This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരി, ആര്‍തര്‍ ജോയ്‌സ്‌ (1888-1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:00, 28 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാരി, ആര്‍തര്‍ ജോയ്‌സ്‌ (1888-1957)

Cary, (Arthur) Joyce

ആർതർ ജോയ്‌സ്‌ കാരി

ഐറിഷ്‌ നോവലിസ്റ്റ്‌. 1888 ഡി. 7ന്‌ ലണ്ടന്‍ ഡെറിയില്‍ ജനിച്ചു. ചിത്രകാരനാകാന്‍ പാരിസിലും എഡിന്‍ബറോയിലും കുറേക്കാലം പരിശീലനം നടത്തിയെങ്കിലും പിന്നീട്‌ കാരി അത്‌ ഉപേക്ഷിക്കുകയാണുണ്ടായത്‌. ക്ലിഫ്‌റ്റണ്‍, ട്രിനിറ്റി എന്നീ കലാശാലകളില്‍ പഠിച്ചു ബിരുദം നേടിയ കാരി 1913ല്‍ നൈജീരിയയില്‍ പൊളിറ്റിക്കല്‍ സര്‍വീസില്‍ ഉദ്യോഗം സ്വീകരിച്ചു. യുദ്ധത്തില്‍ മുറിവേറ്റതിനെ(1920)ത്തുടര്‍ന്ന്‌ ഓക്‌സ്‌ഫഡിലെത്തി താമസമുറപ്പിക്കുകയും സാഹിത്യരചനയില്‍ മുഴുകുകയും ചെയ്‌തു.

പൊതുവായ അനാരോഗ്യവും ഭാഗികമായ തളര്‍വാതവും കാരിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെങ്കിലും അന്ത്യനാളുകളില്‍പ്പോലും ഇദ്ദേഹം സാഹിത്യരചനയില്‍ നിന്ന്‌ പിന്തിരിഞ്ഞിരുന്നില്ല. എഴുതാന്‍ വിരലുകള്‍ക്കു ശക്തിയില്ലായിരുന്നതിനാല്‍ തൂലിക വിരലുകള്‍ക്കിടയില്‍ വച്ചുകെട്ടിയാണ്‌ ഇദ്ദേഹം എഴുതിയിരുന്നത്‌. തന്റെ രചനാരീതിയെപ്പറ്റി കാരി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: ""മുന്‍കൂറായി ചിട്ടപ്പെടുത്തിവച്ച ഒരു പ്ലോട്ടിനെ അടിസ്ഥാനമാക്കി ഞാന്‍ ഒരിക്കലും എഴുതിയിട്ടില്ല. ഒരു ചിത്രമെന്നതുപോലെ ഒറ്റയടിക്കാണ്‌ നോവല്‍ എഴുതുന്നത്‌. കഥയുടെ ഏതുഭാഗത്തുനിന്നും എഴുതിത്തുടങ്ങാം. മധ്യത്തില്‍നിന്നോ അന്ത്യത്തില്‍നിന്നോ. എന്നാല്‍ ഒരു ദിവസം തന്നെ അന്ത്യത്തില്‍ നിന്ന്‌ ആദിയിലേക്കും അവിടെനിന്നു മധ്യത്തിലേക്കും പോകും.

ആദ്യത്തെ നോവലായ എയ്‌സ്‌സാ സേവ്‌ഡ്‌ (Aissa saved) 1932ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിന്റെ രചനയ്‌ക്ക്‌ ദീര്‍ഘകാലം വേണ്ടിവന്നു എന്ന്‌ കാരി വെളിപ്പെടുത്തിയിട്ടുണ്ട്‌. നൈജീരിയയിലെ ജീവിതാനുഭവമാണ്‌ ഈ നോവലിന്റെയും പിന്നീട്‌ എഴുതിയ ചില കൃതികളുടെയും പശ്ചാത്തലവും പ്രതിപാദ്യവും ഒരുക്കിയത്‌. ഇദ്ദേഹത്തിന്റെ ദ്‌ ഹൗസ്‌ ഒഫ്‌ ചില്‍ഡ്രന്‍ എന്ന നോവലിന്‌ ആണ്‌ 1941ലേക്കുള്ള ടെയ്‌റ്റ്‌ ബ്ലാക്ക്‌ മെമ്മോറിയല്‍ (Tait Black Memorial) സമ്മാനം നല്‌കപ്പെട്ടത്‌. മിസ്റ്റര്‍ ജോണ്‍സണ്‍ (1939), ദ്‌ ഹോഴ്‌സസ്‌ മൗത്ത്‌ (1944), നോട്ട്‌ ഓണര്‍ മോര്‍ (1955) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകള്‍. കൂടാതെ മാര്‍ച്ചിങ്‌ സോള്‍ജര്‍ (1945), ദ്‌ ഡ്രങ്കന്‍ സെയിലര്‍ എന്ന രണ്ടു പദ്യഗ്രന്ഥങ്ങളും ആര്‍ട്ട്‌ ആന്‍ഡ്‌ റിയാലിറ്റി എന്നൊരു നിരൂപണകൃതിയും കാരി രചിച്ചിട്ടുണ്ട്‌. ഇദ്ദേഹം 1957 മാ. 29നു ഓക്‌സ്‌ഫഡില്‍ വച്ച്‌ നിര്യാതനായി. മരണാനന്തരം ഇദ്ദേഹത്തിന്റെ ചെറുകഥകള്‍ സമാഹരിച്ച്‌ സ്‌പ്രിങ്‌ സോങ്‌ എന്ന പേരില്‍ (1960) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍