This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാബരെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:15, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാബരെ

Cabaret

കാബരെ-ഒരു പെയിന്റിങ്‌

വന്‍കിട ഹോട്ടലുകളിലും നിശാശാലകളിലും നടത്തപ്പെടുന്ന ഒരു മദാലസ നൃത്തം. ഫ്രഞ്ച്‌ പദമായ കാബരെയുടെ അര്‍ഥം പാനീയങ്ങള്‍ വില്‌ക്കുന്ന കട എന്നാണ്‌. ചെറിയ സത്രങ്ങള്‍ക്കും മദ്യശാലകള്‍ക്കും ഫ്രഞ്ചുഭാഷയില്‍ കാബരെ എന്നു പറയാറുണ്ട്‌. ഫ്രാന്‍സിലാണ്‌ കാബരെ നൃത്തത്തിന്റെ ഉദ്‌ഭവം എന്നു കരുതപ്പെടുന്നു. ഹോട്ടലുകളില്‍ ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ്‌ ഈ നൃത്തം 1880നോടടുത്ത കാലത്ത്‌ ഏര്‍പ്പെടുത്തിയത്‌. ആഫ്രിക്കന്‍അമേരിക്കന്‍ ആദിവാസികളുടെ "ബെല്ലിനൃത്തം' (Belly dance) ആണ്‌ കാബരെ നൃത്തത്തിന്റെ പൂര്‍വരൂപം എന്നു കരുതപ്പെടുന്നു. ബാലെ, ഓപ്പറ തുടങ്ങിയ പാശ്ചാത്യ നൃത്തഗാനരൂപങ്ങളിലെ ചില അംശങ്ങളും കാബരെ നൃത്തത്തില്‍ കാണാം. ഫ്രാന്‍സില്‍ നിന്ന്‌ ക്രമേണ ഈ നൃത്തം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഏഷ്യാവന്‍കരയിലും യു. എസ്സിലും പ്രചരിച്ചു.

ഹോട്ടലുകളിലും നിശാവിശ്രമസ്ഥലങ്ങളിലും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഹാളുകളില്‍ അരണ്ട വെളിച്ചത്തിലാണ്‌ ഈ നൃത്തം സംഘടിപ്പിക്കാറുള്ളത്‌. പശ്ചാത്തലസംഗീതമൊഴിച്ച്‌ മറ്റു രംഗസംവിധാനങ്ങളൊന്നും ഇതിനാവശ്യമില്ല. ജാസ്‌ സംഗീതത്തിലെ ഡ്രം, ബോംഗോസ്‌, കോംഗോഡ്രം, കെറ്റില്‍ഡ്രം, ഗിത്താര്‍ തുടങ്ങിയ സംഗീതോപകരണങ്ങളുടെ മേളത്തിനൊപ്പിച്ച്‌ നര്‍ത്തകി നൃത്തം ചെയ്യുന്നു. ആകാരസൗഷ്‌ഠവവും നൃത്തപാടവവും ഉള്ള നര്‍ത്തകിമാരെയാണ്‌ ഇതിലേക്കായി തിരഞ്ഞെടുക്കുന്നത്‌. കാബരെ നൃത്തം സംഘടിപ്പിക്കുന്നതിന്‌ ഹോട്ടലുടമകള്‍ പ്രത്യേകാനുമതിയോ ലൈസന്‍സോ നേടിയിരിക്കണമെന്ന്‌ നിയമമുണ്ട്‌. ദേശഭേദമനുസരിച്ച്‌ കാബരെ നൃത്തത്തില്‍ വ്യത്യാസങ്ങള്‍ കാണുന്നു. യുഗ്മനൃത്തമായിട്ടും ചിലപ്പോള്‍ ഒരു ഹാസ്യവേഷത്തെക്കൂടിയും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്‌.

(ഗുരു ചന്ദ്രശേഖരന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%AC%E0%B4%B0%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍