This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരക്കാസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:50, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാരക്കാസ്‌

Caracas

വെനിസ്വേലയിലെ ഏറ്റവും വലിയ നഗരവും രാജ്യതലസ്ഥാനവും. കരീബിയന്‍ തീരത്തുള്ള വികസിത ലാറ്റിനമേരിക്കന്‍ നഗരങ്ങളില്‍ ഒന്നാണു കാരക്കാസ്‌. ആന്‍ഡീസ്‌ നിരകളുടെ ഉത്തരപാര്‍ശ്വത്തിലുള്ള സുഖശീതളമായ ഒരു താഴ്‌വാരത്തു കരീബിയന്‍ സമുദ്രതീരത്തുനിന്ന്‌ സു. 10 കി.മീ. ഉള്ളിലായി നഗരം വികസിച്ചിരിക്കുന്നു. രാജ്യത്തെ ഏക ഫെഡറല്‍ ജില്ലയുടെ ആസ്ഥാനം കൂടിയായ ഈ നഗരം മാധ്യസമുദ്രനിരപ്പില്‍നിന്ന്‌ സു. 914 മീ. ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 16-ാം ശതകത്തിന്റെ മധ്യത്തോടെ, സ്‌പാനിഷ്‌ കുടിയേറ്റക്കാര്‍ അധിവാസമാരംഭിച്ചതോടൊപ്പം വികസിച്ചുതുടങ്ങിയ ഈ പ്രദേശം, സമീപകാലത്തു രാജ്യത്തു പെട്രാളിയത്തിന്റെ വമ്പിച്ച നിരക്കിലുള്ള ഉത്‌പാദനമാരംഭിച്ചതോടെ അഭൂതപൂര്‍വമായ പുരോഗതിയാര്‍ജിച്ചു. ഇന്നു വെനിസ്വേലയിലെ പ്രമുഖ സാംസ്‌കാരിക, വ്യാവസായിക, വാണിജ്യ സിരാകേന്ദ്രമായിത്തീര്‍ന്നിരിക്കുന്ന കാരക്കാസ്‌ നഗരം വിപ്ലവങ്ങളുടെയും ഭൂകമ്പങ്ങളുടെയും ഫലമായി പല പ്രാവശ്യം തകര്‍ന്നടിഞ്ഞിട്ടുണ്ട്‌. തലസ്ഥാന നഗര ജനസംഖ്യ: 20,97,050 (2009); മെട്രാപൊലിറ്റന്‍ ജില്ലയിലെ ജനസംഖ്യ: 31,96,514 (2008).

1555ല്‍ താഴ്‌വരയില്‍ സ്ഥാപിക്കപ്പെട്ട ഒരു സ്‌പാനിഷ്‌ മേച്ചില്‍പ്പുറത്ത്‌ ആറ്‌ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പട്ടണം സ്ഥാപിതമായി എങ്കിലും അമേരിന്ത്യരുടെ ആക്രമണത്തില്‍ അതു നിലംപരിശായി. 1567ല്‍ സാന്റിയാഗോ ഡി ലിയോണ്‍ ഡി കാരക്കാസ്‌ എന്ന പേരില്‍ ഡീഗോ ഡി ലൊസാഡ (Diego de Losada) എന്ന സ്‌പാനിഷ്‌കാരന്‍ പട്ടണം പുന:സ്ഥാപിച്ചു. ഈ മേഖലയിലെ ഫലഭൂയിഷ്‌ഠമായ മലമടക്കുകളെ പ്രാക്കാലം മുതല്‌ക്കേ അധിവസിച്ചുപോന്ന അമേരിന്ത്യന്‍ ജനവിഭാഗമാണ്‌ കാരക്കാസ്‌ ഇന്ത്യര്‍. 1577ല്‍ത്തന്നെ കാരക്കാസ്‌ പ്രവിശ്യ തലസ്ഥാനപദവിയാര്‍ജിച്ചിരുന്നു. 1595ല്‍ ബ്രിട്ടീഷുകാരും 1766ല്‍ ഫ്രഞ്ചുകാരും പട്ടണം ആക്രമിച്ചു നാശനഷ്‌ടങ്ങള്‍ വരുത്തുകയുണ്ടായി. 1755ലും 1812ലും ഉണ്ടായ ഭൂകമ്പങ്ങളുടെ ഫലമായും പട്ടണം തകര്‍ന്നടിഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത്‌ (19-ാം ശ.) വലുതായ തച്ചുടയ്‌ക്കലിനു വിധേയമായ നഗരം സ്വാതന്ത്യ്രം ലഭിക്കുന്നതുവരെ രാജ്യത്തെ, സ്‌പാനിഷ്‌ ക്യാപ്‌റ്റന്‍ ജനറലിന്റെ ആസ്ഥാനമായിരുന്നു. 1821ല്‍ വെനിസ്വേല സ്വതന്ത്രമായതോടെ കാരക്കാസ്‌ രാജ്യതലസ്ഥാനമായിത്തീര്‍ന്നു.

നഗരത്തിലെ കാലാവസ്ഥ സുഖോഷ്‌മളമാണ്‌. കുറഞ്ഞ താപനില 7oCഉം കൂടിയതു 33oCഉം ആണ്‌. ഇക്കാരണത്താലാണ്‌ വെനിസ്വേലയിലെ ഏറ്റവും വലിയ സ്‌പാനിഷ്‌ കോളനിയായിരുന്ന വാലെന്‍ഷ്യ(Valencia)യേക്കാള്‍ പ്രാധാന്യം കാരക്കാസിനു ലഭിച്ചത്‌. നഗരത്തിന്റെ ഫലഭൂയിഷ്‌ഠമായ പശ്ചപ്രദേശത്തു നിന്നെത്തുന്ന കരിമ്പ്‌, കാപ്പി, കൊക്കോ, പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയ കാര്‍ഷിക വിളകളുടെ വിപണന കേന്ദ്രമാണിത്‌. പെട്രാളിയം, കാപ്പി, പുകയില, കൊക്കോ തുടങ്ങിയവയാണ്‌ ഇവിടെ നിന്നുള്ള മുഖ്യ കയറ്റുമതിച്ചരക്കുകള്‍. തുകല്‍ സംസ്‌കരണം, തുണിനെയ്‌ത്ത്‌, ലോഹപ്പണി, സിമെന്റ്‌ ഗ്ലാസ്‌ തുടങ്ങിയവയുടെ ഉത്‌പാദനം, ഓട്ടോമൊബൈല്‍ നിര്‍മാണം എന്നീ വ്യവസായങ്ങളുടെ മേഖലകളാണ്‌ നഗരത്തില്‍ വികാസം പ്രാപിച്ചിട്ടുള്ളത്‌.

1940ഓടടുപ്പിച്ച്‌ രാജ്യം വന്‍തോതില്‍ എണ്ണയുത്‌പാദനം തുടങ്ങിയതോടെ കാരക്കാസ്‌ അഭൂതപൂര്‍വമായ വികാസമാരംഭിച്ചു. സമൂലം ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്ന നഗരത്തിലെ നിരത്തുകളും കവലകളും വളരെ വീതിയും ഭംഗിയുമുള്ളവയാണ്‌. നഗരകേന്ദ്രത്തിലെമ്പാടുമുള്ള ബഹുനില സൗധങ്ങളും സ്‌കാന്‍ഡിനേവിയന്‍ മാതൃകയില്‍ പല നിലകളില്‍ നീണ്ടുകിടക്കുന്ന കോണ്‍ക്രീറ്റ്‌ റോഡുകളും മറ്റും നഗരത്തിന്റെ സമ്പത്‌സമൃദ്ധിയെ വിളിച്ചറിയിക്കുന്നു. രണ്ട്‌ ഗവണ്‍മെന്റ്‌ സര്‍വകലാശാലകളും രണ്ട്‌ സ്വകാര്യ സര്‍വകലാശാലകളും ഇവിടെയുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ സര്‍വകലാശാല സര്‍ക്കാരുടമയിലുള്ളതാണ്‌. നഗരത്തോടനുബന്ധിച്ചുള്ള തുറമുഖം 9 കി.മീ. വടക്കായി കരീബിയന്‍ കടലോരത്തുള്ള ല ഗൂയ്‌ര (La Gueira) ആണ്‌. കാരക്കാസിലെ പ്രസിദ്ധമായ അബിലാ നാഷണല്‍ പാര്‍ക്കിനെ കടല്‍ത്തീരവുമായി ബന്ധിപ്പിക്കുന്ന "ഫ്രീവേ' വഴി സൈമണ്‍ ബൊളീവര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്താം. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സാംസ്‌കാരിക കേന്ദ്രവുമാണ്‌ കാരക്കാസ്‌. തെക്കേ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡേണ്‍ ആര്‍ട്ട്‌ മ്യൂസിയം ഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും ഈ നഗരത്തില്‍ നടത്തപ്പെടുന്ന അന്താരാഷ്‌ട്ര തിയെറ്റര്‍ ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാര്‍ പങ്കെടുക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍