This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാമറോണ്‍, ജെയിംസ് (1954 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാമറോണ്‍, ജെയിംസ് (1954 - )
Cameron, James
പ്രശസ്‌ത അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍. ശാസ്‌ത്രസാങ്കേതിക വിദ്യകളുപയോഗിച്ച് തന്റെ ചലച്ചിത്രങ്ങളെ ദൃശ്യവിസ്‌മയങ്ങളാക്കി മാറ്റിയ സംവിധായകനാണ് കാമറോണ്‍. കാനഡയിലെ ഒണ്ടേറിയോയില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായിരുന്ന ഫിലിപ്പിന്റെയും കലാകാരിയായിരുന്ന ഷര്‍ലി കാമറോണിന്റെയും മകനായി 1954 ആഗസ്റ്റില്‍ ജെയിംസ് ഫ്രാന്‍സിസ് കാമറോണ്‍ ജനിച്ചു. 1971ല്‍ ഈ കുടുംബം കാലിഫോര്‍ണിയയില്‍ താമസം ഉറപ്പിച്ചു. കാമറോണ്‍ പഠിച്ചതും വളര്‍ന്നതും ഇവിടെയായിരുന്നു. ഊര്‍ജതന്ത്രം ഐച്ഛികവിഷയമായിരുന്നുവെങ്കിലും കൗമാരകാലം മുതല്‌ക്കേ ഇദ്ദേഹത്തിന് ചലച്ചിത്രനിര്‍മാണപ്രവര്‍ത്തനങ്ങളിലായിരുന്നു കൂടുതല്‍ താത്‌പര്യം. സിനിമയില്‍ തിരക്കഥാകൃത്തായിരുന്നുവെങ്കിലും കലാസംവിധായകനായും സ്‌പെഷ്യല്‍ എഫക്‌റ്റ് വിദഗ്‌ധനായും ആദ്യകാലത്ത് പ്രവര്‍ത്തിച്ചു. സംവിധായകന്‍ എന്ന നിലയ്‌ക്ക് തുടക്കത്തില്‍ പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും പില്‌ക്കാലത്ത് ചലച്ചിത്രപ്രമികളുടെ ഇഷ്‌ടപരമ്പരയായി മാറിയ "ദ് ടെര്‍മിനേറ്റര്‍' (The Terminator) എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരത്തിലൂടെ ഇദ്ദേഹം പ്രശസ്‌തിനേടി. തുടര്‍ന്ന് പുറത്തുവന്ന "ഏലിയന്‍സും' (Aliens) വന്‍വിജയമായിരുന്നു. 1984ല്‍ റിലീസായ "ടെര്‍മിനേറ്റര്‍2 ജഡ്‌ജ്‌മെന്റ് ഡേ' (Terminate-2-Judgement Day)യിലെ സ്‌പെഷ്യല്‍ എഫക്‌റ്റുകള്‍ ഏറ്റവും മികച്ച ദൃശ്യപ്പൊലിമയ്‌ക്കുള്ള അക്കാദമി അവാര്‍ഡ് നേടി. 1997ല്‍ പുറത്തുവന്ന "ടൈറ്റാനിക്' വമ്പിച്ച തുക മുടക്കി നിര്‍മിച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലെ കംപ്യൂട്ടര്‍ ഇമേജുകളും, കൂറ്റന്‍ സെറ്റുകളും ചടുലമായ കഥാഗതിയും ഇമ്പമേറിയ സംഗീതവും, ദൃശ്യശ്രാവ്യ അനുഭൂതിയുടെ അവാച്യമായ തലത്തിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്നു. ചിത്രത്തിനു ലഭിച്ച 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം ഇതിന്റെ സംവിധായകഌം, നിര്‍മാതാവും എഡിറ്ററും ആയ കാമറോണിന് ലഭിച്ചു.
സിനിമയിലെ സൂപ്പര്‍ഹീറോ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചതും കാമറോണാണ്. "എക്‌സ്‌മെന്‍' (X-men), "ഹള്‍ക്' (Hulk), "സ്‌പൈഡര്‍മാന്‍' (Spider Man) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. വെള്ളത്തിനടിയിലുള്ള സാഹസങ്ങളും ജീവിതവും ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററികളില്‍ ശാസ്‌ത്രസാങ്കേതികോപകരണങ്ങളുടെ ഭാവനാത്മകമായ വിന്യാസം പ്രകടമായിക്കാണാം. കലയെയും ശാസ്‌ത്രത്തെയും ഹൃദ്യമായി കൂട്ടിയിണക്കുന്ന ഇദ്ദേഹത്തിന്റെ ഗണ്യമായ സംഭാവനകള്‍ മുന്‍നിര്‍ത്തി സതാംപ്‌ടണണ്‍ യൂണിവേഴ്‌സിറ്റി ഓണററി ഡോക്‌ടര്‍ ബിരുദം നല്‌കി കാമറോണിനെ ആദരിച്ചു (2004).
(തോട്ടം രാജശേഖരന്‍)