This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ഞിരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:55, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാഞ്ഞിരം

Nux Vomica

ലൊഗാനിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു വൃക്ഷം. ശാ. നാ.: സ്‌ട്രിക്‌നോസ്‌ നക്‌സ്‌-വോമിക്ക (Strychnos nux-vomica). ഇന്ത്യ, ശ്രീലങ്ക, ഇന്തോചൈന, ആസ്റ്റ്രലിയ എന്നിവിടങ്ങളിൽ കാഞ്ഞിരം കൂടുതലായി കണ്ടുവരുന്നു. ഇന്ത്യയിൽ 1,200 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാഞ്ഞിരം വളരുന്നുണ്ട്‌.

10 മീറ്ററോളം ഉയരം വയ്‌ക്കുന്ന കാഞ്ഞിരത്തിന്റെ തടിക്കു നല്ല ഉറപ്പുണ്ട്‌. വിപരീത ദിശയിൽ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ക്കു മിനുത്ത പച്ചനിറമാണ്‌. 10-15 സെ.മീ. നീളവും 8-10 സെ.മീ. വീതിയുമുള്ള ഇലയുടെ ചുവട്ടിൽനിന്നു പുറപ്പെടുന്ന അഞ്ചു പ്രധാന സിരകളും ഇലയ്‌ക്ക്‌ നെടുകെ വ്യക്തമായി കാണാം. കാഞ്ഞിരത്തിന്റെ ഇലയ്‌ക്കും കായ്‌ക്കും അസഹനീയമായ കയ്‌പുണ്ട്‌. പച്ച കലർന്ന വെള്ള നിറമുള്ള ചെറുദ്വിലിംഗപുഷ്‌പങ്ങള്‍ ശാഖാഗ്രങ്ങളിൽ കുലകളായി കാണപ്പെടുന്നു. നാല്‌ മുതൽ അഞ്ച്‌ വരെ വിദളങ്ങള്‍ ചേർന്നതാണ്‌ വിദളപുടം. ദളപുടത്തിലെ അഞ്ച്‌ ദളങ്ങള്‍ കുഴലാകൃതി പൂണ്ടിരിക്കുന്നു. ദളപുടക്കുഴലിനുള്ളിൽ ചുവട്ടിലായി മൃദുലോമങ്ങള്‍ കാണാം. കുറിയ തന്തുകങ്ങളും നീണ്ട പരാഗികളുമുള്ള അഞ്ചു കേസരങ്ങള്‍ പൂവിലുണ്ട്‌. അണ്ഡാശയത്തിന്‌ രണ്ടറകളുണ്ട്‌. ഉരുണ്ട ബെറിയാണ്‌ ഫലം. കായ്‌ക്ക്‌ ചെറിയ ഓറഞ്ചിനോളം വലുപ്പം വരും. ഫലകഞ്ചുകത്തിനുള്ളിലെ കഴമ്പിനുള്ളിൽ നാണയത്തുട്ടുകള്‍പോലുള്ള അഞ്ച്‌ മുതൽ ആറ്‌ വരെ വിത്തുകളുണ്ടായിരിക്കും. വിത്തിന്‌ നല്ല ഉറപ്പും മിനുസവുമുള്ള പുറന്തൊലിയുണ്ട്‌.

കാഞ്ഞിരപ്പട്ടയ്‌ക്കും കുരുവിനും ഔഷധഗുണമുണ്ട്‌. കാഞ്ഞിരക്കുരുവിൽ സ്‌ട്രിക്‌നിന്‍ (strychnine), ലൊഗാനിന്‍ (loganin), ബ്രൂസിന്‍ (brucine), വോമിസിന്‍ (vomicine) എന്നീ ആൽക്കലോയ്‌ഡുകള്‍ അടങ്ങിയിരിക്കുന്നു. കാഞ്ഞിരക്കുരുവിൽനിന്നാണ്‌ സ്‌ട്രിക്‌നിന്‍ എന്ന ആൽക്കലോയ്‌ഡ്‌ വാണിജ്യാടിസ്ഥാനത്തിൽ ഉത്‌പാദിപ്പിക്കുന്നത്‌.

കേന്ദ്രസിരാവ്യൂഹത്തെ വളരെപ്പെട്ടെന്ന്‌ ഉത്തേജിപ്പിക്കാന്‍ സ്‌ട്രിക്‌നിനു കഴിവുണ്ട്‌. ശ്രവണ-ഘ്രാണശക്തികള്‍ക്കും രുചിക്കും മാന്ദ്യം സംഭവിപ്പിക്കുകയും മാനസികാസ്വാസ്ഥ്യത്തിന്‌ വഴിയൊരുക്കുകയും ചെയ്യുന്നു. അധികമാത്രയിലുള്ള ഉപയോഗം പെട്ടെന്നു പേശികള്‍ വലിച്ചുകോച്ചുന്നതിനും തന്മൂലം പേശീപ്രവർത്തനം താറുമാറാകുന്നതിനും കാരണമാകും. സ്‌ട്രിക്‌നിന്‌ അടിമപ്പെട്ടയാള്‍ കൈകാലുകള്‍ വലിച്ചുനീട്ടി, ശരീരം വില്ലു പോലെ വളച്ച്‌, കണ്ണുകള്‍ മിഴിച്ച്‌ പല ചേഷ്‌ടകളും കാണിക്കുക പതിവാണ്‌; ശ്വസനവുമായി ബന്ധപ്പെട്ട പേശികളുടെ പ്രവർത്തനങ്ങള്‍ക്കു താളപ്പിഴ സംഭവിക്കുന്നതിനാൽ മരിക്കാനും ഇടയാകാറുണ്ട്‌.

ഒരു ഉത്തേജനകാരിയായി ഉപയോഗിക്കപ്പെടുന്ന കാഞ്ഞിരക്കുരുവിന്‌ ത്വഗ്രാഗങ്ങളെ, പ്രത്യേകിച്ചു വ്രണങ്ങളെ ഭേദമാക്കാനുള്ള കഴിവുണ്ട്‌. ഇതൊരു വാജീകരണൗഷധവുമാണ്‌. കുരു പൊടിച്ചു ഭക്ഷണത്തിൽ കലർത്തി ഒരു ടോണിക്കായി കുതിരകള്‍ക്ക്‌ നല്‌കാറുണ്ട്‌. ഇതിന്റെ ഇല തീറ്റയായി കൊടുത്താൽ പാലിന്‌ ഗുണം വർധിക്കുമെന്ന്‌ കരുതപ്പെടുന്നു. പണിയായുധങ്ങള്‍, വണ്ടിച്ചക്രങ്ങള്‍, അലങ്കാരവസ്‌തുക്കള്‍ എന്നിവയുണ്ടാക്കാന്‍ കാഞ്ഞിരത്തിന്റെ തടി ഉപയോഗിച്ചുവരുന്നു. ചിതലിന്റെ ആക്രമണത്തിനു വിധേയമാകുകയില്ലെന്നത്‌ കാഞ്ഞിരത്തടിയുടെ എടുത്തുപറയത്തക്ക ഒരു മേന്മയാണ്‌.

തടി, വലുപ്പമുള്ള വള്ളിയായി രൂപാന്തരം പ്രാപിച്ചിട്ടുള്ള വള്ളിക്കാഞ്ഞിരം (സ്‌ട്രിക്‌നോസ്‌ സിനമോമിഫോളിയം) പുഷ്‌പഘടനയിലും മറ്റും കാഞ്ഞിരവൃക്ഷത്തോട്‌ വളരെയധികം സാദൃശ്യമുള്ളതാണ്‌. താഴ്‌ന്ന പ്രദേശങ്ങളിൽ കണ്ടുവരുന്ന വള്ളിക്കാഞ്ഞിരം സാധാരണയായി ജനുവരി-ഫെബ്രുവരി മാസങ്ങളിൽ പുഷ്‌പിക്കുന്നു. മാർച്ചിൽ കായ്‌കള്‍ രൂപംകൊള്ളുകയും ഏകദേശം ഒരു വർഷം കൊണ്ട്‌ അവ പാകമാകുകയും ചെയ്യുന്നു.

കുളത്തൂപ്പുഴ, പൊന്മുടി, ആര്യങ്കാവ്‌ എന്നീ പ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്ന ചെറുകാഞ്ഞിരവള്ളി (സ്‌ട്രിക്‌നോസ്‌ കോലുബ്രിന) കാഞ്ഞിരവൃക്ഷത്തോടു ബന്ധമുള്ള വള്ളിരൂപത്തിലുള്ള ഒരു കുറ്റിച്ചെടി ആണ്‌.

കയ്‌പുരസത്തിന്റെ തീവ്രതയ്‌ക്കു പേരുകേട്ട കാഞ്ഞിരക്കുരുവും ഇലയും പല സാഹിത്യകൃതികളിലും സ്ഥാനം പിടിച്ചിട്ടുണ്ട്‌. "കാരസ്‌കരത്തിന്‍ കുരു പാലിലിട്ടാൽ കാലാന്തരേ കയ്‌പു ശമിപ്പതുണ്ടോ?' (ശ്രീകൃഷ്‌ണചരിതം മണിപ്രവാളം); "കൈക്കലർഥമൊന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ കയ്‌ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം. ഭക്തിഹീനന്മാരായ ഭർഗന്മാരമൃതം തന്നാലും തിക്തകാരസ്‌കരഫലമായിട്ടു തീരും' (കുചേലവൃത്തം വഞ്ചിപ്പാട്ട്‌); "കയ്‌ക്കില്ലൊരിക്കലും സ്‌നേഹം തരും കാഞ്ഞിരത്തിന്റെയിലകള്‍ ' (ശംഖനാദം) എന്നിവ ഇതിനുദാഹരണങ്ങളാണ്‌. തിരൂരിലെ തുഞ്ചന്‍പറമ്പിലുള്ള കാഞ്ഞിരത്തിന്റെ ഇലയ്‌ക്കു കയ്‌പില്ലെന്നു പറയപ്പെടുന്നു. ഇതിന്റെ ചുവട്ടിൽ എഴുത്തച്ഛന്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു എന്നാണ്‌ ഐതിഹ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍