This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുപൂച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:22, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാട്ടുപൂച്ച

Wild cat

കാട്ടുപൂച്ച

വീട്ടിൽ വളർത്തുന്ന പൂച്ചയോട്‌ വലുപ്പം, ആകൃതി, സ്വഭാവം എന്നിവയിൽ സാദൃശ്യം പുലർത്തുന്നതും കാട്ടിൽ കഴിയുന്നതുമായ ഇനം പൂച്ചകള്‍. കുടുംബം: ഫെലിഡേ യൂറോപ്യന്‍ കാട്ടുപൂച്ച ഫെലിസ്‌ സിൽവെസ്‌ട്രിസ്‌ (Felis silvestris)എന്നയിനത്തിന്റെ വാസസ്ഥാനം യൂറോപ്പിന്റെ വടക്കും കിഴക്കും പ്രദേശങ്ങളാണ്‌. സ്‌കോട്ടിഷ്‌ ഹൈലന്‍ഡ്‌സിലെ മലമ്പ്രദേശങ്ങളിലും ഫ്രാന്‍സ്‌, കോഴ്‌സിക്ക എന്നീ ഭൂഭാഗങ്ങളിലും ഇവയെ കണ്ടെത്താം. വീട്ടിൽ ഇണക്കി വളർത്തുന്ന "റ്റാബി' എന്നയിനം പൂച്ചയോട്‌ ഇതിന്‌ സാദൃശ്യമുണ്ട്‌. എന്നാൽ ഇതിനു റ്റാബിയെക്കാള്‍ കുറച്ചുകൂടി ഭാരവും വലുപ്പവും കൂടുതലുണ്ടായിരിക്കും. 30 സെന്റിമീറ്ററോളം നീളമുള്ള വാലാണ്‌ ഇതിന്റെ ഒരു പ്രത്യേകത.

ഇതിന്റെ രോമത്തിനു മഞ്ഞ കലർന്ന ചാരനിറമാണ്‌. ശരീരത്തിന്റെ മിക്കഭാഗത്തും കുറുകെയുള്ള ഇരുണ്ട വരകള്‍ കാണപ്പെടുന്നു; പുറത്തുകൂടി താഴത്തേക്കു കറുത്തനാട പോലെ തോന്നിക്കുന്ന ഒരു വരയുമുണ്ട്‌. വാലിൽ മുഴുവനും കറുത്തവളയങ്ങള്‍ കാണപ്പെടുന്നു. വാലിന്റെ കൂർത്തതല്ലാത്ത അഗ്രം നല്ല കറുപ്പായിരിക്കും. "മീശ' നന്നായി വളർന്നിരിക്കുന്നു.

കാഴ്‌ചയിൽ പൊതുവേ കരുത്തും ക്രൗര്യവും തോന്നിക്കുന്ന ഈ ജീവി പൂർണമായും രാത്രിഞ്ചരനാണ്‌. വൃക്ഷശാഖകള്‍ പൊട്ടിപ്പുറപ്പെടുന്നിടത്ത്‌ ചുരുണ്ടിരുന്നോ, മരക്കൊമ്പുകളിൽ കിടന്നോ ആണ്‌ ഇത്‌ പകൽ സമയം കഴിച്ചുകൂട്ടുക. അപ്പോള്‍ മരപ്പട്ടയുടെ നിറവും ഇതിന്റെ ശരീരത്തിന്റെ നിറവും ഏതാണ്ടൊരുപോലെയിരിക്കും. രാത്രിയാകുന്നതോടെ പതുങ്ങിപ്പതുങ്ങി ഇരതേടാനിറങ്ങുന്നു. ഇരതേടൽ പ്രക്രിയ സാധാരണപൂച്ചകളുടേതുപോലെ തന്നെയാണെങ്കിലും, നിശ്ശബ്‌ദ ചലനത്തിലും അവസാനച്ചാട്ടത്തിന്റെ അതിവേഗതയിലും കാട്ടുപൂച്ച നാട്ടുപൂച്ചയെ വെല്ലുന്നു. മനുഷ്യനെയും നായ്‌ക്കളെയും സംബന്ധിച്ചിടത്തോളം ഒരേ പോലെ അപകടകാരിയാണിവ. യാതൊരു പ്രകോപനവും കൂടാതെയാണ്‌ ഇത്‌ ആക്രമിക്കുന്നത്‌. മുറിവ്‌ പറ്റിക്കഴിഞ്ഞാൽ ഉജ്ജ്വലരോഷത്തോടെ സ്വരക്ഷയ്‌ക്കു ശ്രമിക്കുന്ന ഈയിനം കാട്ടുപൂച്ചയിൽനിന്നു രക്ഷപ്പെടുക അത്ര എളുപ്പമല്ല.

ഇണചേരലിനു കാലമാകുന്നതോടെ ആണ്‍പൂച്ച താരതമ്യേന ശാന്തനായി മാറുന്നു. വസന്തകാലാരംഭത്തോടെയാണ്‌ ഇണചേരൽ. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഗർഭകാലത്തിന്റെ അവസാനത്തോടെ പെണ്‍പൂച്ച മൂന്നോ നാലോ കുഞ്ഞുങ്ങള്‍ക്കു ജന്മമേകുന്നു. ഏപ്രിൽ-മേയ്‌ മാസക്കാലത്താണ്‌ സാധാരണയായി ഇത്‌ സംഭവിക്കുന്നത്‌. മാതാപിതാക്കളെപ്പോലെതന്നെ, കടിക്കാനും മാന്താനും എപ്പോഴും തയ്യാറുള്ളവയാണ്‌ കുഞ്ഞുങ്ങളും. അവയെ ഇണക്കിയെടുക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നിഷ്‌ഫലമാവുകയാണ്‌ പതിവ്‌.

ഗോള്‍ഡന്‍ ക്യാറ്റ്‌ അഥവാ റ്റെമിങ്ക്‌സ്‌ ക്യാറ്റ്‌ (Felis temminckii) എന്ന ദക്ഷിണപൂർവേഷ്യന്‍ ഇനത്തിന്റെ ശരീരത്തിന്‌ ഏകതാനമായ നിറമാണുള്ളത്‌. മറ്റു സ്‌പീഷീസിൽ ശരീരത്തിൽ നിറയെ പൊട്ടുകള്‍ കാണപ്പെടുന്നു. ഇന്ത്യയിലും ദക്ഷിണ-പൂർവേഷ്യയിലും കാണപ്പെടുന്ന ഫിഷിങ്‌ ക്യാറ്റ്‌ (Felis viverrina); ഉത്തര-പൂർവ ആഫ്രിക്ക മുതൽ ദക്ഷിണേഷ്യവഴി ഇന്തോചൈനവരെ കാണപ്പെടുന്ന ജങ്‌ഗിള്‍ ക്യാറ്റ്‌ (F. chaus); സിറിയയിലും ഈജിപ്‌തിനും കേപ്പിനുമിടയ്‌ക്കും ധാരാളമായി കാണപ്പെടുന്ന ക്യാഫർ ക്യാറ്റിന്റെ (F. lybica) വിവിധയിനങ്ങള്‍ (races)എന്നിവയെല്ലാം പൊട്ടുള്ളവയ്‌ക്കുദാഹരണങ്ങളാണ്‌. ക്യാഫർ ക്യാറ്റിലെ ഒരിനമാണ്‌ ഇന്ത്യന്‍ ഡെസർട്ട്‌ ക്യാറ്റ്‌ (F. I. ornata). കിഴക്കേ ഏഷ്യയിൽ സാധാരണമായ ലെപ്പെഡ്‌ ക്യാറ്റ്‌ (F. bengalensis) ഇന്ത്യയിൽ കാണപ്പെടുന്ന ചെറിയയിനം കാട്ടുപൂച്ചകളിൽ ഒന്നാകുന്നു. ഇന്നത്തെ വളർത്തുപൂച്ചകളുടെ (F. domestica) പൂർവികരായി മേല്‌പറഞ്ഞവയിൽ ചിലതിനെ ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും, ഇവയുടെ ഉദ്‌ഭവവും പരിണാമവും കൃത്യമായി പറയുക എളുപ്പമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍