This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗര്‍ത്തല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗര്‍ത്തല
ത്രിപുര സംസ്ഥാനത്തിന്റെ തലസ്ഥാനനഗരം. വെസ്റ്റ് ത്രിപുര ജില്ലയുടെ ആസ്ഥാനവും അഗര്‍ത്തലയാണ്. അഗര്‍ത്തലയുടെ പ. ബംഗ്ളാദേശ് സ്ഥിതി ചെയ്യുന്നു. ത്രിപുര ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതിന് മുന്‍പ് ദീര്‍ഘകാലം ഇവിടം ഭരിച്ച മഹാരാജ രാധാകൃഷ്ണ കിഷോര്‍ മാണിക്യബഹുദൂറാണ് 1850-ല്‍ തലസ്ഥാനം അഗര്‍ത്തലയിലേക്ക് മാറ്റിയത്. നഗരത്തിന്റെ തെ.വ. സമാന്തരമായി സ്ഥിതി ചെയ്യുന്ന മലനിരകള്‍ ഈ പ്രദേശത്തെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള സുഗമമായ സമ്പര്‍ക്കത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. മുന്‍പ് ഗതാഗത സൌകര്യങ്ങള്‍ ദുര്‍ലഭമായിരുന്നെങ്കിലും ഇപ്പോള്‍ യാത്രാസൌകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. നഗരത്തിന് 10 കി.മീ. വ. സ്ഥിതി ചെയ്യുന്ന അഗര്‍ത്തല വിമാനത്താവളത്തില്‍നിന്നും കൊല്‍ക്കത്തയിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. നഗരത്തില്‍നിന്നും 200 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ധര്‍മനഗറാണ് ഏറ്റവും അടുത്ത റെയില്‍ ജങ്ഷന്‍. ഇപ്പോള്‍ അഗര്‍ത്തലയില്‍നിന്നും കൊല്‍ക്കത്ത, ധര്‍മനഗര്‍, ഗുവാഹത്തി, സില്‍ച്ചാണ്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ബസ് സര്‍വീസുമുണ്ട്.
ത്രിപുരയുടെ ഔദ്യോഗിക ഭാഷകളായ ബംഗാളിയും കൊക്ബരാകുമാണ് അഗര്‍ത്തലയിലെ മുഖ്യ വ്യവഹാര ഭാഷകള്‍. മണിപ്പുരിയും പ്രചാരത്തിലുണ്ട്. കൊല്‍ക്കത്ത സര്‍വകലാശാലയുടെ കീഴിലുളള ഒരു ഒന്നാം ഗ്രേഡ് കോളജും അഗര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്നു.
പ്രധാനമായും ഒരു കാര്‍ഷിക - വിപണന കേന്ദ്രമാണ് അഗര്‍ത്തല. നഗരത്തിനുചുറ്റുമുള്ള താഴ്വര പ്രദേശങ്ങളില്‍ നെല്ല്, പരുത്തി, ചണം, എണ്ണക്കുരുക്കള്‍, തേയില എന്നിവ സമൃദ്ധമായി കൃഷി ചെയ്യുന്നു. വനവിഭവങ്ങള്‍ക്കു പുറമേ ചിത്രപ്പണികളോടുകൂടിയ കൈത്തറിത്തുണികളും ഇവിടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
1901-ല്‍ മാണിക്യ ബഹദൂര്‍ പാശ്ചാത്യമുഗള്‍ മാതൃകകള്‍ സമന്വയിപ്പിച്ചു നിര്‍മിച്ച ഉജ്ജയന്താ കൊട്ടാരമാണ് അഗര്‍ത്തലയുടെ മുഖ്യ ആകര്‍ഷണ കേന്ദ്രം. ഈ കൊട്ടാരത്തിലാണ് ഇപ്പോള്‍ സംസ്ഥാന നിയമനിര്‍മാണ സഭ പ്രവര്‍ത്തിക്കുന്നത്. എച്ച്.ജി.ബി. റോഡാണ് നഗരത്തിലെ പ്രധാന കച്ചവടതെരുവ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന് 5 കി.മീ. കി. മാറി സ്ഥിതി ചെയ്യുന്ന പുരാതന അഗര്‍ത്തല പട്ടണവും, ഇവിടത്തെ 14 ദേവിമാരുടെ പ്രതിഷ്ഠയുള്ള ഹൈന്ദവക്ഷേത്രവുമാണ് മറ്റൊരാകര്‍ഷണം. ഈ ക്ഷേത്രത്തില്‍ ജൂലായില്‍ നടക്കുന്ന കര്‍ച്ചിപൂജയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി പതിനായിരങ്ങള്‍ പങ്കെടുക്കുന്നു. എയര്‍പോര്‍ട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരത്തിലെ ബര്‍മീസ് ശൈലിയിലുള്ള ബുദ്ധവിഗ്രഹവും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.