This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍പ്പൂരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:45, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കര്‍പ്പൂരം

Camphor

തീക്ഷ്‌ണഗന്ധവും പരലാകൃതിയും വെള്ളനിറവുമുള്ള ഒരു അര്‍ധതാര്യ ഖരവസ്‌തു. ഫോര്‍മുല: ഇ10ഒ16ഛ. സിന്നമോമം കാംഫറ എന്നു ശാസ്‌ത്രനാമമുള്ള കര്‍പ്പൂരച്ചെടിയുടെ തടിയില്‍ അടങ്ങിയിട്ടുള്ള ഒരു കീറ്റോണ്‍ ആണ്‌ കര്‍പ്പൂരം.

സന്തോഷത്തെ വര്‍ധിപ്പിക്കുന്നത്‌ എന്ന അര്‍ഥമാണ്‌ സംസ്‌കൃതത്തില്‍ കര്‍പ്പൂരം എന്ന പദത്തിനുള്ളത്‌. "ചോക്ക്‌' എന്ന്‌ അര്‍ഥമുള്ള "കാപൂര്‍' എന്ന മലയന്‍ പദത്തില്‍ നിന്നാണ്‌ കര്‍പ്പൂരം എന്ന പദം നിഷ്‌പന്നമായതെന്ന്‌ കരുതപ്പെടുന്നു.

ചരിത്രം. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ പ്രാചീനകാലം മുതലേ കര്‍പ്പൂരം ഒരു ഔഷധം എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു. ചൈന, തായ്‌ലന്‍ഡ്‌, ജാവ, ബോര്‍ണിയോ, സുമാത്രാ എന്നീ പ്രദേശങ്ങളില്‍ കര്‍പ്പൂരച്ചെടിയില്‍ നിന്ന്‌ ഇതു നിര്‍മിച്ചുവന്നിരുന്നു (നോ: കര്‍പ്പൂരച്ചെടി). രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം വര്‍ധിച്ചതോടെയാണ്‌ പാശ്ചാത്യരാജ്യങ്ങളില്‍ ഇതിനു പ്രചാരം ലഭിച്ചത്‌. ലാവോയ്‌സേ, ബോയില്‍, ദൂമാ തുടങ്ങിയ രസതന്ത്രജ്ഞന്മാര്‍ കര്‍പ്പൂരത്തെപ്പറ്റി പഠനം നടത്തിയെങ്കിലും 1893ല്‍ ജെ. ബ്രഡ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌ ഇതിന്റെ രാസഘടന ശരിയായി നിര്‍ണയിച്ചത്‌.

നിര്‍മാണം. കര്‍പ്പൂരച്ചെടിയുടെ തടി ചെറുതായി വെട്ടി നുറുക്കി എടുത്ത്‌ അതില്‍ കൂടി നീരാവി കടത്തി വിടുന്നു. കര്‍പ്പൂരം കലര്‍ന്നുവരുന്ന നീരാവി പിന്നീട്‌ തണുപ്പിച്ച്‌ അതില്‍ നിന്നു കര്‍പ്പൂരത്തരികള്‍ വേര്‍തിരിക്കുന്നു. ഈ ജലത്തില്‍ കര്‍പ്പൂര തൈലവും കലര്‍ന്നിരിക്കും. ഇത്‌ പിന്നീട്‌ ആംശികസ്വേദനംമൂലം വേര്‍തിരിച്ചെടുക്കുന്നു. ലഭ്യമായ കര്‍പ്പൂരത്തരികള്‍ ശുദ്ധീകരിക്കപ്പെടുന്നു. ചൂടന്‍ കര്‍പ്പൂരം (പക്വം), പച്ചക്കര്‍പ്പൂരം (അപക്വം) എന്നിങ്ങനെ രണ്ടുതരത്തില്‍ കര്‍പ്പൂരം വിപണിയില്‍ ലഭ്യമാണ്‌.

കര്‍പ്പൂരം കൃത്രിമമായും തയ്യാറാക്കിവരുന്നു. ടര്‍പ്പന്റൈനിലുള്ള പൈനീന്‍ ഹൈഡ്രാക്ലോറൈഡ്‌, ആല്‍ക്കലിയും അനിലിനും ചേര്‍ത്തു ചൂടാക്കുമ്പോള്‍ കിട്ടുന്ന കാംഫീന്‍ അസറ്റിക്‌ അമ്ലവും നൈട്രാബന്‍സീനുമായി അഭിക്രിയ ചെയ്‌താണ്‌ കൃത്രിമ കര്‍പ്പൂരം ലഭ്യമാക്കുന്നത്‌.

ഗുണധര്‍മങ്ങള്‍. കര്‍പ്പൂരം സാധാരണ താപനിലയില്‍ സാവധാനം ബാഷ്‌പീകരിക്കപ്പെടുന്നു. ആ. സാ. 0.99, ദ്ര. അ. 1740ഇ 1790ഇ തിളനില. 2040ഇ. ഇതിന്‌ ജ്വലനസ്വഭാവവും ജലത്തില്‍ അല്‌പലേയത്വവും ഉണ്ട്‌. ഇത്‌ ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറഫോം, കാര്‍ബണ്‍ ഡൈസള്‍ഫൈഡ്‌ എന്നിവയില്‍ ലയിക്കും.

കര്‍പ്പൂരവും ബ്രാമിനും ചേര്‍ത്ത്‌ ചൂടാക്കിയാല്‍ കാംഫര്‍ ബ്രാമൈറ്റ്‌ ലഭിക്കുന്നു. ഫോര്‍മുല: ഇ10 ഒ15 ആൃഛ. കര്‍പ്പൂരത്തിന്റെ നേരിയ മണവും രുചിയുമുള്ള ഇത്‌ പരലാകൃതിയിലും പൊടിയായും കണ്ടുവരുന്നു; നിറമില്ല. തണുപ്പും ഇരുട്ടും ഉള്ള സ്ഥലങ്ങളില്‍ ഇത്‌ സൂക്ഷിക്കേണ്ടതാണ്‌; ചൂടുതട്ടിയാല്‍ നിറവ്യത്യാസം ഉണ്ടാകും. ജലത്തില്‍ അലേയമാണ്‌; ഈഥര്‍, ആല്‍ക്കഹോള്‍, ക്ലോറഫോം, എണ്ണകള്‍ ഇവയില്‍ ലയിക്കും. ഔഷധമായി ഇത്‌ ഉപയോഗിക്കാറുണ്ട്‌. കര്‍പ്പൂരം, നൈട്രിക്‌ അമ്ലവുമായി ചേര്‍ത്ത്‌ ഓക്‌സീകരിച്ചാല്‍ കാംഫോറിക്‌ അമ്ലം കിട്ടുന്നു. ഫോര്‍മുല: C8H14 (COOH)2. നിറവും മണവും ഇല്ല. ആല്‍ക്കഹോള്‍, ഈഥര്‍, കൊഴുപ്പ്‌, വെള്ളം എന്നിവയില്‍ ലയിക്കും. ക്ലോറഫോമില്‍ അലേയം.

കര്‍പ്പൂരനിര്‍മാണത്തിലെ ഉപോത്‌പന്നമായ കര്‍പ്പൂരതൈലത്തിനും തീഷ്‌ണഗന്ധമുണ്ട്‌; നിറമില്ല. ആ.സാ. 0.870 മുതല്‍ 1.040 വരെ വ്യത്യാസപ്പെട്ടുകാണുന്നു. ഈഥര്‍, ക്ലോറഫോം എന്നിവയില്‍ ലയിക്കും. ആല്‍ക്കഹോളില്‍ അലേയം. ഇതില്‍ പ്രധാനമായും പൈനീന്‍, കാംഫര്‍, ഫെലാന്‍ഡ്രീന്‍, ഡൈപെന്റീന്‍, സഫ്രാള്‍, യൂക്കാലിപ്‌ടോള്‍, യൂജിനോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. സാമാന്യം വിഷാലുത്വമുണ്ട്‌; തീപിടിക്കാനുള്ള സാധ്യതയുമുണ്ട്‌. വാര്‍ണീഷ്‌ ഉത്‌പാദനത്തില്‍ ടര്‍പ്പന്റൈന്‍ എണ്ണയ്‌ക്കു പകരം ഇത്‌ ഉപയോഗിക്കുന്നു. അച്ചടി വ്യവസായത്തില്‍ സിലിന്‍ഡറുകളും ഇലക്‌ട്രാ പ്ലേറ്റുകളും വൃത്തിയാക്കുന്നതിന്‌ കര്‍പ്പൂരതൈലം ഉപയോഗിക്കാറുണ്ട്‌. ഖനിജ എണ്ണകളുടെ ദുര്‍ഗന്ധം അകറ്റുന്നതിനും ഷൂ പോളീഷ്‌, സോപ്പ്‌ എന്നിവയ്‌ക്കു സുഗന്ധം നല്‌കുന്നതിനും ഔഷധങ്ങള്‍, ലൂബ്രിക്കേറ്റിങ്‌ എണ്ണകള്‍ എന്നിവയുടെ ഉത്‌പാദനത്തിനും കര്‍പ്പൂരതൈലം ഉപയോഗിക്കുന്നുണ്ട്‌.

ഉപയോഗം. അതിപുരാതനകാലം മുതല്‍ തന്നെ ദേവതാരാധനയ്‌ക്ക്‌ കര്‍പ്പൂരം ഉപയോഗിച്ചു വരുന്നു. ഔഷധാവശ്യങ്ങള്‍ക്കാണ്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. സെലുലോസ്‌ നൈട്രറ്റുകളില്‍ പ്ലാസ്റ്റിസീകാരകമായും നൈട്രാസെലുലോസ്‌ സ്‌ഫോടകവസ്‌തുക്കള്‍, കീടനാശിനികള്‍, പല്‍പ്പൊടി എന്നിവ നിര്‍മിക്കുന്നതിനും കര്‍പ്പൂരം ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ഉന്‌മാദചികിത്സയ്‌ക്ക്‌ ഇത്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌. ചമയത്തിനുള്ള ഒരു വസ്‌തുവുമാണ്‌ കര്‍പ്പൂരം. ചന്ദനം, കര്‍പ്പൂരം എന്നിവയുടെ കൂടെ കസ്‌തൂരിഗോരോചനാദികള്‍ ചേര്‍ത്ത്‌ അരച്ച കുറിക്കൂട്ട്‌ ശരീരത്തില്‍ പുരട്ടുന്നതിനായി പണ്ട്‌ ഉപയോഗിച്ചിരുന്നു. മലയാളത്തിലെ പ്രാചീന കൃതികളില്‍ ഒട്ടുമിക്കവയിലും കര്‍പ്പൂരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍