This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാള്‍ഡ്‌വെൽ, റോബർട്ട്‌ (1814 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:41, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാള്‍ഡ്‌വെൽ, റോബർട്ട്‌ (1814 - 91)

Caldwell, Robert

ദ്രാവിഡഭാഷാപണ്ഡിതനും ചരിത്രകാരനും ക്രിസ്‌തുമതപ്രചാരകനുമായിരുന്ന ഐറിഷുകാരന്‍. റൈറ്റ്‌ റവറന്റ്‌ ബിഷപ്പ്‌ ഡോക്‌ടർ റോബർട്ട്‌ കാള്‍ഡ്‌വെൽ എന്നാണ്‌ പൂർണനാമം. അയർലണ്ടിലെ ഗ്ലാഡി നദീതീരത്തുള്ള ഒരു ഗ്രാമത്തിൽ 1814-ൽ ജനിച്ചു. ഡ്‌ബ്‌ളിന്‍ നഗരത്തിലെ ഫൈന്‍ ആർട്‌സ്‌ കോളജിൽ ചേർന്നു ചിത്രരചന അഭ്യസിച്ചശേഷം ക്രിസ്‌തുമതപ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എൽ.എം.എസ്‌.)യുടെ സഹായത്തോടെ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ കോളജിൽ ചേർന്നു പഠിച്ചു. എൽ.എം.എസ്സിന്റെ നിർദേശാനുസരണം ക്രിസ്‌തു മതപ്രചരണത്തിനായി 1838-ൽ ഇന്ത്യയിലെത്തിയ ഇദ്ദേഹം 1841 വരെ മദ്രാസിൽ താമസിക്കുകയും മതപ്രചരണാർഥം തമിഴ്‌ഭാഷ അഭ്യസിക്കുകയും ചെയ്‌തു. തമിഴ്‌നാട്‌ മുഴുവന്‍ കാൽനടയായി ചുറ്റിസഞ്ചരിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ തിരുനെൽവേലി ജില്ലയിലെ ഇടയന്‍കുടിയിൽ എത്തി മതപ്രചരണ പ്രവർത്തനങ്ങളുമായി കഴിച്ചുകൂട്ടി. അക്കാലത്ത്‌ തമിഴ്‌ ഭാഷയിൽ ഉറച്ച പാണ്ഡിത്യം നേടിയതിനുപുറമേ മലയാളം, തെലുഗു, കന്നഡ എന്നീ ദ്രാവിഡഭാഷകള്‍ പഠിക്കുകയും ചെയ്‌തു. ദക്ഷിണേന്ത്യന്‍ ഭാഷാഗോത്രബന്ധം ശരിക്കും ഗ്രഹിക്കാന്‍ കഴിഞ്ഞ ഇദ്ദേഹം എ കംപാരറ്റീവ്‌ ഗ്രാമർ ഒഫ്‌ ദ്‌ ദ്രവീഡിയന്‍ ഓർ സൗത്ത്‌ ഇന്ത്യന്‍ ഫാമിലി ഒഫ്‌ ലാങ്‌ഗ്വേജസ്‌ (ദ്രാവിഡ അഥവാ ദക്ഷിണേന്ത്യന്‍ ഭാഷാഗോത്രത്തിന്റെ ഒരു താരതമ്യാത്മക വ്യാകരണം) എന്ന കൃതി ഇംഗ്ലീഷിൽ രചിച്ചു. 1856-ൽ ഇംഗ്ലണ്ടിൽ ആയിരുന്നപ്പോഴാണ്‌ ഈ കൃതി പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത്‌.

ഇടയന്‍കുടിയിൽ തിരിച്ചെത്തിയ ഇദ്ദേഹം പതിനൊന്നുവർഷം കൊണ്ട്‌ ബൈബിള്‍ (തമിഴ്‌ വിവർത്തനം) പരിഷ്‌കരിച്ചു പ്രസിദ്ധപ്പെടുത്തി. പിന്നീട്‌ തമിഴിലെ സങ്കീർത്തനപുസ്‌തകവും പരിഷ്‌കരിച്ചു പ്രസിദ്ധീകരിച്ചു. 1874-ൽ വീണ്ടും ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്ത്‌ സമകാലികരായ വിവിധ ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സനിഷ്‌കർഷം വിശകലനം ചെയ്‌ത്‌ കംപാരറ്റീവ്‌ ഗ്രാമർ സമൂലം പരിഷ്‌കരിച്ചു. കാള്‍ഡ്‌വെലിന്റെ മതപ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട്‌ ഗ്ലാസ്‌ഗോ സർവകലാശാല ഇദ്ദേഹത്തിനു ഡോക്‌ടറേറ്റ്‌ ബിരുദവും നല്‌കി. വീണ്ടും ഇന്ത്യയിലെത്തിയ ഇദ്ദേഹത്തെ 1877-ൽ തിരുനെൽവേലിയിൽ ബിഷപ്പായി അവരോധിച്ചു. 1891 വരെ ഇദ്ദേഹം ആ സ്ഥാനം തുടർന്നു. അക്കാലത്ത്‌ ഇദ്ദേഹം തിരുനെൽവേലിയുടെ ചരിത്രം എന്ന കൃതി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. കൂടാതെ നൽകരുണൈ ധ്യാനമാലൈ, താമരൈ തടാകം എന്നീ തമിഴ്‌കൃതികളും രചിച്ചു. റോയൽ ഏഷ്യാറ്റിക്‌ സൊസൈറ്റിയിലും മദ്രാസ്‌ യൂണിവേഴ്‌സിറ്റി സെനറ്റിലും ഇദ്ദേഹം അംഗമായിരുന്നു. 1891 ജനു. 31-ന്‌ ബിഷപ്പുസ്ഥാനത്തുനിന്നു വിരമിച്ചശേഷം കൊഡൈക്കനാലിൽ വിശ്രമജീവിതം നയിച്ചു വന്ന ഇദ്ദേഹം 1891 ആഗ. 28-നു അന്തരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമംകൊണ്ട്‌ പണിത ഇടയന്‍കുടിപള്ളിയുടെ പരിസരത്തിൽത്തന്നെ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടം സംസ്‌കരിച്ചു. തമിഴ്‌ നാട്ടുകാർ ഇദ്ദേഹത്തെ കാള്‍ഡ്‌വെൽ അയ്യർ എന്ന്‌ ബഹുമാനപൂർവം വിളിച്ചുവന്നിരുന്നു. കംപാരറ്റീവ്‌ ഗ്രാമർ. ദ്രാവിഡഭാഷകളുടെ ശാസ്‌ത്രീയമായ പഠനത്തിനും വിശകലനത്തിനും ആദ്യമായി ഒരുമ്പെട്ട കാള്‍ഡ്‌വെലാണ്‌ ആ ഭാഷകള്‍ ഒരു ഗോത്രത്തിൽപ്പെടുന്നുവെന്നു തെളിയിച്ചുകൊണ്ട്‌ ആ ഭാഷാഗോത്രത്തിന്‌ ദ്രാവിഡഭാഷകള്‍ എന്നു പേരുനല്‌കിയത്‌. ഈ കൃതിയിൽ മലയാളഭാഷയെപ്പറ്റിയുള്ള പഠനത്തിന്‌ ഡോ. ഗുണ്ടർട്ടിന്റെ സഹായം സ്വീകരിച്ചിരുന്നുവെന്ന്‌ കാള്‍ഡ്‌വെൽ രണ്ടാംപതിപ്പിന്റെ അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1874 വരെ ലഭിച്ചിരുന്ന എല്ലാ വിവരങ്ങളും കാള്‍ഡ്‌വെൽ രണ്ടാംപതിപ്പിൽ ചേർത്തിട്ടുണ്ട്‌.

കാള്‍ഡ്‌വെലിന്റെ പുസ്‌തകരചനാകാലത്ത്‌ സംപുഷ്‌ടമായ ആറു ഭാഷകളും അസംപുഷ്‌ടമായ ആറുഭാഷകളും ഉള്‍പ്പെടെ പന്ത്രണ്ടു ദ്രാവിഡഭാഷകളെപ്പറ്റിയുള്ള വിവരം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ദ്രാവിഡഭാഷകളുടെ പഠനത്തിന്‌ ഇന്നും അടിസ്ഥാനവും ആധാരവും ഈ കൃതിതന്നെയാണ്‌.

കംപാരറ്റീവ്‌ ഗ്രാമറിന്റെ പൂർണമായ പരിഭാഷ തമിഴിലും, മലയാളത്തിലും (ദ്രാവിഡഭാഷാവ്യാകരണം 2 ഭാഗങ്ങള്‍, വിവ. ഡോ. എസ്‌.കെ. നായർ, 1973, 76) ലഭ്യമാണ്‌.

(പ്രാഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍