This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:58, 27 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇല

പരിണാമപരമായി വികാസം നേടിയിട്ടുള്ള ചെടികളിൽ, തണ്ടിന്റെ വശങ്ങളിലായി കാണപ്പെടുന്ന പരന്ന ഹരിതഭാഗം. ചെടിയിലെ പ്രകാശസംശ്ലേഷണം (Photosynthesis) നെടക്കുന്ന ഏറ്റവും പ്രധാനഭാഗം ഇതുതന്നെയാണ്‌. ഭൂമുഖത്ത്‌ ഭക്ഷ്യനിർമാണത്തിന്റെ പ്രാഥമികഘട്ടങ്ങള്‍ നിർവഹിക്കപ്പെടുന്നത്‌ ഇലകളിൽവെച്ചാണ്‌. ചെടികള്‍ക്കാവശ്യമായ ഭക്ഷണം ഇവ "പാകം' ചെയ്യുന്നു; ഈ ചെടികള്‍ ഭക്ഷിച്ച്‌ മറ്റു ജീവികള്‍ നിലനില്‌ക്കുന്നു. സസ്യശാസ്‌ത്രപരമായി തണ്ടിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്‌ ഇല. അഗ്രമുകുളത്തിൽ (apical bud) തണ്ടിന്റെ ടിഷ്യുക്കളോടൊപ്പംതന്നെ ഇലയുടെ പ്രാഥമിക കോശങ്ങളും കാണപ്പെടുന്നു. സാധാരണ ഇലകളിൽനിന്ന്‌ ബാഹ്യമായ വ്യത്യാസങ്ങളുള്ള പല സസ്യഭാഗങ്ങളും കാണാവുന്നതാണ്‌. ഇവ ഇലയുടെ വിശേഷവത്‌കൃതരൂപങ്ങള്‍ മാത്രമാകുന്നു. ഇവയും അഗ്രമുകുളത്തിൽനിന്നുതന്നെയാണ്‌ ജന്മമെടുക്കുന്നത്‌. ജാപ്പനീസ്‌ "ബാർബറി'ച്ചെടിയുടെ കൂർത്തമുള്ളുകളും, ശതാവരിച്ചെടിയുടെ (asparagus) തെണ്ടിലും ലില്ലിച്ചെടിയുടെ "ബള്‍ബി'ലും കാണുന്ന "ശല്‌ക്ക'ങ്ങളും ഇലയുടെ വിവിധരൂപങ്ങള്‍ തന്നെയാണ്‌. ദളം, വിദളം തുടങ്ങി പൂക്കളുടെ വിവിധഭാഗങ്ങള്‍പ്പോലും ഇലയുടെ വ്യത്യസ്‌തരൂപങ്ങളാണെന്നു വാദിച്ചിരുന്നവർ കുറവല്ല.

ബാഹ്യരൂപം. ആകൃതി, വലുപ്പം തുടങ്ങിയ മിക്ക കാര്യങ്ങളിലും ഒരേ വൃക്ഷത്തിന്റെ ഇലകളിൽത്തന്നെ പ്രകടമായ വ്യത്യാസം ഉണ്ടാകാം. വ്യത്യസ്‌ത സ്‌പീഷീസുകളിലെ ചെടികളുടെ ഇലകള്‍ തികച്ചും വ്യത്യസ്‌തങ്ങളായിരിക്കും. സാധാരണയായി എല്ലാ ഇലകള്‍ക്കും നേർത്തു പരന്ന്‌ പച്ചനിറത്തിലുള്ള "ലാമിന' എന്നൊരു ഭാഗമുണ്ട്‌. ഇത്‌ ഇലഞെട്ടു(petioleപത്രവൃന്തം)മൂലം ചെടിയുടെ തണ്ടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ചില മാംസളസസ്യങ്ങളിൽ (succulent plants)ഒരിലയ്‌ക്ക്‌ ഒന്നര സെ.മീ. വരെ കനമുണ്ടായിരിക്കുക പതിവാണ്‌ (ഉദാ. Century plants); മെറ്റു ചിലവയിലെ ഇലകള്‍ തിളങ്ങുന്ന നിറങ്ങളോടുകൂടിയവയായിരിക്കും. (ഉദാ. Poinsettia-യുടെ തളിരിനോടടുത്ത ഇലകള്‍); കള്ളിച്ചെടികളിൽ കാണുന്നതുപോലെ രൂപമെടുത്താലുടന്‍ കൊഴിഞ്ഞുപോകുന്ന ഇലകളും വിരളമല്ല. ഇത്തരം ചെടികളിൽ പച്ചത്തണ്ടുകളാണ്‌ ഭക്ഷണം പാകംചെയ്യുന്ന ജോലി നിർവഹിക്കുന്നത്‌. നിത്യഹരിതസസ്യങ്ങളിലെയും വൃക്ഷങ്ങളിലെയും പോലെ താരതമ്യേന കൂടുതൽ കാലം നിലനില്‌ക്കുന്ന ഇലകളും ധാരാളമുണ്ട്‌. പത്രവൃന്തങ്ങള്‍ ഉള്ളവയും ഇല്ലാത്തവയും എന്ന പ്രധാനമായ വ്യത്യാസം ഇലകള്‍ തമ്മിലുണ്ട്‌. പത്രവൃന്തങ്ങളും ഇലയുടെ ലാമിനയും തമ്മിൽ ബന്ധിച്ചിരിക്കുന്ന വിധത്തിലും, ഇലകള്‍ തണ്ടുമായി ചേരുന്ന രീതിയിലും ലാമിനയുടെ അഗ്രഭാഗം, അടിഭാഗം, വക്കുകള്‍, സിരാപടലം (venation) എന്നിവയുടെ ഘടനയിലുമെല്ലാം ഒരിനം മറ്റൊന്നിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നു.

പത്രവൃന്തമുള്ള ഒരിലയ്‌ക്ക്‌ വ്യക്തമായ ഒരു ഇലത്തണ്ടു കാണും; പത്രവൃന്തങ്ങളില്ലാത്തവയിലാകട്ടെ, ഇതു കാണുന്നില്ല. തൃണവർഗത്തിലെ പലയിനങ്ങളിലും ഇലയുടെ അടിഭാഗം ഏതാണ്ടു മധ്യംവരെ തണ്ടിനെ ചുറ്റിയാണു കാണപ്പെടുന്നത്‌. ഈ ഭാഗത്തെ ഇലപ്പോള (leaf sheath) എന്നു പറയുന്നു. തണ്ടിനെ ചുറ്റി വളരുന്ന ഇലയുടെ ഭാഗം തണ്ടിൽ ബലമായി ചുറ്റിപ്പിടിച്ചിട്ടില്ലെങ്കിൽ അതിനെ സ്‌തംഭവേഷ്‌ടി (perfoliate) എന്നു വിളിക്കുന്നു. പത്രവൃന്തത്തിന്‌ ഇരുപുറത്തുമായി ചെറിയ ഇലകള്‍പോലെ കാണപ്പെടുന്ന ഭാഗം ഉപപർണങ്ങള്‍ (stipules)എന്നാണ്‌ അറിയപ്പെടുന്നത്‌. ഉപപർണങ്ങള്‍ വളരെ അവ്യക്തങ്ങളും, വിരിഞ്ഞുകഴിഞ്ഞാൽ അധികം താമസിയാതെ കൊഴിഞ്ഞുപോകുന്നവയുമായിരിക്കും. (ഉദാ. ഓക്‌); ഇവ മുള്ളുപോലെയും കാണപ്പെടുന്നുണ്ട്‌ (ഉദാ. black locust); ചേിലപ്പോള്‍ വളരെ ചെറിയവയായിരിക്കാം (ഉദാ. റോസ്‌); അപൂർവമായി വളരെ വലുതും ഇലകള്‍ക്കു സഹായികളും ആയിരിക്കുകയും ചെയ്യും (ഉദാ. പയർച്ചെടി).

ആകൃതി. സസ്യങ്ങളെ വേർതിരിച്ചറിയുന്നതിനു സഹായിക്കുന്ന ഘടകങ്ങളിൽ അതിപ്രധാനമായ ഒന്നാണ്‌ ഇലയുടെ ആകൃതി. ഇലയുടെ അടിഭാഗവും അഗ്രവും വ്യത്യസ്‌തമാവുന്നതനുസരിച്ച്‌ അവ ഉള്‍പ്പെടുന്ന ഇനങ്ങളുടെ പേരുകളും ഭിന്നമാകുന്നു. സസ്യവർഗീകരണ വിദഗ്‌ധർ ഇരുപതിലേറെയിനം ഇലകളെക്കുറിച്ചു വിവരിക്കുന്നുണ്ട്‌. ഇലവക്ക്‌ (പത്രധാര-margin). ഇലവക്ക്‌ മൃദുവോ ദന്തുരമോ പൂർണമോ ആകാം. ചിരവനാക്കുപോലെ പല്ലുകളോടുകൂടിയ ഇലയെ ദന്തുരം (serrate or dentate) എന്നു വിളിക്കുന്നു. ഈ പല്ലുകള്‍ കുറേക്കൂടി വലുതും വിട്ടുവിട്ടുള്ളവയുമാണെങ്കിൽ അത്തരത്തിലുള്ളവയെ വിടവുള്ളവ (notched) എന്നോ തരംഗിതം (wavy) എന്നോ വിശേഷിപ്പിക്കുന്നു. പലപ്പോഴും, മുറിച്ചുവച്ചതുപോലെ രണ്ടായി പിരിഞ്ഞുകാണുന്ന ഇലകളുണ്ട്‌ (deeply cleft). മേറ്റു ചിലവയിൽ ഇല കൈയിലെ വിരലുകള്‍പോലെ അഞ്ചോ ആറോ പാളികള്‍ (lobes) ഉെള്ളതായിരിക്കും. വക്കുകളുടെ ആകൃതിയിലുള്ള വൈവിധ്യത്തെ ആധാരമാക്കി ഇലകളെ ഇരുപത്തൊന്നിലേറെ ഇനങ്ങളായി വർഗീകരിച്ചിട്ടുണ്ട്‌.

സിരാവ്യൂഹം (Venation). പ്രധാനമായി രണ്ടുതരം സിരാവ്യൂഹങ്ങളാണ്‌ ഇലകളിൽ കാണപ്പെടുന്നത്‌. വലയുടെ ആകൃതിയിൽ തന്തുജാലമുള്ള ഒന്നാമത്തെ ഇനം-"ജാലികാരൂപി' (reticulate)- ഇരട്ടപ്പരിപ്പുവൃക്ഷങ്ങളിലും സസ്യങ്ങളിലും മാത്രം കാണപ്പെടുന്നു. സമാന്തരമായി പോകുന്ന സിരകള്‍ ഇലയുടെ അഗ്രഭാഗംവരെയും ചെന്നെത്തുന്നയിനമാണ്‌ രണ്ടാമത്തേത്‌. സമാന്തരസിരാവ്യൂഹം (parallel venation) എന്ന്‌ ഇതറിയപ്പെടുന്നു. ഒറ്റപ്പരിപ്പുസസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും പ്രത്യേകതയാണ്‌ ഈയിനം സിരാവ്യൂഹം. പ്രധാന സിരയും മറ്റു സിരകളും ഇലയിൽ എങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച്‌ ഇലകളെ വിവിധയിനങ്ങളായി തിരിച്ചിട്ടുണ്ട്‌. "ജാലികാരൂപി' സിരാവ്യൂഹത്തിൽത്തന്നെ വ്യത്യസ്‌തയിനങ്ങള്‍ കാണാന്‍ കഴിയും. സമാന്തരസിരാവ്യൂഹമാകട്ടെ രണ്ടുതരമാണുള്ളത്‌. ഇലയുടെ തുടക്കംമുതൽ അഗ്രഭാഗംവരെയും സിരകള്‍ സമാന്തരമായി പോകുന്നതാണ്‌ ഒന്നാമത്തെയിനം. നെല്ല്‌, പലയിനം പുല്ലുകള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്‌. രണ്ടാമത്തെയിനത്തിൽ ഇലയുട മധ്യഭാഗത്തുകൂടി പോകുന്ന പ്രധാന സിരയ്‌ക്ക്‌ ലംബമായി മറ്റു സമാന്തരസിരകള്‍ കാണപ്പെടുന്നു. വാഴയിലയാണ്‌ ഈ ഇനത്തിന്‌ ഏറ്റവും പറ്റിയ ഉദാഹരണം. കാന, ഇന്ത്യാ റബ്ബർ എന്നിവയിലും ഇത്തരം സിരാവ്യൂഹംതന്നെയാണുള്ളത്‌.

ലഘുപത്രങ്ങളും സംയുക്തപത്രങ്ങളും (Simple & Compound Leaves). ചെമ്പരത്തി, ഓക്‌, ലൈലാക്‌ തുടങ്ങിയവയുടെ ഇലകള്‍ ലഘുപത്രങ്ങള്‍ക്കുദാഹരണമാണ്‌. പത്രവൃന്തം ചെടിയുടെ തണ്ടുമായി യോജിക്കുന്നിടത്ത്‌ ഒരു ചെറിയ മുകുളം കാണപ്പെടുന്നതാണ്‌ ലഘുപത്രത്തിന്റെ പ്രത്യേകത. ഇലകള്‍ ആഴത്തിലുള്ള പാളികളായി (deeply lobed) കാണപ്പെടുന്നുണ്ടെങ്കിൽപ്പോലും പ്രത്യേക ഭാഗങ്ങളായി മുറിച്ചു മാറ്റപ്പെട്ടിട്ടില്ലെങ്കിൽ അതിനെ ലഘുപത്രമായിത്തന്നെ കണക്കാക്കുന്നു. എന്നാൽ ഇലയുടെ ഭാഗങ്ങള്‍ പ്രധാനസിര തുടങ്ങിയോ പത്രവൃന്തം മുതല്‌ക്കോ തന്നെ വ്യതിരിക്തമായിരിക്കയാണെങ്കിൽ അതിനെ സംയുക്തപത്രം എന്നു വിളിക്കുന്നു. സംയുക്തപത്രങ്ങള്‍ രണ്ടുതരമുണ്ട്‌-പിച്ഛകസംയുക്തങ്ങളും (Pinnately compound) ഹസ്‌തകസംയുക്തങ്ങളും (Palmately compound).

ചില ചെടികളിലെ സംയുക്തപത്രങ്ങള്‍ ഒരു പ്രത്യേകശാഖയാണെന്നു തോന്നിപ്പിക്കുന്നവയാണ്‌. കെന്റക്കി കോഫി മരത്തിന്റെ ഇലകള്‍ ഇരട്ട-പിച്ഛകസംയുക്തപത്രങ്ങളാണ്‌. ഇത്‌ 90 സെ.മീ. വരെ നീളംവയ്‌ക്കും. പ്രധാന തണ്ടിൽനിന്ന്‌ രണ്ടുവശത്തേക്കും ബാഹ്യകർണംപോലെ നില്‌ക്കുന്ന ചെറുതണ്ടുകളിൽനിന്ന്‌ രൂപമെടുക്കുന്ന പിച്ഛകപത്രങ്ങള്‍ക്ക്‌ (leaflets) 5 സെ.മീ. മുതൽ 13 സെ.മീ. വരെ നീളമുണ്ടാകും. ഇപ്രകാരമുള്ള ഇലകള്‍ ഏത്‌ ഇനത്തിൽപ്പെടുമെന്ന്‌ തിരിച്ചറിയാനുള്ള ഒരേയൊരു മാർഗം അവ കൊഴിയുന്നവിധം നിരീക്ഷിക്കലാണ്‌. ശരത്‌കാലത്താണ്‌ സാധാരണയായി ഈ ചെടിയുടെ ഇലകള്‍ കൊഴിയുന്നത്‌. അപ്പോള്‍ അത്‌ മൊത്തത്തിൽ കൊഴിഞ്ഞുവീഴുന്നു. അക്ഷാങ്കുര(axill)ത്തിന്റെ സാന്നിധ്യം നോക്കിയും ഒരു സംയുക്തപത്രത്തെ തിരിച്ചറിയാന്‍ കഴിയും; പ്രധാനാക്ഷത്തിന്റെ അടിയിലായി മാത്രമേ അക്ഷാങ്കുരം കാണപ്പെടുകയുള്ളൂ. ആന്തരികഘടന. ഒന്നോ രണ്ടോ മില്ലിമീറ്റർ മുതൽ ഏതാനും മീറ്ററകള്‍വരെ നീളമുള്ള വിവിധയിനം ഇലകള്‍ പ്രകൃതിയിൽ കാണാനുണ്ട്‌. നീളത്തിനനുസരിച്ച്‌ ഇലയുടെ കനവും വിസ്‌തൃതിയും വ്യത്യസ്‌തമായിരിക്കും. ബാഹ്യഘടനകള്‍ക്കൊന്നിനും ഇലയുടെ പ്രാഥമികധർമത്തെ (ഭക്ഷണം പാകം ചെയ്യൽ) സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുമില്ല. ഹരിതകം (chlorophyll) എന്നറിയപ്പെടുന്ന വസ്‌തുവാണ്‌ ഈ പ്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്‌. ഹരിതകത്തിന്റെ പരിമാണവും സൂര്യപ്രകാശത്തിന്റെയും കാർബണ്‍ ഡൈ ഓക്‌സൈഡിന്റെയും ലഭ്യതയും അനുസരിച്ച്‌ ചെടികളിൽ പ്രകാശസംശ്ലേഷണം നിയന്ത്രിതമാകുന്നു. പത്രവൃന്തം ഇലകളെ തണലിൽനിന്നും വെളിച്ചത്തിലേക്കു മാറ്റിനിർത്താന്‍ സഹായിക്കുന്നു.

ഇലയുടെ പ്രധാന കലകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്‌ താരതമ്യേന കട്ടിയും ബലവും കൂടുതലുള്ള രണ്ടുനിര കോശങ്ങള്‍ മുകളിലും താഴെയുമായി കാണപ്പെടുന്നു. ഇവയാണ്‌ അധിചർമം (epidermis)എന്നറിയപ്പെടുന്നത്‌. കാണ്ഡത്തിലുള്ള അധിചർമത്തിന്റെ തുടർച്ചയാണ്‌ ഇവ. അധിചർമകോശങ്ങളിൽ ഹരിതകം കാണാറില്ല. പകരം ചുവപ്പോ, നീലലോഹിതമോ നിറമുള്ള ആന്തോസയനിന്‍വർണകങ്ങള്‍ ഇതിൽ കണ്ടുവെന്നുവരാം (ഉദാ.red maples, purple beeches).എന്നാൽ ഈ നിരയിൽ അവിടവിടെ പയറിന്റെ ആകൃതിയിൽ ഹരിതകം ഉള്ള ചില കോശങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കുറേ സുഷിരങ്ങള്‍ കണ്ടെത്താം. ഈ സുഷിരങ്ങളാണ്‌ ആസ്യരന്ധ്രങ്ങള്‍ (stomata); പയറിന്റെ ആകൃതിയുള്ള കോശങ്ങള്‍ "രക്ഷാകോശ'ങ്ങളും (guard cells). ആെസ്യരന്ധ്രത്തിനു തൊട്ടു താഴെയായി ഒരു ചെറിയ വായു-അറ കാണാം. അധോരന്ധ്രഗഹ്വരം (substomatal cavity) എന്നാണിതിനുപേര്‌. ഇവ രണ്ടും കൂടി ഇലയുടെ ആന്തരികകോശങ്ങളും ബാഹ്യാന്തരീക്ഷവുമായുള്ള വാതകവിനിമയം സാധ്യമാക്കിത്തീർക്കുന്നു. ചെടിയുടെ ആവശ്യമുള്ളത്ര വെള്ളം മാത്രം സൂക്ഷിച്ചുവയ്‌ക്കുകയാണ്‌ ഇവയുടെ പ്രധാനപ്പെട്ട ഒരു ധർമം.

രക്ഷാകോശങ്ങള്‍ വികസിക്കുമ്പോള്‍ ആസ്യരന്ധ്രങ്ങള്‍ വലുതാവുന്നു. ചുരുങ്ങുമ്പോള്‍ അവ ചെറുതാവുകയും ചെയ്യും. സൂക്ഷ്‌മദർശിനി ഉപയോഗിച്ചുമാത്രമേ ആസ്യരന്ധ്രങ്ങള്‍ കാണാന്‍ കഴിയൂ. താഴത്തെ നിരയിലാണ്‌ ഇവ താരതമ്യേന കൂടുതലായി കാണപ്പെടുന്നത്‌ (നോ. ആസ്യരന്ധ്രം). അധിചർമത്തിനു മുകളിലായി ഉപചർമം (cuticle) എന്നറിയപ്പെടുന്ന, കട്ടിയുള്ള ഒരു ആവരണമുണ്ട്‌. അമിതമായ ജലനഷ്‌ടം പരിഹരിക്കുകയാണ്‌ ഇതിന്റെ പ്രധാന ധർമം. അധിചർമത്തിന്‌ ഒരു രക്ഷാകവചമായിരിക്കുക എന്ന ഉദ്ദേശ്യവും ഇതോടൊപ്പമുണ്ട്‌. ക്യൂട്ടിന്‍ (cutin) ആണ്‌ ഇതിന്റെ പ്രധാന ഘടകം.

ഇലയിൽ കാണുന്ന സിരകള്‍ക്ക്‌ പ്രധാനമായി രണ്ടു ധർമങ്ങളാണുള്ളത്‌. ഒന്ന്‌, ഇലയ്‌ക്ക്‌ ആകൃതിയും രൂപവും നല്‌കുന്ന അടിസ്ഥാനഘടകമായി വർത്തിക്കുക; രണ്ട്‌, ഭക്ഷണം പാകം ചെയ്യാനാവശ്യമായ അസംസ്‌കൃതസാധനങ്ങള്‍ ഇലയുടെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയും അവിടെനിന്ന്‌ പാകംചെയ്‌തു കഴിഞ്ഞ ഭക്ഷണപദാർഥങ്ങള്‍ ശേഖരിച്ച്‌ ചെടിയുടെ വിവിധഭാഗങ്ങളിലെത്തിച്ചുകൊടുക്കുകയും ചെയ്യുക. വാഹീകല((conducting tissue)കളിലുള്ള നാരുകള്‍ (fibres) ഇലകള്‍ക്കു സാമാന്യത്തിലധികം ശക്തി നല്‌കുന്നു. അസംസ്‌കൃതപദാർഥങ്ങളെ ഇലകളിലെത്തിക്കുന്നതും അവിടെനിന്നും ഭക്ഷണം കൊണ്ടുപോകുന്നതും രണ്ടുതരം വാഹീകലകളാണ്‌. ഒന്നാമത്തേത്‌ സൈലം (xylem) എന്നറിയപ്പെടുന്നു; ഇത്‌ ഒരു നിർജീവകല(dead tissue)യാണ്‌, രണ്ടാമത്തേതാകട്ടെ, സജീവകലയായ ഫ്‌ളോയവും (phloem). ഈ രണ്ടിനം വാഹീകലകളിലും ശക്തി നല്‌കുന്ന നാരുകള്‍ ധാരാളം കാണപ്പെടുന്നു. നാരുകള്‍ എല്ലായ്‌പ്പോഴും നിർജീവകോശങ്ങളായിരിക്കും. വാഹീകലകളെ ചുറ്റി ബണ്ടിൽഷീത്ത്‌ എന്നറിയപ്പെടുന്ന ഒന്നോ രണ്ടോ നിര നാരുകളുണ്ടായിരിക്കുക ഇലകളിൽ സാധാരണമാണ്‌. വാഹീകലയായി വർത്തിക്കുന്ന മൃദുകോശങ്ങളെ സംരക്ഷിക്കുകയാണ്‌ ബണ്ടിൽ ഷീത്തിന്റെ ധർമം. ഒരു ഇലയിൽ ലക്ഷക്കണക്കിനു വാഹീകലകളുണ്ടായിരിക്കും. രണ്ടുനിര അധിചർമങ്ങള്‍ക്കുമിടയിലായി പാരന്‍കൈമ എന്നറിയപ്പെടുന്ന സാധാരണ കോശങ്ങള്‍ കാണപ്പെടുന്നു. മീസോഫിൽ ടിഷ്യു എന്നാണ്‌ ഇതിനു പേർ. 4 മുതൽ 10 വരെ നിര മീസോഫിൽ കോശങ്ങള്‍ ഒരിലയിൽ ഉണ്ടാവും. ഇലയുടെ കട്ടി കൂടുന്നതനുസരിച്ച്‌ ഇതിന്റെ വരികളുടെ എണ്ണവും വർധിക്കുന്നു. മീസോഫിൽ ടിഷ്യു തന്നെ രണ്ടുതരമുണ്ട്‌: ഒന്ന്‌ മുകളറ്റത്തായി കാണപ്പെടുന്ന നീണ്ടു സിലിണ്ടറാകൃതിയിലുള്ള കോശങ്ങള്‍. ഇവ 1 മുതൽ 4 വരെ നിരകളായിട്ടാണ്‌ കാണപ്പെടുന്നത്‌; പാലിസേഡ്‌ പാരന്‍കൈമ എന്ന്‌ ഇതറിയപ്പെടുന്നു. ഹരിതകം ഏറ്റവും കൂടുതൽ കാണപ്പെടുന്നത്‌ ഇവിടെയാണ്‌. ഈ കോശങ്ങള്‍ക്കിടയിൽ ഒട്ടും സ്ഥലം കാണുകയില്ല. പാലിസേഡ്‌ പാരന്‍കൈമയ്‌ക്കു താഴെയായി ക്രമരഹിതമായി കാണപ്പെടുന്ന മറ്റൊരുകൂട്ടം പാരന്‍കൈമ കോശങ്ങളുണ്ട്‌. ഇതാണ്‌ സ്‌പോഞ്ചി മീസോഫിൽ. പുല്ലുകളിലും മറ്റും പാലിസേഡ്‌ പാരന്‍കൈമ കാണുകയില്ല. അപൂർവം ചിലയിനങ്ങളിൽ ചെറിയ തോതിൽ കണ്ടെന്നുവരാം.

മീസോഫിൽ കോശങ്ങളിൽ പച്ചനിറത്തിൽ വൃത്താകൃതിയിലുള്ള ചില ഘടകങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. ഇവയെ ഹരിതകണങ്ങള്‍ (chloroplasts)എന്നു പറയുന്നു. ഹരിതകത്തിന്റെ ഇരിപ്പിടമാണ്‌ ഇവ. ഇലയുടെ പച്ചനിറത്തിനു കാരണം ഹരിതകം ആണ്‌. ഇതിനു സൂര്യപ്രകാശത്തെ അവശോഷണം ചെയ്യുന്നതിനുള്ള കഴിവുണ്ട്‌. ഹരിതകണങ്ങളിലുള്ള ചില എന്‍സൈമുകളും സൂര്യപ്രകാശവും ഉപയോഗിച്ച്‌ ഇത്‌ വെള്ളത്തെ ഓക്‌സിജനും ഹൈഡ്രജനുമായി വേർതിരിക്കുന്നു. ഇപ്രകാരം ഉണ്ടാകുന്ന ഓക്‌സിജന്‍ അന്തരീക്ഷവായുവിൽ ലയിക്കുന്നു. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശ്വാസോച്ഛ്വാസംമൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ഓക്‌സിജന്റെ കുറവ്‌ ഇങ്ങനെ പരിഹരിക്കപ്പെടുന്നു. ഹൈഡ്രജന്‍ കാർബണ്‍ഡൈഓക്‌സൈഡുമായി ചേർന്ന്‌ പ്രാഥമികഷുഗറുകള്‍ രൂപമെടുക്കുന്നു. ജീവജാലങ്ങളുടെ നിലനില്‌പിന്‌ ആരംഭം കുറിക്കുന്ന ഷുഗറുകളുടെ ആവിർഭാവം ഇവിടെയാണ്‌. നോ. പ്രകാശസംശ്ലേഷണം

വളർച്ച. അഗ്രമുകുളത്തിൽനിന്നാണ്‌ ഇല ജന്മമെടുക്കുന്നത്‌. "ലീഫ്‌ പ്രിമോർഡിയം' (leaf primordium) എന്നറിയപ്പെടുന്ന ഈ പ്രാഥമികമുകുളം രൂപംപ്രാപിച്ചുകഴിഞ്ഞാൽ ദീർഘീകരണംമൂലം അതു വളർന്നു തുടങ്ങുന്നു. പത്രവൃന്തവും പ്രധാനസിര(midrib)യും ഇപ്രകാരം രൂപമെടുക്കുന്നു. ഇതിന്‌ ഇരുപുറവുമായി പുതിയ കോശങ്ങള്‍ ഇലയുടെ ബ്ലെയ്‌ഡിന്‌ ജന്മംകൊടുക്കുന്നു. ഇതു കുറച്ചു മില്ലിമീറ്ററുകള്‍ മാത്രം നീളം വയ്‌ക്കുന്നതോടെ ഇലയുടെ അവസാനരൂപം ആയിക്കഴിഞ്ഞിട്ടുണ്ടാവും. അതിനുശേഷം ഇലയുടെ വളർച്ച സാധാരണ കോശവിഭജനവും കോശങ്ങളുടെ അസാധാരണമായ വളർച്ചയും അവയുടെ വിഭേദനവും (differentiation) മൂലമാണ്‌ നടക്കുക. വളർച്ചയിലുണ്ടാകുന്ന വൈവിധ്യം ഇലകളുടെ ആകൃതിയിലും വലുപ്പത്തിലും പ്രതിഫലിക്കുന്നുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍