെ അളവ്‌ കുറയുന്നു. ഇത്‌ പരിഹരിക്കുന്നതിനായി സ്വാഭാവികമായിത്തന്നെ ശ്വാസോച്ഛ്വാസത്തിന്റെ ആഴവും വേഗതയും വർധിക്കുന്നു. അതോടെ ഓക്‌സിജന്‍ അധികമായി വലിച്ചെടുക്കുന്നതിനോടൊപ്പം ശ്വാസകോശത്തിൽ നിന്ന്‌ കൂടുതൽ CO2 പുറന്തള്ളപ്പെടുകയും (hyper ventilation) ചെയ്യുന്നു. തത്‌ഫലമായി രക്തത്തിലെത്തുന്ന CO2 കുറയുകയും സാധാരണ അമ്ല-ക്ഷാര സന്തുലിതാവസ്ഥയിൽ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നതുമൂലം താഴെ കൊടുത്തിരിക്കുന്ന വിധത്തിലുള്ള രാസപ്രവർത്തനം വഴി രക്തത്തിലെ CO2 വർധിപ്പിക്കുന്നതിനുള്ള ശ്രമം ശരീരത്തിൽ നടക്കുന്നു.

HCO3 + H+→H2CO3 → CO2 + H2O

ഈ പ്രവർത്തനങ്ങളുടെ അന്തിമഫലമെന്ന നിലയ്‌ക്ക്‌ രക്തത്തിന്റെയും തുടർന്ന്‌ മൂത്രത്തിന്റെയും ക്ഷാരത വർധിക്കുന്നു. ഉന്നതമേഖലയുമായി താദാത്മ്യം പ്രാപിക്കുന്നതിന്‌ ശരീരം നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളാണിതൊക്കെ.

ആരോഹണം തുടങ്ങി 6-10 മണിക്കൂറിനുള്ളിൽ പ്രകടമാകുന്ന ലഘുലക്ഷണങ്ങള്‍ സാധാരണഗതിയിൽ 1-2 ദിവസത്തിനുള്ളിൽ കുറയാറുണ്ട്‌. പർവതാരോഹണം നടത്തുന്നവരും മറ്റും വളരെ ഉയർന്ന കൊടുമുടിയിലെത്തുന്നതിനു മുമ്പ്‌ ഘട്ടംഘട്ടമായി വിശ്രമം എടുക്കുക തുടങ്ങി പല മുന്‍കരുതലുകളും കൈക്കൊള്ളേണ്ടതുണ്ട്‌. എന്നാൽ ഉയർന്ന മേഖലകളിൽ ദീർഘകാലം വസിക്കേണ്ടിവരുന്ന ആളുകളിൽ ചുവന്ന രക്താണുക്കളുടെ എച്ചത്തിൽ വർധനവ്‌ തുടങ്ങിയ പല അനുകൂലനങ്ങളും സ്വാഭാവികമായി വികസിതമാകാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍