This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടമൃത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:11, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാട്ടമൃത്‌

Wild tinospora

കാട്ടമൃത്‌ ചെടി

മെനിസ്‌പെർമേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഔഷധ പ്രാധാന്യമുള്ള ഒരു വള്ളിച്ചെടി. ശാ.നാ. റ്റിനോസ്‌പോറാ മലബാറിക്ക (Tinospora malabarica). ഇന്ത്യയിൽ മിക്കഭാഗങ്ങളിലെയും വനങ്ങളിൽ ഇത്‌ ധാരാളമായി വളരുന്നുണ്ട്‌. മറ്റു വൃക്ഷങ്ങളുടെ തണലിലാണ്‌ കാട്ടമൃത്‌ ഏറ്റവും നന്നായി വളരുന്നത്‌.

1-1.5 സെ.മീ. വ്യാസമുള്ള, നിരവധി ശാഖകളോടെ ചുറ്റിപ്പടർന്നു വളരുന്ന ഒരു ആരോഹിലതയാണ്‌ കാട്ടമൃത്‌. ഇളം പ്രായത്തിൽ തണ്ടിനു പുറമേ വെള്ളനിറത്തിലുള്ള ധാരാളം ലോമങ്ങളുണ്ടായിരിക്കും. എന്നാൽ പ്രായം ചെല്ലുമ്പോള്‍ പുറന്തൊലി മാർദവമുള്ളതായിത്തീരുന്നു. ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്ന ലഘുപർണങ്ങളാണ്‌ ഇതിന്റേത്‌; അനുപർണങ്ങളില്ല. പത്രവൃന്തത്തിന്‌ 15 സെന്റിമീറ്ററോളം നീളമുണ്ട്‌. നല്ല വലുപ്പമുള്ളതും കട്ടികുറഞ്ഞതുമായ ഇലകള്‍ക്ക്‌ ഏകദേശം ഹൃദയത്തിന്റെ ആകൃതിയാണുള്ളത്‌. 10-20 സെ.മീ. നീളവും 8-12 സെ.മീ. വീതിയുമുള്ള ഇലകള്‍ക്ക്‌ അമൃതുവള്ളിയുടേതിനെക്കാള്‍ വലുപ്പമേറും. ഇലകള്‍ രോമിലങ്ങളാകുന്നു. പുഷ്‌പങ്ങള്‍ ഏകലിംഗികളാണ്‌. ആണ്‍പുഷ്‌പങ്ങളും പെണ്‍പുഷ്‌പങ്ങളും വെണ്ണേറെ സസ്യങ്ങളിൽ കാണപ്പെടുന്നു.

പെണ്‍പുഷ്‌പങ്ങള്‍ ഒറ്റയ്‌ക്കും ആണ്‍പുഷ്‌പങ്ങള്‍ 7-15 സെ.മീ. നീളമുള്ള അസീമാക്ഷ (raceme) പുഷ്‌പമഞ്‌ജരികളിലും ആയാണ്‌ പ്രത്യക്ഷപ്പെടുക. മൂന്നു വീതമുള്ള ഈരണ്ടു നിരകളിലാണ്‌ വിദളങ്ങളും ദളങ്ങളും ക്രമീകരിക്കപ്പെട്ടിട്ടുള്ളത്‌. കേസരപുഷ്‌പങ്ങളിൽ ആറു കേസരങ്ങള്‍ കാണാം. പെണ്‍പുഷ്‌പത്തിലെ ജനി മൂന്നു സ്വതന്ത്രജനിപർണങ്ങളോടു കൂടിയതാണ്‌. കൂടാതെ ഗദയുടെ ആകൃതിയിലുള്ള ആറു വന്ധ്യകേസരങ്ങളും പെണ്‍പുഷ്‌പത്തിൽ കാണാം. ജനുവരിയിലാണ്‌ ഫലം രൂപം പ്രാപിക്കുന്നത്‌. ആമ്രക(drupe)മാണ്‌ ഫലം.

കാട്ടമൃതിന്റെ വേരിലും തണ്ടിലും അന്നജവും നേരിയ അളവിൽ ബെർബെറിനും അടങ്ങിയിരിക്കുന്നു. സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ചവർപ്പുരസത്തോടുകൂടിയതാണ്‌. കാട്ടമൃതിന്റെ വേര്‌, തണ്ട്‌, ഇല എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. പനി, ദഹനക്കേട്‌, മൂത്രസംബന്ധമായ ക്രമക്കേടുകള്‍ എന്നിവയ്‌ക്കു കാട്ടമൃത്‌ ഔഷധമാണ്‌; ഇതിന്‌ വാജീകരണശക്തിയുമുണ്ട്‌. ചിറ്റമൃതിൽ മായം ചേർക്കാന്‍ കാട്ടമൃതിന്റെ വേരും തണ്ടും ഉപയോഗിക്കാറുണ്ട്‌. എന്നാൽ ചിറ്റമൃതിനെക്കാള്‍ വളരെ വേഗം ഉണങ്ങിപ്പോകുന്ന ഇതിന്റെ തണ്ട്‌ വേഗത്തിൽ തിരിച്ചറിയാന്‍ കഴിയും. നോ. ചിറ്റമൃത്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍