This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുളു താഴ്‌വര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:59, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുളു താഴ്‌വര

ഹിമാചൽപ്രദേശിലെ ഒരു താഴ്‌വരപ്രദേശം. ചുറ്റും ഉന്നതങ്ങളായ പർവതങ്ങളാൽ ചുറ്റപ്പെട്ട്‌ സമുദ്രനിരപ്പിൽ നിന്ന്‌ 1,800 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഹിമാചൽപ്രദേശ്‌ സംസ്ഥാനത്തെ കുളു, മാണ്ഡി എന്നീ ജില്ലകള്‍ ഈ താഴ്‌വരപ്രദേശത്താണ്‌. സ്ഥിരഹിമപ്രദേശത്തിനു തൊട്ടുതാഴെയാണ്‌ കുളു താഴ്‌വരയുടെ സ്ഥാനം. ഇവിടത്തെ 4,115 മീറ്റർ പൊക്കമുള്ള റോട്ടാങ്‌ ചുരം കുളുവിനെ ലാഹുലിൽനിന്ന്‌ വേർതിരിക്കുന്നു. കുളുവും കുംഗ്രാമും ഇരട്ടയായി സ്ഥിതിചെയ്യുന്ന താഴ്‌വരകളാണ്‌. പിർപാന്‍ജാൽ നിരകളും സസ്‌കാർ നിരകളും കുളുവിനു മുകളിലായാണ്‌ കാണപ്പെടുന്നത്‌. ഉയർന്ന പച്ചപുതച്ച മലകളും നിബിഡവനങ്ങളും പൊക്കം കൂടിയ പൈന്‍വൃക്ഷങ്ങളും മഞ്ഞണിഞ്ഞ പർവതനിരകളും എല്ലാംകൂടി കുളു താഴ്‌വരയെ പ്രകൃതിരമണീയമാക്കിത്തീർക്കുന്നു.

മിശ്രിതസ്‌തൂപികാഗ്രിതവനങ്ങളാണിവിടെ കാണപ്പെടുന്നത്‌. സ്‌പ്രൂസ്‌, സിൽവർ സ്‌പ്രൂസ്‌, ഹോഴ്‌സ്‌ ചെസ്റ്റ്‌നട്ട്‌, സിൽവർ ഫിർ, ബേർഡ്‌ചെറി, വാൽനട്ട്‌, മാപ്പിള്‍, പോപ്ലാർ മുതലായ മരങ്ങള്‍ ഇവിടത്തെ വനങ്ങളിൽ സുലഭമായി കാണുന്നു. 915 മില്ലി മീറ്ററോളം വാർഷികവർഷപാതം ലഭിക്കുന്ന കുളുവിലൂടെ ഒഴുകുന്ന പ്രധാനനദി ബിയാസ്‌ ആണ്‌. ഹർലാ, പർബാതി, സെയിന്‍ജ്‌ മുതലായവയാണ്‌ ബിയാസിന്റെ പ്രധാനപോഷകനദികള്‍. ജനങ്ങള്‍ ഒരുകാലത്ത്‌ ദൈവഭൂമിയായി വിശ്വസിച്ചിരുന്ന ഹിമാചൽ പ്രദേശിന്റെ ഏറെക്കുറെ മധ്യഭാഗത്തായിട്ടാണ്‌ കുളു താഴ്‌വര സ്ഥിതി ചെയ്യുന്നത്‌. ഭൂരിഭാഗം പ്രദേശത്തും ഗ്രാനിറ്റിക്‌ പാറകളും ക്രിസ്റ്റലൈന്‍ പാറകളും അടുക്കുകളായി കണ്ടുവരുന്നു. സ്ലേറ്റ്‌, ചുണ്ണാമ്പുകല്ല്‌, ജിപ്‌സം മുതലായവയാണ്‌ പ്രധാനധാതുക്കള്‍. മലഞ്ചരിവുകളിൽ ഏറിയഭാഗവും വനങ്ങളും പുൽമേടുകളും കൊണ്ടു നിറഞ്ഞിരിക്കുന്നു. കൃഷിയോഗ്യമായ മലഞ്ചരിവുകള്‍ തട്ടുതട്ടായി തിരിച്ച്‌ തേയില, ഇഞ്ചി, ഉരുളക്കിഴങ്ങ്‌ എന്നിവ കൃഷി ചെയ്യുന്നു.

കുളുവീടുകള്‍ (Kulu type houses)പേരുകേട്ടവയാണ്‌. പ്രത്യേകതരത്തിലുള്ള ഇത്തരം വീടുകള്‍ തടിയും കല്ലുംകൊണ്ടാണ്‌ നിർമിച്ചിട്ടുള്ളത്‌. പാറയുടെ അഭാവത്തിൽ തടികൊണ്ടുമാത്രവും ചിലപ്പോള്‍ വീടുകള്‍ നിർമിക്കാറുണ്ട്‌. രണ്ടു തട്ടുള്ള ഇതിന്റെ താഴത്തെ ഭാഗം കന്നുകാലിവളർത്തലിനും മേൽഭാഗം പാചകത്തിനും പാർപ്പിടത്തിനും ആയി ഉപയോഗിക്കുന്നു. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്‌. ഹിന്ദിയോടു സാദൃശ്യമുള്ള പടിഞ്ഞാറന്‍ പഹാഡി ഭാഷയാണ്‌ സംസാരിക്കുന്നത്‌. ഇപ്പോള്‍ ഇവിടത്തെ പ്രാദേശിക ഭാഷ
യും ഇതുതന്നെയാണ്‌.

കുളു താഴ്‌വരയിൽ കൃഷിയോഗ്യമായ സ്ഥലങ്ങള്‍ താരതമ്യേന കുറവാണെങ്കിലും, ഹിമാചൽ പ്രദേശിൽ ഏറ്റവും കൂടുതൽ കാർഷികഭൂമി കുളുവിലാണുള്ളത്‌. താഴ്‌വാരങ്ങള്‍ വളരെ ഫലഭൂയിഷ്‌ഠമായതുകൊണ്ടും ജലസേചനസൗകര്യം മെച്ചപ്പെട്ടതായതുകൊണ്ടും കൃഷി കാര്യമായ തോതിൽ നടക്കുമെന്നതിനാൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ കുളു താഴ്‌വരയിൽ ജനവാസം കൂടുതലാണ്‌. 1,050 മീറ്ററിനു മുകളിലുള്ള മലയോരപ്രദേശങ്ങളിലെ പ്രധാനകൃഷി ആപ്പിളാണ്‌. കുളു ആപ്പിള്‍ പ്രസിദ്ധമാണ്‌. ആപ്പിളിനും മറ്റു പഴവർഗങ്ങള്‍ക്കും പേരുകേട്ട നിരവധി തോട്ടങ്ങള്‍ ഇവിടെയുണ്ട്‌. കുളുവിനു സമീപമുള്ള ബാന്ത്‌റോള്‍ പഴത്തോട്ടങ്ങളും മണലിയിലുള്ള സണ്‍ഷൈന്‍ പഴത്തോട്ടങ്ങളും വളരെ പ്രസിദ്ധിയാർജിച്ചവയാണ്‌. ഇതുകൂടാതെ മറ്റു പഴവർഗത്തോട്ടങ്ങളും ഇവിടെയുണ്ട്‌. ഗോതമ്പ്‌, ചോളം, നെല്ല്‌, ബാർലി, പയറുവർഗങ്ങള്‍, മറ്റു ചെറുധാന്യവർഗങ്ങള്‍, ഗ്രാമ്പു, ഇഞ്ചി മുതലായവയാണ്‌ മറ്റു കാർഷികോത്‌പന്നങ്ങള്‍. നിരവധി പച്ചക്കറിത്തോട്ടങ്ങളും അവിടവിടെയായി കാണാം.

കൃഷിയോടൊപ്പം കന്നുകാലിവളർത്തലും ഉണ്ടെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്‌. ഈറവെട്ട്‌, തേനെടുക്കൽ, വേട്ടയാടൽ, പൂന്തോട്ടനിർമാണം, ഖനനം മുതലായവയാണ്‌ സാധാരണജനങ്ങളുടെ പ്രധാനപ്പെട്ട തൊഴിൽ. മത്സ്യബന്ധനവും ആടുമാടുവളർത്തലും ആണ്‌ മറ്റ്‌ ഉപജീവനമാർഗങ്ങള്‍. ഗാഡീസ്‌ ആണ്‌ ഇവിടത്തെ പ്രധാനപ്പെട്ട ആട്ടിടയവർഗം.

വളരെ ലളിതജീവിതം നയിക്കുന്ന ഇവിടത്തെ ജനങ്ങള്‍ വിശ്രമവേളകളിൽ കമ്പിളി നെയ്യുന്നു. തക്ലിയിൽ കമ്പിളിനൂൽ ഉണ്ടാക്കുകയാണ്‌ എല്ലാപ്രായത്തിലുംപെട്ട ജനങ്ങളുടെ പ്രധാനതൊഴിൽ. കുളുത്തൊപ്പികളും ഷാളുകളും വിദേശങ്ങളിൽ പോലും പ്രസിദ്ധിയാർജിച്ചിട്ടുണ്ട്‌. ഇവിടെ അധികവും ചെറുകിടവ്യവസായങ്ങളാണ്‌. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി കുളു ജലവൈദ്യുതപദ്ധതിയിൽനിന്ന്‌ ലഭിക്കുന്നു. "ഖാദി ആന്‍ഡ്‌ വില്ലേജ്‌ ഇന്‍ഡസ്റ്റ്രീസും' മറ്റു ചെറുകിടവ്യവസായസ്ഥാപനങ്ങളും ചെറിയതോതിൽ ഉത്‌പാദനം നടത്തുന്നു.

മണാലിയും കുളുവുമാണ്‌ പ്രധാന സുഖവാസകേന്ദ്രങ്ങള്‍. പച്ചപുതച്ച കുന്നുകളും സൂചിയിലക്കാടുകളും പറ്റംപറ്റമായി സഞ്ചരിക്കുന്ന ചെമ്മരിയാടുകളും അവയെ മേയ്‌ക്കുന്ന, വിവിധ വർഗങ്ങളിലുള്ള ആട്ടിടയന്മാരുമെല്ലാംകൂടി ഈ താഴ്‌വരയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കിത്തീർക്കുന്നു. സിംലയിൽനിന്ന്‌ ലുഹ്‌റി വഴിക്കും നർക്കണ്ടവഴിക്കും കുളുവിൽ എത്താന്‍കഴിയും. പത്താന്‍കോട്ടിൽനിന്ന്‌ 282 കി.മീ. അകലെയാണ്‌ കുളു. പുരാണപ്രസിദ്ധമായ ഒരു തടാകവും മണലിയിലുണ്ട്‌. മണലിയിൽ വസിഷ്‌ഠ എന്ന ഗ്രാമത്തിൽ ചൂടുള്ള ധാരാളം ഗന്ധകനീരുറവകളുണ്ട്‌. വിനോദസഞ്ചാരികള്‍ക്ക്‌ കുളിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ ചെയ്‌തിട്ടുണ്ട്‌. കുത്രയിനും നഗ്ഗറും കുളു താഴ്‌വരയിലെ അറിയപ്പെടുന്ന ചെറുഗ്രാമങ്ങളാണ്‌. നഗ്ഗർ കുളുവിന്റെ പഴയ തലസ്ഥാനമാണ്‌. കുത്രയിനിൽ മത്സ്യബന്ധനവും തേനീച്ചവളർത്തലും പച്ചക്കറി കൃഷിയുമാണ്‌ പ്രധാനതൊഴിൽ. കുത്രയിനിൽ നിന്ന്‌ 4 കി.മീ. അകലെയാണ്‌ നഗ്ഗർ. ഇവിടെ ചിത്രപ്പണികളോടുകൂടി തടിയിൽ പണിത മനോഹരമായ ഒരു കൊട്ടാരമുണ്ട്‌.

ഹൈക്കിങ്‌ ആണ്‌ മുഖ്യമായ കായികവിനോദം. ദസ്രയാണ്‌ ജനങ്ങളുടെ പ്രധാനപ്പെട്ട ഉത്സവം. ഇവിടത്തെ ദസ്ര ആഘോഷങ്ങള്‍ പ്രസിദ്ധമാണ്‌. ദസ്രയോടൊപ്പം ധാരാളം വ്യാപാരമേളകളും ഉണ്ടാകാറുണ്ട്‌. ഓരോ ഗ്രാമത്തിനും അവയുടേതായ ദൈവങ്ങള്‍ ഉണ്ട്‌. ദസ്രക്കാലത്ത്‌ ഈ ദൈവങ്ങളെ എഴുന്നള്ളിക്കുക എന്നതാണ്‌ പ്രധാനചടങ്ങ്‌. മണലിയിൽ ഭീമസേനപത്‌നിയായ ഹിഡുംബിയുടെ പേരിലുള്ള ഒരു ക്ഷേത്രമുണ്ട്‌. കുളു താഴ്‌വരയിലെ മറ്റു രണ്ടു പ്രസിദ്ധ ക്ഷേത്രങ്ങളാണ്‌ ബജൗറയും ഭുംഗ്രിയും. കലാശില്‌പപരമായി ഇവ തികച്ചും വ്യത്യസ്‌തങ്ങളാണ്‌.

കുളു താഴ്‌വരയിൽ, ബിയാസ്‌ നദിക്കരയിലാണ്‌ കുളു, മാണ്ഡി എന്നീ പട്ടണങ്ങള്‍. ജില്ലാ തലസ്ഥാനമായ കുളുവിനെ നിരവധി പട്ടണങ്ങളുമായി റോഡുമാർഗം ബന്ധിപ്പിച്ചിരിക്കുന്നു. ബുന്തറിൽ ഒരു ചെറിയ വിമാനത്താവളമുണ്ട്‌. വേനൽക്കാലങ്ങളിൽ വിമാനഗതാഗതം ഉണ്ടായിരിക്കും. സമുദ്രനിരപ്പിന്‌ 755 മീ. മുകളിലായി സ്ഥിതിചെയ്യുന്ന മറ്റൊരു പട്ടണമാണ്‌ മാണ്ഡി. ഇതും കുളുവിനെപ്പോലെ ഒരു വാണിജ്യകേന്ദ്രമാണ്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍