This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടിക്കൃഷ്‌ണമാരാർ, കെ.എം. (1900-73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:31, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുട്ടിക്കൃഷ്‌ണമാരാർ, കെ.എം. (1900-73)

കെ.എം. കുട്ടിക്കൃഷ്‌ണമാരാർ

മലയാളത്തിലെ മികച്ച പണ്ഡിതനിരൂപകനും അതുല്യഗദ്യകാരനും. ആധുനികമലയാള നിരൂപണത്തെ സമ്പുഷ്‌ടമാക്കിയ മൂന്നോ നാലോ പേരിൽ ഒരാളാണ്‌ ഇദ്ദേഹം. തൃപ്രങ്ങോട്ടു കിഴക്കേ മാരാത്ത്‌ ലക്ഷ്‌മിമാരാസ്യാരുടെയും കരിക്കാട്ടു കൃഷ്‌ണമാരാരുടെയും മകനായി 1900 ജൂണ്‍ 14-നു ജനിച്ചു. ബാല്യത്തിൽ അച്ഛന്‍ തന്നെ കുലവൃത്തിയായ ചെണ്ടകൊട്ട്‌ പഠിപ്പിച്ചു. വളരെ വൈമുഖ്യത്തോടെയാണ്‌ ആ തൊഴിൽ പഠിച്ചത്‌. ജന്മവാസന ചിത്രകലയിൽ ആയിരുന്നു; എന്നാൽ പില്‌ക്കാലത്തെ ജീവികയായിത്തീർന്നത്‌ സാഹിത്യവും. കുടുംബം ദരിദ്രമായിരുന്നതിനാൽ വിദ്യ നേടാന്‍ വളരെ ക്ലേശിച്ചു. എങ്കിലും നാലഞ്ചുകൊല്ലം നാട്ടിൽവച്ചുതന്നെ സംസ്‌കൃതം പഠിക്കാന്‍ അവസരം കിട്ടി. പിന്നീട്‌ പട്ടാമ്പി സംസ്‌കൃതകോളജിലെത്തി സംസ്‌കൃതാഭ്യസനം തുടർന്നു. പുന്നശ്ശേരി നീലകണ്‌ഠശർമ, ശംഭുശർമ എന്നീ ഗുരുനാഥന്മാരുടെ പ്രചോദനം വളരെ വിലപ്പെട്ടതായിരുന്നു. പഠിക്കുന്ന കാലത്ത്‌ സഹൃദയ മുതലായ സംസ്‌കൃതമാസികകളിൽ ലേഖനങ്ങളെഴുതിത്തുടങ്ങി. 1923-ൽ സാഹിത്യശിരോമണിപ്പരീക്ഷ ജയിച്ചു. 1925-ൽ തൃക്കോവിൽ കിഴക്കേ മാരാത്ത്‌ നാരായണിക്കുട്ടിയെ വിവാഹം കഴിച്ചു. പഠിപ്പുകഴിഞ്ഞ്‌ അല്‌പനാളുകള്‍ക്കു ശേഷം മഹാകവി വള്ളത്തോളിന്റെ ഒപ്പം ചേർന്നു. മഹാകവിയുടെ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുക, കൃതികള്‍ ടിപ്പണത്തോടുകൂടി പ്രസാധനം ചെയ്യുക, കവിയുടെ സഞ്ചാരവേളകളിൽ സെക്രട്ടറിയായി അനുഗമിക്കുക ഇവയായിരുന്നു മാരാരുടെ മുഖ്യജോലികള്‍. 1932 മുതൽ 38 വരെ കലാമണ്ഡലത്തിലെ സാഹിത്യാധ്യാപകനായിരുന്നു. 1938-ൽ മാതൃഭൂമിയിൽ പ്രൂഫ്‌റീഡറായി ച്ചേർന്നു. 1961 വരെ ഈ ജോലിയിൽ തുടർന്നു. ഈ കാലഘട്ടത്തിലാണ്‌ മിക്ക സാഹിത്യകൃതികളും രചിച്ചത്‌. കോഴിക്കോട്ടു കല്ലായിയിൽ വാങ്ങിയ വീട്ടിൽ (ഋഷിപ്രസാദം) താമസമാക്കിയതും ഇക്കാലത്തുതന്നെ.

1928-ൽ അച്ചടിച്ച സാഹിത്യഭൂഷണമാണ്‌ ആദ്യത്തെ കൃതിയെങ്കിലും ഇതു പ്രകാശനം ചെയ്‌തത്‌ 1965-ൽ മാത്രമാണ്‌. ആദ്യമായി വെളിച്ചം കണ്ട കൃതി മലയാളശൈലി (1942)യാണ്‌. ഗദ്യരചനാതത്ത്വങ്ങളെക്കുറിച്ചുള്ള ഒരു പ്രാമാണിക ഗ്രന്ഥമായ ഈ കൃതിയെ സഞ്‌ജയന്‍ ഫൗളരുടെ കിങ്‌സ്‌ ഇംഗ്ലീഷിനോടു സാമ്യപ്പെടുത്തി പ്രശംസിച്ചു. പത്രങ്ങളിൽ നിന്നും ഗ്രന്ഥങ്ങളിൽ നിന്നും അനവധി ഉദാഹരണങ്ങള്‍ കാട്ടി തെറ്റും ശരിയും വേർതിരിച്ച്‌ രസകരമായി ഇതിൽ ചർച്ച ചെയ്യുന്നു. ഭാഷാപരിചയം, വൃത്തശില്‌പം, ഭാഷാവൃത്തങ്ങള്‍ എന്നിവയെല്ലാം ഭാഷയുടെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ്‌. സാഹിത്യസല്ലാപം (1946), രാജാങ്കണം (1947), സാഹിത്യവിദ്യ (1948), ചർച്ചായോഗം (1952), പതിനഞ്ചുപന്യാസം (1963) എന്നിവയാണ്‌ വിമർശപരമായ പ്രബന്ധസമാഹാരങ്ങളിൽ പ്രാധാന്യമർഹിക്കുന്നവ. കാളിദാസകൃതികള്‍ ഭാവവ്യഞ്‌ജകമായ ഗദ്യപരിഭാഷയോടും വ്യാഖ്യാനത്തോടുംകൂടി പ്രകാശിപ്പിക്കുക എന്ന കൃത്യം 1944 മുതൽ മാരാർ ഗുരുപൂജയെന്നവണ്ണം നിർവഹിച്ചുപോന്നു. കുമാരസംഭവം (1944), രഘുവംശം (1949), മേഘസന്ദേശം (1953), അഭിജ്ഞാനശാകുന്തളം (1964) എന്നീ നാലു കൃതികളും ഇപ്രകാരം പ്രസിദ്ധം ചെയ്‌തു. സംസ്‌കൃതം പഠിക്കാത്ത ഒട്ടേറെ മലയാളികള്‍ക്കു കാളിദാസഹൃദയത്തിലേക്കു സുഖപ്രവേശം നല്‌കാന്‍ ഈ കൃതികള്‍ ഉപകരിച്ചു. മഹാഭാരതത്തിന്റെ അന്തർമണ്ഡലത്തിലേക്ക്‌ കുശാഗ്രമായ വിമർശബുദ്ധിയോടെ കടന്നുചെന്നപ്പോള്‍ മാരാർ കണ്ട കാഴ്‌ചയാണ്‌ ഭാരതപര്യടനം എന്ന പുസ്‌തകത്തിന്റെ ഉള്ളടക്കം. ഈ കൃതി, മാരാർക്ക്‌ യശസ്സും അർഥവും ധാരാളം നേടിക്കൊടുത്തു.

1962 മുതൽ തൃശൂർ ശ്രീരാമകൃഷ്‌ണാശ്രമത്തിലെ ത്രലോക്യാനന്ദ സ്വാമികളുടെ സ്‌നേഹപൂർണമായ പ്രരണകൊണ്ട്‌ വിവേകാനന്ദ സാഹിത്യസർവസ്വത്തിന്റെ സാഹിത്യപ്രസാധനത്തിൽ ഹാർദമായി പങ്കുകൊണ്ടു. ഈ നിരന്തരസമ്പർക്കവും മനനവും മാരാരുടെ ശ്രദ്ധയെ ആധ്യാത്മികകാര്യത്തിലേക്കു തിരിച്ചുവിട്ടു. സായിബാബയും ഇദ്ദേഹത്തിന്റെ സമ്പൂർണമായ ഭക്തിക്കു വിഷയീഭവിച്ചു. അതിനുശേഷം ഇദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും ആധ്യാത്മിക മാർഗത്തിലേക്കു തിരിഞ്ഞു. ഋഷീപ്രസാദം, ഗീതാപരിക്രമണം, ശരണാഗതി എന്നീ പുസ്‌തകങ്ങള്‍ ആ കാലഘട്ടത്തിലെ രചനയാണ്‌. കല ജീവിതംതന്നെ (തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍) എന്ന കൃതിക്ക്‌ 1965-ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ സമ്മാനം ലഭിച്ചു. 1973 ഏ. 6-നു മാരാർ അന്തരിച്ചു. സാഹിത്യശാസ്‌ത്രം, വൃത്തശാസ്‌ത്രം, വ്യാഖ്യാനം, ഇതിഹാസചർച്ച, ആധ്യാത്മിക വിചാരം ഇങ്ങനെ അഞ്ചുകോശങ്ങളോടു കൂടിയതാണ്‌ മാരാരുടെ വിമർശസഞ്ചിക. ഓരോന്നിലും മാരാർ മൗലികമായ കാഴ്‌ചപ്പാടിലൂടെ വിഷയങ്ങളെ നോക്കിക്കാണാന്‍ ശ്രമിക്കുന്നു. "ഭയം ഉപേക്ഷിക്കൂ' എന്നു ഭഗവാന്‍ വ്യാസന്‍ മുതൽ സ്വാമിവിവേകാനന്ദന്‍ വരെയുള്ള ക്രാന്തദർശികള്‍ വെളിപ്പെടുത്തിയ മഹാതത്ത്വത്തെ മാരാരും മുറുകെപ്പിടിച്ചിരുന്നു ("അഭയം വൈബ്രഹ്മ എന്ന ഉപന്യാസം നോക്കുക). ഇദ്ദേഹത്തിന്റെ ജീവിതത്തിലും സാഹിത്യവിമർശനത്തിലും വ്യക്തിബന്ധങ്ങളെ ഒട്ടൊക്കെ അവഗണിച്ചുകൊണ്ടുതന്നെയുള്ള ഈ നിർഭയത വ്യക്തമാകുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ എതിർചേരിയിൽ നിലയുറപ്പിച്ചുകൊണ്ട്‌ ശാശ്വതമൂല്യചിന്തകളിലേക്ക്‌ സദാ കുതികൊണ്ടിരുന്ന മാരാരുടെ മനസ്സ്‌ "കല ജീവിതംതന്നെ' എന്ന അദ്വൈത ദർശനത്തിലാണ്‌ ചെന്നെത്തിയത്‌. അന്നന്നത്തെ ചൂടുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടൊന്നും സാഹിത്യത്തിന്‌ വിശേഷിച്ച്‌ ഒരു മേന്മയും ലഭിക്കാനില്ലെന്ന്‌ ഇദ്ദേഹം വിശ്വസിച്ചു. "കവികളുടെ സാംസ്‌കാരികപ്രവർത്തനം വളരെ ഗൂഢവും അഗാധവുമായ മാർഗത്തിലൂടെയാണെന്നും' അതൊരു "എളുപ്പകൃഷി'യല്ലെന്നും ഇദ്ദേഹം തീർത്തുപറഞ്ഞു. "സാഹിത്യത്തിന്റെ മാർഗം കുറുക്കുവഴിയല്ല, രാജപാതയാണ്‌' എന്നു പറയുന്ന മാരാർ പുരാണകവികളെയും കാളിദാസാദി കവികളെയും വിമർശബുദ്ധിയോടെ തന്നെയാണ്‌ വിലയിരുത്തുന്നത്‌. വാല്‌മീകിയുടെ രാമന്‍, ആശാന്റെ സീത, മേഘസന്ദേശപഠനം എന്നിവയിലെല്ലാം നൂതനവീക്ഷണമുള്ള ഒരു പ്രൗഢപണ്ഡിതനെയും വിദഗ്‌ധതാർക്കികനെയും നമുക്കു കാണാം. സമൂഹത്തിന്റെ പ്രശംസ നേടിയ കൃതിയെന്നു കേള്‍ക്കുന്ന മാത്രയിൽ ഹൃദയസംവാദസന്നദ്ധനാകാത്ത ഒരു യുക്തിവിചാരകുശലനായിരുന്നു മാരാർ എന്ന വിമർശകന്‍.

(പ്രാഫ. എസ്‌. ഗുപ്‌തന്‍നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍