This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂതോണ്‍, ജോർജസ്‌ (1755 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:13, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂതോണ്‍, ജോർജസ്‌ (1755 - 94)

Couthon, Georges

ജോർജസ്‌ കൂതോണ്‍

പതിനെട്ടാം ശതകത്തിന്റെ അന്ത്യഘട്ടത്തിൽ ഫ്രാന്‍സിൽ ജീവിച്ചിരുന്ന ഒരു തീവ്രദേശീയവാദി. ഫ്രാന്‍സിലെ ഓർസറ്റിൽ ജനിച്ചു. 1789-ലെ ഫ്രഞ്ചു വിപ്ലവം ഫ്രാന്‍സിനെ ഒട്ടാകെ പ്രകമ്പനം കൊള്ളിച്ച കാലഘട്ടത്തിൽ ഒരു കടുത്ത ദേശീയവാദിയായി കൂതോണ്‍ പരക്കെ അറിയപ്പെട്ടിരുന്നു. വിപ്ലവം പൊട്ടിപ്പുറപ്പെട്ട വേളയിൽ കൂതോണ്‍ ഒരു അഭിഭാഷകനായി പ്രവർത്തിക്കുകയായിരുന്നു. ആദ്യം നാഷണൽ അസംബ്ലിയിലെ അംഗവൈകല്യമുള്ള മിതവാദിയായ ഒരംഗം എന്ന നിലയ്‌ക്കാണ്‌ ഇദ്ദേഹം ജനശ്രദ്ധ പിടിച്ചെടുത്തത്‌. അക്കാലത്ത്‌ ഫ്രാന്‍സിലെ പൗരോഹിത്യത്തിനും രാജവാഴ്‌ചയ്‌ക്കും എതിരായി കൂതോണ്‍ രൂക്ഷമായി വിമർശനം നടത്തി. 1793-ൽ തീവ്രവാദികളുടെ കക്ഷിയിൽ കൂതോണ്‍ ഒരംഗമായി ചേർന്നു.

ഫ്രാന്‍സിലെ രാഷ്‌ട്രീയകാര്യങ്ങളിൽ താരതമ്യേന മിതത്വം പാലിച്ചിരുന്ന ജിറോന്‍ഡിസ്റ്റുകളുടെ നേർക്ക്‌ കൂതോണ്‍ കടന്നാക്രമണം നടത്തി. രാജവാഴ്‌ചയെയും പ്രഭുക്കന്മാരുടെ മേൽക്കോയ്‌മയെയും തകർക്കുവാന്‍ എല്ലാ ഉത്‌പതിഷ്‌ണുക്കളും തയ്യാറാകണമെന്ന്‌ കൂതോണ്‍ ആവശ്യപ്പെട്ടു. വിപ്ലവപ്രസ്ഥാനത്തെ തകർക്കുവാന്‍ പ്രതിലോമവാദികള്‍ നടത്തിയിരുന്ന നീക്കങ്ങളെ അതിസൂക്ഷ്‌മമായി നിരീക്ഷിച്ച്‌ അവർക്ക്‌ എതിരായി സൈനികനടപടികള്‍ എടുക്കുവാന്‍ ഇദ്ദേഹം നിയോഗിക്കപ്പെട്ടു. ഏറെ താമസിയാതെ തീവ്രവാദികള്‍ രൂപംകൊടുത്ത പൊതുസംരക്ഷണ കമ്മിറ്റിയിലെ ഒരംഗമായിത്തീർന്ന കൂതോണ്‍ അക്കാലത്ത്‌ പുതിയ ഭരണസംവിധാനത്തിനെതിരായി ലിയോണ്‍സ്‌ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപം അമർച്ച ചെയ്‌തു. അവസാനം ഫ്രഞ്ച്‌ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തമായ മൂന്നംഗഭരണസമിതിയിലെ (triumvirate)ഒരംഗമായി കൂതോണ്‍ നിയമിതനായി. അക്കാലത്ത്‌ ഇംഗ്ലണ്ടിലെ ഭരണവർഗം ഫ്രഞ്ചുവിപ്ലവപ്രസ്ഥാനത്തെ നേരിടാന്‍ അവലംബിച്ച ഭരണപരവും നിയമപരവുമായ നടപടികളെ ഇദ്ദേഹം കഠിനമായി അപലപിച്ചു.

ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ ഫ്രഞ്ച്‌ ജനതയുടെ അമർഷത്തിന്‌ ഇദ്ദേഹം ഇരയായി. നിർദോഷികളായ നിരവധി ഫ്രഞ്ചുപൗരന്മാരെ കൊലക്കളത്തിലേക്ക്‌ അയച്ച റോബസ്‌പിയർ പ്രഭൃതികളെ വധിക്കുവാന്‍ പുതിയ ഭരണസമിതി തീരുമാനം എടുത്തു. തത്‌ഫലമായി റോബസ്‌പിയർ, സെയ്‌ന്റ്‌ ജസ്റ്റ്‌ എന്നീ തീവ്രവാദിനേതാക്കന്മാരോടൊപ്പം കൂതോണും വധിക്കപ്പെട്ടു (1794).

(പ്രാഫ. ലോറന്‍സ്‌ ലോപ്പസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍