This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരുത്തിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:55, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എരുത്തിൽ

കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള പുര. കാലിപ്പുര, കാലിത്തൊഴുത്ത്‌, തൊഴുവം, തൊഴുത്ത്‌, തൊഴുത്തിൽ എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. എരുത്‌ എന്ന പദത്തിനർഥം കാള, മൂരി എന്നൊക്കെയാണ്‌. കന്നുകാലി വർഗത്തെ മൊത്തത്തിൽ എരുത്‌ എന്നു വിളിക്കാറുണ്ട്‌. എരുത്‌, ഇല്ലം എന്നീ പദങ്ങള്‍ കൂട്ടിച്ചേർത്ത്‌ "കാലികളുടെ പുര' എന്ന അർഥത്തിൽ ഉണ്ടായ എരുതില്ലം ലോപിച്ചുണ്ടായാതാവണം ഇന്നത്തെ എരുത്തിൽ. വാസഗൃഹങ്ങളുടെ ഉപഗൃഹമായി നിർമിക്കാറുള്ള തൊഴുത്ത്‌ അഥവാ എരുത്തിൽ പല വിധത്തിലും അളവിലും നിർമിക്കാം. വാസഗൃഹം നില്‌ക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ നിർദിഷ്‌ടമായ ഭാഗത്തുമാത്രമേ എരുത്തിൽ നിർമിക്കാവൂ എന്ന്‌ തച്ചുശാസ്‌ത്രവിധിയുണ്ട്‌. അതനുസരിച്ച്‌ വാസഗൃഹത്തിന്റെ സ്ഥാനം, വലുപ്പം, പുരയിടത്തിന്റെ വിസ്‌തൃതി, കന്നുകാലികളുടെ എണ്ണം ഇവയെല്ലാം കണക്കാക്കിയാണ്‌ എരുത്തിൽ നിർമിക്കുക.

എരുത്തിൽ

കാളത്തൊഴുത്തും പശുത്തൊഴുത്തും പ്രത്യേകം പ്രത്യേകം ഉണ്ടാക്കണം എന്നും വിധിയുണ്ട്‌. എന്നാൽ ഉഴുന്നതിനും വണ്ടിവലിക്കുന്നതിനും മറ്റും കാളയെ പുലർത്തുന്ന ഗൃഹങ്ങളിൽ മാത്രമേ കാളത്തൊഴുത്തിന്റെ ആവശ്യം നേരിടുന്നുള്ളൂ. കന്നിന്‍ തൊഴുത്തിന്റെ കാര്യവും അതുപോലെതന്നെ. എന്നാൽ മിക്ക കേരളീയ ഗൃഹങ്ങളിലും പശുക്കളെ പുലർത്തുന്നതുകൊണ്ട്‌ പശുത്തൊഴുത്ത്‌ (എരുത്തിൽ) പൊതുവേ എല്ലാ ഭവനങ്ങളോടും ചേർന്ന്‌ കാണാവുന്നതാണ്‌. മേൽക്കൂട്‌, ഉറച്ചതറ, പശുവിനെയോ കാളയെയോ കന്നിനെയോ കെട്ടുന്ന കാളക്കാലുകള്‍, പുൽക്കൂട്‌ എന്നിവയെല്ലാം ചേർന്ന പുരയാണ്‌ എരുത്തിൽ. എരുത്തിലിനോടു ചേർന്ന്‌ ഒരു വശത്തായി ചാണകം ശേഖരിക്കുന്നതിനുള്ള ചാണകക്കുഴി(വളപ്പുര)യും ഉണ്ടായിരിക്കും. എരുത്തിലിന്റെ തറ പിന്നിലേക്കു ചരിഞ്ഞതും വളക്കുഴിയിലേക്കു പോകുന്ന ഓവുചാലോടു കൂടിയതുമായിരിക്കും. എരുത്തിലിൽ കെട്ടുന്ന മൃഗങ്ങളുടെ മൂത്രം തറയിൽ കെട്ടിനില്‌ക്കാതെ ഒഴുകിപ്പോകുന്നതിന്‌ ഓവുചാലിലേക്ക്‌ ചരിഞ്ഞുപോകുന്ന തറ ഉപകരിക്കുന്നു. എരുത്തിലിന്റെ തറയിൽ ഈർപ്പം തങ്ങി നില്‌ക്കാതെ സൂക്ഷിക്കേണ്ടത്‌ അതിൽ കെട്ടുന്ന മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്‌ അത്യന്താപേക്ഷിതമാണ്‌.

(ഡോ.വി.എസ്‌. ശർമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍