This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിപര്‍വതവിജ്ഞാനീയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗ്നിപര്‍വതവിജ്ഞാനീയം
Volcanology
അഗ്നിപര്‍വതങ്ങളെ സംബന്ധിച്ച ശാസ്ത്രീയപഠനം. അഗ്നിപര്‍വതോത്പന്നങ്ങളെയും അവയുടെ പ്രകൃതങ്ങളെയും സംബന്ധിച്ച വിശദമായ പഠനത്തിലൂടെ അഗ്നിപര്‍വതപ്രക്രിയകളുടെ കാരണങ്ങള്‍ ആരായുകയും സ്ഫോടനത്തിന്റെ പ്രവചനത്തിനുതകുന്ന ഉപാധികള്‍ കണ്ടുപിടിക്കുകയുമാണ് ഈ ശാസ്ത്രശാഖയുടെ മുഖ്യോദ്ദേശ്യം.
ഭൂമിയുടെ അഗാധതലങ്ങളിലെ വര്‍ധിച്ച ഊഷ്മാവില്‍ ഉരുകി ദ്രാവകാവസ്ഥയിലാകുന്ന ശിലാപദാര്‍ഥവും അതില്‍ വിലീനമായ വാതകങ്ങളും ചേര്‍ന്നതാണ് മാഗ്മ (magma). ഊര്‍ധ്വമുഖമായി ഉയര്‍ന്നു പൊങ്ങുന്ന മാഗ്മ സ്വാഭാവികമായും ഭൂവല്‍കത്തിലെ ബലക്കുറവുള്ള ഭാഗങ്ങളിലേക്കു തള്ളിക്കയറുന്നു, ഇവിടെ താപനില താരതമ്യേന താണിരിക്കും; തന്‍മൂലം മാഗ്മ തണുത്തുറയുന്നു. എളുപ്പം ഖരീഭവിക്കുന്ന പദാര്‍ഥങ്ങള്‍ പരല്‍രൂപത്തിലും ശേഷിച്ചഭാഗം ദ്രവരൂപത്തിലുമായി തുടരുന്ന അവസ്ഥയില്‍ മാഗ്മാദ്രവത്തിലെ സിലിക്ക തുടങ്ങിയ ലീന (solute)ങ്ങളുടെ സാന്ദ്രത വര്‍ധിക്കുന്നു. ഒപ്പംതന്നെ സ്വതന്ത്രമാക്കപ്പെട്ട വാതകങ്ങളും ബാഷ്പങ്ങളും മാഗ്മാസഞ്ചയത്തിന്റെ മുകളില്‍ തിങ്ങിക്കൂടുന്നു. വിഭിന്ന അവസ്ഥകളിലുള്ള പദാര്‍ഥങ്ങള്‍ നിയതമായ ക്രമീകരണത്തിനു വഴങ്ങുകയും ചെയ്യും.