This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീചകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:06, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കീചകന്‍

ഒരു പുരാണ കഥാപാത്രം. മഹാഭാരതം വിരാടപർവത്തിൽ മത്സ്യരാജാവായ വിരാടന്റെ സ്യാലനും സേനാപതിയും ആയ കീചകന്റെ കഥ വിസ്‌തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌. ബലവാനും ശൂരനുമായ സുയോധനനുപോലും കീചകനെ ഭയമായിരുന്നു. സൂതരാജാവായ കേകയന്‌ മാളവി എന്ന രാജ്ഞിയിൽ കീചകനും അനുജന്മാരായി നൂറ്റിയഞ്ചുപേരും (ഉപകീചകന്മാർ) സുദേഷ്‌ണ എന്ന മകളും ജനിച്ചു. "കാലകേയന്മാർ' എന്ന അസുരന്മാരിൽ പ്രമുഖനായ ബാണന്റെ അംശത്തിൽനിന്നും ജന്മം നേടിയവരാണ്‌ കീചകനും ഉപകീചകന്മാരും എന്ന്‌ ഐതിഹ്യമുണ്ട്‌ (മഹാഭാരതം-ദാക്ഷിണാത്യപാഠം). സുദേഷ്‌ണ മാത്സ്യന്റെ പത്‌നിയായതു മുതൽ കീചകനും സഹോദരന്മാരും വിരാടരാജ്യത്തുതന്നെ താമസമാക്കി. കീചകന്‍ ത്രിഗർത്താധിപതിയായ സുശർമാവിനെ പലപ്പോഴും യുദ്ധത്തിൽ തോല്‌പിച്ചിട്ടുണ്ട്‌ (മഹാഭാരതം വിരാടപർവം).

ചൂതിൽ തോറ്റ പാണ്ഡവന്മാർ വനവാസം കഴിഞ്ഞ്‌ അജ്ഞാതവാസക്കാലം വിരാടരാജധാനിയിൽ കഴിച്ചുകൂട്ടി. അന്നു ദ്രൗപദി "മാലിനി' എന്ന പേരിൽ അവിടെ സൈരന്ധ്രിയായിക്കഴിഞ്ഞു. മാലിനിയുടെ സൗന്ദര്യം കണ്ടു ഭ്രമിച്ച കീചകന്‍ സുദേഷ്‌ണയുടെ സഹായത്തോടുകൂടി അവളുടെ ചാരിത്യ്രം ഭഞ്‌ജിക്കാന്‍ ഒരുമ്പെട്ടു. മാലിനി വിവരം അവിടെ "വലല'നായി കഴിയുന്ന ഭീമസേനനെ ഗ്രഹിപ്പിച്ചു. ഭീമന്റെ നിർദേശപ്രകാരം "സങ്കേത'മായ ആട്ടപ്പന്തലിൽ യഥാവസരം ചെല്ലുന്നതിനു മാലിനി കീചകനെ ക്ഷണിക്കുകയും വേഷം മാറി കിടന്നിരുന്ന ഭീമന്‍ അവിടെവച്ചു കീചകനെ ഞെരിച്ചുകൊല്ലുകയും ചെയ്‌തു. വിവരമറിഞ്ഞ കൗരവർ "ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമന്‍തന്നെ' എന്നു ചിന്തിച്ചു പാണ്ഡവരെ വിരാടരാജ്യത്തുവച്ച്‌ കണ്ടുപിടിക്കാമെന്നു വ്യാമോഹിച്ചു. ഉപകീചകന്മാർ കീചകന്റെ ശവം ദഹിപ്പിക്കാന്‍ ചുടുകാട്ടിലേക്കു പോയപ്പോള്‍ കീചകമരണത്തിനു ഹേതുഭൂതയായ മാലിനിയെ പിടികൂടി ബലാത്‌കാരേണ കൊണ്ടുപോയി. അർധരാത്രിയിൽ പാഞ്ചാലിയുടെ കരച്ചിൽ കേട്ട്‌ ഓടിയെത്തിയ ഭീമന്‍ ശ്‌മശാനത്തിൽ ചെന്നു നൂറ്റിയഞ്ചു ഉപകീചകന്മാരെയും കൊന്നു പാഞ്ചാലിയെ രക്ഷിച്ചു (മഹാഭാരതം-വിരാടപർവം). ഈ കഥ ഇതിവൃത്തമായി സ്വീകരിച്ചുകൊണ്ട്‌ കീചകവധം എന്ന പേരിൽ പ്രസിദ്ധമായ ഒരു ആട്ടക്കഥയും (ഇരയിമ്മന്‍ തമ്പി) അതേ പേരിൽ ഒരു കഥകളിപ്പാട്ടും (അജ്ഞാത കർത്തൃകം) ഒരു തിരുവാതിരപ്പാട്ടും (സി.എസ്‌.സുബ്രഹ്മണ്യന്‍ പോറ്റി) മലയാളസാഹിത്യത്തിൽ വിരചിതമായിട്ടുണ്ട്‌.

(മുതുകുളം ശ്രീധർ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%80%E0%B4%9A%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍