This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമ്പിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:49, 27 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമ്പിള്‍

Beechwood

വെർബിനേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷം. ശാ.നാ.: മെലൈന ആർബോറിയ (Gmelina arborea). ഹിമാലയത്തിന്റെ താഴ്‌വരകളുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള ഇലപൊഴിയും കാടുകളിലെ 2,000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ചിന്നിച്ചിതറിയാണ്‌ ഇവ കാണപ്പെടുക. ഒരിടത്തും അധികമായി കാണപ്പെടുന്നില്ല എന്ന ഒരു പ്രത്യേകതയുണ്ട്‌. പാതവക്കിലും ഉദ്യാനങ്ങളിലും കുമ്പിള്‍ മരം വച്ചുപിടിപ്പിക്കാറുമുണ്ട്‌.

കുമ്പിള്‍-ഉള്‍ച്ചിത്രം: ഇലയും പൂവും

17-20 മീ. വരെ ഉയരത്തിൽ വളരുന്ന ഒരു ഇലപൊഴിയും വൃക്ഷമാണിത്‌. വളരുന്ന പ്രദേശത്തിനനുസരിച്ചു വലുപ്പം വ്യത്യാസപ്പെടും. നിരവധി ശാഖകളോടെ പടർന്നു പന്തലിച്ചു വളരുന്നു. വളവുകളില്ലാതെ വളരുന്ന തായ്‌ത്തടിക്ക്‌ ഏകദേശം 3-4 മീ. വരെ വണ്ണം വയ്‌ക്കാറുണ്ട്‌. തടിയുടെ പുറമേ ചാരകലർന്ന വെള്ളനിറത്തോടു കൂടിയ മിനുസമായ പട്ടയുണ്ടായിരിക്കും. ശാഖകളിൽ നീണ്ട പത്രവൃന്തത്തോടു കൂടിയ ഹൃദയാകാരത്തിലുള്ള ഇലകള്‍ വിപരീത ദിശയിൽ ക്രമീകരിച്ചിരിക്കും. ഇലകള്‍ക്ക്‌ 10-20 സെ.മീ. നീളവും 7-15 സെ.മീ. വീതിയുമുണ്ട്‌. അരികുകള്‍ അഖണ്ഡമാണ്‌. ഇലഞെട്ട്‌ കാണ്ഡവുമായി ബന്ധിക്കുന്ന ഭാഗത്ത്‌ നാല്‌ തിളക്കമുള്ള ഗ്രന്ഥികള്‍ കാണാം. ഇലകള്‍ക്ക്‌ നല്ല തിളക്കവും മുകളിൽ കടുംപച്ചനിറവുമുണ്ട്‌. ഇലഞെട്ടിന്‌ 5-10 സെ.മീ. നീളമുണ്ടായിരിക്കും. ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ വൃക്ഷം ഇല പൊഴിക്കുകയും ഏപ്രിൽ-മേയ്‌ മാസങ്ങളിൽ വീണ്ടും തളിരണിയുകയും ചെയ്യുന്നു. മാർച്ച്‌-ഏപ്രിൽ മാസങ്ങളാണ്‌ പൂക്കാലം. ശാഖാഗ്രങ്ങളിലെ സസീമാക്ഷ പുഷ്‌പഗുച്ഛ(cymose panicle)ങ്ങളിലാണ്‌ പൂക്കള്‍ ക്രമീകരിച്ചിട്ടുള്ളത്‌. ഏകവ്യാസ സമമിത(zygomorphic)ങ്ങളായ പൂക്കള്‍ക്ക്‌ രേഖീയവും പ്രാസാകാരത്തിലുള്ളതുമായ സഹപത്രങ്ങള്‍ (bracts)ഉണ്ട്‌. ഏകദേശം 3 സെ.മീ. നീളമുള്ള ദളപുടം സംയുക്തമാണ്‌. ദളങ്ങള്‍ക്ക്‌ ഘണ്ടാകാരവും (campanulate) പുറമേ മഞ്ഞകലർന്ന തവിട്ടുനിറവും ഉള്ളിൽ ഓറഞ്ച്‌ നിറവുമാണ്‌. നാല്‌ ദ്വിദീർഘക(didynamous) കേസരങ്ങളാണ്‌ പൂവിൽ കാണുക. പരാഗകോശങ്ങള്‍ ദീർഘചതുരശ്രവും രണ്ടായി പിരിഞ്ഞതുമാണ്‌. നാല്‌ അറകളോടുകൂടിയ ഊർധ്വവർത്തിയായ അണ്ഡാശയത്തിലെ ഓരോ അറയിലും ഒരു ബീജാണ്ഡം വീതമുണ്ടായിരിക്കും. കനംകുറഞ്ഞ വർത്തികയ്‌ക്ക്‌ കേസരതന്തുവിനോളം വലുപ്പമുണ്ട്‌. അണ്ഡാകാരമോ ദീർഘചതുരശ്രമോ(oblong)ആയ കുമ്പിളിന്റെ ഫലം ഒരു ആമ്രകം ആണ്‌. ഇതിന്‌ മിനുത്തു തിളങ്ങുന്ന തുകൽപോലെ കട്ടിയുള്ള ബാഹ്യകഞ്ചുകവും (pericarp) മാംസളമായ മധ്യകഞ്ചുകവും(mesocarp) കടുപ്പമുള്ള ആന്തരകഞ്ചുകവും (endorcarp)ഉണ്ട്‌. മാംസളഭാഗം കയ്‌പുള്ളതും പശിമയുള്ളതുമാണ്‌.

തവിട്ടുനിറം കലർന്ന വെള്ളനിറത്തോടുകൂടിയ കുമ്പിളിന്റെ തടി മിനുസമുള്ളതും സൂക്ഷ്‌മമായ ദാരുരേഖയോടുകൂടിയതും താരതമ്യേന ഭാരം കുറഞ്ഞതും എന്നാൽ നല്ല ബലമുള്ളതുമാണ്‌. കുമ്പിളിന്റെ ഇല, പൂവ്‌, വേര്‌, ഫലം എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു. കുമ്പിള്‍ വേരിൽ മഞ്ഞനിറമുള്ള ഒരു എണ്ണ, റെസിന്‍, ഒരു ആൽക്കലോയ്‌ഡ്‌, നേരിയ അളവിൽ ബെന്‍സോയിക്‌ അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു. ഫലത്തിൽ ബ്യൂട്രിക്‌, ടാർട്ടാറിക്‌ അമ്ലങ്ങള്‍, ഒരു ആൽക്കലോയ്‌ഡ്‌, റെസിന്‍, നേരിയ തോതിൽ ടാനിന്‍ എന്നിവ അടങ്ങിയിരിക്കും.

"ദശമൂല'ത്തിലൊന്നാണ്‌ കുമ്പിള്‍ വേര്‌. പനി, വയറുകടി എന്നീ രോഗങ്ങള്‍ക്കുള്ള കഷായങ്ങള്‍ പലതിലും ഇതിന്റെ ഇലയും വേരും പൂവും ഉപയോഗിക്കുന്നു. തളിരിലകള്‍ ഗൊണോറിയ രോഗത്തിനുള്ള ഔഷധങ്ങളിൽ ചേർക്കുന്നു. ഇലയിട്ടു തിളപ്പിച്ച എണ്ണ വാതരോഗത്തിന്‌ നല്ലതാണ്‌. ഇലയും മഞ്ഞളും ചേർത്തരച്ച്‌ തേള്‍വിഷം ഏറ്റ ഭാഗത്ത്‌ പുരട്ടിയാൽ ആശ്വാസം ലഭിക്കും. നേത്രരോഗങ്ങള്‍ക്ക്‌ കുമ്പിള്‍പ്പൂവ്‌ ഉപയോഗിച്ചുവരുന്നു. സ്‌ത്രീകള്‍ക്ക്‌ മുലപ്പാൽ വർധിപ്പിക്കാനും കുമ്പിള്‍വേര്‌ ഉപയോഗിച്ചുവരുന്നു. ഇതിന്‌ വാജീകരണശക്തിയും ഉണ്ട്‌. കുമ്പിളപ്പം

ഒരു കേരളീയ പലഹാരം. നന്നായി പഴുത്ത കൂഴച്ചക്കയുടെ ചുള പറിച്ചെടുത്ത്‌ ഞെരടിയുണ്ടാക്കുന്ന ചാറ്‌ (ചക്കച്ചുള പരുപരുത്ത ഒരു കുട്ടയുടെ പുറത്തു തേച്ചും ചാറ്‌ എടുക്കാം)-ഒരു കപ്പ്‌, പുട്ടിന്റെ പൊടി-ഒരു കപ്പ്‌, ലോലമായി ചീകിയെടുത്ത ചക്കര-മുക്കാൽ കപ്പ്‌, തരുതരുപ്പായി ചതച്ചെടുത്ത തേങ്ങ-ഒരു കപ്പ്‌, ഒരു നുള്ള്‌ ജീരകം, അല്‌പം ഉപ്പ്‌ എന്നിവ നന്നായി കുഴച്ചുയോജിപ്പിക്കുക. വഴനയില കുമ്പിളിന്റെ ആകൃതിയിൽ കോട്ടി അതിൽ ചേരുവ കുറേശ്ശെ വാരിവച്ച്‌ ഇലയുടെ ഞെടുപ്പുള്ള അറ്റംകൊണ്ട്‌ മൂടി ആവിയിൽവച്ചു വേവിക്കണം. കുമ്പിളപ്പത്തിനു നല്ല മയം വേണമെന്നുണ്ടെങ്കിൽ തേങ്ങപ്പീരയുടെ അളവു കുറച്ചു കൂട്ടിയാൽ മതിയാകും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍