This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കുരങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:20, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരിങ്കുരങ്ങ്‌

Nilgiri langur

കരിങ്കുരങ്ങ്‌

പച്ചിലത്തീനിക്കുരങ്ങുകളെന്നറിയപ്പെടുന്ന ലംഗൂറുകളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരു വാനരന്‍. ശാ.നാ.: പ്രസ്‌ബൈറ്റസ്‌ ജോണൈ (Presbytes johni). കരിമന്തി എന്ന പേരിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. തെക്കുകിഴക്കേ ഏഷ്യയാണ്‌ ഇതിന്റെ താവളമെന്നു പറയാം. നല്ല കറുപ്പു നിറവും നരച്ച താടിമീശയും കുറിയ വാലുമുള്ള സിംഹവാലന്‍ (ശിങ്കളം) കുരങ്ങിനെ പലരും കരിമന്തിയായി തെറ്റിദ്ധരിക്കാറുണ്ട്‌.

കാട്ടിലെ പച്ചിലകള്‍ മുഖ്യാഹാരമായിട്ടുള്ള ലംഗൂറുകള്‍ ജീവിതത്തില്‍ ഒട്ടുമുക്കാല്‍ സമയവും മരങ്ങളില്‍ത്തന്നെ കഴിച്ചു കൂട്ടുന്നു. എങ്കിലും നിലത്തുകൂടി മണിക്കൂറില്‍ 3035 കി.മീ. വേഗതയില്‍ ഓടാനും ഇവയ്‌ക്കു കഴിയും. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഹനുമാന്‍ കുരങ്ങ്‌, ഹിമാലയത്തിലെ സ്വര്‍ണമന്തി (Golden langur), പശ്ചിമഘട്ടങ്ങളില്‍ വളരുന്ന കരിങ്കുരങ്ങ്‌ (Nilgiri langur)എന്നിവയാണ്‌ പ്രധാന ലംഗൂറുകള്‍. വളര്‍ച്ചയെത്തിയ ആണ്‍ കരിങ്കുരങ്ങിന്‌ 80 സെ.മീ.ഓളം നീളം കാണും. ഏതാണ്ട്‌ അത്രയും തന്നെ നീളമുള്ള ഒരു വാലും ഇതിനുണ്ട്‌. 11 മുതല്‍ 14 കി.ഗ്രാം വരെയാണ്‌ ശ.ശ. ശരീരഭാരം. പെണ്ണിന്‌ വലുപ്പവും ഭാരവും താരതമ്യേന കുറവാണ്‌. മുഖത്തിന്‌ മഞ്ഞകലര്‍ന്ന ചാരനിറമാണ്‌. മഷിക്കറുപ്പോ, ചാരനിറം കലര്‍ന്ന കറുപ്പോ ഉള്ള സമൃദ്ധമായ രോമപാളികള്‍ കൊണ്ട്‌ ഉടലാകെ മൂടിയിരിക്കുന്നു. വാലിനടിവശത്തും തോള്‍ഭാഗത്തും നരച്ച രോമമാണ്‌ കാണപ്പെടുക. പെണ്ണിന്റെ തുടകളുടെ അകവശങ്ങളില്‍ കുറെ വെളുത്ത രോമങ്ങള്‍ പ്രകടമായി കാണാം. പത്തുദിവസം പ്രായമായ പെണ്‍കുഞ്ഞുങ്ങളില്‍പ്പോലും കാണപ്പെടുന്ന ഈ വെള്ള രോമങ്ങള്‍, ഒറ്റനോട്ടത്തില്‍ത്തന്നെ ഇവയുടെ കൂട്ടത്തിലെ പെണ്ണിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ജനിച്ച്‌ പത്താഴ്‌ചക്കാലം വരെ, പൊതുവേ ഇവയ്‌ക്ക്‌ ചുവപ്പു കലര്‍ന്ന ചാരനിറമാണെങ്കിലും, ഇത്‌ വളര്‍ച്ചയോടൊപ്പം ക്രമേണ നല്ല കറുപ്പായി മാറുന്നു.

പശ്ചിമഘട്ടങ്ങളിലെ കുടകു മുതല്‍ കന്യാകുമാരിവരെയുള്ള പ്രദേശങ്ങളില്‍ കരിങ്കുരങ്ങുകളെ കാണാന്‍ കഴിയുമെങ്കിലും നീലഗിരി, ആനമല, ബ്രഹ്മഗിരി, തിരുനെല്‍വേലി, പഴനിമല എന്നിവിടങ്ങളിലെ വനങ്ങളിലാണ്‌ ഇവ പ്രധാനമായും താവളമുറപ്പിച്ചിരിക്കുന്നത്‌. പുല്‍ത്തകിടിയാല്‍ പച്ച പുതച്ച മലഞ്ചരിവുകളും കാട്ടാറുകളുമുള്ള നിത്യഹരിതവനപ്രദേശങ്ങളില്‍ കഴിയാനാണ്‌ കരിങ്കുരങ്ങിനിഷ്ടം. ചിലപ്പോള്‍ ഇവ തോട്ടങ്ങളിലും ഗ്രാമപ്രദേശങ്ങളിലുകടന്നു ചെല്ലാറുണ്ട്‌. ഏലച്ചെടി ഇതിന്റെ ഒരു പഥ്യാഹാരമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 915 മുതല്‍ 2,135 വരെ മീ.ഉയരമുള്ള വനപ്രദേശങ്ങളില്‍ കരിങ്കുരങ്ങിനെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്‌. സമ്പൂര്‍ണ സസ്യഭുക്കായ ഇവര്‍ക്ക്‌ പഴങ്ങളെക്കാള്‍ ഇഷ്ടം പച്ചിലയും പൂവും മൊട്ടുകളുമാണ്‌. ഇവ അതിരാവിലെ തീറ്റതേടി ഇറങ്ങും. ഉച്ചയ്‌ക്ക്‌ വിശ്രമിക്കുകയാണ്‌ പതിവ്‌. വൈകിട്ട്‌ അന്തരീക്ഷത്തിലെ ചൂടു കുറയുമ്പോള്‍ വീണ്ടും മേയാനിറങ്ങും. രാത്രിയില്‍ ഇവ ഇര തേടാറില്ല. നേരം പുലരുന്നതിനു മുമ്പേ ഉണര്‍ന്ന്‌ "ഹൂ, ഹൂ, ഹൂ...' എന്നു ഉച്ചത്തില്‍ ശബ്‌ദിക്കുന്നു. പ്രഭാതങ്ങളില്‍ ഇത്തരം ശബ്‌ദം കേള്‍ക്കുന്ന വനപ്രദേശം കരിങ്കുരങ്ങിന്റെ താവളമാണെന്നുറപ്പിക്കാം.

രസായന നിര്‍മിതിക്കായി കൂട്ടത്തോടെ വേട്ടയാടുക മൂലം വംശനാശത്തിന്റെ വക്കത്തെത്തി നില്‌ക്കുന്ന ഒരു വാനരനാണ്‌ കരിങ്കുരങ്ങ്‌. കരിങ്കുരങ്ങുരസായനമെന്ന പേരില്‍ അറിയപ്പെടുന്ന ഔഷധം വളരെ വിശേഷപ്പെട്ടതാണെന്നു വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കരിങ്കുരങ്ങിന്റെ ഇറച്ചി ഗുണത്തെക്കാളേറെ മനുഷ്യന്‌ ദോഷം ചെയ്യുന്നത-ാണെന്ന്‌ അടുത്ത കാലത്തു നടന്ന ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. രോമച്ചട്ടയ്‌ക്കും മാംസത്തിനും വേണ്ടി കരിങ്കുരങ്ങിനോളം രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന വേറെ ഒരു വാനരനും നമ്മുടെ വനങ്ങളിലില്ല. മറ്റു കുരങ്ങുകളെയപേക്ഷിച്ച്‌ വനങ്ങളില്‍ ഭയന്നും ഒളിച്ചും ഇവ കഴിയുന്നതിന്‌ പ്രധാന കാരണം നിര്‍ദാക്ഷിണ്യമായ വേട്ടയാടല്‍ തന്നെ. 3 മുതല്‍ 25 വരെയുള്ള സംഘങ്ങളായാണ്‌ കരിങ്കുരങ്ങ്‌ കാട്ടില്‍ കഴിയുന്നത്‌. കൂട്ടത്തില്‍ ബലവാനായ ആണ്‍കുരങ്ങായിരിക്കും സംഘനേതാവ്‌. ഏതാണ്ട്‌ രണ്ടര ച.കി.മീ. പ്രദേശം ഒരു സംഘം കൈയടക്കി വയ്‌ക്കും. അന്യസംഘങ്ങളെ അങ്ങോട്ടു കടക്കാന്‍ ഇവ സമ്മതിക്കുകയില്ല. ആണ്‍കുരങ്ങിന്‌ പ്രമചേഷ്ടകളിലൊന്നും വലിയ താത്‌പര്യമില്ല. ഇണ ചേരണമെന്നു തോന്നുന്ന പെണ്ണ്‌ അവന്റെ മുമ്പില്‍ ചെന്ന്‌ ഇരുന്നുകൊടുക്കുകയാണു പതിവ്‌. ജൂണ്‍, സെപ്‌. എന്നീ മാസങ്ങളിലാണ്‌ ഇവ സാധാരണയായി പ്രസവിക്കുക. ഒരു പ്രസവത്തില്‍ ഒറ്റക്കുട്ടിയേ ഉണ്ടാകാറുള്ളു.

വിദേശമൃഗശാലകളില്‍ വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരിനമാണ്‌ കരിങ്കുരങ്ങ്‌. എന്നാല്‍ ലണ്ടന്‍, സാന്‍ ദിയാഗോ എന്നിവിടങ്ങളിലെ മൃഗശാലകളില്‍ വിജയകരമായി ഇവയെ വളര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ശ്രീലങ്കയില്‍ കൂട്ടിലടച്ച ഒരു കരിങ്കുരങ്ങ്‌ എട്ടുവര്‍ഷം വരെ ജീവിച്ചിരുന്നു. തിരുവനന്തപുരംതൃശൂര്‍ മൃഗശാലകളില്‍ ഇവ ഇണചേരുകയും പ്രസവിക്കുകയും ചെയ്‌തിട്ടുണ്ട്‌. വളരെ വിശാലമായ ഒരു വനപ്രദേശത്തിന്റെ അഭാവംമൂലമായിരിക്കണം, മൃഗശാലകളിലെ ഇടുങ്ങിയ കൂടുകളില്‍ ഇവ ഏറെക്കാലം ജീവിച്ചിരിക്കാത്തത്‌. ന്യുമോണിയ രോഗവും കരിങ്കുരങ്ങിന്റെ അല്‌പായുസ്സിന്‌ ഒരു കാരണമാവാറുണ്ട്‌.

(കെ. രാജേന്ദ്രബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍