This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1864 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:49, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1864 - 1913)

കേരളീയ മഹാകവി. ""ഭാഷാസാഹിത്യത്തിന്റെ പരമമായ ഉത്‌ക്കർഷത്തിനുവേണ്ടി പ്രയത്‌നിച്ചിട്ടുള്ള മഹാകവികളിൽ അസാമാന്യമായ പല അമാനുഷകർമങ്ങളും ചെയ്‌തു കേരളീയരെ ആകമാനം ആശ്ചര്യപരതന്ത്രരും ആനന്ദതുന്ദിലരുമാക്കിയ ഒരു അവതാരപുരുഷന്‍ എന്നു കേരളസാഹിത്യചരിത്രകാരനായ ഉള്ളൂരിന്റെ പ്രകീർത്തനത്തിനു പാത്രീഭൂതനായ ഇദ്ദേഹം വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങല്ലൂർ കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുടെയും പുത്രനായി കൊല്ലവർഷം 1040 കന്നി 4-നു അശ്വതിനക്ഷത്രത്തിൽ ജനിച്ചു. "രാമവർമ' എന്നായിരുന്നു പേരെങ്കിലും കുഞ്ഞിക്കുട്ടന്‍ എന്ന ഓമനപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. മഹാകവിയും നല്ല ഫലിത രസികനുമായിരുന്ന അച്ഛന്‍, വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാട്‌, ജനനസമയം അടിയളന്നു നോക്കി "അ! കുട്ടിച്ചാത്തന്‍ തന്നെ' എന്നു നേരമ്പോക്കായി പറഞ്ഞുവത്ര. എല്ലാവരോടും ഇണങ്ങിപ്പോകുന്ന സ്വഭാവം ബാല്യകാലത്തിലേ ദൃശ്യമായിരുന്നു.

കുലാചാരമനുസരിച്ച്‌ വളപ്പിൽ ഉണ്ണിയാശാനാണ്‌ എഴുത്തിനിരുത്തിയത്‌. കുലഗുരുവായ അദ്ദേഹംതന്നെയായിരുന്നു ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചതും. ഏകദേശം ഏഴുവയസ്സായപ്പോള്‍ കാവ്യപാഠം ആരംഭിച്ചു. അമ്മാവനായ ഗോദവർമത്തമ്പുരാന്‍ ആയിരുന്നു ഗുരുനാഥന്‍. പ്രസിദ്ധവിദ്വാനും ഭാഷാകവിയുമായിരുന്ന അദ്ദേഹത്തിൽനിന്നാണ്‌ രഘുവംശം, മാഘം, നൈഷധം മുതലായ കാവ്യങ്ങള്‍ തമ്പുരാന്‍ പഠിച്ചത്‌. 1047-ൽ തന്നെ കവിത എഴുതിത്തുടങ്ങിയിരുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളിപ്പിന്‌ അച്ഛന്‍ നമ്പൂതിരി ഉള്‍പ്പെടുയുള്ള കവികള്‍ "മത്തകരിവരമസ്‌തകസ്ഥിതയായ' ഭഗവതിയെപ്പറ്റി ശ്ലോകങ്ങള്‍ ഉണ്ടാക്കുക പതിവായിരുന്നു. ആ കൊല്ലം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളിപ്പിന്‌ അച്ഛന്‍ മകനെക്കൊണ്ട്‌ ഒരു ശ്ലോകം ഉണ്ടാക്കിച്ചു. 1050 മുതൽ ഗോദവർമയുടെ കനിഷ്‌ഠസഹോദരനും കുംഭകോണം കൃഷ്‌ണശാസ്‌ത്രിയുടെ ശിഷ്യനും, പ്രസിദ്ധ വൈയാകരണനുമായിരുന്ന വിദ്വാന്‍ കുഞ്ഞിരാമവർമത്തമ്പുരാനിൽനിന്നു വ്യാകരണം പഠിച്ചു. പതിനാറു വയസ്സായപ്പോഴേക്ക്‌ സിദ്ധാന്തകൗമുദി, മനോരമ, പരിഭാഷേന്ദുശേഖരം, ശബ്‌ദേന്ദുശേഖരം എന്നിവയെല്ലാം ഹൃദിസ്ഥമാക്കി. ജ്യോത്സ്യന്‍ സുബ്രഹ്മണ്യശാസ്‌ത്രി (കുട്ടന്‍പട്ടർ)യും ചിറയ്‌ക്കൽ കോവിലകത്തെ രാമവർമത്തമ്പുരാനും സഹപാഠികള്‍ ആയിരുന്നു. വ്യാകരണത്തിനു പുറമേ കൊച്ചുണ്ണിത്തമ്പുരാന്റെ ജ്യേഷ്‌ഠനായ കൊടുങ്ങല്ലൂർ കുഞ്ഞന്‍തമ്പുരാനിൽനിന്നു തർക്കശാസ്‌ത്രവും തന്റെ മുത്തശ്ശിയായ കൊടുങ്ങല്ലൂർ കൊച്ചുതമ്പുരാട്ടിയിൽനിന്നും വലിയ കൊച്ചുണ്ണിത്തമ്പുരാനിൽനിന്നും ജ്യോതിഷവും പഠിച്ച്‌ അവയിൽ സാമാന്യജ്ഞാനം നേടി.

ഈ കാലത്തെല്ലാം കവിതയിൽ കണക്കിലധികം കമ്പവും വാസനയും പ്രദർശിപ്പിച്ചിരുന്നു. കവിതയിൽ പ്രധാനോപദേഷ്‌ടാക്കള്‍ വെണ്‍മണി അച്ഛനും മകനും കൊച്ചുണ്ണിത്തമ്പുരാനും ആയിരുന്നു. നാലഞ്ചുകൊല്ലത്തെ നിരന്തരവും നിഷ്‌കൃഷ്‌ടവുമായ പരിശീലനത്തിന്റെ ഫലമായി സംസ്‌കൃതത്തിലും മലയാളത്തിലും തുല്യമായ അനായാസതയോടെ കവനം ചെയ്‌വാനുള്ള വൈഭവം സ്വായത്തമാക്കി. പ്രകാശിതകൃതികളിൽ ആദ്യത്തേതെന്നു പറയേണ്ട കവിഭാരതത്തിന്റെ (കൊ.വ. 1062) രചനയോടു കൂടി അന്നത്തെ ഭാഷാകവികളുടെ പംക്തിയിൽ ഗണനീയമായ ഒരു സ്ഥാനത്തിന്‌ അവകാശിയായി. കൊല്ലവർഷം 1065-ൽ എഴുതിയ "ലക്ഷണാസംഗം' നാടകത്തിൽ

""നരപതി കുഞ്ഞിക്കുട്ടന്‍
സരസദ്രുത കവികിരീടമണിയല്ലോ''
 

എന്നു സ്വയം വിശേപ്പിച്ചത്‌ ഒരു ആത്മപ്രശംസയായി ആർക്കും തോന്നിയില്ല.

1065 മുതല്‌ക്കാണ്‌ കവിതയിൽ നിരന്തരം വിഹരിച്ചു തുടങ്ങിയത്‌. 1065 തുലാമാസത്തിൽ സി.പി. അച്യുതമേനോന്റെ ആധിപത്യത്തിൽ തൃശൂരിൽ നിന്നാരംഭിച്ച വിദ്യാവിനോദിനി മാസികയിലും ആയാണ്ട്‌ മീനത്തിൽ കോട്ടയത്തുനിന്നു കണ്ടത്തിൽ വറുഗീസ്‌മാപ്പിള പ്രസിദ്ധീകരിച്ചുതുടങ്ങിയ മലയാള മനോരമയിലും കവിതകളെഴുതി. 1078-ൽ കൊച്ചി അപ്പന്‍തമ്പുരാന്‍ ആരംഭിച്ച രസികരഞ്‌ജിനിയുടെ ആധിപത്യം വഹിച്ചു. 1084-ൽ നമ്പൂതിരിമാരുടെ ഉടമസ്ഥതയിൽ തൃശൂരിൽ നിന്നു പുറപ്പെട്ട മംഗളോദയം മാസികയ്‌ക്കും ഗദ്യപദ്യലേഖനങ്ങള്‍ സംഭാവനചെയ്‌തു. 1085 മുതൽ പി.വി. കൃഷ്‌ണവാരിയർ കോട്ടയ്‌ക്കൽനിന്നു കവനകൗമുദി പ്രശസ്‌തമായ രീതിയിൽ നടത്തിപ്പോന്നത്‌ ഇദ്ദേഹത്തിന്റെ പിന്‍ബലം കൊണ്ടാണ്‌.

സമകാലിക സാഹിത്യകാരന്മാരെല്ലാവരുമായി ഇടപഴകി കേരളത്തിലങ്ങോളമിങ്ങോളം ചുറ്റിയടിക്കുക ഒരു രസമായിരുന്നു ഇദ്ദേഹത്തിന്‌. നിത്യസഞ്ചാരി ആയിരുന്നതിനാൽ "പകിരി' എന്നൊരു സംജ്ഞാന്തരം കൂടി ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ചെല്ലുന്ന സ്ഥലങ്ങളിൽ പഴയ ഗ്രന്ഥപ്പുരകളുണ്ടെങ്കിൽ അവ പരിശോധിക്കുന്നതിൽ സവിശേഷമായ ഉത്സാഹം കാണിച്ചിരുന്ന ഇദ്ദേഹം ഇത്തരമൊരു പരിശോധനയിൽ പി.വി.കൃഷ്‌ണവാരിയരുടെ ഭവനത്തിൽനിന്നു കണ്ടെടുത്ത ഒരു അമൂല്യഗ്രന്ഥമാണ്‌ ലീലാതിലകം. പഴയ ഐതിഹ്യങ്ങള്‍ ശേഖരിക്കുന്നതിലും അവയെ കവിതയിലാക്കി ശാശ്വതീകരിക്കുന്നതിലും വലിയ താത്‌പര്യം ഉണ്ടായിരുന്നു. അമ്പാടി നാരായണപ്പൊതുവാള്‍ ഇദ്ദേഹത്തെപ്പറ്റി "തലനിറച്ചു കുടുമ, ഉള്ളു നിറച്ചു പഴമ, ഒച്ചപ്പെടാത്ത വാക്ക്‌, പുച്ഛംകലരാത്ത നോക്ക്‌, നനുത്ത മെയ്യ്‌, കനത്ത ബുദ്ധി, നാടൊക്കെ വീട്‌, നാട്ടുകാരൊക്കെ വീട്ടുകാര്‌' എന്നു പ്രസ്‌താവിച്ചതു സ്‌മരണാർഹമാണ്‌.

രണ്ടര ദശകകാലത്തെ ഇദ്ദേഹത്തിന്റെ അക്ഷീണ സപര്യമുഖേന കേരളസാഹിത്യത്തിനു കൈവന്ന നേട്ടം അതിബൃഹത്താണ്‌. സംസ്‌കൃതത്തിലും ഭാഷയിലുമായി കാഴ്‌ചവയ്‌ക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളുടെ പരിമാണം ആരെയും അദ്‌ഭുതാധീനരാക്കും. സംസ്‌കൃതകൃതികളിൽ ജരാസന്ധവധം, കിരാതാർജുനീയം, സുഭദ്രാഹരണം, ദശകുമാരചരിതം എന്നീ വ്യായോഗങ്ങളും; ബഭ്രുവാഹനവിജയം, ശ്രീശങ്കരഗുരുചരിതം എന്നീ ഖണ്ഡകാവ്യങ്ങളും; ആര്യാശതകം, സ്വയംവരമന്ത്രാക്ഷരമാല, കിരാതരുദ്രസ്‌തവം എന്നീ സ്‌തോത്രകൃതികളും പ്രസ്‌താവം അർഹിക്കുന്നു. ഇവയിൽ പലതും ഇദ്ദേഹത്തിന്റെ ഉത്സാഹത്തിൽ വളർന്നുവന്ന കോട്ടയ്‌ക്കൽ "ഗീർവാണീസഭ'യുടെ ആവശ്യം പ്രമാണിച്ചെഴുതിയതാണ്‌. ഇവയ്‌ക്കു പുറമേ ചില ലഘുകൃതികളും ഒട്ടേറെ കത്തുകളും ഉണ്ട്‌. സംസ്‌കൃതകവനത്തിന്റെ മാതൃക കാണിക്കാന്‍ കിരാതാർജുനീയവ്യായോഗത്തിൽ നിന്ന്‌ ഒരു പദ്യം ഉദ്ധരിക്കുന്നു. കപടകിരാതന്‍ ശിവനെ പുച്ഛിച്ചുപറയുമ്പോള്‍ തപസ്വിയായ അർജുനന്‍ ചൊടിക്കുന്നതാണ്‌ സന്ദർഭം.

""കാംസ്‌കാന്‍ ജല്‌പസി? സർവലോകവപുഷോ
	ദേവസ്യ ഗൗരീപതേർ-
	ദോഷാൽ നിർഭയമേവ ഗാണ്ഡിവഭൃതോ
	വീരസ്യസംശൃണ്വതഃ
	ഏഷ ത്വാം ശരഭിന്ന വർഷ്‌മവിഗള-
	ദ്രക്താക്ത പൃഥ്വീതലം
	പ്രത്യംഗം പരിഖണ്ഡയന്‍ പല ഭുജാം
	ഭോജ്യം കരോത്യർജുനഃ''
 

(ഗാണ്ഡീവധാരിയും വീരനുമായ ഞാന്‍ കേട്ടുകൊണ്ടിരിക്കവെ, സർവലോകശരീരനും ഗൗരീപതിയുമായ ദേവന്റെ ഏതേതു ദോഷങ്ങളെയാണ്‌ നീ ജല്‌പിക്കുന്നത്‌? ഈ അർജുനന്‍ ഓരോ അംഗവും ശരംകൊണ്ടു പിളർന്ന ശരീരത്തിൽനിന്ന്‌ ഒഴുകുന്ന രക്തംകൊണ്ടു നനയ്‌ക്കപ്പെട്ട ഭൂതലത്തോടൂകൂടിയതാക്കി ഖണ്ഡിച്ചു മാംസഭുക്കുക്കള്‍ക്ക്‌ ഭക്ഷ്യമാക്കും).

ഭാഷാകൃതികളെ സ്വതന്ത്രങ്ങള്‍, വിവർത്തനങ്ങള്‍ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഇവയിൽ ആദ്യത്തേത്‌ കാവ്യങ്ങള്‍, രൂപകങ്ങള്‍, ഗാഥകള്‍, ശാസ്‌ത്രഗ്രന്ഥങ്ങള്‍ എന്നിങ്ങനെ നാല്‌ അവാന്തരവിഭാഗങ്ങളിൽപ്പെടുന്നു.

കാവ്യങ്ങളിൽ കവിഭാരതം (1062), അംബോപദേശം, ദക്ഷയാഗശതകം (1065), ഗല്ലഭാഷ (1066), മദിരാശിയാത്ര (1066), പാലുള്ളിചരിതം (1067), തുപ്പൽകോളാമ്പി (1068), ഹംസസന്ദേശം (1072), കംസന്‍, കൃതിരത്‌നപഞ്ചകം, കേരളം ഒന്നാംഭാഗം (1087) എന്നിവയാണ്‌ മുഖ്യം; രൂപകങ്ങളിൽ ലക്ഷണാസംഗം (1065), നളചരിതം, ചന്ദ്രിക, സന്താനഗോപാലം (1066), സീതാസ്വയംവരം, ഗംഗാവതരണം (1067), ശ്രീമാനവിക്രമവിജയം (1074) എന്നിവയും പ്രധാനപ്പെട്ട ഗാഥകള്‍ പാനയായും പാട്ടായും ഒരു ഡസനിലധികം വരും. കരപ്പന്‍, മലയാള ശബ്‌ദശാസ്‌ത്രം, ശബ്‌ദാലങ്കാരം എന്നിവയാണു ശാസ്‌ത്രഗ്രന്ഥങ്ങളിൽ സ്‌മരണാർഹമായിട്ടുള്ളവ.

മേല്‌പറഞ്ഞ കൃതികളിൽ സ്യമന്തകം, നളചരിതം, സന്താനഗോപാലം, സീതാസ്വയംവരം, ഗംഗാവതരണം എന്നീ നാടകങ്ങളും ദക്ഷയാഗശതകം, തുപ്പൽക്കോളാമ്പി എന്നീ കാവ്യങ്ങളും സമയം മുന്‍കൂട്ടി നിശ്ചയിച്ച്‌ അതിനുള്ളിൽ എഴുതിത്തീർത്ത ദ്രുതകവനങ്ങളാണ്‌. ഏതാനും മണിക്കൂറുകള്‍ക്കുള്ളിൽ പറഞ്ഞുകൊടുത്തെഴുതിച്ച ദക്ഷയാഗശതകം ഇങ്ങനെ തുടങ്ങുന്നു.

""സന്‍മാർഗക്കാതലാകും ശിവനുടെ ചരിതത്തിങ്കലിന്നേ	 കദേശം
	ഞാന്‍ മാനം നേടുവാനായ്‌ സകുതുകമധുനാ 							ചൊല്ലുവാന്‍ നല്ലവണ്ണം
	ചെമ്മേ വാശിക്കുലേശം കുറവുകള്‍ കലരായ്‌വാനി 							ദാനീം മുദാ നീ
	ബ്രഹ്മാവേ! ചൊല്ലി വിട്ടീടുക മകളെ മടിക്കാതെ 							മന്നാവിൽ മേവാന്‍''
 

1067 വൃശ്ചികം 13-ാം തീയതി കോട്ടയത്തു കവിസമാജത്തോടനുബന്ധിച്ചു നടന്ന നാടകരചനാമത്സരപ്പരീക്ഷയിൽ അഞ്ചു മണിക്കൂറും എട്ടു മിനിട്ടും കൊണ്ടു മുഴുമിക്കപ്പെട്ട്‌ ഒന്നാം സമ്മാനത്തിനർഹമായിത്തീർന്ന നാടകമാണ്‌ "ഗംഗാവതരണം'. തമ്പുരാന്‍ പറഞ്ഞുകൊടുത്തു കൂനേഴത്തു പരമേശ്വരമേനോനെക്കൊണ്ട്‌ എഴുതിച്ച ഈ കൃതിയിൽ 101 ശ്ലോകങ്ങളും ഇടയ്‌ക്കിടെ ആവശ്യമുള്ള ഗദ്യവും അടങ്ങിയിരിക്കുന്നു. രചനാപ്രക്രിയ അടുത്തുനിന്നു കണ്ട പി.കെ. കൊച്ചീപ്പന്‍ തരകന്‍ അതേപ്പറ്റി ഇപ്രകാരമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌-""കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ ആളു മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂർത്ത മുഖത്തെ വീർത്തുരുണ്ട കണ്ണുകള്‍ രണ്ടു രക്തപിണ്ഡങ്ങളായി. ആ ഉഗ്രമൂർത്തി കണ്ണടച്ച്‌ അല്‌പനേരം ധ്യാനിച്ചിരുന്നു. അടുത്തിരുന്ന കൂനേഴത്തു പരമേശ്വരമേനോനോട്‌ എഴുതിക്കൊള്ളുന്നതിനാജ്ഞാപിച്ചു. പിന്നത്തെ കഥകള്‍ ഞാന്‍ എന്താണു പറയേണ്ടത്‌. അദ്ദേഹത്തിന്റെ പരദേവതയായ കൊടുങ്ങല്ലൂർ ഭദ്രകാളി അദ്ദേഹത്തിൽ ആവേശിച്ചു എന്നാണ്‌ പരമേശ്വരമേനോന്‍ എന്നോടു പറഞ്ഞത്‌. എന്നെപ്പോല പലരും ഭ്രമിച്ചുവശായി. പരീക്ഷയിൽ ചേർന്നിരുന്ന മറ്റൊരു കവിയായ പെരുന്നെല്ലി കൃഷ്‌ണന്‍വൈദ്യരും ആകർഷകമായ സ്വന്തം കൈപ്പടയിൽ 102 പദ്യങ്ങളോടുകൂടി കൃതി പൂർത്തിയാക്കി കൃത്യസമയത്തിന്‌ ഉത്തരക്കടലാസ്‌ ഏല്‌പിച്ചുവെങ്കിലും പ്രശംസാപത്രം മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.

കവിയുടെ നർമബോധത്തിനും രസികത്വത്തിനും നിദർശനമായ ഒരു കൃതിയാണ്‌ തുപ്പൽക്കോളാമ്പി. കിളിക്കോട്ടു കുടുംബത്തിലെ ധൂർത്തയായ ഒരു സ്‌ത്രീയെ അവളുടെ ഭർത്താവായ നമ്പൂതിരി ജാരനോടുകൂടി കണ്ടപ്പോള്‍ തത്‌കാലോദിതമായ ക്ഷോഭത്തിൽ, കട്ടിലിനടുത്തു മുറുക്കിത്തുപ്പി നിറച്ചുവച്ചിരുന്ന കോളാമ്പി അവളുടെ തലയിൽ കമഴ്‌ത്തുന്നതും, തുടർന്നുണ്ടാകുന്ന അനർഥങ്ങളുമാണ്‌ ഇതിലെ പ്രതിപാദ്യം. ഒരു രാത്രികൊണ്ടെഴുതിയതാണീ കൃതിയെങ്കിലും പദ്യങ്ങള്‍ പൊതുവേ രസകരമാണ്‌. നമ്പൂതിരിയുടെ കോപപ്രകടനം വർണിക്കുന്ന പദ്യം നോക്കുക.

""ഇപ്പച്ചപ്പേച്ചുരയ്‌ക്കുന്നതു ശഠഹൃദയേ നല്ല 
			സാമർഥ്യമുള്ളി-
	ത്തുപ്പന്‍ നമ്പൂരിയോടോ? മതിമതിയറിയും 
				നിന്നെ ഞാന്‍ പണ്ടുതന്നെ
	ഇപ്പോള്‍ കാട്ടിത്തരാമെന്നവളുടെ തലയിൽ
			തത്‌ക്ഷണം ചെയ്‌തു വിപ്രന്‍
	തുപ്പൽക്കോളാമ്പികൊണ്ടിട്ടരിയൊരു കുലടാരാജ്യ 
				പട്ടാഭിഷേകം''
 

സുപ്രസിദ്ധമായ കവിരാമായണ യുദ്ധത്തിനു കാരണഭൂതമായ കൃതിയെന്ന നിലയിൽ സ്‌മരണീയമാണ്‌ കവിഭാരതം. കവികളെ ഭാരതകഥാപാത്രങ്ങളോടുപമിച്ച്‌ ഒരുവക വിലയിരുത്തൽ നടത്തുന്ന ഈ കൃതിയിൽ കൊച്ചുണ്ണിത്തമ്പുരാന്‍, വലിയകോയിത്തമ്പുരാന്‍, വെണ്‍മണി അച്ഛന്‍നമ്പൂരി മുതലായവർക്ക്‌ അർജുനന്‍, ഭീമസേനന്‍, ഹനുമാന്‍ ഇത്യാദി ഇതിഹാസനായകന്മാരുടെ സ്ഥാനങ്ങള്‍ യഥാക്രമം കല്‌പിച്ചുകൊടുത്തു. പ്രസിദ്ധരായ പല തെക്കന്‍ കവികളുടെയും അവർണകവികളുടെയും പേരുകള്‍ വിട്ടുകളഞ്ഞിരുന്നു. ഈ കൃതി പരിഷ്‌കരിക്കാന്‍ പോകുന്നുവെന്നൊരു വിജ്ഞാപനം മനോരമയിൽ (1068) പ്രസിദ്ധപ്പെടുത്തിയപ്പോള്‍, അതിൽ വെളുത്തേരി കേശവന്‍ വൈദ്യർ, പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യർ, ശ്രീനാരായണഗുരു എന്നിങ്ങനെ ചില ഈഴവ കവികളുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന്‌ അന്നൊരു ഉത്തിഷ്‌ഠമാന യുവകവിയായിരുന്ന മൂലൂർ എസ്‌. പദ്‌മനാഭപ്പണിക്കർ തമ്പുരാനോട്‌ അഭ്യർഥിക്കുകയും അക്കാര്യം പരിഗണിക്കാമെന്നു തമ്പുരാന്‍ സൂചിപ്പിക്കുകയും ചെയ്‌തെങ്കിലും പുറത്തുവന്ന പുസ്‌തകത്തിൽ ഒരു ഈഴവ കവിയുടെയും പേരുണ്ടായിരുന്നില്ല. അഭിമാനിയായ മൂലൂർ കവിഭാരതത്തിനു ബദലായി ഒരു കവിരാമായണം എഴുതി പകരം വീട്ടി. അതേപ്പറ്റി

""കണ്ടേന്‍ കവിരാമായണ-
	മുണ്ടേതാണ്ടിതിനു കവനസാമർഥ്യം
	കണ്ടേടം കൊണ്ടു നമു-
	ക്കുണ്ടേ ബോധ്യം വരാത്ത വിഷയങ്ങള്‍''
 

എന്നാണ്‌ തമ്പുരാന്‍ അഭിപ്രായം പ്രകടിപ്പിച്ചത്‌. ആ "ബോധ്യം വരാത്ത വിഷയങ്ങളി'ൽ ഒന്ന്‌ "ശ്രീരാമായണ വജ്രഹാരമണിയായീടും ഹനുമാന്റെ പേർ', "കൊച്ചുകവി'യായ പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യർക്കു കൊടുത്തതാണ്‌.

""അക്കൃഷ്‌ണ നാമ ഗദഹാരി തുലോം ചെറുപ്പം
	കൈക്കൊണ്ടാരാക്കുറവു പാരമിരിക്കകൊണ്ടോ
ഇക്കണ്ട സിംഹളകുലത്തിലുദിക്കകൊണ്ടോ-
	ചൊൽക്കൊണ്ട മാരുതി പദത്തിനർഹനായി?''
 

എന്ന്‌ മൂലൂർ ചോദിച്ചു. തുടർന്ന്‌ രണ്ടുപേരും തമ്മിൽ ഒരു വാക്‌സമരവും ബലപരീക്ഷണവും നടന്നു. ഒടുവിൽ തമ്പുരാന്‍ സമരരംഗത്തുനിന്നു പിന്‍മാറി. എന്നാൽ അദ്ദേഹത്തിന്റെ പാർശ്വക്കാരായ ചില കവിമല്ലന്മാർ ഹനുമാന്‍, ഭദ്രകാളി ഇത്യാദി വ്യാജനാമങ്ങളുമായി രംഗപ്രവേശം ചെയ്‌തു. ഈ മായാരണത്തിന്റെ അനാശാസ്യഗതി കണ്ടു തമ്പുരാന്‍ സാമവാദിയായി ഇടപെട്ടു:

""അയ്യോ കഷ്‌ടം ഹനുമാനൊരു വനചരനോ
					ജാംബവാനെന്നിവണ്ണം
	പൊയ്യോടും പേരുമാറ്റിപ്പുനരിവർ കലഹിച്ചിട്ടു 
						മല്ലിട്ടിടുന്നു?
	ഈയോരോയോഗ്യർ തമ്മിൽ തെറിപറയുകയാണിന്നു 						കച്ചോടമല്ലോ
	വയ്യോതാനേതുരാമായണമതിലിതുമട്ടീമഹാന്മാർ 
					പിണങ്ങീ?''
 

അങ്ങനെ തമ്പുരാന്‍ ആ അനാരോഗ്യകരമായ വാക്കലഹത്തിനു വിരാമമിട്ടു.

മുഖ്യമായും ഐതിഹ്യാശ്രിതമെങ്കിലും കേരളചരിത്ര പ്രതിപാദകമാകയാൽ തമ്പുരാന്റെ കാവ്യങ്ങളിൽവച്ചു വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌ കേരളം. 30 സർഗങ്ങള്‍കൊണ്ടു പൂർത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഈ കാവ്യത്തിന്റെ 11 സർഗങ്ങളേ രചിക്കാന്‍ കഴിഞ്ഞുള്ളൂ. അതിൽത്തന്നെ ആദ്യത്തെ അഞ്ച്‌ സർഗങ്ങളേ പുസ്‌തകരൂപത്തിൽ പുറത്തുവന്നിട്ടുള്ളൂ. കേരളപ്രതിഷ്‌ഠ, നമ്പൂതിരി, രാജ്യഭരണം, പെരുമാള്‍ ഭരണം, ഏറാട്ടുപെരുമ്പടപ്പു വാഴ്‌ച, കൂറുമത്സരം എന്നിവയാണ്‌ യഥാക്രമം ഈ സർഗങ്ങളിലെ പ്രതിപാദ്യം. ശങ്കരാചാര്യരുടെ ഒരു ചരിത്രസംക്ഷേപവും അഞ്ചാംസർഗത്തിൽ കൊടുത്തിട്ടുണ്ട്‌. മേൽ സൂചിപ്പിച്ച നാല്‌ ഉപവിഭാഗങ്ങളിൽപ്പെടാത്ത നിരവധി ഖണ്ഡകൃതികള്‍ തമ്പുരാന്‍ രചിച്ചിട്ടുണ്ട്‌. "കുലുക്കമില്ലാവൂർ (കുലുക്കല്ലൂർ) ഗൃഹം', "എരുവയിൽ അച്യുതവാരിയർ', "ഒരു ചരിത്രകഥ', "ഒടി' തുടങ്ങിയ ആഖ്യാനകവിതകളും; "ഒരു സായങ്കാലം', "കാലടി' മുതലായ വർണനാത്മകങ്ങളും ചിന്താബന്ധുരങ്ങളുമായ കവിതകളും'; "പരശുരാമാഷ്‌ടകം', "ദേവീഭുജംഗസ്‌തോത്രം' മുതലായ സ്‌തോത്രങ്ങളും ഈ വിഭാഗത്തിൽപ്പെടും. കവിയുടെ ഫലിതപ്രവണതയ്‌ക്ക്‌ ഉദാഹരണമാണ്‌ "എരുവയിൽ അച്യുതവാരിയർ' എന്ന കവിതയിൽനിന്നും താഴെ കൊടുത്തിരിക്കുന്ന പദ്യം. കഥാനായകനായ വാരിയരുടെ പുറകേ ദുരമൂർത്തിപോലെ കൂടിയിരിക്കുന്ന ഒരു പട്ടരുടെ വാക്കുകളാണ്‌ ഇതിലുള്ളത്‌.

""നോക്കുന്‌റപോതു യശമാനർകള്‍ പോലിരുക്ക-
	റാക്കും മകാങ്കള്‍ ദയവാണ്ടവരിങ്കെ നീങ്കള്‍
	നേക്കും തുണൈക്കുറതു ഞായ'മിവണ്ണമോരോ
	വാക്കും പറഞ്ഞു കിഴവന്‍ ബഹുസേവ കൂടി!''
 

ശാസ്‌ത്രഗ്രന്ഥങ്ങളിൽ മലയാളശബ്‌ദശാസ്‌ത്രം കൊച്ചുണ്ണിത്തമ്പുരാന്റെ പുരസ്‌കർത്താവായിരുന്ന കൊച്ചി ഇളയതമ്പുരാനും കുഞ്ഞുരാമവർമന്‍ തമ്പുരാനും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ചേർന്നെഴുതിയതാണ്‌. 16 പ്രകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥത്തിന്റെ ഒടുവിലത്തെ 6 പ്രകരണങ്ങളുടെ കർത്തൃത്വമാണ്‌ കഥാപുരുഷനുള്ളത്‌. ഭാഷാഭൂഷണത്തിലെ ശബ്‌ദാലങ്കാരപ്രകരണം അപര്യാപ്‌തമെന്നു തോന്നുകയാൽ ആ കുറവു പരിഹരിക്കാന്‍ വേണ്ടി നിർമിച്ചതാണ്‌ ശബ്‌ദാലങ്കാരം. വിവിധരീതിയിലുള്ള യമകങ്ങള്‍, അനുപ്രാസങ്ങള്‍ മുതലായവയ്‌ക്ക്‌ ഇതിൽ ഉദാഹരണങ്ങള്‍ കൊടുത്തിരിക്കുന്നു. സ്വതന്ത്രകൃതികള്‍ കൊണ്ടുമാത്രമല്ല, അന്യഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങള്‍കൊണ്ടും മലയാളസാഹിത്യത്തെ പോഷിപ്പിക്കാന്‍ അവിശ്രമം പരിശ്രമിച്ചു എന്നതാണ്‌ തമ്പുരാന്‍ ചെയ്‌ത ഏറ്റവും മഹത്തായ സേവനം. ശ്രീമദ്‌ ഭാഗവതം (ചതുർഥസ്‌കന്ധം വരെ), ഹരിശ്ചന്ദ്രാപാഖ്യാനം (1083), കാദംബരീകഥാസാരം, ശങ്കരാചാര്യചരിതം, ശുകസന്ദേശം (1078), കോകിലസന്ദേശം, ഭാരതമഞ്‌ജരി (1078), ശ്രീസ്‌തുതി, വിക്രമോർവശീയം (1067), ആശ്ചര്യചൂഡാമണി, ചന്ദ്രികാവീഥി, അഭിജ്ഞാനശാകുന്തളം, ഹാംലെറ്റ്‌, ഒഥല്ലോ (അപൂർണം) എന്നിവ ഇദ്ദേഹത്തിന്റെ വിവർത്തന സംഭാവനകളിൽ ഉള്‍പ്പെടുന്നു. തനിക്കു നല്ല പിടിപാടില്ലാത്ത ഇംഗ്ലീഷിൽനിന്നു രണ്ടു ഷെയ്‌ക്‌സ്‌പിയർ നാടകങ്ങള്‍ വിവർത്തനം ചെയ്‌തത്‌ പരസഹായത്തോടെയാണ്‌. "ഏ. രാമച്ചന്‍ നെടുങ്ങാടിയെ വലിയ സഹായത്തിനായ്‌ വച്ചമാന്തം ചേരാതേ വേലചെയ്‌തിട്ടുപചിതകുതുകം രണ്ടു മാസത്തിനുള്ളിൽ' പരിഭാഷപ്പെടുത്തിയെടുത്തതാണ്‌ ഹാംലെറ്റ്‌. വിവർത്തനശ്രമം സ്വയം ചെയ്യുക മാത്രമല്ല മറ്റു കവികളെ പ്രരിപ്പിച്ചു ചെയ്യിക്കാനും ഇദ്ദേഹം ഉത്സാഹിച്ചിരുന്നു എന്ന്‌,

 
""വല്ലെങ്കിലും നാടക, മൊന്നെടുക്കൂ
	തെല്ലെങ്കിലും തർജുമ ചെയ്‌തു നോക്കൂ
ഇല്ലം കുലുങ്ങില്ലതുകൊണ്ടുഹേ! ന-
	ന്നല്ലെങ്കിലപ്പോള്‍ കളയാം നമുക്കും''
 

എന്ന്‌ നടുവത്തച്ഛന്‍ നമ്പൂതിരിയോടു ചെയ്‌ത അഭ്യർഥന വ്യക്തമാക്കുന്നു.

എല്ലാ പരിഭാഷായത്‌നങ്ങള്‍ക്കും മകുടം ചാർത്തുന്ന അദ്‌ഭുതയത്‌നം തമ്പുരാന്‍ ചെയ്‌ത മഹാഭാരതപരിഭാഷയാണ്‌. പതിനെട്ടു പർവങ്ങളിലായി രണ്ടായിരം അധ്യായങ്ങളും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളും ഉള്‍ക്കൊള്ളുന്നതും പാരാവാരംപോലെ പരന്നുകിടക്കുന്നതുമായ മഹാഭാരതം പരിഭാഷപ്പെടുത്തുക അതിദുഷ്‌കരമാണ്‌. 1066-ൽ ഭാരതം കിളിപ്പാട്ടായി അഞ്ചുകൊല്ലം കൊണ്ടു തർജുമ ചെയ്‌വാന്‍ ഒരു പദ്ധതി സി.പി. അച്യുതമേനോന്റെയും ചാത്തുക്കുട്ടി മന്നാടിയാരുടെയും ആഭിമുഖ്യത്തിൽ ആവിഷ്‌കൃതമായെങ്കിലും അതു ഫലവത്തായില്ല. എന്നാൽ പിന്നെ ആ കൃത്യം സ്വയം നിർവഹിക്കുക എന്നാണ്‌ തമ്പുരാന്‍ തീരുമാനിച്ചത്‌. ഒരു അമാനുഷികമായ സാഹസികത തന്നെയായിരുന്നു ആ തീരുമാനം. എഴുതി പൂർത്തിയാക്കാന്‍ വ്യാസമുനിക്കു മൂന്നുകൊല്ലം വേണ്ടിവന്നു എന്നു പറയപ്പെടുന്ന ഈ ഇതിഹാസത്തിന്റെ പരിഭാഷ വെറും 874 ദിവസംകൊണ്ടു തമ്പുരാന്‍ നിർവഹിച്ചു. തർജുമയുടെ ലാഘവം കാണിക്കാന്‍ ഒരു പദ്യം മാത്രം ഉദ്ധരിക്കുന്നു.

മൂലം: 	""ധർമക്ഷേത്ര കുരുക്ഷേത്ര
	സമവേതാ യുയുത്സവ:
	മാമകാ: പാണ്ഡവാശ്ചൈവ
	കിമകുർവത സഞ്‌ജയ?''
തർജുമ:	""ധർമക്ഷേത്രം കുരുക്ഷേത്രം
	പുക്കുപോരിന്നൊരുങ്ങിയോർ
	എന്‍കൂട്ടരും പാണ്ഡവരു-
	മെന്തേ ചെയ്‌തതു സഞ്‌ജയ?''
 

മഹാഭാരതം തർജുമ ചെയ്‌തു കഴിഞ്ഞപ്പോള്‍ "പതിനെട്ടു പുരാണവും നമുക്കിസ്ഥിതിയിൽ ഭാഷയിലാക്കി വിട്ടിടേണം' എന്നായി ആഗ്രഹം. ഇതു സംബന്ധിച്ചു കൊട്ടാരത്തിൽ ശങ്കുണ്ണിക്കയച്ച കത്തിലെ രണ്ടുമൂന്നു പദ്യങ്ങള്‍ താഴെക്കൊടുക്കുന്നു.

""പതിനെട്ടു പുരാണവും തുടങ്ങാ-
	മതിനൊട്ടല്ല കണക്കു നാലു ലക്ഷം;
	അതിസാഹസമാണിതിന്നൊരാള്‍ ഞാന്‍
	മുതിരുന്നാകിൽ മുടിക്കുവാന്‍ പ്രയാസം.
	പല സൽക്കവിവര്യരൊത്തുകൂടി-
	പ്പലനാള്‍ വേലയെടുക്കിലങ്ങൊടുക്കം
	ഫലവത്തരമാം പെരുത്തു പുണ്യം
	ഫല, മെന്നല്ലറിവും ഹൃദിസ്ഥമാക്കാം.
	ആരും തുണയ്‌ക്കില്ലിതിനെന്നു വന്നാൽ
	ചേരുംവിധം ഞാന്‍ കഴിയുന്നപോലെ
	താരുണ്യഗർവാൽ പറയുന്നതല്ല
	നേരുള്ളതോതാം പടുവേല ചെയ്യും.''
 

തന്റെ ഈ ആഗ്രഹം ഉദ്ദേശിച്ചതുപോലെ സഫലമായില്ല.

ഇതിഹാസ പുരുഷന്മാരുടെ ജീവിതകഥ ഗദ്യരൂപത്തിൽ എഴുതുന്നതിനുള്ള ഒരു പദ്ധതി ആലോചിച്ച്‌ അതിൽ സഹകരിക്കാന്‍ പലരോടും അഭ്യർഥിച്ചു. ശ്രീരാമന്‍, ലക്ഷ്‌മണന്‍, സുയോധനന്‍ എന്നിവരെപ്പറ്റി എഴുതാന്‍ നിയോഗിക്കപ്പെട്ടവർ യഥാക്രമം വലിയ കോയിത്തമ്പുരാനും വള്ളത്തോള്‍ നാരായണമേനോനും എം. രാജരാജവർമയുമാണ്‌. എന്നാൽ രാജരാജവർമയുടെ സുയോധനന്‍ മാത്രമേ പ്രസിദ്ധീകൃതമായുള്ളൂ.

ഗദ്യരചനയിലും ഇദ്ദേഹം വൈഭവം കാണിച്ചു തുടങ്ങിയത്‌ രസികരഞ്‌ജിനിയുടെ ആധിപത്യം കൈയേറ്റതിൽ പിന്നെയാണ്‌. "പ്രസന്ന പ്രൗഢസരസപ്രസംഗങ്ങള്‍' കൊണ്ട്‌ അത്‌ അലംകൃതമായിരിക്കണമെന്ന്‌ ഇദ്ദേഹത്തിന്‌ നിർബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തെപ്പോലെ കേരളചരിത്ര സംബന്ധമായ ഗവേഷണങ്ങളിൽ താത്‌പര്യം കാണിച്ചിട്ടുള്ളവർ വളരെ കുറവാണ്‌. പ്രസന്നകോമളമായ ഒരു ഭാഷാശൈലി ഇദ്ദേഹത്തിനു വശഗമായിരുന്നു. ""തമ്പുരാന്‍ മലയാളത്തിനു നല്‌കിയ ഏറ്റവും മഹത്തായ സംഭാവന കൊടുങ്ങല്ലൂർ ശൈലി എന്നു പ്രസിദ്ധമായ ആ ഭാഷാശൈലിയാണ്‌ എന്ന്‌ പ്രാഫ. മുണ്ടശ്ശേരി അഭിപ്രായപ്പെട്ടുകാണുന്നു (ബുദ്ധിമാന്മാർ ജീവിക്കുന്നു). ശീവൊള്ളി, വെണ്‍മണിക്കവികള്‍, ഒറവങ്കര മുതലായവർ ആ ശൈലിയുടെ വളർച്ചയ്‌ക്കു സഹായിച്ചവരാണെങ്കിലും അതിന്റെ പ്രതിഷ്‌ഠാപകന്‍ ഇദ്ദേഹമാണ്‌. മലയാളഭാഷയുടെ "ജീനിയസ്‌' അറിഞ്ഞ്‌ ജീവസുറ്റ ഭാഷാപദങ്ങള്‍ ഇത്ര ധാരാളമായി പ്രയോഗിച്ചിട്ടുള്ള മറ്റൊരു കവി കുഞ്ചന്‍നമ്പ്യാർക്കു ശേഷം ഉണ്ടായിട്ടില്ല.

""നമുക്കെഴുത്തച്ഛനെടുത്ത ഭാഷാ-
	ക്രമക്കണക്കേ ശരണം; ജനങ്ങള്‍
	സമസ്‌തരും സമ്മതിയാതെ കണ്ടി-
	സ്സമർഥനോതില്ലൊരു വാക്കുപോലും''
 

എന്ന്‌ ഇദ്ദേഹം ഒരവസരത്തിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയെ ഉദ്‌ബോധിപ്പിച്ചു. എഴുത്തുകളിലെ ശൈലി എഴുത്തച്ഛന്റെതിനെക്കാള്‍ എത്രയോ ലളിതമധുരമാണ്‌. കൊട്ടാരത്തിൽ ശങ്കുണ്ണിയോട്‌ കുചേലവൃത്തം അയച്ചുകൊടുക്കാന്‍ ഒരെഴുത്തിൽ ആവശ്യപ്പെടുന്നതു നോക്കുക:

"മധുസൂദനവിജയം' ഞാന്‍
	മധുസൂദനനാണ തരണമെന്നാകിൽ
	ചിതമൊടു "കുചേലവൃത്തം'
	ചതികരുതീടാതിനി അയയ്‌ക്കേണം'.
 

വിസ്‌മയാവഹമാണ്‌ ഇദ്ദേഹത്തിന്റെ പദകുബേരത്വം. ഒരിക്കൽ ആശ്ചര്യചൂഡാമണിയിലെ "അശങ്കിതാ ശിഥിലയ പാണ്ഡുധൂസരം' എന്നു തുടങ്ങുന്ന ശ്ലോകത്തിനു "മെച്ചമറ്റഥ കുറച്ചു ധൂളി പതറിച്ചുവന്നു' എന്നിങ്ങനെയുള്ള പരിഭാഷ പര്യാപ്‌തമായില്ലെന്നു പി.വി. കൃഷ്‌ണവാരിയർ അഭിപ്രായപ്പെട്ടപ്പോള്‍ ആ പദ്യം തന്നെ വേറെ 20 പ്രകാരത്തിൽ 20 ഭിന്നവൃത്തങ്ങളിൽ, ഒരിക്കൽ പ്രയോഗിച്ച പദം വീണ്ടും പ്രയോഗിക്കാതെ, പരിഭാഷപ്പെടുത്തിക്കാണിച്ചു കൊടുത്തത്ര. സംസ്‌കൃതപദങ്ങള്‍ നിശ്ശേഷം പരിവർജിച്ച്‌ തനിഭാഷാപദങ്ങള്‍ മാത്രം ഉപയോഗിച്ചു പദ്യങ്ങള്‍ ചമയ്‌ക്കുന്ന പച്ച മലയാളം എന്ന കാവ്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ തമ്പുരാനാണ്‌. 1066-ൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ച "നല്ല ഭാഷ'യാണ്‌ ഈ ജാതിയിൽപ്പെട്ട ആദ്യകൃതി. അനന്തരം.

""കൊടിയ വിരുതുകൂടും പങ്കുവാപ്പെണ്‍കിടാവെ
	ക്കുടിയെഴുമൊരു വീട്ടിൽ കൂട്ടിയേല്‌പിച്ചുപോന്നു
	ഒടിയരുടെ കടുപ്പം കേട്ടറിഞ്ഞേറ്റരിഞ്ഞ-
	പ്പടിയവരെ മുടിച്ചൂ മുഷ്‌കനാം താച്ചുനായർ''
 

എന്ന പദ്യത്തിൽ അവസാനിക്കുന്ന "ഒടി' എന്നൊരു കൊച്ചുകവിതയും രചിച്ചിട്ടുണ്ട്‌.

ആയുഷ്‌കാലം മുഴുവന്‍ സാഹിത്യൈകശരണനായും, ഭാഷാപോഷണത്തിനു സമർപ്പിതമതിയായും വർത്തിച്ച്‌ വരുന്ന തലമുറകള്‍ക്കെല്ലാം ആരാധ്യപുരുഷനായിത്തീർന്നു. 1913 ജനു. 22-ന്‌ 48-ാമത്തെ വയസ്സിൽ നിര്യാതനായി.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍