This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കര്‍ത്താല്‍ ചോളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:42, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കര്‍ത്താല്‍ ചോളം

മണിപ്പൂരിലെ ഒരു നാടോടി നൃത്തം. "കര്‍ത്താല്‍' (കരതാളംകൈത്താളം) എന്ന വാദ്യോപകരണം കൊട്ടിക്കൊണ്ട്‌ ദ്രുതഗതിയില്‍ നൃത്തം ചെയ്യുന്നതിനാലാണ്‌ ഇതിനെ കര്‍ത്താല്‍ ചോളം (കരതാല്‍കൈത്താളം; ചോളംദ്രുതചലനം) എന്ന പേര്‍ ലഭ്യമായത്‌. "കരതാല്‍ചോളം' (കരതാളചോള) എന്ന പദത്തിന്റെ ദേശീയഭേദമാണ്‌ കര്‍ത്താല്‍ചോളം എന്നു കരുതപ്പെടുന്നു. "ചലനം' എന്ന സംസ്‌കൃതപദത്തിന്റെ ഹിന്ദി തദ്‌ഭവമായ "ചല്‍'ബംഗാളി മണിപ്പൂരിഭാഷകളില്‍ "ചൊല്‍' എന്നാവുകയും പിന്നീട്‌ ഉച്ചാരണസൗകര്യാര്‍ഥം "ചോല്‍' ആയി മാറുകയും ക്രമേണ ചോലം, ചോളം എന്നു രൂപാന്തരപ്പെടുകയും ചെയ്‌തതാകാനാണ്‌ സാധ്യത.

താളപ്രധാനമായിട്ടുള്ള ഈ നൃത്തത്തില്‍ അംഗവിക്ഷേപങ്ങള്‍ക്കും ചുവടുകള്‍ക്കുമാണ്‌ പ്രാമുഖ്യം. അര്‍ധവൃത്താകൃതിയില്‍ നിന്നുകൊണ്ട്‌ ദ്രുതഗതിയില്‍ ഭ്രമരങ്ങളുടെ ചലന(ചുറ്റിക്കറങ്ങല്‍)ങ്ങള്‍ കാഴ്‌ചവയ്‌ക്കുന്ന നര്‍ത്തകര്‍ ഇടത്തോട്ടും വലത്തോട്ടും കറങ്ങിയും ചുവടുകള്‍ വച്ചും അതിവേഗത്തില്‍ നൃത്തം ചെയ്യുന്നു.

ഭക്തിനിര്‍ഭരങ്ങളായ ഗാനങ്ങളാണ്‌ കര്‍ത്താല്‍ ചോള നൃത്തത്തില്‍ ആലപിക്കുന്നത്‌. രാസലീലയിലെന്നപോലെ ഈ നൃത്തത്തിലും ജയദേവന്റെ ഗീതഗോവിന്ദവും വിദ്യാപതി, ചണ്ഡീദാസ്‌, ഗോവിന്ദദാസ്‌ എന്നീ ഭക്തകവികളുടെ രചനകളുമാണ്‌ ഗാനങ്ങളായി ഉപയോഗിക്കാറുള്ളത്‌. സംഗീതത്തിന്റെ താളം മുറുകുമ്പോള്‍ പാട്ടുകാര്‍ എഴുന്നേറ്റുനിന്ന്‌ ഒറ്റയ്‌ക്കോ സംഘം ചേര്‍ന്നോ നൃത്തം ചെയ്യുന്നു. ക്ലാസ്സിക്കല്‍ നൃത്തത്തിലെ താണ്ഡവവുമായും മണിപ്പൂരിലെ "പുംഗ്‌ചോളം' എന്ന നൃത്തവുമായും ഇതിന്‌ സാദൃശ്യങ്ങളുണ്ട്‌. കര്‍ത്താല്‍, പേനാ (വീണയുടെ ആകൃതിയിലുള്ള ഒരു സംഗീതോപകരണം), മജിരാ (മഞ്‌ജീരാ), പംഗ്‌ (മൃദംഗാകൃതിയിലുള്ള ചെറിയ വാദ്യം) എന്നിവയാണ്‌ പശ്ചാത്തലസംഗീതോപകരണങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍