This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ണാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:59, 27 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

കര്‍ണാടകം

ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം. കന്നഡഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി 1956ലെ സംസ്ഥാനപുനഃസംഘടനയോടനുബന്ധിച്ച്‌ രൂപംകൊണ്ട മൈസൂര്‍ സംസ്ഥാനമാണ്‌ 1973ല്‍ കര്‍ണാടകം എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടത്‌. ഉത്തുംഗദേശം എന്നര്‍ത്ഥം വരുന്ന "കരുനാട്‌' എന്ന കന്നഡ പദത്തില്‍ നിന്നാണ്‌ "കര്‍ണാടക' നിഷ്‌പന്നമായിട്ടുള്ളത്‌. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലുപ്പം കൊണ്ട്‌ ഏഴാം സ്ഥാനം അര്‍ഹിക്കുന്ന കര്‍ണാടകം ജനസംഖ്യാടിസ്ഥാനത്തില്‍ ഒന്‍പതാം സ്ഥാനത്താണ്‌ (2007). ഇന്ത്യാ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത്‌ അറേബ്യന്‍ കടലിനോട്‌ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന കര്‍ണാടകം വ.അക്ഷാ. 110 35ക്ല മുതല്‍ 180 24ക്ല വരെയും കി. രേഖാ. 740 07ക്ല മുതല്‍ 780 30 വരെയും വ്യാപിച്ചിരിക്കുന്നു. വടക്ക്‌ ഗോവ, മഹാരാഷ്‌ട്ര; കിഴക്ക്‌ ആന്ധ്രപ്രദേശ്‌; തെ. കിഴക്ക്‌ തമിഴ്‌നാട്‌; തെക്ക്‌ കേരളം എന്നിവയാണ്‌ അയല്‍ സംസ്ഥാനങ്ങള്‍. തെ.വടക്ക്‌ 672 കി.മീറ്ററും കി.പടിഞ്ഞാറ്‌ 480 കി.മീറ്ററും വ്യാപ്‌തിയുള്ള കര്‍ണാടകത്തില്‍ ഉള്‍പ്പെടുന്ന കടല്‍ത്തീരത്തിന്‌ ദൈര്‍ഘ്യം 320 കി.മീ. ആണ്‌. തലസ്ഥാനം: ബാംഗ്ലൂര്‍; വിസ്‌തീര്‍ണം: 1,91,791 ച.കി.മീ.; ജനസംഖ്യ: 5,2850562 (2007).

സ്വാതന്ത്ര്യപ്രാപ്‌തിക്കു മുമ്പ്‌, സമ്പന്നമെങ്കിലും സമുദ്രസാമീപ്യമില്ലാത്ത ഒരു നാട്ടുരാജ്യമായിരുന്ന മൈസൂര്‍ കന്നഡഭാഷ സംസാരിച്ചുപോന്ന പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ച്‌ ആദ്യം 1953ലും പിന്നീട്‌ 1956ലും വിപുലീകരിക്കച്ചതോടെയാണ്‌ മൈസൂര്‍ സംസ്ഥാനം പിറവിയെടുത്തത്‌. കൂര്‍ഗ്‌, മൈസൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ ബോംബെ സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്ന കാനറ, ബിജാപ്പൂര്‍, ധാര്‍വാര്‍, ബെല്‍ഗാം (ഭാഗികം) എന്നീ ജില്ലകളും; ഹൈദരാബാദ്‌ സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്ന ഗുല്‍ബര്‍ഗ, റെയ്‌ചൂര്‍, ബീദര്‍ എന്നീ ജില്ലകളുടെ ഭാഗങ്ങളും; മദ്രാസ്‌ സംസ്ഥാനത്തുള്‍പ്പെട്ടിരുന്ന കോയമ്പത്തൂര്‍ (ഭാഗികം), കാസര്‍കോട്‌ ഒഴിച്ചുള്ള തെ. കാനറ എന്നീ ജില്ലകളും കൂട്ടിച്ചേര്‍ത്താണ്‌ 1956ല്‍ മൈസൂറിന്‌ രൂപം നല്‌കിയത്‌. ഭാഷാപരമായ ഐക്യത്തിന്‌ മുന്‍തൂക്കം നല്‌കപ്പെട്ടതുമൂലം സ്വാഭാവികമായും ഈ സംസ്ഥാനത്തിന്‌ ഭൂമിശാസ്‌ത്രപരമായ ഏകതാനത നഷ്ടപ്പെട്ടു. ഇന്ത്യയിലെ സ്വര്‍ണഖനികളും, കാപ്പി, ചന്ദനം തുടങ്ങിയവയുടെ ഉത്‌പാദനകേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന കര്‍ണാടകം സാമ്പത്തികമായി മുന്തി നില്‌ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌.

ഭൗതികഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഭൂപ്രകൃതിയുടെയും സംരചനയുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലായി വിഭജിക്കാം: തീരസമതലം, പശ്ചിമഘട്ടപ്രദേശം, മൈസൂര്‍ പീഠഭൂമി, കരിമണ്‍മേഖല. തീരസമതലം. മലബാര്‍ തീരത്തിന്റെ വടക്കോട്ടുള്ള തുടര്‍ച്ചയായ തീരസമതലം, കൊങ്കണ്‍, കാനറ എന്നീ പേരുകളില്‍ വ്യവഹരിക്കപ്പെടുന്നു. 2565 കി.മീ. വീതിയിലുള്ള ഈ സമതലത്തില്‍ തീരരേഖയോടടുത്ത്‌ സമാന്തരങ്ങളായ മണല്‍ത്തിട്ടകളും, അവയ്‌ക്കു പിന്നില്‍ വിസ്‌തൃതി കുറഞ്ഞ എക്കല്‍ മൈതാനങ്ങളും ഇടയ്‌ക്കിടെ കായലുകളും ചതുപ്പുകളും ഉണ്ട്‌. തീരസമതലത്തില്‍ നിന്ന്‌ ഉള്‍നാട്ടിലേക്കും മറിച്ചുമുള്ള സമ്പര്‍ക്കം ചെങ്കുത്തായ അതിര്‍വരമ്പ്‌ നന്നെ ദുസ്സാധ്യമാക്കിത്തീര്‍ത്തിരിക്കുന്നു; പശ്ചിമഘട്ടപ്രദേശത്തിന്റെ പടിഞ്ഞാറരിക്‌ ശരാശരി 600 മീ.ലേറെ ഉയരമുള്ള തൂക്കായ മലഞ്ചരിവുകളാണ്‌.

കർണാടക സംസ്ഥാനം-ജില്ലകള്‍

തീരസമതലത്തിനു കുറുകെ, തീരരേഖയോളം എത്തുന്ന അനേകം കുന്നിന്‍നിരകളുണ്ട്‌; ഇവ പശ്ചിമഘട്ടത്തിന്റെ ശാഖകളാണ്‌. പശ്ചിമ ഘട്ടത്തില്‍ ഉദ്‌ഭവിച്ച്‌ പടിഞ്ഞാറോട്ടൊഴുകി അറേബ്യന്‍ കടലില്‍ പതിക്കുന്ന നിരവധി നദികളുണ്ട്‌. ദൈര്‍ഘ്യം കുറഞ്ഞവയെങ്കിലും ജലസമൃദ്ധങ്ങളായ ഇവയുടെ ഗതിവിഗതികളിലൂടെ തീരസമതലം പൊതുവേ വിച്ഛേദിതമായിക്കാണുന്നു. ഈ നദികളില്‍ മിക്കവയുടെയും മുഖങ്ങള്‍ നൈസര്‍ഗിക സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ചെറുകിട തുറമുഖങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. പശ്ചിമഘട്ടപ്രദേശം. വ.പടിഞ്ഞാറ്‌തെ.കിഴക്കു ദിശയില്‍ ഏതാണ്ട്‌ നട്ടെല്ലുപോലെ സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം സഹ്യാദ്രി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. 50-100 കി.മീ. വീതിയിലുള്ള സമാന്തരമലനിരകളെയാണ്‌ ഈ ഭൂവിഭാഗം ഉള്‍ക്കൊള്ളുന്നത്‌. അവിച്ഛിന്നമായി നീളുന്ന ഈ മലനിരകളുടെ ഉയരം വടക്കു നിന്ന്‌ തെക്കോട്ടു ചെല്ലുന്തോറും ക്രമേണ കൂടിവരുന്നു. ഈ മലനിരകളുടെ ശരാശരി ഉയരം 1,150 മീ. ആണ്‌. പശ്ചിമഘട്ടപ്രദേശത്തിന്റെ തെക്കരികിലാണ്‌ കുന്ദ്രമുഖ്‌ (1,872 മീ.), മേരുതി (1,641 മീ.), ബല്ലരായല്‍ ദുര്‍ഗ (1,500 മീ.), വരാഹ (1,434 മീ.), കുടശാദ്രി (1,323 മീ.) എന്നീ കൊടുമുടികള്‍. ഈ മലനിരകള്‍ തെക്ക്‌ നീലഗിരിയില്‍ ഒത്തുചേരുന്നു. പശ്ചിമഘട്ടപ്രദേശത്തെ പൊതുവേ "മലനാട്‌' എന്നു വിശേഷിപ്പിക്കാറുണ്ട്‌.

ഈ മേഖലയുടെ പടിഞ്ഞാറരിക്‌ തൂക്കായി ഉയരുന്ന മലഞ്ചരിവുകളാകാനും ഡക്കാണ്‍ ഉപദ്വീപ്‌ ഒന്നാകെ കിഴക്കോട്ട്‌ ചായാനും പടിഞ്ഞാറന്‍ സമതലം ഇടിഞ്ഞു താഴാനും കാരണം ബൃഹത്തായ ഒരു ഭൂഭ്രംശമാണ്‌. ഇടതൂര്‍ന്നു വളരുന്ന നിത്യഹരിതവനങ്ങളും ചുരങ്ങളും വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ നദീമാര്‍ഗങ്ങളും ഹരിതാഭമായ ഉന്നതതടങ്ങളും ചെറുതടാകങ്ങളും ചേര്‍ന്ന്‌ മലനാടിനെ നിസര്‍ഗസുന്ദരമായ ഭൂദൃശ്യമാക്കി മാറ്റിയിരിക്കുന്നു.

മൈസൂര്‍ പീഠഭൂമി. മലനാടിനു കിഴക്കാണ്‌ മൈസൂര്‍ പീഠഭൂമി. ശരാശരി 1,200 മീ.ലേറെ ഉയരത്തില്‍ ഡക്കാണിന്റെ പൊതുസ്വഭാവത്തിനനുസൃതമായി കിഴക്കോട്ട്‌ ചാഞ്ഞിറങ്ങുന്ന രീതിയില്‍ കിടക്കുന്ന ഈ പീഠപ്രദേശം അതിനെ കീറിമുറിച്ചൊഴുകുന്ന നദീവ്യൂഹങ്ങളുടെ നെടുനാളായുള്ള അപരദനഫലമായി സൃഷ്ടിക്കപ്പെട്ടതാണ്‌. ഭൂപ്രകൃതിപരമായി നോക്കുമ്പോള്‍ ഈ പീഠഭൂമി പൊതുവേ ഏകതാനമാണ്‌;ദീര്‍ഘമായ പ്രായത്തിനിടയില്‍ നശീകരണത്തിനും പുനഃയുവീകരണത്തിനും വിധേയമായി, നിമ്‌നോന്നതങ്ങള്‍ നശിപ്പിക്കപ്പെട്ട ഒരു മേഖലയാണിത്‌. "മൈദാന്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പീഠപ്രദേശം കിഴക്കും പടിഞ്ഞാറും വടക്കും ഡക്കാണ്‍ പീഠഭൂമിയുടെ തുടര്‍ച്ചയായി വര്‍ത്തിക്കുമ്പോള്‍ തെക്കുഭാഗത്ത്‌ നീലഗിരി, ബീല്‍ഗിരി, രങ്കന്‍ എന്നീ ഗിരിശൃംഗങ്ങളുടെ സാനുക്കളില്‍ ലയിക്കുന്നു. മൈസൂര്‍ പീഠഭൂമിയിലെ പൊതുവേ മഴക്കുറവുള്ള നദീതടങ്ങളൊഴിച്ചുള്ള പ്രദേശത്തെ മണ്ണ്‌ ജലസംഭരണശേഷിയിലും വളക്കൂറിലും നന്നെ പിന്നാക്കമാണ്‌.

കളിമണ്‍പ്രദേശം. ഡക്കാണിലെ പ്രസിദ്ധമായ കരിമണ്‍ (regur) മേഖലയുടെ ഒരുഭാഗം സംസ്ഥാനത്തിന്റെ വ. പടിഞ്ഞാറരികിലേക്കു വ്യാപിച്ചു കാണുന്നു.

ഭൂവിജ്ഞാനം

സംസ്ഥാനത്തിന്റെ മുക്കാല്‍ ഭാഗത്തോളവും അതിപ്രാചീനങ്ങളായ ആര്‍ക്കിയന്‍ ശിലാവ്യൂഹങ്ങളാണ്‌; ശേഷിച്ച ഭാഗങ്ങളില്‍ നന്നേ പ്രായം കുറഞ്ഞ ശിലാപടലങ്ങളും കാണാം. കര്‍ണാടക സംസ്ഥാനത്തുള്ള ശിലാക്രമങ്ങളെ നാലുവിഭാഗങ്ങളായി തിരിക്കാം: ആര്‍ക്കിയന്‍, പ്രീകാംബ്രിയന്‍, ഡക്കാണ്‍ ട്രാപ്‌, നൂതന ശിലാക്രമം.

ജോഗ്‌ വെള്ളച്ചാട്ടം

ഏതാണ്ട്‌ 1,50,200 ച.കി.മീ. പ്രദേശത്ത്‌ വ്യാപിച്ചു കാണുന്ന ആര്‍ക്കിയന്‍ ശിലകളെ ധാര്‍വാര്‍, ഗ്രാനിറ്റോയ്‌ഡ്‌നയ്‌സിക്‌ എന്നിങ്ങനെ രണ്ടു വ്യൂഹങ്ങളായി തിരിക്കാം. അഭ്രഷിസ്റ്റ്‌, ക്ലോറൈറ്റ്‌ ഷിസ്റ്റ്‌, ഹോണ്‍ ബ്ലെന്‍ഡ്‌ഷിസ്റ്റ്‌ തുടങ്ങി ഷിസ്റ്റ്‌ ഇനങ്ങളില്‍പ്പെട്ട പരല്‍ശിലകളുടെയും അവയോടനുബന്ധിച്ചുള്ള അല്‌പസിലികഅത്യല്‌പസിലിക ശിലകളുടെയും സങ്കീര്‍ണസമ്മിശ്രമാണ്‌ ധാര്‍വാര്‍ ശിലാക്രമം; ആര്‍ക്കിയന്‍ ശിലകളില്‍ത്തന്നെ ഏറ്റവും പ്രാചീനങ്ങളാണ്‌ ഇവ. സ്വര്‍ണം, ഇരുമ്പ്‌, മാങ്‌ഗനീസ്‌, ക്രാമിയം, ചെമ്പ്‌, കറുത്തീയം, ആന്റിമണി തുടങ്ങിയ ലോഹങ്ങളുടെ അയിരുകള്‍ ധാരാളമായി ഉള്‍ക്കൊണ്ടേക്കാവുന്ന ധാര്‍വാര്‍ ശിലകള്‍ സമ്പത്‌പ്രാധാന്യമുള്ളവയാണ്‌. ധാര്‍വാര്‍ വ്യൂഹത്തെക്കാള്‍ പ്രായം കുറഞ്ഞവയാണ്‌ ഗ്രാനിറ്റോയ്‌ഡ്‌നയ്‌സിക്‌ ശിലാവ്യൂഹ-ം. നയ്‌സ്‌, ചാര്‍ണക്കൈറ്റ്‌, ഗ്രാനൈറ്റ്‌ തുടങ്ങിയവയുടെ സമ്മിശ്രവും സങ്കീര്‍ണവുമായ വ്യൂഹമാണിത്‌. വ്യാപകമായ കായാന്തരണത്തിനു വഴിപ്പെട്ട, പരല്‍രൂപമുള്ളതും കാഠിന്യമേറിയതുമായ ശിലകളാണ്‌ ഈ വ്യൂഹത്തില്‍ പൊതുവേയുള്ളത്‌. കൃത്രിമ രത്‌നങ്ങള്‍, വാസ്‌തുശിലകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതുമൂലം ഈയിനം ശിലാവ്യൂഹങ്ങളും സാമ്പത്തികപ്രാധാന്യം അര്‍ഹിക്കുന്നു.

ആര്‍ക്കിയന്‍ ശിലകളെക്കാള്‍ പ്രായം കുറഞ്ഞ ശിലാശേഖരത്തെയാണ്‌ പ്രീകാംബ്രിയന്‍ ഇനത്തില്‍ പെടുത്തിയിട്ടുള്ളത്‌. കടപ്പാശിലാക്രമത്തില്‍പ്പെട്ട കലാഡ്‌ഗി ശിലാശ്രണിയും കര്‍നൂല്‍ ക്രമത്തിലെ ഭീമാശിലാശ്രണിയുമാണ്‌ കര്‍ണാടക സംസ്ഥാനത്തില്‍ക്കാണുന്ന പ്രീകാംബ്രിയന്‍ ശിലകള്‍. ബെല്‍ഗാം, ബിജാപ്പൂര്‍ ജില്ലകളിലുള്ള കലാഡ്‌ഗി ശ്രണി ഷെയ്‌ല്‍, ചുണ്ണാമ്പുകല്ല്‌, മാര്‍ബിള്‍, ഷിസ്റ്റ്‌, ക്വാര്‍ട്ട്‌സൈറ്റ്‌, ബ്രക്ഷ്യ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന തിരശ്‌ചീന സ്‌തരങ്ങളാണ്‌. ബിജാപ്പൂര്‍, ഗുല്‍ബര്‍ഗ എന്നീ ജില്ലകളിലാണ്‌ ഭീമാശിലാശ്രണി വ്യാപിച്ചു കാണുന്നത്‌. മണല്‍ക്കല്ലുകളും ഷെയ-്‌ലുകളും ഉള്‍ക്കൊള്ളുന്ന ഈ ശ്രണികള്‍ കായാന്തരണത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. പ്രീകാംബ്രിയന്‍ ശിലകള്‍ അങ്ങിങ്ങായി ഇരുമ്പയിരുകളും പൊതുവായി വാസ്‌തുശിലകളും ഉള്‍ക്കൊള്ളുന്നു.

ക്രറ്റേഷ്യസ്‌ടെര്‍ഷ്യറി കല്‌പങ്ങളില്‍ രൂപം കൊണ്ടതായി കണക്കാക്കപ്പെടുന്ന ഡക്കാണ്‍ട്രാപ്‌ ശിലകള്‍ മേല്‌പറഞ്ഞവയെ അപേക്ഷിച്ച്‌ തുലോം പ്രായം കുറഞ്ഞവയാണ്‌. സംസ്ഥാനത്തിന്റെ ഉത്തരഭാഗങ്ങളില്‍, പ്രാചീനശിലാതലങ്ങള്‍ക്കു മേല്‍ സമാന്തരപടലങ്ങളായി നിക്ഷിപ്‌തമായ തിരശ്ചീനസ്‌തരങ്ങളായാണ്‌ ഡക്കാണ്‍ ട്രാപ്‌ ശിലകള്‍ കാണപ്പെടുന്നത്‌. ബെല്‍ഗാം, ബിജാപ്പൂര്‍, ഗുല്‍ബര്‍ഗ, ബീദര്‍ എന്നീ ജില്ലകളിലായി 25,900 ച.കി.മീ. പ്രദേശത്ത്‌ ഇവ വ്യാപിച്ചു കിടക്കുന്നു. ബസാള്‍ട്ട്‌ ഇനത്തിനു പ്രാമുഖ്യമുള്ള ആഗ്‌നേയ ശിലാപടലങ്ങളുടെ തട്ടുതട്ടായുള്ള ഭൂപ്രദേശമാണ്‌ ഡക്കാണ്‍ട്രാപ്‌.

തീരസമതലത്തിലാണ്‌ നൂതനശിലകള്‍ കാണപ്പെടുന്നത്‌. പ്ലിയോസീന്‍ യുഗത്തില്‍ രൂപംകൊണ്ട വെട്ടുകല്ല്‌ (ലാറ്റെറൈറ്റ്‌) തുടങ്ങി നന്നേ പ്രായം കുറഞ്ഞ എക്കല്‍ മണ്ണുവരെ ഈ ശിലകള്‍ ഉള്‍ക്കൊള്ളുന്നു.

അപവാഹം

സംസ്ഥാനത്തിലെ നദികളെ കിഴക്കോട്ടോഴുകുന്നവയായും പടിഞ്ഞാറോട്ടൊഴുകുന്നവയായും വിഭജിക്കാം; ഇവയെല്ലാം തന്നെ സഹ്യാദ്രിയില്‍ നിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌. കിഴക്ക്‌ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നവ താരതമ്യേന നീളം കൂടിയവയും ഏതാണ്ട്‌ പ്രൗഢാവസ്ഥ പ്രാപിച്ചിട്ടുള്ളവയുമാണ്‌. പടിഞ്ഞാറോട്ടൊഴുകുന്നവ നന്നേ നീളം കുറഞ്ഞവയാണെങ്കിലും ഭാരിച്ച ജലൗഘം വഹിച്ചു നീക്കുന്നതും ശീഘ്രഗതികളുമായതുകൊണ്ട്‌ വൈദ്യുതോത്‌പാദനത്തിന്‌ ഉതകുന്നവയാണ്‌. ബംഗാള്‍ ഉള്‍ക്കടലിലേക്കൊഴുകുന്നവയുടെ ഗതി മൈസൂര്‍ പീഠഭൂമിയില്‍ ഡക്കാണിന്റെ പൊതുസ്വഭാവത്തിനു നിരക്കാത്ത നിലയില്‍ തെക്കോട്ടൊ വടക്കോട്ടൊ ആയിരിക്കുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. സംസ്ഥാനത്തിലെ നദികള്‍ മണ്‍സൂണ്‍ വര്‍ഷപാതത്തെ ആശ്രയിക്കുന്നവയാകയാല്‍ ഭാഗികമായി ജലക്ഷാമത്തിനു വിധേയങ്ങളാവുന്നു. കൃഷ്‌ണാനദിയും അതിന്റെ പോഷകഘടകങ്ങളായ ഭീമ, ദോന്‍, ഘടപ്രഭ, മാലപ്രഭ, ബെന്നിഹള്ള, തുംഗഭദ്ര എന്നിവയും ചേര്‍ന്നതാണ്‌ പൂര്‍വദിശയിലുള്ള ഒരു നദീവ്യൂഹം. കര്‍ണാടകത്തെ സംബന്ധിച്ചിടത്തോളം തുംഗഭദ്ര കൃഷ്‌ണയുടെ പോഷകനദിയെന്നതിനെക്കാള്‍ പ്രത്യേക നദീവ്യൂഹമായി വര്‍ത്തിക്കുന്നു. വേദവതിഹഗാരി, ചിക്കാഹഗാരി, കുമുദവതി, ധര്‍മവരദ എന്നീ പോഷകനദികളെ ഉള്‍ക്കൊണ്ട്‌ ആദ്യം തുംഗ, ഭദ്ര എന്നിങ്ങനെ വെവ്വേറെയായും ഷിമോഗയ്‌ക്കു സമീപംവച്ച്‌ സംഗമിച്ച്‌ ഒന്നായും ഒഴുകി ആന്ധ്രപ്രദേശിലേക്കു കടക്കുന്ന തുംഗഭദ്ര കര്‍ണാടകത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു നദിയാണ്‌.

കൃഷ്‌ണാനദീവ്യൂഹം കഴിഞ്ഞാല്‍ തടവ്യാപ്‌തിയില്‍ മുന്നിട്ടുനില്‌ക്കുന്നത്‌ കാവേരിയാണ്‌. ഹേമവതി, ശിംശ, ലോകാപവാനി, കബനി, സുവര്‍ണവതി എന്നീ പോഷകനദികളും കാവേരിയും ചേര്‍ന്ന ഈ നദീവ്യൂഹം വൈദ്യുതോത്‌പാദനത്തിനും ജലസേചനത്തിനും വന്‍തോതില്‍ ഉപഭോഗവിധേയമായിട്ടുണ്ട്‌. ഗോദാവരിയുടെ പോഷകനദികളായ മഞ്‌ജാര, കരഞ്‌ജ എന്നിവ കര്‍ണാടകത്തിലെ ബീദര്‍ ജില്ലയിലൂടെയാണ്‌ ഒഴുകുന്നത്‌. പെന്നാര്‍, പാലാര്‍ എന്നീ നദികള്‍ തെ. മൈസൂറിലെ നന്ദി, ദുര്‍ഗ്‌മലകളില്‍ നിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌.

കാളി, ഗംഗാവലി, താദ്രി, ഷാരാവതി (സാരവതി) കൊല്ലൂര്‍, മാദ്ര, ഹാലദി, സീത, സ്വര്‍ണ, ഗുരുപു, നേത്രവതി തുടങ്ങി പടിഞ്ഞാറോട്ടൊഴുകുന്ന നിരവധി നദികളുള്ളതില്‍ കാളി, ഷാരാവതി എന്നിവയ്‌ക്കാണ്‌ പറയത്തക്ക പ്രാധാന്യമുള്ളത്‌. ഇവയില്‍ ഷാരാവതി നദിയിലാണ്‌ ഏഷ്യയിലെ ഏറ്റവും ഉയരമേറിയ ജോഗ്‌ വെള്ളച്ചാട്ടം (275 മീ.). ഇന്ത്യയിലെ ഒരു പ്രധാന ജലവൈദ്യുതോത്‌പാദന കേന്ദ്രം ഷാരാവതി അണക്കെട്ടിനോടനുബന്ധിച്ച്‌ സ്ഥിതി ചെയ്യുന്നു. ജോഗ്‌ വെള്ളച്ചാട്ടം കൂടാതെ കാവേരി നദിയിലെ ശിവസമുദ്രം (100 മീ.) ചുഞ്ചന്‍കാട്ടെ (25 മീ.), ഘടപ്രഭയിലെ ഗോകക്‌ (58 മീ.), ശിംശ (32 മീ.) ഹെബ്ബെ (32 മീ.) എന്നിവയും കര്‍ണാടകത്തിലെ പ്രസിദ്ധ ജലപാതങ്ങളാണ്‌. ചുരങ്ങളിലൂടെ ഒഴുകുന്നതിനാല്‍ സംസ്ഥാനത്തിലെ നദികള്‍ ജലസേചനാവശ്യത്തിന്‌ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള നൈസര്‍ഗികസൗകര്യം പ്രദാനം ചെയ്യുന്നു. ഇവയില്‍ കാവേരിയിലെ സു. 50 കി.മീ. നീളമുള്ള മേക്കേടത്തുചുരം മാലപ്രഭയിലെ നാവിലുതീര്‍ഥം, ഷാരാവതി ചുരം എന്നിവ എടുത്തുപറയാവുന്നതാണ്‌.

പരിഗണനീയമായ വ്യാപ്‌തിയുള്ള നൈസര്‍ഗിക തടാകങ്ങള്‍ സംസ്ഥാനത്ത്‌ ഇല്ലെന്നു തന്നെപറയാം. എന്നാല്‍ അണക്കെട്ടുക ളോടനുബന്ധിച്ച്‌ വിസ്‌തൃതങ്ങളായ കൃത്രിമ തടാകങ്ങള്‍ ഉണ്ടായിരിക്കുന്നു. കൃഷ്‌ണരാജ സാഗര്‍, തുങ്‌ഗഭദ്ര, വാണിവിലാസ്‌ സാഗര്‍, ഹരേ ഭാസ്‌കര്‍ തുടങ്ങിയവ ഇങ്ങനെ ഉണ്ടായിട്ടുള്ള താടകങ്ങളില്‍പ്പെടുന്നു.

കാലാവസ്ഥ

കൃഷ്‌ണരാജ സാഗർ അണക്കെട്ട്‌

ഉഷ്‌ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥയാണ്‌ സംസ്ഥാനത്ത്‌ പൊതുവേ അനുഭവപ്പെടുന്നത്‌. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം, സമുദ്രസാമീപ്യം, മണ്‍സൂണ്‍ വാതങ്ങളുടെ പ്രഭാവം എന്നിവയെ ആശ്രയിച്ച്‌ കാലാവസ്ഥയില്‍ പ്രാന്തീയമായ വ്യതിയാനങ്ങള്‍ കാണുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണാണ്‌ കര്‍ണാടകത്തില്‍ മഴ പെയ്യിക്കുന്നത്‌; മഴയുടെ തോത്‌ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തെയും മറ്റു കാരണങ്ങളെയും ആശ്രയിച്ച്‌ വ്യത്യസ്‌തങ്ങളായിക്കാണുന്നു. സംസ്ഥാനത്തിലെ കിഴക്കും വടക്കും അരികുകളില്‍ ശരാശരി വാര്‍ഷിക വര്‍ഷപാതം സു. 38 സെ.മീ. ആയിരിക്കുമ്പോള്‍ മലനാട്‌ ഭാഗത്ത്‌ സു. 760 സെ.മീ. ആണ്‌. മഴ പൊതുവേ അനിയമിതവും അനിശ്ചിതവുമാണ്‌. കുടകു മുതല്‍ കാനറ വരെയുള്ള മേഖലയിലാണ്‌ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്‌. മലനാടിന്‍െറ കിഴക്കന്‍ ഭാഗങ്ങളിലും സാമാന്യം നല്ല മഴയുണ്ട്‌; ഇവിടത്തെ ശരാശരി വര്‍ഷപാതം 127254 സെ.മീ. ആണ്‌. മേല്‌പറഞ്ഞ ഇടങ്ങളിലൊക്കെ മഴയുടെ തോതില്‍ ഗണ്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറില്ല; മറ്റിടങ്ങളില്‍ മഴ തികച്ചും അനിയമിതവുമാണ്‌. മൈസൂര്‍ പീഠഭൂമിയുടെ പശ്ചിമ ദക്ഷിണ ഭാഗങ്ങളിലും, സംസ്ഥാനത്തിന്റെ വടക്കു കിഴക്കരികിലും 63127 സെ.മീ. മഴ ലഭിക്കുന്നു. പീഠഭൂമിയുടെ കിഴക്കും വടക്കും ഭാഗങ്ങള്‍ മഴനിഴല്‍പ്രദേശങ്ങളാണ്‌; ഇവിടെ വര്‍ഷപാതത്തിന്റെ തോത്‌ 63 സെ.മീ.ല്‍ താഴെയായിരിക്കുന്നു.

കൃഷ്‌ണരാജ സാഗർ അണക്കെട്ടിനോടനുബന്ധിച്ചുള്ള വൃന്ദാവനം ഉദ്യാനം

സംസ്ഥാനത്തെ ശരാശരി താപനില 38ബ്ബഇ ആണ്‌. സംസ്ഥാനത്തിന്റെ കിഴക്കരികില്‍ ഏ.മേയ്‌ മാസങ്ങളില്‍ താപനില 38ബ്ബഇ ലേറെ ആകാറുണ്ട്‌. തീരസമതലത്തില്‍ പൊതുവേ സുഖകരമായ കാലാവസ്ഥയാണ്‌ ഉള്ളതെങ്കിലും ഗ്രീഷ്‌മകാലത്ത്‌ ആര്‍ദ്രമായ അന്തരീക്ഷം ഉഷ്‌ണം അനുഭവപ്പെടുത്തുന്നു. മലനാട്ടില്‍ ഉഷ്‌ണകാലത്ത്‌ ചൂടു കുറവായിരിക്കും; എന്നാല്‍ ശൈത്യകാലത്ത്‌ കൂടുതല്‍ തണുപ്പ്‌ അനുഭവപ്പെടുന്നു. പീഠഭൂമിയിലാകട്ടെ ഗ്രീഷ്‌മകാലത്ത്‌ ചൂടു കൂടിയും ശൈത്യകാലത്ത്‌ തണുപ്പു കുറഞ്ഞുമിരിക്കുന്നു. അസഹ്യമായ കാലാവസ്ഥ ഒരിടത്തും ഇല്ലെന്നുതന്നെ പറയാം.

സസ്യജാലം

സംസ്ഥാനത്തിലെ വനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കാം. നിത്യഹരിതവനങ്ങള്‍, അര്‍ധ നിത്യഹരിത (semi evergreen) വനങ്ങള്‍, ഇലപൊഴിയും (deciduous) വനങ്ങള്‍, കുറ്റിക്കാടുകള്‍.

സമൃദ്ധമായി മഴ ലഭിക്കുന്ന സഹ്യാദ്രിയുടെ പടിഞ്ഞാറെ ചരിവുകളിലാണ്‌ നിത്യഹരിത വനങ്ങള്‍ കാണപ്പെടുന്നത്‌. സെഡാര്‍, എബണി തുടങ്ങിയ മേല്‍ത്തരം തടിയുള്ള നിരവധിയിനം വൃക്ഷങ്ങള്‍ ഈ കാടുകളില്‍ സമൃദ്ധമായുണ്ട്‌; ഈറ, ചൂരല്‍ എന്നിവയും ഉത്‌പന്നങ്ങളില്‍പ്പെടുന്നു.

നിത്യഹരിതവനങ്ങളുടെ ഇരുപുറവുമായാണ്‌ അര്‍ധനിത്യഹരിതവനങ്ങള്‍ കാണപ്പെടുന്നത്‌. ചന്ദനം, തേക്ക്‌ തുടങ്ങിയ സമ്പദ്‌പ്രധാനങ്ങളായ നിരവധിയിനം വൃക്ഷങ്ങള്‍ ഈ വനങ്ങളില്‍ ധാരാളമായുണ്ട്‌. തഴച്ചുവളരുന്ന ഈ വനങ്ങള്‍ക്കിടയിലെ താഴ്‌വാരങ്ങള്‍ നെല്‌പ്പാടങ്ങളോ കവുങ്ങിന്‍തോട്ടങ്ങളോ ആയി മാറിക്കാണുന്നത്‌ അസാധാരണമല്ല. സാമാന്യം മഴയുള്ള പ്രദേശങ്ങളിലാണ്‌ ഇലപൊഴിയും വനങ്ങളുള്ളത്‌. തേക്ക്‌, ഈട്ടി തുടങ്ങിയ വ-്യാവസായിക പ്രാധാന്യമുള്ള വൃക്ഷങ്ങള്‍ക്കു പുറമേ കടലാസ്‌ പള്‍പ്പിനുള്ള അസംസ്‌കൃത പദാര്‍ഥമായ മുളയും ഈ വനങ്ങളില്‍ സമൃദ്ധമായുണ്ട്‌.

മൈസൂര്‍ പീഠഭൂമിയുടെ കിഴക്കും വടക്കും അരികുകളിലെ മഴക്കുറവുള്ള ഭാഗങ്ങളിലാണ്‌ തുറസ്സായ കുറ്റിക്കാടുകള്‍ അവശേഷിച്ചിട്ടുള്ളത്‌. മുള്‍ച്ചെടികളും വളര്‍ച്ച മുരടിച്ച വൃക്ഷങ്ങളും ഇടവിട്ടു വളരുന്ന ഈ വനങ്ങള്‍ സംസ്ഥാനത്തിലെ ഗാര്‍ഹികാവശ്യത്തിനുള്ള വിറക്‌ ഉത്‌പാദിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചിരുന്നു.

ജന്തുജാലം

ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത നിരവധിയിനം ജന്തുക്കളുടെ വിഹാരരംഗമാണ്‌ കര്‍ണാടകത്തിലെ വനങ്ങള്‍. സംസ്ഥാനത്തെ ഇടതൂര്‍ന്ന വനങ്ങളില്‍ സാധാരണമായുള്ള വന്യമൃഗങ്ങളില്‍ ആന, കാട്ടുപോത്ത്‌, ഹരിണവര്‍ഗങ്ങള്‍, കാട്ടുപന്നി, പുള്ളിപ്പുലി എന്നിവയ്‌ക്കുപുറമേ കടുവയും ഉള്‍പ്പെടുന്നു. തുറന്ന വനങ്ങളില്‍ ചെന്നായ്‌, കാട്ടാട്‌, കരിമാന്‍ തുടങ്ങിയവ ധാരാളമായുണ്ട്‌. നിരവധിയിനം പക്ഷികളെയും ഈ സംസ്ഥാനത്ത്‌ കണ്ടെത്താം. നദികളില്‍ ചീങ്കണ്ണികളും വിവിധയിനം മത്സ്യങ്ങളും സുലഭമായുണ്ട്‌. വന്യജീവിസംരക്ഷണത്തിന്‌ ഗവണ്‍മെന്റ്‌ തലത്തില്‍ വ്യാപകമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്‌. കര്‍ണാടകത്തിലെ ബന്ദിപൂര്‍, ബന്നര്‍ഘട്ട എന്നീ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങള്‍ പ്രശസ്‌തങ്ങളാണ്‌. രംഗന്‍തിട്ട്‌ (Ranganthittu), കോക്രബെലൂര്‍ (Kokkre Bellur), മണ്ഡഗെഡെ (Mandagadde), ഗുഡവി (Gudavi), അട്ടിവേറി (Attiveri) എന്നിവയാണ്‌ സംസ്ഥാനത്തെ പക്ഷിസങ്കേതങ്ങള്‍.

മണ്ണ്‌

ആധാര ശിലാപടലങ്ങളുടെ സ്വഭാവഗുണങ്ങളെ അധികരിച്ച്‌ വിവിധ മണ്ണിനങ്ങള്‍ സംസ്ഥാനത്ത്‌ കാണപ്പെടുന്നു. കരിമണ്ണ്‌ (regur), ചെമ്മണ്ണ്‌, ലാറ്റെറൈറ്റ്‌, സമ്മിശ്ര എക്കല്‍മണ്ണ്‌ എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങള്‍. ഫലഭൂയിഷ്‌ഠവും വര്‍ധിച്ച ജലസംഭരണശേഷിയുള്ളതുമായ കരിമണ്ണ്‌ പരുത്തിക്കൃഷിക്ക്‌ അത്യുത്തമമാണ്‌. വടക്കന്‍ ജില്ലകളില്‍ ഡക്കാണ്‍ട്രാപ്‌, ധാര്‍വാര്‍ ഷിസ്റ്റ്‌, ഗ്രാനിറ്റോയ്‌ഡ്‌ നയ്‌സ്‌ തുടങ്ങിയയിനം ശിലാപടലങ്ങള്‍ ഏകതാനമായ വിഘടനത്തിനു വിധേയമായിട്ടുള്ളയിടങ്ങളിലും അപൂര്‍വമായി ഈയിനം മണ്ണ്‌ കാണപ്പെടുന്നു.

ചെമ്മണ്ണും മണല്‍കലര്‍ന്ന ചെമ്മണ്ണും ഗ്രാനൈറ്റ്‌, നയ്‌സ്‌ തുടങ്ങിയ ആഗ്‌നേയ ശിലകള്‍ പൊടിഞ്ഞുണ്ടാകുന്നതാണ്‌. ഈയിനം മണ്ണ്‌ താരതമ്യേന വളക്കൂറും ജലസംഭരണശേഷിയും കുറഞ്ഞതാണ്‌. ഇരുമ്പിന്റെ ഓക്‌സൈഡുകള്‍ ഭാരിച്ച അളവില്‍ ഉണ്ടായിരിക്കുന്നതാണ്‌ ഇവയുടെ നിറപ്പകിട്ടിന്‌ നിദാനം. അപൂര്‍വം ഇടങ്ങളില്‍ ഈയിനം മണ്ണ്‌ കരിമണ്ണുമായി കലര്‍ന്ന്‌ താരതമ്യേന മെച്ചപ്പെട്ട മണ്ണിനത്തിന്‌ രൂപം നല്‌കിക്കാണുന്നു. പീഠപ്രദേശത്ത്‌, വിശിഷ്യ തെക്കന്‍ ജില്ലകളിലാണ്‌ ചെമ്മണ്ണ്‌ വ്യാപകമായുള്ളത്‌.

ഇരുമ്പ്‌, അലുമിനിയം, മഗ്‌നീഷ്യം എന്നിവയുടെ സമ്മിശ്രമായ ലാറ്റെറൈറ്റ്‌ രാസാപക്ഷയത്തിലൂടെ ഉരുത്തിരിയുന്ന കടുപ്പമേറിയ മണ്ണാണ്‌. പശ്ചിമഘട്ടപ്രദേശത്തെ അതിവൃഷ്ടിയുള്ള മേഖലയിലാണ്‌ ഈയിനം മണ്ണ്‌ അധികമായുള്ളത്‌. ഒഴുക്കുവെള്ളംമൂലം വഹിച്ചു നീക്കപ്പെട്ട്‌ താഴ്‌വാരങ്ങളില്‍ അടിഞ്ഞുകൂടുന്ന ലാറ്റെറൈറ്റ്‌ എളുപ്പം ജലാംശം ചോര്‍ത്തുന്നതുമൂലം ചെളിക്കെട്ടില്ലാത്തതാണ്‌. ഇത്‌ അധിസിലിക സ്വഭാവംമൂലം ഫലപുഷ്ടി കുറഞ്ഞതായിരിക്കുന്നു എങ്കിലും തേയിലക്കൃഷിക്ക്‌ പറ്റിയതാണ്‌. തീരസമതലത്തിലെ മണ്ണ്‌ എക്കല്‍, വണ്ടല്‍, ചെളി, ചരല്‍, ലാറ്റെറൈറ്റ്‌ എന്നിവയുടെ സമ്മിശ്രരൂപമാണ്‌. ഇവയില്‍ ഏറിയകൂറും ജലോഢനിക്ഷേപങ്ങളാണ്‌. ചതുപ്പുപ്രദേശങ്ങളില്‍ ആല്‍ക്കലിമണ്ണും കാണപ്പെടുന്നു. തീരസമതലത്തിലെ മണ്ണ്‌ ഉര്‍വരത കൂടിയതാണ്‌.

ധാതുസമ്പത്ത്‌

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ധാതുസമ്പത്തിന്റെയും അവയുടെ ഉത്‌പാദനത്തിന്റെയും കാര്യത്തില്‍ കര്‍ണാടകം ഒട്ടും പിന്നിലല്ല. ഇന്ത്യയിലെ സ്വര്‍ണഖനികളില്‍ രണ്ടെണ്ണം ഈ സംസ്ഥാനത്തിനുള്ളിലാണ്‌, കോളാര്‍, ഹട്ടി എന്നീ ഖനികള്‍ ഉള്‍ക്കൊള്ളുന്ന സാണ്ടൂര്‍ഷിമോഗബെല്‍ഗാം സ്വര്‍ണമേഖലയ്‌ക്കു പുറമേ പുതുതായി കണ്ടെത്തിയിട്ടുള്ള കുടക്‌നീലഗിരി സ്വര്‍ണമേഖലയും കര്‍ണാടകത്തിന്റെ അതിര്‍ത്തിക്കുള്ളിലാണ്‌. സ്വര്‍ണഖനനത്തിലെ പരമാധിപത്യത്തിനു പുറമേ ഇരുമ്പ്‌, മാങ്‌ഗനീസ്‌, ബോക്‌സൈറ്റ്‌ കൊറണ്ടം, ചെമ്പ്‌, സ്റ്റീയട്ടൈറ്റ്‌, കാവി,വൈഡൂര്യം, ആസ്‌ബെസ്‌റ്റോസ്‌, ക്രാമൈറ്റ്‌, ഗന്ധകം, കറുത്തീയം, അഭ്രം, ഫുള്ളേഴ്‌സ്‌ എര്‍ത്ത്‌ (Fuller's earth) തുടങ്ങിയവയുടെ നിക്ഷേപങ്ങളിലും കര്‍ണാടകം സമ്പന്നമാണ്‌.

ഇന്ത്യയില്‍ മൊത്തം ഉത്‌പാദിപ്പിക്കുന്ന സ്വര്‍ണത്തില്‍ 85 ശ.മാ.ഉം കര്‍ണാടകത്തില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. കോളാര്‍, ഹട്ടി എന്നിവിടങ്ങളില്‍ മാത്രമേ സ്വര്‍ണഖനനം നടക്കുന്നുള്ളു. അത്യാധുനിക ഖനന സജ്ജീകരണങ്ങളുള്ള കോളാര്‍ ലോകത്തിലെ ആഴംകൂടിയ ഖനികളിലൊന്നാണ്‌.

ചിക്കമഗലൂര്‍ ജില്ലയില്‍പ്പെട്ട ബാബാബുദാന്‍ കുന്നുകളില്‍ വ്യാപകമായി ഇരുമ്പയിര്‌ നിക്ഷേപങ്ങളുണ്ട്‌. ഷിമോഗ, ഹസ്സന്‍, മൈസൂര്‍ എന്നീ ജില്ലകളിലും സാമാന്യമായ തോതില്‍ ഇരുമ്പു കണ്ടെത്തിയിരിക്കുന്നു. ബെല്ലാരി ജില്ലയില്‍ സാണ്ടൂരിലെ നിക്ഷേപം മേല്‍ത്തരം ഇരുമ്പയിര്‌ ഉള്‍ക്കൊള്ളുന്നു. കുഷ്‌താഗി, ഹോസ്‌പെട്ട്‌ എന്നിവിടങ്ങളിലും ഇരുമ്പുനിക്ഷേപങ്ങളുണ്ട്‌. മൊത്തം 120150 കോടി ടണ്‍ ഇരുമ്പയിര്‌ നിക്ഷേപം സംസ്ഥാനത്തുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. ചിത്രദുര്‍ഗ, ഹസ്സന്‍, ഗുല്‍ബര്‍ഗ എന്നീ ജില്ലകളിലാണ്‌ ചെമ്പയിരുള്ളത്‌. ബാംഗ്ലൂര്‍, കോളാര്‍ എന്നീ ജില്ലകളില്‍ ചീനക്കളിമണ്ണും, മേല്‍ത്തരം കളിമണ്ണും അവസ്ഥിതമാണ്‌; ചിഞ്ചോലി (ഗുല്‍ബര്‍ഗ) താലൂക്കിലാണ്‌ ഫുള്ളേഴ്‌സ്‌ എര്‍ത്ത്‌ ഉള്ളത്‌; മൈസൂര്‍, ഷിമോഗ, തുംകൂര്‍, ചിത്രദുര്‍ഗ, റെയ്‌ചൂര്‍ എന്നീ ജില്ലകളില്‍ വ്യാപകമായ ചുണ്ണാമ്പുകല്‍ നിക്ഷേപങ്ങളും ആസ്‌ബെസ്‌റ്റോസും കണ്ടെത്തിയിരിക്കുന്നു.

കര്‍ണാടക സംസ്ഥാനത്ത്‌ മേല്‍ത്തരം മാന്‍ഗനീസ്‌ വന്‍തോതില്‍ അവസ്ഥിതമാണ്‌. രാജ്യത്തെ മൊത്തം മാങ്‌ഗനീസ്‌ നിക്ഷേപത്തിന്റെ 10 ശ.മാ. ഇവിടെയുണ്ട്‌. മാങ്‌ഗ്‌നസൈറ്റാണ്‌ ധാരാളമായുള്ള മാങ്‌ഗനീസ്‌ അയിര്‌. ഹസ്സന്‍, മൈസൂര്‍ എന്നീ ജില്ലകളില്‍ അഭ്ര നിക്ഷേപങ്ങളുണ്ട്‌. ബെല്‍ഗാം, ചിക്കമഗലൂര്‍, ചിത്രദുര്‍ഗ എന്നീ ജില്ലകളിലാണ്‌ ബോക്‌സൈറ്റ്‌ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്‌. ചിത്രദുര്‍ഗ, ചിക്കമഗലൂര്‍, മൈസൂര്‍ എന്നീ ജില്ലകളില്‍ വന്‍തോതില്‍ ക്രാമൈറ്റ്‌ ലഭ്യമാണ്‌. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള മൊത്തം ക്രാമൈറ്റിന്റെ 50 ശ.മാ.ഉം കര്‍ണാടകത്തിലാണ്‌. ധാതുസമ്പത്തിന്റെ കാര്യത്തില്‍ ഇത്രയേറെ സമ്പന്നമാണെന്നിരിക്കിലും ഊര്‍ജസാധകങ്ങളായ കല്‍ക്കരി, പെട്രാളിയം എന്നിവയുടെ അഭാവം ഖനനത്തിന്റെ പുരോഗതിക്ക്‌ മാന്ദ്യം വരുത്തിയിരിക്കുന്നു.

ജനങ്ങള്‍

2001ലെ സെന്‍സസ്‌ പ്രകാരം കര്‍ണാടകത്തിലെ ജനസംഖ്യ: 5,28,50,562 ആയിരുന്നു. വ്യവസായവത്‌കരണത്തെത്തുടര്‍ന്ന്‌ നഗരങ്ങളിലേക്കുള്ള പ്രവാസം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ആളുകളും ഗ്രാമങ്ങളില്‍ തന്നെയാണ്‌ വസിക്കുന്നത്‌ എന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ശരാശരി ജനസാന്ദ്രത ച.കീ. മീറ്ററിന്‌ 275 (2001) ആണ്‌. ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിക്കാവുന്നതാണ്‌: (i) ച.കി. മീറ്ററിന്‌ 200ലധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ – നഗരങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, കടും കൃഷിമേഖലകള്‍, ജലസേചനകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ഈയിനത്തില്‍ പെടുന്നു. (ii) ജനസാന്ദ്രത 100200 ആയുള്ള പ്രദേശങ്ങള്‍ – കാര്‍ഷികോപഭോഗത്തിനു വിധേയമായ സമതലപ്രദേശങ്ങള്‍, ഖനനകേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങള്‍. (iii) ജനവാസം നന്നേ കുറവായ പ്രദേശങ്ങള്‍ – പര്‍വതമേഖലകളും സംസ്ഥാനത്തിന്റെ വടക്കും കിഴക്കും അരികുകളിലുള്ള അര്‍ധമരുഭൂപ്രദേശവും.

തലസ്ഥാനമായ ബാംഗ്ലൂര്‍ മാത്രമാണ്‌ പ്രയുതനഗരം (ാശഹഹശീി രശ്യേ) ആയുള്ളത്‌; ഇവിടത്തെ ജനസംഖ്യ: 56,86,844 (2001) ആണ്‌. 1991ലെ കണക്കനുസരിച്ച്‌ രണ്ടര ലക്ഷത്തിലേറെ ജനസംഖ്യയുള്ള മറ്റു പത്തുനഗരങ്ങള്‍ മൈസൂര്‍ (4,81,000), ഹൂബ്ലി ധാര്‍വാര്‍ ജില്ല (6,48,000), മംഗലാപുരം (2,,73,000), ഗുല്‍ബര്‍ഗ (3,04,000), ദാവണ്‍ഗരെ (2,66,000).

ജനങ്ങളില്‍ 65 ശ.മാ.ലധികം പേരും കന്നഡഭാഷക്കാരാണ്‌. വാണിജ്യവ്യവസായ മണ്ഡലങ്ങളില്‍ ഹിന്ദിഭാഷയുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ സീമാന്തമേഖലകളില്‍ തമിഴ്‌, തെലുങ്ക്‌, മറാഠി, കൊങ്കണി, തുളു തുടങ്ങിയ ഭാഷകള്‍ക്ക്‌ വലുതായ പ്രാമാണ്യവും പ്രചാരവുമുണ്ട്‌. നന്നേ ന്യൂനപക്ഷമായ ആംഗ്ലോഇന്ത്യന്‍ വംശജര്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്നവരാണ്‌.

ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളാണ്‌. ജൈനബുദ്ധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ചുരുക്കമായുണ്ട്‌. മുസ്‌ലിങ്ങളും, ക്രസ്‌തവരുമാണ്‌ മറ്റു പ്രധാന മതവിഭാഗങ്ങള്‍. കുടിയേറ്റക്കരെ ഒഴിവാക്കിയാല്‍ കര്‍ണാടക സംസ്ഥാനത്തിലെ ജനങ്ങള്‍ ഒട്ടാകെ ദ്രാവിഡവര്‍ഗക്കാരാണ്‌ എന്നു പറയാം.

ബനവാസിയിലെ കദംബന്മാര്‍(325-540)

ശാതവാഹനന്മാരുടെ തിരോധാനത്തോടെ ബനവാസി (വ. കര്‍ണാടകം) കദംബവംശത്തിന്റേതായി. മയൂരശര്‍മ എന്ന ബ്രാഹ്മണന്‍ എ.ഡി. 325ഓടുകൂടി സ്ഥാപിച്ചതാണ്‌ ഈ വംശം. കാഞ്ചി ആസ്ഥാനമാക്കി തമിഴ്‌നാട്‌ ഭരിച്ചിരുന്ന പല്ലവന്മാരുമായി മയൂരശര്‍മ സംഘട്ടനത്തിലേര്‍പ്പെട്ടു; 100 വര്‍ഷത്തോളം മയൂരശര്‍മയുടെ പിന്‍ഗാമികള്‍ ഇവിടം ഭരിച്ചു. ശക്തി ക്ഷയിച്ച കദംബന്മാരെ പുലികേശി പരാജയപ്പെടുത്തി; 540ഓടുകൂടി ചാലൂക്യവംശം സ്ഥാപിച്ചു. ബാദാമിയില്‍ കോട്ട നിര്‍മിച്ചതും, ഒരു ഏകീകൃത കര്‍ണാടകം സ്ഥാപിച്ചതും ചാലൂക്യവംശജരായിരുന്നു.

തലക്കാടിലെ ഗംഗാവംശം(325-399)

കദംബന്മാര്‍ വടക്കന്‍ കര്‍ണാടകത്തില്‍ പ്രാബല്യത്തില്‍ വന്ന അതേ കാലഘട്ടത്തില്‍ തെക്കന്‍ കര്‍ണാടകത്തില്‍ നന്ദഗിരി (ബാംഗ്ലൂരിനടുത്തുള്ള നന്ദിക്കുന്നുകള്‍) ആസ്ഥാനമാക്കി ഗംഗാവംശം അധികാരത്തിലെത്തി. ഗംഗാവംശരാജാക്കന്മാര്‍ ജൈനമതവിശ്വാസികളായിരുന്നു. കന്നഡസാഹിത്യം പിറവിയെടുത്തത്‌ ഗംഗാവംശക്കാരുടെ കാലത്താണ്‌. 75 വര്‍ഷത്തോളം രാജ്യം ഭരിച്ച ഈ വംശത്തിലെ പ്രമുഖരാജാക്കന്മാരായിരുന്ന ദുര്‍വിനീത, ശ്രീപുരുഷ, രാഘവമല്ല തുടങ്ങിയവര്‍. തുംകൂര്‍, ബാംഗ്ലൂര്‍, കുടക്‌, മാണ്ഡ്യ, മൈസൂര്‍, ആന്ധ്ര, തമിഴ്‌നാട്‌ എന്നിവയുടെ ഭാഗങ്ങള്‍, ഗംഗാവംശക്കാരുടെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. ശ്രാവണബെലഗോളയിലെ ബാഹുബലി എന്ന ജൈനസന്ന്യാസിയുടെ പ്രതിമ, ഗോമതേശ്വര പ്രതിമ തുടങ്ങിയവ ഈ കാലഘട്ടത്തിലാണ്‌ സ്ഥാപിച്ചത്‌.

ബാദാമിയിലെ ചാലൂക്യന്മാര്‍(500-757)

ചാലൂക്യവംശ സ്ഥാപകനായ പുലികേശി ക (540-66) കദംബന്‌മാരെ തോല്‌പിച്ച്‌ ബിജാപ്പൂരിനടുത്തുള്ള ബാദാമി കേന്ദ്രമാക്കി, പുതിയൊരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. കീര്‍ത്തിവര്‍മന്‍ I (566-96), സഹോദരനായ മംഗളേശന്‍ എന്നിവര്‍ ഈ സാമ്രാജ്യത്തെ ഏകീകരിച്ചു.

ചാലൂക്യരാജാക്കന്മാരില്‍ പ്രമുഖനായ പുലികേശി II (609-642) നിരവധി യുദ്ധങ്ങളിലൂടെ വടക്കും തെക്കുമുള്ള അയല്‍രാജ്യങ്ങളെ പരാജയപ്പെടുത്തി, സാമ്രാജ്യവിസ്‌തൃതി വര്‍ധിപ്പിച്ചു. മഹാരാഷ്‌ട്ര, കര്‍ണാടകം, ഗുജറാത്ത്‌ മുതല്‍ ദക്ഷിണമൈസൂര്‍ വരെയുള്ള പശ്ചിമേന്ത്യ, ഒറീസ, ആന്ധ്ര എന്നിവയുടെ ചില ഭാഗങ്ങള്‍ പുലികേശി കകന്റെ സാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്നു. ഹര്‍ഷവര്‍ധനന്‍ പുലികേശി കകനോട്‌ പരാജയപ്പെട്ട്‌ പിന്‍വാങ്ങി. "സത്യാശ്രയ പരമേശ്വര' എന്ന ബഹുമതി പുലികേശി സ്വീകരിക്കുകയും ചെയ്‌തു. ചൈനീസ്‌ സഞ്ചാരിയായ ഹ്യൂയാന്‍ത്‌സാങ്‌ പുലികേശി കകന്റെ കൊട്ടാരം സന്ദര്‍ശിക്കുകയുണ്ടായി. 30 വര്‍ഷക്കാലം വിജയകരമായി രാജ്യം ഭരിച്ച പുലികേശി കകനെ തമിഴ്‌നാട്ടിലെ പല്ലവരാജാവ്‌ പരാജയപ്പെടുത്തി ബാദാമി പിടിച്ചടക്കി. 757 വരെ പുലികേശിയുടെ പിന്‍മുറക്കാര്‍ കര്‍ണാടകം ഭരിച്ചു. രാഷ്‌ട്രകൂടവംശത്തിലെ കൃഷ്‌ണ I അവരെ തോല്‌പിച്ചത്‌ ചാലൂക്യവംശത്തിന്റെ അന്ത്യം കുറിച്ചു.

മാല്‍ഖേഡിലെ രാഷ്‌ട്രകൂടന്മാര്‍(757-973)

കര്‍ണാടകത്തിലെ ഒരു പ്രാചീന രാജകുടുംബമായിരുന്ന രാഷ്‌ട്രകൂടവംശത്തിലെ ദന്തിദുര്‍ഗന്‍, 735 മുതല്‍ ചാലൂക്യരെ എതിര്‍ത്തിരുന്നു. ദന്തിദുര്‍ഗന്റെ പിന്‍ഗാമിയായ കൃഷ്‌ണന്‍, പുലികേശിയുടെ പിന്മുറക്കാരെ ആക്രമിച്ച്‌ 757ല്‍ സിംഹാസനം പിടിച്ചടക്കി. 973 വരെ രാഷ്‌ട്രകൂടന്മാര്‍ രാജ്യം ഭരിച്ചു. ധ്രുവന്‍, ഗോവിന്ദന്‍ കക, കൃഷ്‌ണന്‍ കകക എന്നിവരായിരുന്നു ഈ വംശത്തിലെ മറ്റു രാജാക്കന്മാര്‍. ധ്രുവന്‍ വടക്ക്‌ കന്യാകുബ്‌ജംവരെ കീഴടക്കി; തെക്കുള്ള ഗംഗാവംശജരെയും പല്ലവന്മാരെയും തോല്‌പിച്ചു. ഗോവിന്ദന്‍ കകക സാമ്രാജ്യവിസ്‌തൃതി ഹിമാലയം വരെ വ്യാപിപ്പിച്ചു. അറബി വണിഗ്വരനായ ഹസന്‍ അല്‍മസൂദി, രാഷ്‌ട്രകൂട ഭരണത്തെക്കുറിച്ച്‌ പ്രശംസിച്ചിട്ടുണ്ട്‌. രാമേശ്വരം മുതല്‍ ഹിമാലയംവരെ സാമ്രാജ്യം വികസിപ്പിച്ച രാഷ്‌ട്രകൂടരുടെ സാംസ്‌കാരിക സംഭാവനകളും മികച്ചതാണ്‌.

കല്യാണിയിലെ ചാലൂക്യന്മാര്‍(973-1198)

രാഷ്‌ട്രകൂടന്മാരുടെ പരാജയത്തോടെ ചാലൂക്യന്മാര്‍ വീണ്ടും ശക്തി പ്രാപിച്ച്‌, വടക്കന്‍ കര്‍ണാടകത്തിലെ കല്യാണ്‍ ആസ്ഥാനമാക്കി പ്രബലരാകാന്‍ തുടങ്ങി. ഈ വംശത്തിലെ വിക്രമാദിത്യന്‍ ഢകനെക്കുറിച്ച്‌ ബില്‍ഹണന്‍ വിക്രമാങ്കദേവചരിതമെന്ന ഇതിഹാസകാവ്യത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. "വിക്രമവര്‍ഷം' എന്ന പുതിയ അബ്‌ദം ആരംഭിച്ചത്‌ അദ്ദേഹമായിരുന്നു. 1162ല്‍ ചാലൂക്യന്മാരെ കലചുരികള്‍ പരാജയപ്പെടുത്തിയെങ്കിലും കഷ്ടിച്ച്‌ 20 വര്‍ഷമേ അവര്‍ക്ക്‌ ഭരിക്കാന്‍ കഴിഞ്ഞുള്ളു. വീരശൈവമതത്തിന്റെ ഉദ്‌ഭവം ഇക്കാലത്താണ്‌.

ദേവഗിരിയിലെ യാദവന്മാര്‍(1198-1313)

835ല്‍ നാസിക്‌ പ്രദേശത്തുമാത്രം ശക്തരായിരുന്ന യാദവന്മാര്‍ 12-ാം ശതാബ്‌ദത്തോടുകൂടി വ. ഡക്കാണിലെ ചാലൂക്യസാമ്രാജ്യം മുഴുവന്‍ കീഴടക്കി. ഹോയ്‌സാലന്മാര്‍ തുടങ്ങിയ അയല്‍ ശക്തികള്‍ക്കെതിരായി നിരന്തരം യുദ്ധം നടത്തിയ അവരെ 1295ല്‍ അലാവുദ്ദീന്‍ കില്‍ജി കീഴടക്കി.

ദ്വാരസമുദ്രത്തിലെ ഹോയ്‌സാലന്മാര്‍(1000-1346)

ദ്വാരസമുദ്രം ആസ്ഥാനമാക്കി വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന്‌ അടിത്തറ പാകിയ ഹോയ്‌സാലന്മാരുടെ രാഷ്‌ട്രീയ ചരിത്രം നിരന്തര യുദ്ധങ്ങളുടേതാണ്‌. ക്ഷേത്രകലയ്‌ക്കും ജൈനമതത്തിനും അവര്‍ അതുല്യമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. നോ: ഹോയ്‌സാലന്മാര്‍

വിജയനഗരസാമ്രാജ്യം(1336-1563)

വിജയനഗരസാമ്രാജ്യസ്ഥാപകരില്‍ ഒരാളായ ഹരിഹരന്‍ ഒരു പ്രഗല്‌ഭ സൈനിക നേതാവായിരുന്നു. ഹോയ്‌സാല രാജാക്കന്മാരെയും രാജ്യത്തെയും മുസ്‌ലിം ആക്രമണങ്ങളില്‍ നിന്നു സംരക്ഷിച്ചു നിര്‍ത്തിയത്‌ അദ്ദേഹമായിരുന്നു. 40 വര്‍ഷക്കാലം യുദ്ധത്തിന്റെ നടുവിലായിരുന്ന രാജ്യത്ത്‌ ഒരു ശക്തമായ ഭരണം സ്ഥാപിച്ചതും ഹരിഹരന്‍ തന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമി ബുക്കന്‍ 22 വര്‍ഷം രാജ്യം ഭരിച്ചു. ഇക്കാലത്താണ്‌ ഡക്കാണില്‍ ബാഹ്മനി രാജ്യം ഉയര്‍ന്നുവന്നത്‌. ദേവരായര്‍ കക, കൃഷ്‌ണദേവരായര്‍ തുടങ്ങിയവരാണ്‌ ഈ വംശത്തിലെ വിഖ്യാതര്‍. തുളുവ രാജാവായ കൃഷ്‌ണദേവരായരുടെ കാലത്ത്‌ വിജയനഗരം അതിന്റെ പ്രതാപത്തിന്‍െറ ഉച്ചാവസ്ഥയിലെത്തി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ അധികാരത്തിലെത്തിയവര്‍ ദുര്‍ബലരായിരുന്നു. കൃഷ്‌ണദേവരായരുടെ ജാമാതാവ്‌ സ്ഥാപിച്ച അരവിഡുവംശം 100 വര്‍ഷത്തോളം രാജ്യം ഭരിച്ചു. വിജയനഗരത്തിലെ അവസാനത്തെ രാജാവായ രാമരായരെ 1565ല്‍ തളിക്കോട്ട യുദ്ധത്തില്‍ വച്ച്‌ ഡക്കാണിലെ അഞ്ചു സുല്‍ത്താന്മാരുടെ സംയുക്തസേന വധിച്ചതോടെ 230 വര്‍ഷത്തെ പാരമ്പര്യമുള്ള വിജയനഗരഭരണം അസ്‌തമിച്ചു. നോ: വിജയനഗരസാമ്രാജ്യം

ബാഹ്മനിരാജ്യം(1347-1527)

അമീര്‍ ഹസന്‍ ബാഹ്മന്‍ ഷാ സ്ഥാപിച്ച ബാഹ്മനി രാജവംശം 1490ഓടുകൂടി വിഭജിക്കപ്പെട്ട്‌ അഞ്ചു പ്രത്യേക രാജവംശങ്ങളായി മാറി. അവയില്‍ ബിജാപ്പൂരും ബീദാറും കര്‍ണാടകത്തിന്റെ ഭാഗങ്ങളായിരുന്നു. ബിജാപ്പൂര്‍ ഭരിച്ച യൂസുഫ്‌ ആദില്‍ഖാന്‍, ഇബ്രാഹിം കക, അലി ആദില്‍ഷാ കക തുടങ്ങിയവര്‍ വലിയ രമ്യഹര്‍മ്യങ്ങള്‍ നിര്‍മിക്കുന്നതില്‍ തത്‌പരരായിരുന്നു. മുഹമ്മദ്‌ ആദില്‍ഷാ നിര്‍മിച്ച "ഗോല്‍ഗോംബസ്‌' വിഖ്യാതമാണ്‌. ബിജാപ്പൂര്‍, ബീദാര്‍ തുടങ്ങിയവ 16-ാം നൂറ്റാണ്ടില്‍ മുഗളന്മാര്‍ക്കു കീഴടങ്ങി. എന്നാല്‍ തെക്കുഭാഗത്ത്‌, മൈസൂറിലെ വൊഡയാര്‍മാരും കേലാടിയിലെ നായ്‌ക്കന്മാരും അവര്‍ക്കെതിരെ പിടിച്ചുനിന്നു.

കേലാടിയിലെ നായ്‌ക്കന്മാര്‍(1500-1763)

വിജയനഗരരാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന കേലാടി നായ്‌ക്കന്മാര്‍ (നോ: ഇക്കേരി നായ്‌ക്കന്മാര്‍)ക്ക്‌ കര്‍ണാടകചരിത്രത്തില്‍ വലിയ പങ്കുണ്ട്‌. ഇവര്‍ പ. ഭാഗത്ത്‌ പോര്‍ത്തുഗീസ്‌ ആക്രമണത്തെയും വ. ഭാഗത്ത്‌ ബിജാപ്പൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തെയും ചെറുത്തുനിന്നു. വിജയനഗരസാമ്രാജ്യത്തിന്റെ വീഴ്‌ചയോടെ അവര്‍ ഹിന്ദുമതത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷകരായി മാറി. ഗോവ മുതല്‍ കണ്ണൂര്‍ വരെ വ്യാപിച്ചിരുന്നു കേലാടിരാജ്യം. ഈ വംശത്തിലെ ഏറ്റവും പ്രശസ്‌ത രാജാവായിരുന്നു ശിവപ്പ നായ്‌ക്ക്‌. ഹൈദരലി കീഴടക്കുന്നതുവരെ കേലാടിരാജ്യം നിലനിന്നു.

മൈസൂറിലെ വൊഡയാര്‍മാര്‍(1399-1761, 1800-1831, 1881-1950)

ദ്വാരകയില്‍ നിന്നു മൈസൂറിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു വന്ന യദുരായര്‍, കൃഷ്‌ണദേവന്‍ എന്നീ വൊഡയാര്‍ സഹോദരന്മാരില്‍ നിന്നാണ്‌ വൊഡയാര്‍മാരുടെ ഉത്‌പത്തി. ചാമരാജ എന്ന നാട്ടുരാജ്യഭരണാധികാരി അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അവകാശികളെ "മാരനായക' എന്നു പേരുള്ള ഒരു അക്രമി തന്റെ നിയന്ത്രണത്തിലാക്കി. ഈ ഘട്ടത്തില്‍ യദുരായ സഹോദരന്മാര്‍ എത്തി മാരനായകനെ വധിച്ചതിനു പ്രത്യുപകാരമായി യദുരായര്‍ക്ക്‌ രാജപദവി നല്‌കി (1399). ഒരു ചെറിയ നാട്ടുരാജ്യമായിരുന്ന മൈസൂറിനെ വൊഡയാര്‍ വംശത്തിലെ പ്രമുഖനായ രാജവൊഡയാറാണ്‌ ഒരു വലിയ രാജ്യമാക്കി വിപുലീകരിച്ചത്‌. ശ്രീരംഗപട്ടണം ആസ്ഥാനമാക്കി ഭരണമാരംഭിച്ച ഇദ്ദേഹം പ്രഖ്യാതമായ "ദസറ' ആഘോഷങ്ങള്‍ക്ക്‌ സമാരംഭം കുറിച്ചു (1610). വിജയനഗരസാമ്രാജ്യഭാഗങ്ങള്‍ മുഴുവന്‍ ഏകീകരിച്ച്‌ രാജ്യത്തെ വിപ-ുലീകരിച്ചത്‌ ചിക്കദേവരാജവൊഡയാര്‍ ആയിരുന്നു. "കര്‍ണാടക ചക്രവര്‍ത്തി' എന്ന സ്ഥാനം ഏറ്റെടുത്ത ഇദ്ദേഹം, മധുര സുല്‍ത്താന്റെ ആക്രമണം, ഇക്കേരി നായ്‌ക്കന്മാരുടെ ആക്രമണം, ശിവാജിയുടെ മുന്നേറ്റം എന്നിവ തടഞ്ഞു നിര്‍ത്തി. 1687ല്‍ 3 ലക്ഷം രൂപയ്‌ക്ക്‌ ഇദ്ദേഹം മുഗളരില്‍ നിന്ന്‌ ബാംഗ്ലൂര്‍ വിലയ്‌ക്കുവാങ്ങി. ചിക്കദേവരാജന്റെ നിര്യാണശേഷം രാജ്യത്തു മന്ത്രിമാരുടെ ദുര്‍ഭരണം മൂലം അസ്വസ്ഥത ഉയര്‍ന്നു. പട്ടാളവിപ്ലവം ഉണ്ടാകാമായിരുന്ന ഈ പരിതഃസ്ഥിതിയില്‍ വെറുമൊരു ഭടനായിരുന്ന ഹൈദരലി അധികാരം പിടിച്ചെടുത്തു.

ഹൈദരലിയും ടിപ്പുവും

1761ഓടുകൂടി ഹൈദരലി മൈസൂറില്‍ പൂര്‍ണമായ ആധിപത്യം നേടി. രാജാവ്‌, മന്ത്രിമാരായ ദേവരാജയ്യ, നഞ്‌ജരാജയ്യ തുടങ്ങിയവരുടെ ബലഹീനതയും കഴിവുകേടുംമൂലം, ഹൈദരാലിക്ക്‌ ശക്തനാകാന്‍ കഴിഞ്ഞു. നിരക്ഷരനായിരുന്നെങ്കിലും വലിയൊരു സൈനിക നേതാവായിരുന്ന ഹൈദര്‍, രാജ്യത്ത്‌ ക്രമസമാധാനം പുനഃസ്ഥാപിക്കുകയും വിദേശീയാക്രമണങ്ങളെ തടുത്തുനിര്‍ത്തുകയും ചെയ്‌തു. ശക്തമായൊരു രാജ്യം സ്ഥാപിക്കാനും ഹൈദറിനു കഴിഞ്ഞു. ഭരണത്തില്‍ മതേതരത്വനയം സ്വീകരിക്കാനും എല്ലാവരോടും സഹിഷ്‌ണുതയോടെ പെരുമാറാനും ഹൈദര്‍ ശ്രദ്ധിച്ചു. ഒരിക്കലും സിംഹാസനാരൂഢനാകാതെ രാജാവിന്റെ പ്രധാനമന്ത്രി, ജനറല്‍ എന്നീ നിലകളിലാണ്‌ ഹൈദര്‍ ഭരണം നടത്തിയത്‌. ഹൈദര്‍ തന്റെ മകനായ ടിപ്പുവിനെ രാജകുമാരനായിട്ടാണ്‌ വളര്‍ത്തിയത്‌. ടിപ്പു "പാദുഷാ' സ്ഥാനം സ്വീകരിച്ചിരുന്നു.

പ്രഗല്‌ഭ സൈനിക നേതാവായിരുന്ന ടിപ്പു, ബ്രിട്ടീഷുകാരുടെ ആത്മശത്രുവായിരുന്നു. ബ്രിട്ടീഷ്‌മഹാരാഷ്‌ട്രനിസാം സംയുക്തസേനകളുമായി ശ്രീരംഗപട്ടണത്തു വച്ചുണ്ടായ യുദ്ധത്തില്‍ (1799 മേയ്‌ 4) ടിപ്പു വധിക്കപ്പെട്ടു (നോ: ടിപ്പുസുല്‍ത്താന്‍). ടിപ്പുവിന്റെ നിര്യാണത്തോടെ കര്‍ണാടകം ഛിന്നഭിന്നമായി. 1800ലെ വിഭജനക്കരാറുപ്രകാരം ബെല്ലാരി, അനന്തപ്പൂര്‍, കടപ്പ, കര്‍നൂല്‍ എന്നീ പ്രദേശങ്ങള്‍ നിസാമിനും; വ. കര്‍ണാടകം മഹാരാഷ്‌ട്രര്‍ക്കും ലഭിച്ചു. ബ്രിട്ടീഷുകാര്‍ നേടിയ തീരപ്രദേശം, ബോംബേ, മദ്രാസ്‌ എന്നീ റെസിഡന്‍സികളുടെ ഭരണത്തിന്‍ കീഴിലാക്കി. ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി മൈസൂറിനെ ഒരു പ്രത്യേക സ്റ്റേറ്റാക്കി നിലനിര്‍ത്താന്‍ തീരുമാനിക്കുകയും, പഴയ വൊഡയാര്‍ രാജവംശത്തെ പുനഃപ്രതിഷ്‌ഠിക്കുകയും ചെയ്‌തു. ബാലനായിരുന്ന മുമ്മാഡി കൃഷ്‌ണരാജ വൊഡയാര്‍ കകകനെ മൈസൂര്‍ രാജാവാക്കി. ഹൈദറിന്റെയും ടിപ്പുവിന്റെയും കാലത്ത്‌ മന്ത്രിയായിരുന്ന പൂര്‍ണയ്യയെ ദിവാനാക്കി നിയമിക്കുകയും ചെയ്‌തു. മൈസൂറിനെ ആധുനീകരിക്കാന്‍ ശ്രമിച്ച ആദ്യത്തെ ദിവാനായിരുന്നു പൂര്‍ണയ്യ. പിന്നീട്‌ മൈസൂര്‍ ഭരിച്ച പ്രഗല്‌ഭ ദിവാന്മാരുടെ കൂട്ടത്തില്‍ ശേഷാദ്രി അയ്യര്‍, എം. വിശ്വേശ്വരയ്യ, മിഴ്‌സ ഇസ്‌മായില്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

സ്വാതന്ത്യ്രസമരം

1824ല്‍ കിട്ടൂരിലെ റാണി ചന്ദമ്മയും അവരുടെ വലംകൈയായ സന്‍ഗൊല്ലി രായണയും ബ്രിട്ടീഷുകാര്‍ക്കെതിരായി സമരം നയിച്ച്‌ അവരുടെ സ്വന്തം രാജ്യം സ്ഥാപിച്ചു. 1831ല്‍ മൈസൂറിന്റെ ഭരണഭാരം കൈയേറ്റ ബ്രിട്ടീഷുകാര്‍ 1881 വരെ ആ നില തുടര്‍ന്നു. 1881ല്‍ ചാമരാജവൊഡയാറെ രാജാവായി പ്രതിഷ്‌ഠിച്ചു. പിന്നീട്‌ ഒരു മാതൃകാ നാട്ടുരാജ്യമായി മൈസൂര്‍ ഉയര്‍ന്നു. അക്കാലം വരെ ഛിന്നഭിന്നമായി കിടന്ന കര്‍ണാടക ജനതയും കന്നഡഭാഷയും ഇതിനുശേഷം സജീവമായി. ബോംബെയിലെ ബ്രിട്ടീഷ്‌ പ്രസിഡന്‍സി, ഹൈദരാബാദിലെ നിസാം, മൈസൂര്‍ മഹാരാജാവ്‌ എന്നിവരുടെ കീഴില്‍ വേറിട്ടു കഴിഞ്ഞിരുന്ന ജനങ്ങളെ ഏകീകരിക്കുക എന്നുള്ളത്‌ സ്വാതന്ത്യ്രസമരത്തിന്റെ മുഖ്യോദ്ദേശ്യമായി മാറി.

സ്വാതന്ത്യ്രലബ്‌ധിക്കു ശേഷം

സംസ്ഥാന പുനഃസംഘടനാനിയമമനുസരിച്ച്‌ 1956ല്‍ മൈസൂര്‍ സംസ്ഥാനം നിലവില്‍ വന്നു. 1973ല്‍ മൈസൂര്‍ സംസ്ഥാനം "കര്‍ണാടകം' എന്ന്‌ പുനര്‍നാമകരണം ചെയ്യപ്പെട്ടു.

സമ്പദ്‌വ്യവസ്ഥ

കൃഷി

കാര്‍ഷികപ്രധാനമായ സമ്പദ്‌വ്യവസ്ഥയാണ്‌ കര്‍ണാടകത്തിന്റേത്‌; വാര്‍ഷികവരുമാനത്തിന്റെ 50 ശ.മാ.ത്തോളവും കൃഷിയില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. മൊത്തം വിസ്‌തീര്‍ണത്തിന്റെ 53.84 ശ.മാ. കൃഷിഭൂമിയായി മാറ്റപ്പെട്ടിരിക്കുന്നു; സംസ്ഥാനത്തിലെ പ്രവൃത്തിയെടുക്കുന്ന ജനങ്ങളില്‍ സു. 46 ശ.മാ.ഉം കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവരാണ്‌.

നെല്ലാണ്‌ മുഖ്യധാന്യവിള. ജോവര്‍, റാഗി, ബജ്‌റ തുടങ്ങിയ ധാന്യങ്ങള്‍; ഗോതമ്പ്‌ പയറുവര്‍ഗങ്ങള്‍, നിലക്കടല; ആവണക്കും ഇതര എണ്ണക്കുരുക്കളും; മുളക്‌, ഇഞ്ചി, കനിവര്‍ഗങ്ങള്‍; നാണ്യവിളകളായ കരിമ്പ്‌, പുകയില, പരുത്തി, കുരുമുളക്‌ എന്നിവ സാമാന്യമായ തോതില്‍ കൃഷിചെയ്‌തുവരുന്നു. തെങ്ങും കവുങ്ങുമാണ്‌ മുഖ്യ വൃക്ഷവിളകള്‍. ആപ്പിള്‍, ഓറഞ്ച്‌, മുന്തിരി, നാരകം, പപ്പായ, പേര, മാവ്‌, പ്ലാവ്‌ തുടങ്ങിയ ഫലവൃക്ഷങ്ങളും വ്യാപകമായ തോതില്‍ വളര്‍ത്തപ്പെടുന്നു. തോട്ടവിളകളില്‍ കാപ്പിക്കാണ്‌ ഒന്നാംസ്ഥാനം; തേയില, ഏലം എന്നിവയാണ്‌ മറ്റിനങ്ങള്‍. അടുത്ത കാലത്തായി കശുമാവ്‌ കൃഷി അഭിവൃദ്ധിപ്പെട്ടു വരുന്നു. വിപണനാവശ്യം മുന്‍നിര്‍ത്തി പൂച്ചെടികള്‍ വളര്‍ത്തുന്നതിലും കര്‍ണാടകം മുന്‍പന്തിയിലാണ്‌.

സംസ്ഥാനത്തിലെ കൃഷിനിലങ്ങളില്‍ 73 ശ.മാ.ഉം നെല്‍ക്കൃഷിക്കാണ്‌ ഉപയോഗിക്കുന്നത്‌. ധാന്യങ്ങളില്‍ നെല്ലു കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ജോവറിനും റാഗിക്കുമാണ്‌. ജലലഭ്യതയുടെ തോതു കുറയുമ്പോള്‍ നെല്ലിനു പകരം മറ്റു ധാന്യങ്ങള്‍ കൃഷി ചെയ്യുന്നു. നെല്‍ക്കൃഷി സംസ്ഥാനമെമ്പാടും വ്യാപിച്ചുകാണുന്നു. മഴ കൂടുതല്‍ ലഭിക്കുന്നതോ ജലസേചനസൗകര്യം ഉള്ളതോ ആയ താഴ്‌വാരങ്ങളിലാണ്‌ കരിമ്പുകൃഷി കേന്ദ്രീകരിച്ചിട്ടുള്ളത്‌. പരുത്തിക്കൃഷി കരിമണ്‍ പ്രദേശത്തു മാത്രമാണുള്ളത്‌. മള്‍ബറി ഒരു പ്രധാന നാണ്യവിളയാണ്‌. എന്നാല്‍ നാണ്യവിളകളുടെ കൂട്ടത്തില്‍ പിന്നാക്കമായ സ്ഥാനമാണ്‌ പുകയിലയ്‌ക്കുള്ളത്‌. മൊത്തം കൃഷിഭൂമിയുടെ 0.83 ശ.മാ. മാത്രമേ ഈ വിളയ്‌ക്കായി ഉപയോഗിക്കപ്പെടുന്നുള്ളു. നിലക്കടലയും മറ്റ്‌ എണ്ണക്കുരുക്കളും ഇടവിളയായോ മുഖ്യവിളയായോ സംസ്ഥാനമൊട്ടാകെ കൃഷിചെയ്യപ്പെട്ടുവരുന്നു.

ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്ന കാപ്പിയില്‍ സു. 70 ശ.മാ. കര്‍ണാടകത്തിലെ തോട്ടങ്ങളില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. ഏലമാണ്‌ മറ്റൊരു പ്രധാന നാണ്യവിള; ഇന്ത്യയിലെ മൊത്തം ഏലം ഉത്‌പാദനത്തില്‍ കര്‍ണാടകത്തിന്റെ പങ്ക്‌ 45 ശ.മാ. ആണ്‌. മലനാട്‌ പ്രദേശത്തെ ഫലഭൂയിഷ്‌ഠമായ താഴ്‌വാരങ്ങളില്‍ പരക്കെ വളരുന്ന കവുങ്ങുകളെയും ഉത്‌പാദനവിപണനത്തിന്റെ അടിസ്ഥാനത്തില്‍ തോട്ടവിളയായി ഗണിക്കാവുന്നതാണ്‌.

സംസ്ഥാനത്ത്‌ ചെറുതും വലുതുമായ, നിരവധി ജലസേചന പദ്ധതികള്‍ ആസൂത്രിതമായിട്ടുള്ളതില്‍ ഏറിയകൂറും പ്രാവര്‍ത്തികമായിക്കഴിഞ്ഞിരിക്കുന്നു. കൃഷ്‌ണരാജസാഗര്‍, ഭദ്രാ റിസര്‍വോയര്‍, തുംഗാ അണക്കെട്ട്‌, നുഗു റിസര്‍വോയര്‍, തുംഗഭദ്ര, അപ്പര്‍കൃഷ്‌ണ, ഘടപ്രഭ, മാലപ്രഭ എന്നിവയാണ്‌ വന്‍കിട ജലസേചന പദ്ധതികള്‍. സംസ്ഥാനത്തെ മൊത്തം കൃഷിഭൂമിയുടെ ഏഴിലൊന്നോളം മാത്രമേ ഇതിനകം ജലസേചിതമായിട്ടുള്ളു.

കാര്‍ഷിക വികസനത്തിന്‌ നാനാമുഖമായ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ ജില്ലകളിലും സാമൂഹിക വികസനപദ്ധതികള്‍ പ്രാവര്‍ത്തികമായിട്ടുണ്ട്‌. കൃഷിസമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷികരംഗത്തെ സഹകരണവ്യവസ്ഥ വിപുലീകരിക്കുന്നതിനും ഉത്‌പന്നവിപണനത്തിലെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള നാനാമുഖശ്രമങ്ങള്‍ ഗവണ്‍മെന്റ്‌ തലത്തില്‍ നടന്നുവരുന്നു.

കന്നുകാലിസംരക്ഷണം

സംസ്ഥാനത്തെ മൊത്തം കന്നുകാലി സമ്പത്ത്‌ സു. 230 ലക്ഷമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ജീവിതവൃത്തിയെന്ന നിലയില്‍ കാലിവളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ സംഖ്യ തുലോം പരിമിതമാണ്‌.

പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍

പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ കര്‍ണാടകത്തില്‍ വ്യാപകമായി നടന്നുവരുന്നു. പട്ടുവ്യവസായ രംഗത്ത്‌ ഈ സംസ്ഥാനം മുന്‍പന്തിയിലാണ്‌. സംസ്ഥാനത്ത്‌ 75,000 ഹെക്ടറിലേറെ സ്ഥലം മള്‍ബറികൃഷിക്കായി വിനിയോഗിക്കപ്പെടുന്നു. നൈസര്‍ഗിക പട്ടുനൂല്‍ ഉത്‌പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കര്‍ണാടകത്തിനാണ്‌. മൈസൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സില്‍ക്ക്‌ ബോര്‍ഡിന്റെ ശ്രമഫലമായി പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ അഭിവൃദ്ധിപ്പെടുകയും ഒരു പ്രധാന വ്യവസായമായി വികസിക്കുകയും ചെയ്‌തിട്ടുണ്ട്‌. നേരിട്ടും അല്ലാതെയുമായി ഇന്ന്‌ സു. 2.7 ദശലക്ഷം പേര്‍ ഈ രംഗത്ത്‌ തൊഴില്‍ ചെയ്യുന്നു (2003).

വനസമ്പത്ത്‌

സംസ്ഥാനത്തിന്റെ മൊത്തം വിസ്‌തീര്‍ണത്തില്‍ സു. 15 ശ.മാ. (30,382 ച.കി.മീ) വനങ്ങളാണ്‌. വനവിഭവങ്ങളില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നത്‌ തടിയാണ്‌. തേക്ക്‌, ഈട്ടി, മതി, നന്തി തുടങ്ങിയവയാണ്‌ തടിയിനങ്ങള്‍. ചന്ദനത്തടി സര്‍വപ്രധാനമായ സ്ഥാനം അര്‍ഹിക്കുന്നു. ചന്ദനത്തൈലം കര്‍ണാടകത്തിന്റെ കയറ്റുമതിയിനങ്ങളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്നു. മുള, ഈറ, പശയിനങ്ങള്‍, അരക്ക്‌, തുകല്‍ ഊറയ്‌ക്കിടുന്നതിനുള്ള കറകള്‍ തുടങ്ങിയവയാണ്‌ മറ്റു വനവിഭവങ്ങള്‍. വനസംരക്ഷണത്തിനും വനവിഭവ സംഭരണം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ധാരാളം പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്‌.

മത്സ്യബന്ധനം

320 കി.മീ. നീളമുള്ള കടല്‍ത്തീരത്തോടനുബന്ധിച്ചുള്ള 25,500 ച.കി.മീ. പ്രദേശം മീന്‍പിടുത്തത്തിന്‌ അനുയോജ്യമായുണ്ട്‌. നദീമുഖങ്ങള്‍ ധാരാളമുള്ളതിനാല്‍ സമൃദ്ധമായ ഒരു മത്സ്യശേഖരം ഈ ഭാഗത്ത്‌ ഉണ്ടുതാനും. എന്നാല്‍ മത്സ്യബന്ധന രംഗത്ത്‌ ഈ സംസ്ഥാനം വേണ്ടത്ര പുരോഗതി ആര്‍ജിച്ചിട്ടില്ല. രണ്ടും മൂന്നും പദ്ധതിക്കാലങ്ങളില്‍ വിദേശസഹകരണത്തോടെ മത്സ്യബന്ധനം വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ട്‌. മംഗലാപുരം, കാര്‍വാര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച്‌ കാനറാ തീരത്താണ്‌ മത്സ്യബന്ധനം വിപുലീകരിച്ചിട്ടുള്ളത്‌. നദികളിലും കൃത്രിമത്തടാകങ്ങളിലും സമൃദ്ധമായ മത്സ്യസമ്പത്തുണ്ട്‌; പ്രാദേശികോപഭോഗത്തിനായി ചെറിയ തോതില്‍ മീന്‍പിടിത്തം നടന്നു വരുന്നുമുണ്ട്‌.

ഖനനം

ഖനിജ നിക്ഷേപങ്ങള്‍കൊണ്ട്‌ സമ്പന്നമാണ്‌ കര്‍ണാടകം. ഹൈഡ്രാകാര്‍ബണുകള്‍ ഒഴികെയുള്ള എല്ലാ ഖനിജങ്ങളും കര്‍ണാടകത്തില്‍ ലഭ്യമാണ്‌. ഇരുമ്പ്‌, മാങ്‌ഗനീസ്‌, ക്രാമിയം എന്നീ ലോഹങ്ങളുടെ ഉത്‌പാദനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കര്‍ണാടകം മുന്‍പന്തിയിലാണ്‌. ചിക്കമഗലൂര്‍, ചിത്രദുര്‍ഗ, ഷിമോഗാ മേഖലകളിലാണ്‌ ഇരുമ്പുഖനനം പ്രധാനമായും നടന്നുവരുന്നത്‌. ഇന്ത്യയിലെ മൊത്തം മാങ്‌ഗനീസ്‌ നിക്ഷേപത്തിന്റെ 10 ശ.മാ.ത്തോളം കര്‍ണാടകത്തിലാണ്‌ അവസ്ഥിതമായിരിക്കുന്നത്‌. ലോണ്ടാസാണ്ടൂര്‍, ചിത്രദുര്‍ഗതുംകൂര്‍ എന്നീ മേഖലകളിലാണ്‌ ഈ ലോഹം ഖനനം ചെയ്യപ്പെട്ടു വരുന്നത്‌. മൈസൂര്‍, ഹസ്സന്‍, ചിത്രദുര്‍ഗ, ഷിമോഗ, ചിക്കമഗലൂര്‍ എന്നീ ജില്ലകളില്‍ ക്രാമൈറ്റ്‌ ഖനികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഖനനം ചെയ്യപ്പെടുന്ന മറ്റു ലോഹങ്ങള്‍ അലുമിനിയം, ചെമ്പ്‌, കാരീയം, ആന്റിമണി എന്നിവയാണ്‌. ബെല്‍ഗാം ജില്ലയിലാണ്‌ ബോക്‌സൈറ്റിന്റെ കനത്ത നിക്ഷേപങ്ങളുള്ളത്‌; കെമ്മാന്‍ ഗുണ്ടി, ബാബാബൂദാന്‍ കുന്നുകള്‍, ശിവഗംഗ എന്നിവിടങ്ങളിലും സാമാന്യമായ തോതില്‍ ഇത്‌ അവസ്ഥിതമാണ്‌. ചെമ്പ്‌, കാരീയം, ആന്റിമണി എന്നിവ കൂട്ടുചേര്‍ന്ന നിക്ഷേപങ്ങളായി കാണപ്പെടുന്നു; ചിത്രദുര്‍ഗ, മൈസൂര്‍, ഹസ്സന്‍ എന്നീ ജില്ലകളിലാണ്‌ ഇവയുടെ ഖനനം നടക്കുന്നത്‌. കോളാര്‍, ഹട്ടി എന്നിവിടങ്ങളിലാണ്‌ സ്വര്‍ണഖനികളുള്ളത്‌. കോളാര്‍ ഖനിയില്‍ നിന്ന്‌ അല്‌പമായ തോതില്‍ വെള്ളിയും ലഭിച്ചു വരുന്നു. ചുണ്ണാമ്പുകല്ല്‌, ഗന്ധകം, ആസ്‌ബെസ്‌റ്റോസ്‌, അഭ്രം തുടങ്ങിയ മറ്റു ഖനിജങ്ങളും സാമാന്യമായ തോതില്‍ സംസ്ഥാനത്ത്‌ ഖനനം ചെയ്യപ്പെട്ടുവരുന്നു.

വൈദ്യുതോത്‌പാദനം

ധാതുസമ്പന്നമെങ്കിലും ഊര്‍ജസ്രാതസ്സുകളായ കല്‍ക്കരി, പെട്രാളിയം എന്നിവയുടെ കാര്യത്തില്‍ കര്‍ണാടക സംസ്ഥാനം തീര്‍ത്തും ദരിദ്രമാണ്‌. ഇക്കാരണത്താല്‍ വൈദ്യുതോര്‍ജം സംസ്ഥാനത്തിന്റെ കാര്‍ഷിക വ-്യാവസായിക പുരോഗതിയുടെ ആണിക്കല്ലായി മാറിയിരിക്കുന്നു. നൈസര്‍ഗിക ജലപ്രപാതങ്ങള്‍ ധാരാളമുള്ള കര്‍ണാടകത്തില്‍ വൈദ്യുതോത്‌പാദനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്‌. കാളി, ഷാരാവതി തുടങ്ങി പടിഞ്ഞാറോട്ടുള്ള നദികള്‍, കൃഷ്‌ണാകാവേരി നദീവ്യൂഹങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഉത്‌പാദനം ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതോത്‌പാദനക്ഷമത 5836 മെഗാവാട്ടായി കണക്കാക്കപ്പെട്ടിരിക്കുന്നു (2007). ശിവസമുദ്രം, ശിംശ, ഷാരാവതി (മഹാത്‌മാഗാന്ധി വൈദ്യുതകേന്ദ്രവും താഴ്‌വര പദ്ധതിയും). തുംഗഭദ്ര, ഭദ്ര, കാളി, വാരാഹി, ബേദ്‌തി, ബാരാപോള്‍, കാവേരി എന്നിവയാണ്‌ സംസ്ഥാനത്തിലെ മുഖ്യ ജലവൈദ്യുത പദ്ധതികള്‍; അല്‍മാട്ടി ജലവൈദ്യുത പദ്ധതി, ബെല്ലാരി താപ വൈദ്യുത പദ്ധതി, ബിഡാഡി സംയുക്ത പദ്ധതി എന്നിവയില്‍ നിന്നും സു. 2400 മെഗാവാട്ട്‌ ഊര്‍ജം ഉത്‌പാദിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു.

വ്യവസായങ്ങള്‍

വ്യാവസായികരംഗത്ത്‌ സാമാന്യമായ പുരോഗതി ആര്‍ജിച്ചു കഴിഞ്ഞ ഒരു സംസ്ഥാനമാണ്‌ കര്‍ണാടകം. ധാതുക്കള്‍, വനോത്‌പന്നങ്ങള്‍ തുടങ്ങിയവയെ ആശ്രയിച്ചുള്ള നിരവധി വന്‍കിട ചെറുകിട വ്യവസായങ്ങള്‍ ഇവിടെയുണ്ട്‌. സംസ്ഥാനത്തിലെ വന്‍കിട വ്യവസായങ്ങളില്‍ പൊതുമേഖലാടിസ്ഥാനത്തിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡ്‌ (HAL), ഭാരത്‌ ഇലക്‌ട്രാണിക്‌സ്‌ ലിമിറ്റഡ്‌ (BEL), ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ (ITI), ഭാരത്‌ എര്‍ത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (BEML), ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്‌ ലിമിറ്റഡ്‌ (HMT) എന്നീ അഞ്ചു ഫാക്‌റ്ററികളും ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയാണ്‌ പ്രവര്‍ത്തിച്ചു വരുന്നത്‌. ഭദ്രാവതിയിലെ ഇരുമ്പുരുക്കു നിര്‍മാണ ശാലയായ മൈസൂര്‍ അയണ്‍ ആന്‍ഡ്‌ സ്റ്റീല്‍ ലിമിറ്റഡ്‌ ഈയിനം വ്യവസായശാലകളില്‍ ആദ്യത്തെ പൊതുമേഖലാ സംരംഭമാണ്‌. സാണ്ടൂര്‍, ബാംഗ്ലൂര്‍, തെ. കനാറ എന്നിവിടങ്ങളില്‍ ചെറുകിട ഇരുമ്പുരുക്കു ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ദണ്ഡേലിയിലെ ഫെറോമാങ്‌ഗനീസ്‌ ഫാക്‌റ്ററി ധാതുസംബന്ധിയായ മറ്റൊരു വ്യവസായശാലയാണ്‌. സിമന്റ്‌ അലൂമിനിയം ഫാക്‌റ്ററികളും കര്‍ണാടകത്തിലുണ്ട്‌. കുദ്രമുഖിലെ ഇരുമ്പയിരു പ്ലാന്റും ദേശീയ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വ്യവസായമാണ്‌. മംഗലാപുരത്ത്‌ ഒരു എണ്ണ ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നുണ്ട്‌.

വനോത്‌പന്നങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളില്‍ കയറ്റുമതി അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം ചന്ദനത്തൈലഉത്‌പാദനത്തിനാണ്‌. സോപ്പ്‌, പേപ്പര്‍, പള്‍പ്പ്‌ എന്നിവ ഉത്‌പാദിപ്പിക്കുന്ന വ്യവസായങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നു. കൃത്രിമപ്പട്ടുനിര്‍മാണത്തിന്‌ ഉപയോഗിക്കാവുന്ന പള്‍പ്പാണ്‌ സംസ്ഥാനത്ത്‌ ഉത്‌പാദിപ്പിക്കുന്നത്‌. പ്ലൈവുഡ്‌, ഗൃഹോപകരണനിര്‍മാണം തുടങ്ങി വനോത്‌പന്നങ്ങളെ ആശ്രയിച്ചുള്ള അനവധി വ്യവസായങ്ങള്‍ വേറെയുണ്ട്‌. കാര്‍ഷികോത്‌പന്നങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ പഞ്ചസാര, പരുത്തിത്തുണി എന്നിവയുടെ നിര്‍മാണമാണ്‌. സമുദ്രാത്‌പന്ന വ്യവസായങ്ങളില്‍ ഉപ്പു നിര്‍മാണം മികച്ച അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു. കടല്‍ ലവണങ്ങളെ ആശ്രയിച്ച്‌ കാസ്‌റ്റിക്‌ സോഡ, ഹൈഡ്രാക്ലോറിക്‌ അമ്ലം തുടങ്ങിയ രാസവസ്‌തുക്കളും രാസവളമായ സൂപ്പര്‍ ഫോസ്‌ഫേറ്റും വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

ചെറുകിടയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ ഉത്‌പാദിപ്പിക്കുന്ന നിരവധി വ്യവസായങ്ങള്‍ ഈ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കര്‍ണാടകത്തിലൊട്ടാകെ 125ഓളം ഇന്‍ഡസ്‌ട്രിയല്‍ എസ്‌സ്റ്റേറ്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. നിത്യോപയോഗസാധനങ്ങളുടെ നിര്‍മിതിയില്‍ ചെറുകിട വ്യവസായങ്ങള്‍ വളരെ മുന്നാക്കമാണ്‌. മേല്‌പറഞ്ഞവയ്‌ക്കു പുറമേ മികവുറ്റ കരകൗശലവസ്‌തുക്കളുടെ നിര്‍മാണത്തിലും കര്‍ണാടക സംസ്ഥാനം തനതായ സ്ഥാനം നേടിയിരിക്കുന്നു. കൈത്തൊഴില്‍ ഉത്‌പന്നങ്ങളില്‍ മൈസൂര്‍പ്പട്ട്‌, അഗര്‍ബത്തി എന്നിവ എടുത്തു പറയേണ്ടവയാണ്‌.

കര്‍ണാടകയുടെ സമ്പദ്‌ഘടനയില്‍ ഇന്ന്‌ ഏറ്റവും നിര്‍ണായക സ്ഥാനം വിവര സാങ്കേതിക വ്യവസായത്തിനാണ്‌.

വിവരസാങ്കേതിക വിദ്യയിലും വിജ്ഞാനത്തിലുമധിഷ്‌ഠിതമായ വ്യവസായങ്ങള്‍ക്ക്‌ ഏറ്റവും അനുകൂലമായ സ്ഥലമാണ്‌ സിലിക്കോണ്‍ സംസ്ഥാനം എന്നറിയപ്പെടുന്ന കര്‍ണാടക. ലോകത്തിലെ പ്രമുഖ ബഹുരാഷ്‌ട്ര കമ്പനികളില്‍ 65ലേറെ എണ്ണം കര്‍ണാടകത്തില്‍ പ്രത്യേകിച്ചും ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഫോര്‍ച്ച്യൂണ്‍ മാസിക ലോകത്തെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ നഗരങ്ങളില്‍ ഒന്നായി ബാംഗ്ലൂരിനെ തിരഞ്ഞെടുത്തിട്ടുണ്ട്‌ (2007). നിക്ഷേപസൗഹൃദപരവും പുരോഗമനപരവുമായ വിവരസാങ്കേ തിക ജൈവസാങ്കേതിക വിദ്യാനയങ്ങള്‍ ആണ്‌ സംസ്ഥാനം ആവിഷ്‌കരിച്ചിട്ടുള്ളത്‌. തൊഴില്‍, ഭൂപരിഷ്‌കരണ നിയമങ്ങള്‍ ഉദാരവത്‌കരിച്ചും കര്‍ണാടക വ്യവസായ നയം (2002) പ്രാബല്യത്തില്‍ വരുത്തിയും ആണ്‌ സംസ്ഥാനം നിക്ഷേപകരെ ആകര്‍ഷിച്ചു വരുന്നത്‌.

വിനോദസഞ്ചാരം

വിനോദസഞ്ചാര പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങള്‍ കര്‍ണാടകത്തില്‍ ഉണ്ട്‌. മൈസൂര്‍ നഗരം, ബൃന്ദാവന്‍ സസ്യോദ്യാനം, ശ്രീരംഗപട്ടണം എന്നിവയ്‌ക്കാണ്‌ പ്രഥമ സ്ഥാനം. ശ്രാവണബലഗോളയിലെ ഒറ്റക്കല്ലില്‍ തീര്‍ത്ത 57 അടി ഉയരമുള്ള ഗോമതേശ്വര്‍ പ്രതിമയും ഹോയ്‌സാല സ്‌മാരകങ്ങള്‍ക്ക്‌ പ്രസിദ്ധമായ ബേലൂര്‍, സോമനാഥപുര ഹലേബിഡ്‌ എന്നീ സ്ഥലങ്ങളും പ്രധാന ആകര്‍ഷണങ്ങളാണ്‌. ഗുല്‍ബര്‍ഗ, ബീജാപൂര്‍, ബിദാര്‍ എന്നിവിടങ്ങളിലെ പുരാതന മന്ദിരങ്ങള്‍ മുസ്‌ലിം വാസ്‌തുശില്‌പകലയ്‌ക്ക്‌ മകുടോദാഹരണങ്ങളാണ്‌.

ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി എന്നിവിടങ്ങളില്‍ മനോഹരങ്ങളായ കടലോരങ്ങളുണ്ട്‌. മാംഗ്ലൂര്‍; കാര്‍വാര്‍ തുറമുഖങ്ങളും ബന്ദിപൂര്‍, ബന്നര്‍ഘട്ട എന്നീ ദേശീയോദ്യാനങ്ങളും പക്ഷിസങ്കേതങ്ങളും ജോഗ്‌, കല്‍ഹാട്ടി, ശിവനസമുദ്ര, ഹെബ്ബെ, ഗോഗക്‌ തുടങ്ങിയ ജലപാതങ്ങളും കൂര്‍ഗ്‌, മെര്‍ക്കാറ, കുടിക്കേരി, നന്ദികുന്നുകള്‍, കുടജാദ്രി, കുദ്രമുഖ്‌ തുടങ്ങിയ ഗിരി സങ്കേതങ്ങളും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌. കൊല്ലൂര്‍, ശൃംഗേരി, ഗോകര്‍ണം, ഉടുപ്പി, ധര്‍മസ്ഥല, ഗംഗാപുര തുടങ്ങിയ നിരവധി തീര്‍ഥാടന കേന്ദ്രങ്ങളുമിവിടെയുണ്ട്‌. പട്ടട്‌ക്കലിലെ ആയിരത്തി മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ശിലാക്ഷേത്രങ്ങളും ഹംപീനഗരവും ലോകത്തിലെ പ്രമുഖ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്‌. നിയമസഭാ ആസ്ഥാനമായ വിധാന്‍ സൗദ്‌, ഹുബ്ബണ്‍ പാര്‍ക്ക്‌, ലാല്‍ബാഗ്‌ എന്നിവയാണ്‌ ബാംഗ്ലൂര്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ഗതാഗതം

പ്രകൃതിവിഭവങ്ങളുടെ സാങ്കേതികമായ ചൂഷണത്തിലും സമാഹരണത്തിലും ഗതാഗതമാധ്യമങ്ങള്‍ക്കുള്ള പങ്കു പരിഗണിച്ച്‌ പഞ്ചവത്സസര പദ്ധതികളില്‍ ഗതാഗതവികസനത്തിന്‌ സമര്‍ഹമായ പ്രാധാന്യം നല്‌കപ്പെട്ടുപോന്നു. തന്നിമിത്തം പര്യാപ്‌തമായ ഒരു ഗതാഗതസംവിധാനം കെട്ടിപ്പടുക്കുന്നതില്‍ കര്‍ണാടക സംസ്ഥാനം വിജയിച്ചിരിക്കുന്നു. റോഡാണ്‌ കര്‍ണാടകത്തിലെ പ്രധാന ഗതാഗതമാധ്യമം. സംസ്ഥാനത്തെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം 3967 കി.മീ. ആണ്‌. ഇതില്‍ 13 ദേശീയപാതകള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ മൊത്തം 3172 കി.മീ. (2007) ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയില്‍ 2761 കി.മീ. ബ്രാഡ്‌ഗേജ്‌ ആണ്‌. കുടക്‌ ഒഴിച്ചുള്ള എല്ലാ ജില്ലകളിലും തന്നെ റെയില്‍വേ സൗകര്യം ലഭ്യമാണെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യത്തിനു മതിയായ വികസനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

കര്‍ണാടക തീരത്തുള്ള 19 തുറമുഖങ്ങളില്‍ മംഗലാപുരം, കാര്‍വാര്‍ എന്നിവയൊഴിച്ചാല്‍ ബാക്കി പതിനേഴെണ്ണവും ചെറിയവയാണ്‌. മംഗലാപുരം ഒരു ഒന്നാംകിട ആഴക്കടല്‍ തുറമുഖമാണ്‌. ഈ തുറമുഖം വഴി ധാതു അയിരുകളാണ്‌ പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്‌. കാര്‍വാറിലെ കയറ്റിറക്കുസൗകര്യങ്ങള്‍ വിപുലപ്പെടുത്തി അതിനെ ഒരു ഇടത്തരം തുറമുഖമാക്കുവാനും, മറ്റ്‌ ഏഴിടങ്ങളിലെ തുറമുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനം നടന്നുവരുന്നു. സ്വകാര്യ പങ്കാളിത്തത്തോടുകൂടി തുറമുഖങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനു ഊന്നല്‍ നല്‌കുന്ന ഒരു തുറമുഖനയം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

കര്‍ണാടകത്തിന്റെ തലസ്ഥാനമായ ബാംഗ്ലൂര്‍ ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളുമായി വ്യോമബന്ധം പുലര്‍ത്തുന്നു; ഒരു ഒന്നാംകിട വിമാനത്താവളം ഇവിടെയുണ്ട്‌. ബെല്‍ഗാം, മംഗലാപുരം, ഹൂബ്ലി എന്നിവിടങ്ങളില്‍നിന്ന്‌ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയവിടങ്ങളുമായി വ്യോമസമ്പര്‍ക്കം നിലവിലുണ്ട്‌. സംസ്ഥാനത്തിലെ മറ്റുചില കേന്ദ്രങ്ങളിലേക്ക്‌ വ്യോമസമ്പര്‍ക്കം സാധ്യമാക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്‌.

സാമൂഹികരംഗം

പൊതുജനാരോഗ്യം

കുടുംബാസൂത്രണ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ സംസ്ഥാനത്ത്‌ മെച്ചപ്പെട്ട നിലയില്‍ ജനസംഖ്യാനിയന്ത്രണം സാധ്യമായിട്ടുണ്ട്‌. 2001 സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തരോത്‌പാദനം, ഭക്ഷ്യോത്‌പാദനം തുടങ്ങിയവയിലെ വര്‍ധന ജനസംഖ്യാവര്‍ധനവിനെക്കാള്‍ അധികമാണ്‌. കാര്യക്ഷമമായ രോഗപ്രതിരോധ പദ്ധതികളും പ്രാഥമികാരോഗ്യ സംരക്ഷണ പദ്ധതികളും സംസ്ഥാനം നടപ്പിലാക്കിയിട്ടുണ്ട്‌.

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്‌ അഭൂതപൂര്‍വമായ പുരോഗതി ദൃശ്യമാണ്‌. സംസ്ഥാനത്ത്‌ 125 മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തിച്ചു വരുന്നു; ഇവയില്‍ ചികിത്സയെക്കാള്‍ രോഗപ്രതിരോധത്തിലും നിവാരണത്തിലും ഊന്നല്‍ നല്‌കുന്ന പാഠ്യപദ്ധതികള്‍ക്കു പ്രാമാണ്യം കല്‌പിച്ചിരിക്കുന്നു. കുടുംബാസൂത്രണരംഗത്ത്‌ കാര്യമായ നേട്ടങ്ങള്‍ കൈവരിക്കുവാനും കര്‍ണാടകത്തിനു കഴിഞ്ഞിട്ടുണ്ട്‌.

വിദ്യാഭ്യാസം

സാക്ഷരതയുടെ കാര്യത്തില്‍ 15-ാം സ്ഥാനമുള്ള സംസ്ഥാനത്തെ സാക്ഷരതാനിരക്ക്‌ 67.04 ആണ്‌ (പു76.29 ശ.മാ. സ്‌ത്രീ 57.50 ശ.മാ.). പൊതുവിദ്യാഭ്യാസരംഗത്ത്‌ ഏകീകൃതമായ നയം നടപ്പില്‍ വന്നത്‌ 195960ലാണെന്നിരിക്കിലും ഇതിനോടകം നിര്‍ബന്ധിതവിദ്യാഭ്യാസം ഏറെക്കുറെ സാര്‍വത്രികമായിട്ടുണ്ട്‌. സ്‌കൂള്‍തലത്തില്‍ വിദ്യാഭ്യാസം സൗജന്യമാണ്‌. ഹെബ്‌ബാലിലെയും ധാര്‍വാറിലെയും കാര്‍ഷിക സര്‍വകലാശാലകളുള്‍പ്പെടെ സംസ്ഥാനത്ത്‌ 12 യൂണിവേഴ്‌സിറ്റികളാണുള്ളത്‌; മൈസൂര്‍, കര്‍ണാടക (ധാര്‍വാര്‍), ഗുല്‍ബര്‍ഗ, മാംഗ്ലൂര്‍, കുവമ്പു (ഷിമോഗ) തുടങ്ങിയവയാണ്‌ പ്രധാന സര്‍വകലാശാലകള്‍. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌ (IISc) എന്ന വിഖ്യാത സ്ഥാപനത്തിന്‌ സര്‍വകലാശാലാ പദവി ഉണ്ട്‌.

വൈദ്യവിദ്യാഭ്യാസരംഗത്തെ പ്രമുഖ ഉന്നതപഠനകേന്ദ്രങ്ങളിലൊന്നായ നിംഹാന്‍സ്‌ (NIMHANS) ബാംഗ്ലൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സാങ്കേതിക വിദ്യാഭ്യാസരംഗത്തും കര്‍ണാടകം സാരമായ പുരോഗതിയാര്‍ജിച്ചിരിക്കുന്നു. സംസ്ഥാനത്ത്‌ 49 എന്‍ജിനീയറിങ്‌ കോളജുകളും 172 പോളിടെക്‌നിക്കുകളും ഉണ്ട്‌ (2003). ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സോഷ്യല്‍ ആന്‍ഡ്‌ എക്കണോമിക്‌ ചേഞ്ച്‌, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റ്‌, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷ്‌ എന്നിവയും എടുത്തു പറയേണ്ട സ്ഥാപനങ്ങളാണ്‌.

ദലിത്‌ ആദിവാസിക്ഷേമം

2001ലെ സെന്‍സസ്‌ പ്രകാരം കര്‍ണാടകത്തില്‍ പട്ടികജാതിക്കാരായി സു. 85,64,000 പേരുണ്ടായിരുന്നു. പട്ടികവര്‍ഗക്കാരുടെ സംഖ്യ സു. 34,64,000 ആയിരുന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ സു. 22.75 ശ.മാ. ആണ്‌ ഇത്‌. മേല്‌പറഞ്ഞ വിഭാഗങ്ങളുടെ ഉദ്ധാരണം ലക്ഷ്യമാക്കി ഗവണ്‍മെന്റുതലത്തില്‍ പല പരിപാടികളും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്‌. ദളിത്‌ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതസൗകര്യങ്ങള്‍ വികസിപ്പിക്കുക, ദളിതര്‍ക്ക്‌ തൊഴില്‍ പരിശീലനവും തൊഴിലവസരവും പ്രദാനം ചെയ്യുക, വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയ്‌ക്കാണ്‌ കൂടുതല്‍ മുന്‍തൂക്കം നല്‌കിയത്‌. ആദിവാസികേന്ദ്രങ്ങളില്‍ കൈത്തൊഴിലുകളും ചെറുകിട വ്യവസായങ്ങളും പ്രാത്സാഹിപ്പിക്കുകയും തേനീച്ചവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയവ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. ആദിവാസികള്‍ക്കായി പ്രത്യേകം ചികിത്സാസൗകര്യങ്ങള്‍ നിലവിലുണ്ട്‌. ഹോസ്റ്റലുകളും സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തി ആദിവാസികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുള്ള വിപുലമായ പദ്ധതികളും ആസൂത്രിതമായിരിക്കുന്നു.

സംസ്‌കാരം

വാസ്‌തുവിദ്യ

ര്‍ണാടകത്തില്‍ കണ്ടെത്താവുന്ന വാസ്‌തുശില്‌പങ്ങളെ പൊതുവേ അഞ്ചു വിഭാഗങ്ങളായി തിരിക്കാം: ജൈനബൗദ്ധമാതൃക; ചാലൂക്യമാതൃക; വിജയനഗരമാതൃക; ഇസ്‌ലാമികമാതൃക; ആംഗലേയമാതൃക.

ബുദ്ധവിഹാരങ്ങളുടെയും ചൈത്യങ്ങളുടെയും മാതൃകകളും ജൈനന്മാരുടേതായ മണ്ഡപ കമാന മാതൃകകളും അപൂര്‍വമായെങ്കിലും അവശേഷിച്ചിട്ടുണ്ട്‌. ഇവയെ പൊതുവേ ഹൊയ്‌സാല മാതൃകയെന്നു വിശേഷിപ്പിക്കാറുണ്ട്‌. ബേലൂരിലെ ചന്നകേശ്വരക്ഷേത്രം, തല്‍കാഡിലെ കീര്‍ത്തി നാരായണ ക്ഷേത്രം, ഹലേബിഡിലെ ഹൊയ്‌സാലേശ്‌മര്‍ ക്ഷേത്രം, ശ്രാവണബെലഗോളയിലെ ബസ്‌തിഹള്ളി ക്ഷേത്രം, ശിവഗംഗയിലെ ഗംഗാധരേശ്വര ക്ഷേത്രം എന്നിവ ഹൊയ്‌സാല മാതൃകയിലുള്ള വാസ്‌തു ശില്‌പകലയുടെ ഉത്തമനിദര്‍ശനങ്ങളാണ്‌. ഹലേബിഡിലെ കേതാരേശ്വര ക്ഷേത്രവും താരിക്കരയിലെ അനന്തശയനക്ഷേത്രവും ഹരിഹര്‍, കൊറവന്‍ശാല, കീക്കേരി, ഹര്‍പ്പണഹള്ളി, നുഗ്ഗിഹള്ളി, സോമനാഥപൂര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ചാലൂക്യമാതൃകയിലുള്ള വാസ്‌തുശില്‌പങ്ങളാണ്‌; ഈ മാതൃകയുടെ ഉത്തമാവശിഷ്ടങ്ങള്‍ അയ്‌ഹോള്‍, ബാദാമിക്കടുത്തുള്ള പട്ടട്‌കല്‍ എന്നിവിടങ്ങളിലാണുള്ളത്‌.

ആയിരംകാല്‍മണ്ഡപങ്ങളും ആയോധനസംബന്ധികളായ ശില്‌പങ്ങള്‍ക്കു പ്രാമുഖ്യമുള്ള എടുപ്പുകളുമാണ്‌ വിജയനഗര മാതൃകയിലുള്ള വാസ്‌തുവിദ്യയുടെ സൂചക ലക്ഷണങ്ങള്‍. ഈ മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാവുന്നതാണ്‌. ഇസ്‌ലാമിക വാസ്‌തുവിദ്യയുടെ പ്രഭാവം നിഴലിച്ചുകാണുന്നത്‌ പള്ളികളിലും ചില കൊട്ടാരങ്ങളിലുമാണ്‌. ഗുല്‍ബര്‍ഗ, ബിജാപ്പൂര്‍, ശ്രീരംഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍ ഈയിനം വാസ്‌തുശില്‌പങ്ങള്‍ ഇന്നും മങ്ങലേല്‌ക്കാതെ ശേഷിക്കുന്നു. ഗുല്‍ബര്‍ഗയിലെ മുസ്‌ലിംപള്ളി സാരസനിക വാസ്‌തുശില്‌പ മാതൃകയുടെ നിസ്‌തുലനിദര്‍ശനമാണ്‌. മൈസൂറിലെ ജൂമാമസ്‌ജിദ്‌, ദരിയാദൗലത്‌, ഹൈദരുടെ വേനല്‍ക്കാലവസതി തുടങ്ങിയവ ഇന്തോസാരസനിക രീതിയില്‍ നിര്‍മിക്കപ്പെട്ട ഒറ്റപ്പെട്ട വാസ്‌തു വൈഭവമാതൃകകളായി നിലകൊള്ളുന്നു.

ബ്രിട്ടീഷ്‌ ആധിപത്യകാലത്ത്‌ ഉപയോഗപ്രധാനമായി നിര്‍മിക്കപ്പെട്ട പല മന്ദിരങ്ങളും തനതായ ശൈലി ഉള്‍ക്കൊള്ളുന്ന വാസ്‌തുശില്‌പങ്ങളാണ്‌.

കല

നൃത്തം, സംഗീതം ആദിയായ രംഗങ്ങളില്‍ കര്‍ണാടകത്തിന്റെ തനതായ കലാരൂപങ്ങള്‍ ധാരാളമുണ്ട്‌. വിജയനഗര രാജാക്കന്മാര്‍ കലാപരിപോഷണത്തില്‍ അത്യധികമായ ശ്രദ്ധ പതിപ്പിച്ചിരുന്നു; ഈ സാമ്രാജ്യകാലത്ത്‌ നൃത്തം, നാടകം തുടങ്ങി എല്ലാ ദൃശ്യകലകളും തന്നെ പുരോഗതിയുടെ ഉച്ചകോടിയിലെത്തിയിരുന്നു. ഭരതനാട്യത്തിന്‌ മൈസൂര്‍ രീതി എന്നറിയപ്പെടുന്ന പ്രത്യേക സരണി തന്നെയുണ്ട്‌. രാമായണമഹാഭാരത കഥകളുടെ ഉപാഖ്യാനമായ യക്ഷഗാനം നാട്യപ്രധാനമായ ഒരു കലാരൂപമാണ്‌.പൂജാകുനിതം, കോലാട്ടം, ലാവാണി, ഭൂതനൃത്തം, നന്തിക്കൊലു തുടങ്ങി വിവിധങ്ങളായ നാടന്‍ കലാരൂപങ്ങള്‍ ഇന്നും പ്രചാരത്തിലിരിക്കുന്നു. കുടകിലെ ഹുത്രിനൃത്തം പ്രസിദ്ധമായ മറ്റൊരു കലാരൂപമാണ്‌. മറാത്തി ശൈലിയിലേതെന്നു തോന്നിക്കുന്ന കാരാടിമഞ്ചലു എന്ന നൃത്തരൂപത്തിന്‌ ബെല്‍ഗാം, ബിജാപ്പൂര്‍ തുടങ്ങിവ വടക്കന്‍ ജില്ലകളില്‍ സാര്‍വത്രികമായ പ്രചാരമുണ്ട്‌. കര്‍ണാടകസംഗീതത്തിന്റെ ഉപജ്ഞാതാക്കളില്‍ പലരും ഈ സംസ്ഥാനത്തില്‍പ്പെട്ടവരായിരുന്നു. നോ: കര്‍ണാടക സംഗീതം അഭിനയകലയും വളരെയേറെ പുരോഗതിയാര്‍ജിച്ചിട്ടുണ്ട്‌. കന്നഡ സിനിമ അന്താരാഷ്‌ട്രപ്രശസ്‌തി നേടിക്കഴിഞ്ഞ ഈ കാലത്തും ഗ്രാമീണനാടകങ്ങള്‍ അവയുടേതായ രീതിയില്‍ പ്രചാരത്തിലിരിക്കുന്നുവെന്നത്‌ കര്‍ണാടകത്തിലെ ദൃശ്യവേദിയുടെ ഒരു പ്രത്യേകതയായി പറയാം.

ഉത്സവങ്ങള്‍

നയനമോഹനമായ അലങ്കാരങ്ങളുടെയും ശ്രുതിമധുരമായ വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന ഒട്ടനവധി ഉത്‌സവാഘോഷങ്ങള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണാം. വിളവെടുപ്പുത്‌സവമായ മകരസംക്രാന്തിയാണ്‌ സര്‍വപ്രധാനമായ ആഘോഷം. ദസറ, ഹോളി, ദീപാവലി, ഗോകുലാഷ്ടമി, വിനായകചതുര്‍ഥി എന്നിവയാണ്‌ മറ്റ്‌ ഉത്‌സവാവസരങ്ങള്‍. ഇവ കൂടാതെ ഇസ്‌ലാമികക്രസ്‌തവ ആഘോഷങ്ങളും ഉണ്ട്‌. കര്‍ണാടകത്തിലെ ദസറ (ദശേര) ആഘോഷം വിശ്വപ്രശസ്‌തമാണ്‌. കുടകിലെ കര്‍ഷകവര്‍ഗക്കാരായ കൊടവന്മാര്‍ ഉത്‌സവങ്ങള്‍ക്ക്‌ അമിതമായ പ്രാധാന്യം നല്‌കുന്നു; ആയുധപൂജയായ "കയില്‍പോലാഡ്‌' കാവേരി സംക്രമം, ഹതാരി എന്നിവയാണ്‌ പ്രധാന ആഘോഷങ്ങള്‍.

ദേവാലയസംബന്ധികളായ ഉത്‌സവാഘോഷങ്ങളില്‍ പ്രധാനപ്പെട്ടവ വിന്ധ്യഗിരിയിലെ ഗോമതേശ്വരാഭിഷേകം, ബെല്ലാരിയിലുള്ള ഉജ്ജയിനിയിലെ മാരുല സിദ്ധേശ്വര ജാത്ര, ബെല്‍ഗാമിലെ ജെല്ലമ്മ ജാത്ര, നാവില്‍ഗുണ്ടി (ധാര്‍വാര്‍)ലെ യെഡിയൂര്‍ സിദ്ധലിംഗേശ്വര ജാത്ര, ദേവരഗുഡ്‌ഡ (ധാര്‍വാര്‍)യിലെ മൈലാര്‍ലിംഗത്തേരോട്ടം, മൈസൂറിലെ മാലിമഹാദേവേശ്വര ജാത്ര, ഗോകര്‍ണത്തിലെ ശിവരാത്രി ഉത്‌സവം എന്നിവയും; മുസ്‌ലിങ്ങളുടെ ബാബാബൂദാന്‍ അര്‍സ്‌, മൈസൂറിലെ ക്രസ്‌തവാഘോഷമായ വിശുദ്ധ ഫിലോമിനയുടെ പെരുന്നാള്‍ എന്നിവയുമാണ്‌.

കൊല്ലന്തോറും അനേകായിരം ടൂറിസ്റ്റുകളെ ആകര്‍ഷിച്ചിരുന്ന ആനപിടുത്തം (ഖെദ്‌ദ) ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്‌.

ഭരണസംവിധാനം

ഭരണസൗകര്യാര്‍ഥം സംസ്ഥാനത്തെ ബാംഗ്ലൂര്‍, ബെല്‍ഗാം, ഗുല്‍ബര്‍ഗ, മൈസൂര്‍ എന്നീ നാലു ഡിവിഷനുകളായും 27 ജില്ലകളായും തിരിച്ചിരിക്കുന്നു.

	ജില്ല	വിസ്‌തൃതി	ജനസംഖ്യ	ആസ്ഥാനം
		(ച.കി.മീ.)	(2001)
	1. ബാഗല്‍കോട്ട്‌	6575	16,51,892	ബാഗല്‍കോട്ട്‌
	2. ബാംഗ്ലൂര്‍	2190	65,37,124	ബാംഗ്ലൂര്‍
	3. ബാംഗ്ലൂര്‍ റൂറല്‍	5815	18,81,514	ബാംഗ്ലൂര്‍ റൂറല്‍
	4. ബെല്‍ഗാം	13415	42,14,505	ബെല്‍ഗാം
	5. ബെല്ലാരി	8450	20,27,140	ബെല്ലാരി	
	6. ബിദാര്‍	5448	15,02,373	ബിദാര്‍
	7. ബിജാപൂര്‍	10494	18,06,918	ബിജാപൂര്‍
	8. ചാമരാജനഗര്‍	5101	9,65,462	ചാമരാജനഗര്‍
	9. ചിക്‌മഗലൂര്‍	7201	11,40,905	ചിക്‌മഗലൂര്‍
	10. ചിത്രദുര്‍ഗ	8440	15,17,896	ചിത്രദുര്‍ഗ
	11. ദക്ഷിണ കന്നഡ	4560	18,97,730	മാംഗ്ലൂര്‍
	12. ദാവണ്‍ഗെരെ	5924	17,90,952	ദാവണ്‍ഗെരെ
	13. ധാര്‍വാര്‍	4260	16,04,253	ധാര്‍വാര്‍
	14. ഗഡാഗ്‌	4656	9,71,835	ഗഡാഗ്‌
	15. ഗുല്‍ബര്‍ഗ	16224	31,30,922	ഗുല്‍ബര്‍ഗ
	16. ഹാസന്‍	6814	17,21,669	ഹാസന്‍
	17. ഹാവേരി	4823	14,39,116	ഹാവേരി
	18. കംഡഗ്‌	4102	5,48,561	മഡിക്കേരി
	19. കോളാര്‍	8223	25,36,069	കോളാര്‍
	20. കൊപ്പാല്‍	7189	11,96,089	കൊപ്പാല്‍
	21. മാണ്ഡ്യ	4961	17,63,705	മാണ്ഡ്യ
	22. മൈസൂര്‍	6854	2,64,1027	മൈസൂര്‍
	23. റെയ്‌ചൂര്‍	6827	16,69,762	റെയ്‌ച്ചൂര്‍
	24. ഷിമോഗ	8477	16,42,545	ഷിമോഗ
	25. തുംകൂര്‍	10597	25,84,711	തുംകൂര്‍
	26. ഉഡുപ്പി	3880	11,12,243	ഉഡുപ്പി
	27. ഉത്തര കന്നഡ	10291	13,53,644	കാര്‍വാര്‍
 

ദ്വിതല നിയമസഭാ സംവിധാനമാണ്‌ കര്‍ണാടകയിലുള്ളത്‌. 75 അംഗങ്ങളുള്ള ലെജിസ്ലേറ്റീവ്‌ കൗണ്‍സില്‍, തിരഞ്ഞെടുക്കപ്പെട്ട 224 അംഗങ്ങളടങ്ങുന്ന ലെജിസ്ലേറ്റീവ്‌ അസംബ്ലി എന്നിവയാണ്‌ ഈ സഭകള്‍.

ചരിത്രം

പുരാണങ്ങളുടെ കാലം മുതല്‌ക്കുള്ള ചരിത്രം അവകാശപ്പെടാവുന്ന ഒരു രാജ്യമാണ്‌ കര്‍ണാടകം. രാമായണത്തില്‍ പ്രതിപാദിക്കപ്പെടുന്ന ബാലി സുഗ്രീവന്മാരുടെ തലസ്ഥാന നഗരം ഇപ്പോഴത്തെ തുങ്‌ഗഭദ്രാ നദിക്കരയിലായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. അഗസ്‌ത്യമുനിയുമായി ബന്ധപ്പെട്ട വാതാപി, ബിജാപ്പൂര്‍ ജില്ലയിലെ ബാദാമിയാണെന്നു വിശ്വസിക്കപ്പെടുന്നു. അറബിക്കടലിനും പശ്ചിമപൂര്‍വഘട്ടങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്‌തിരുന്ന കൊങ്കണദേശം, പരശുരാമക്ഷേത്രമെന്ന പേരില്‍ അറിയപ്പെടുന്നതിനു കാരണം പരശുരാമന്‍ കടലില്‍നിന്ന്‌ ആ പ്രദേശം വീണ്ടെടുത്തതിനാലാണെന്നാണ്‌ ഐതിഹ്യം ഉദ്‌ഘോഷിക്കുന്നത്‌. വടക്കന്‍ കാനറ ജില്ലയിലെ ബനവാസിക്കു ചുറ്റുമുള്ള പ്രദേശമാണ്‌ മഹാഭാരതത്തില്‍ മഹിഷക, കുന്തള എന്നീ പേരുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്‌. ജൈനരേഖകളനുസരിച്ച്‌ ചന്ദ്രഗുപ്‌തമൗര്യനും അദ്ദേഹത്തിന്റെ ഗുരുവായ ഭദ്രബാഹുവും ജീവിതാന്ത്യം കഴിച്ചുകൂട്ടിയത്‌ ശ്രാവണ ബെലഗോളയില്‍ ആയിരുന്നു. കര്‍ണാടകത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും അശോകന്‍ കൈയടക്കി ഭരിച്ചിരുന്നതായി, റെയ്‌ച്ചൂര്‍ ജില്ലയിലെ മാസ്‌കി, കൊപ്പല്‍ എന്നിവിടങ്ങളില്‍ നിന്നു കണ്ടുകിട്ടിയ "ശാസനങ്ങള്‍' തെളിയിക്കുന്നു.

മൗര്യവംശത്തിന്‍െറ പതനത്തോടെ ദക്ഷിണേന്ത്യയില്‍ അധികാരത്തില്‍ വന്ന ശാതവാഹനന്മാര്‍, ആന്ധ്ര, കര്‍ണാടകം, മഹാരാഷ്‌ട്രം എന്നിവയടങ്ങുന്ന ഡക്കാണ്‍ മുഴുവനും 300 വര്‍ഷത്തോളം ഭരിച്ചു. കര്‍ണാടകരാജവംശങ്ങളില്‍ ആദ്യത്തേതായി ശാതവാഹനവംശത്തെ കണക്കാക്കാം. ഈ വംശക്കാരുടെ ഭരണകാലത്ത്‌ കര്‍ണാടകം സാംസ്‌കാരിക പുരോഗതി കൈവരിച്ചു; കന്നഡഭാഷയും പ്രചാരത്തില്‍ വന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍