This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂടൽമാണിക്യക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:07, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂടൽമാണിക്യക്ഷേത്രം

കൂടൽമാണിക്യക്ഷേത്രം

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള പ്രസിദ്ധക്ഷേത്രം. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ 10 കി.മീ. അകലെ മണവാളശ്ശേരി വില്ലേജിലാണ്‌ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

ശ്രീരാമസഹോദരനായ ഭരതനെയാണ്‌ ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌; ബിംബം വളരെ വലുതാണ്‌.

ഐതിഹ്യപ്രകാരം വാക്കയിൽ കയ്‌മള്‍ക്ക്‌ സമുദ്രതീരത്തിൽനിന്ന്‌ ലഭിച്ച മൂന്നു വിഗ്രഹങ്ങളിൽ ഒന്നാണ്‌ മാണിക്യക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ഒരിക്കൽ ആ ബിംബത്തിന്മേൽ പ്രകാശമാനമായ ഒരു തേജസ്സ്‌ ജ്വലിച്ചുകണ്ടു. അതൊരു മാണിക്യക്കല്ലാണെന്ന്‌ ഭക്തന്മാർ സംശയിച്ചു. ഇതിന്റെ വിശുദ്ധി പരീക്ഷിച്ചറിയാന്‍ മറ്റൊരു മാണിക്യക്കല്ല്‌ എവിടെനിന്നെങ്കിലും സമ്പാദിക്കുവാനുളള ശ്രമമായി. കായംകുളം രാജാവിന്റെ കൈയിൽ ഒരു മാണിക്യക്കല്ലുണ്ടെന്ന്‌ അറിവുകിട്ടി. ക്ഷേത്രഭാരവാഹികള്‍ കായംകുളം രാജാവിനെ സമീപിച്ച്‌ രത്‌നം സമ്പാദിച്ചു. ആ രത്‌നം ബിംബത്തിനുമേൽവച്ച്‌ മാറ്റ്‌ പരിശോധിക്കുവാന്‍ തുടങ്ങിയപ്പോള്‍ അടർത്തിയെടുക്കാന്‍ നിർവാഹമില്ലാത്തവിധത്തിൽ ബിംബത്തിലെ മാണിക്യക്കല്ലുമായി അത്‌ ഒട്ടിപ്പിടിച്ചു എന്നാണ്‌ വിശ്വാസം. ഇങ്ങനെയാണ്‌ മാണിക്യക്ഷേത്രം "കൂടൽമാണിക്യ ക്ഷേത്രം' (മാണിക്യം കൂടിച്ചേർന്ന) ആയത്‌. കൂടലിനെ സംസ്‌കൃതത്തിലെ സംഗമമാക്കി കൂടൽദേവനെ സംഗമേശ്വരനായും തദ്ദേശത്തെ സംഗമദേശമായും സംസ്‌കൃത കൃതികളിൽ പരാമർശിച്ചുകാണുന്നു. കൊല്ലവർഷം 517-ൽ (എ.ഡി. 1342) ആണ്‌ ഈ സംഭവം നടന്നതെന്ന്‌ കരുതപ്പെടുന്നു. അതിനുശേഷം കായംകുളം രാജാവിനും ഈ ക്ഷേത്രത്തിൽ അർധാവകാശം കിട്ടി. ക്ഷേത്രജീർണോദ്ധാരണപ്പണികളുടെ മേല്‌നോട്ടത്തിനായി കായംകുളം രാജാവ്‌ "തച്ചുടയകയ്‌മള്‍' എന്ന സ്ഥാനപ്പേരോടെ ഒരാളെ നിയോഗിച്ചു. തുടർന്ന്‌ കൊല്ലവർഷം 903 വരെ പല കയ്‌മള്‍മാരും ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ കായംകുളം രാജാവിന്റെ ആജ്ഞാനുവർത്തികളായി ഭരണം നടത്തി. കായംകുളം വേണാടിൽ ലയിച്ചപ്പോള്‍ "കയ്‌മള്‍ അവരോധ'ത്തിന്റെ രീതി മാറി. പിന്നീട്‌ കൊച്ചിയും തിരുവിതാംകൂറും തമ്മിൽ ഇക്കാര്യത്തിൽ തർക്കം നടന്നു. 1901-ൽ തീരുമാനമുണ്ടായി. അതനുസരിച്ച്‌ തച്ചുടയ കയ്‌മളെ വാഴിക്കാനുള്ള അധികാരം തിരുവിതാംകൂറിനു ലഭിച്ചു. സംസ്ഥാന ഗവണ്‍മെന്റ്‌ നിയമിക്കുന്ന, തൃശൂർ കലക്‌ടർ ചെയർമാനായ ഒരു കമ്മിറ്റിയാണ്‌ ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്നത്‌.

കേരളീയ വാസ്‌തുശില്‌പത്തിന്റെ മധ്യകാല മാതൃകയിലാണ്‌ ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്‌. മനോഹരമായ ഒരു കൂത്തമ്പലവും ഇവിടെയുണ്ട്‌. വട്ടെഴുത്തിലും മലയാളത്തിലുമുള്ള ഏതാനും പ്രാചീന ശിലാരേഖകള്‍ ക്ഷേത്രത്തിൽ കാണുന്നു. "ഇരുങ്കാൽ കൂടൽ' എന്നാണ്‌ ക്ഷേത്രരേഖകളിൽ കാണുന്നത്‌. ഇത്‌ പിന്നീട്‌ ഇരുചാൽ കൂടലും ഇരിങ്ങാലക്കുടയും ആയതാവാം.

മറ്റു ക്ഷേത്രങ്ങളിൽ നിന്ന്‌ വ്യത്യസ്‌തമായി ഇവിടെ ദീപാരാധന പതിവില്ല. ദിനംതോറും മൂന്ന്‌ പൂജ മാത്രമാണ്‌ നടത്തുന്നത്‌. ഉത്സവസമയത്ത്‌ മാത്രമാണ്‌ ശീവേലി എഴുന്നള്ളത്ത്‌ നടക്കുന്നത്‌. മേടമാസത്തിൽ ഉത്രംനാളിൽ കൊടിയേറി തിരുവോണത്തിലെ ആറോട്ടോടുകൂടി അവസാനിക്കുന്ന ഉത്സവം കേരളത്തിലെ ക്ഷേത്രാത്സവങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ്‌.

ഇതൊരു പുരാതന ജൈനക്ഷേത്രമാണെന്നും ഇവിടത്തെ നഗ്നപ്രതിഷ്‌ഠ ദിഗംബര ജൈന (ഭരതേശ്വരന്‍)ന്റേതാണെന്നും കോമാട്ടിൽ അച്യുതമേനോന്‍ (പ്രാചീനകേരളം) അഭിപ്രായപ്പെടുന്നു. ശ്രാവണബെൽഗോലയിലെ ഭരതേശ്വരക്ഷേത്രംപോലെ ഇരുനിലയിലുള്ള ക്ഷേത്രമായതുകൊണ്ടാണ്‌ ഈ ക്ഷേത്രത്തിന്‌ കൂടൽമാണിക്യം എന്ന പേര്‌ വന്നതെന്നും ഇദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. നോ. ഇരിങ്ങാലക്കുട

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍