This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറുപ്പന്‍, കെ.പി. (1885 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:01, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കറുപ്പന്‍, കെ.പി. (1885 - 1938)

മലയാളകവി. പഴയ കൊച്ചീസംസ്ഥാനത്ത്‌ ചേരാനല്ലൂരില്‍ കണ്ടത്തില്‍ പറമ്പ്‌ വീട്ടില്‍ ധീവരസമുദായത്തില്‍പ്പെട്ട അയ്യന്റെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയില്‍ ജനിച്ചു. ചേറായിയില്‍ എം.കെ. കറുപ്പന്‍ എന്ന അധ്യാപകന്റെ കീഴില്‍ സംസ്‌കൃതത്തിലെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ച കറുപ്പന്‍ പിന്നീട്‌ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെയും മറ്റും ശിഷ്യത്വം സ്വീകരിച്ച്‌ സംസ്‌കൃതത്തില്‍ അവഗാഹം നേടി. സ്വന്തമായ പരിശ്രമത്തിലൂടെ ഇംഗ്ലീഷ്‌ ഭാഷയിലും സാഹിത്യത്തിലും സാമാന്യവിജ്ഞാനം സമ്പാദിക്കുകയും ചെയ്‌തു.

വിദ്യാഭ്യാസത്തിഌശേഷം 1911ല്‍ കൊച്ചിയില്‍ ഫിഷറീസ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു ഗുമസ്‌തനായി ജോലിയില്‍ പ്രവേശിച്ചു. അടുത്തവര്‍ഷം തൃശൂരിലെ ഒരു ട്രയിനിങ്‌ സ്‌കൂളില്‍ അധ്യാപകനായി. 1927ല്‍ കൊച്ചിയിലെ വിദ്യാഭ്യാസവകുപ്പില്‍ അധഃകൃതോപസംരക്ഷകനായി നിയമിക്കപ്പെട്ടു. തുടര്‍ന്നു പ്രാഥമികവിദ്യാഭ്യാസ കമ്മറ്റിയുടെ സെക്രട്ടറിയായി സേവനം അഌഷ്‌ഠിച്ചു. കമ്മറ്റിയുടെ ജോലി പൂര്‍ത്തിയായപ്പോള്‍ നാട്ടുഭാഷാ സൂപ്രണ്ട്‌ എന്ന പുതിയൊരു പദവിയില്‍ അവരോധിതനായി. ഏറെത്താമസിക്കാതെ എറണാകുളം മഹാരാജാസ്‌ കോളജിലെ അധ്യാപകനായി നിയമിക്കപ്പെട്ടു.

കറുപ്പന്‍ കൊച്ചിനിയമസഭയിലും നഗരസഭയിലും അംഗമായിരുന്നിട്ടുണ്ട്‌. മദിരാശി സര്‍വകലാശാലയുടെ പരീക്ഷാബോര്‍ഡംഗമായും ഇദ്ദേഹം സേവനമഌഷ്‌ഠിക്കുകയുണ്ടായി. പ്രസന്നമധുരമായ ഒരു കാവ്യശൈലി കറുപ്പഌ സ്വായത്തമായിരുന്നു. സാഹിത്യനിപുണന്‍, കവിതിലകന്‍ എന്നീ സ്ഥാനങ്ങള്‍ കൊച്ചീരാജാവില്‍ നിന്ന്‌ ഇദ്ദേഹത്തിഌ ലഭിച്ചു. തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ്‌ കറുപ്പന്‌ ഒരു വൈരമോതിരം സമ്മാനിച്ച്‌ ഇദ്ദേഹത്തിന്റെ കവിത്വത്തെ ആദരിക്കുകയുണ്ടായി.

സ്‌തോത്രമന്ദാരം, കാളിയമര്‍ദനം ഓട്ടന്‍തുള്ളല്‍, എഡ്വേഡ്‌ വിജയം, ലളിതോപഹാരം കിളിപ്പാട്ട്‌, ആചാരഭൂഷണം, ശാകുന്തളം അഥവാ നിരാകൃതയായ നായിക, ശാകുന്തളം വഞ്ചിപ്പാട്ട്‌, ശാകുന്തളം ഉത്തരഭാഗം, ഉദ്യാനവിരുന്ന്‌, ജാതിക്കുമ്മി, തിരുനാള്‍ക്കുമ്മി, ദീനസ്വരം, കൈരളീകൗതുകം, ബാലോദ്യാനം, ചിത്രാലങ്കാരം, ജൂബിലീഗാനം, ഒരു താരാട്ട്‌, സാമുദായിക ഗാനകലകള്‍, പുതിയ നൈഷധം, ലങ്കാമര്‍ദനം, മഹാസമാധി, ധര്‍മകാഹളം, ആനന്ദഗാനം, ഒരു ചരമം, ധ്രുവചരിതം, സൗദാമിനി, പഞ്ചവടി, ഭാഷാഭൈമീപരിണയം നാടകം, ബാലകലേശം നാടകം എന്നിവയാണ്‌ കെ.പി. കറുപ്പന്റെ കൃതികള്‍.

കൊച്ചിരാജ്യത്തെ നായിക (ബാല)യായും രാജാവിനെ നായകന്‍ (കലേശന്‍) ആയും ചിത്രീകരിച്ചുകൊണ്ടും രാജാവിന്റെ പരിഷ്‌കാരങ്ങളെ പുകഴ്‌ത്തുകയെന്നതോടൊപ്പം ഇനി വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുക എന്ന ലക്ഷ്യത്തോടെയും രചിക്കപ്പെട്ട ബാലകലേശം നാടകം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിരയാവുകയുണ്ടായി. അവശസമുദായാംഗങ്ങളെയും വിദ്യാഭ്യാസത്തിഌവേണ്ടി ആഹ്വാനം ചെയ്യുന്ന തിരുനാള്‍ക്കുമ്മിയും, അധഃകൃത ജനവിഭാഗങ്ങളെ അനീതികള്‍ക്കെതിരെ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുന്ന ധര്‍മകാഹളവും സാമൂഹികാംശം മുന്തി നില്‌ക്കുന്ന രണ്ടു കൃതികളാണ്‌. 1938 മാര്‍ച്ചില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍