This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്‍സ്‌ട്രക്‌റ്റിവിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:09, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കണ്‍സ്‌ട്രക്‌റ്റിവിസം

Constructivism

ക്യൂബിസത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വികസിച്ച ഒരു ആധുനികകലാസമ്പ്രദായം. റഷ്യക്കാരായ അന്ത്വാന്‍ പെവ്‌സ്‌നറെയും (1884-1962) സഹോദരനായ നോം ഗാബോയും (1890-1977) ആണ്‌ കണ്‍സ്‌ട്രക്‌റ്റിവിസത്തിന്റെ ജനയിതാക്കള്‍. രണ്ടുപേരും ശില്‌പികളായിരുന്നു. 1920ല്‍ ഇവര്‍ കണ്‍സ്‌ട്രക്‌റ്റിവിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ക്രാഡീകരിച്ച്‌ "റിയലിസ്റ്റ്‌ മാനിഫെസ്റ്റോ' (Realist Manifesto) എന്ന പേരില്‍ പ്രസിദ്ധം ചെയ്‌ത പ്രകടനപത്രിക കാലികമായി കലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഇവരുടെ കാഴ്‌ചപ്പാട്‌ വ്യക്തമാക്കുന്നതാണ്‌.

സ്ഥലവും കാലവും (space and time) ജീവിതത്തിന്റെ (ചേതനയുടെ) സുപ്രധാന ഘടകങ്ങളായതുകൊണ്ട്‌, കലാരൂപങ്ങളില്‍ ഇവയുടെ പ്രതീതി ദൃശ്യമായിരിക്കണം. വെറും ഘനരൂപങ്ങള്‍ (voluminous forms) കൊണ്ട്‌ സ്ഥലത്തിന്റെ ആഴവും സുതാര്യതയും പ്രകടമാക്കാനാവില്ല. അതുപോലെ, നിശ്ചലലയങ്ങള്‍ (static rhythms) കൊണ്ടുമാത്രം ഒരു കലാസൃഷ്ടിക്ക്‌ കാലത്തിന്റെ പ്രതീതി സംവേദിപ്പിക്കാഌമാകില്ല. അതുകൊണ്ട്‌, ആധുനികകലാകാരന്‍ അഌകരണങ്ങള്‍ നിരാകരിച്ചു നൂതനരൂപങ്ങള്‍ ആവിഷ്‌കരിക്കണം. അമൂര്‍ത്തമായ തലത്തെ ഒരു പദാര്‍ഥമായി സങ്കല്‌പിച്ച്‌, ചലനാത്മകമായ (dynamic) ലയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ്‌ കലാസൃഷ്ടി ചെയ്യേണ്ടത്‌ എന്നിങ്ങനെയുള്ള ആശയങ്ങള്‍ പുരോഗമനവാദികളായ ശില്‌പികളും ചിത്രകാരന്മാരും മാത്രമല്ല, വാസ്‌തുശില്‌പികളും അംഗീകരിച്ചിട്ടുണ്ട്‌.

വ്‌ളാദിമ്യേ ടാറ്റ്‌ലിന്‍ (1885-1953), കാസിമിര്‍ മാലെവിച്ച്‌ (1875-1935), എല്‍ ലിസ്സിറ്റ്‌സ്‌കി എന്നിവര്‍ കണ്‍സ്‌ട്രക്‌റ്റിവിസത്തിന്റെ പ്രധാന പ്രയോക്താക്കളും പ്രചാരകരുമായിരുന്നു. സമകാലിക കലയില്‍ ഫ്യൂച്ചറിസം (Futurism) പോലെതന്നെ, ആധുനികയുഗത്തിന്‌ അഌയോജ്യമായ ഒരു കലാസമ്പ്രദായമായി, കണ്‍സ്‌ട്രക്‌റ്റിവിസത്തെ ലോകം അംഗീകരിക്കുന്നു.

പെവ്‌സ്‌നർ - കണ്‍സ്‌ട്രക്ഷന്‍ 1938

കണ്‍സ്‌ട്രക്‌റ്റിവിസ്റ്റ്‌ കലാസൃഷികള്‍ക്കു പലതരം പദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്‌ മരം, ലോഹങ്ങള്‍, സ്‌ഫടികം, പ്രത്യേകിച്ച്‌ സെലുലോയിഡ്‌, പ്ലാസ്റ്റിക്‌ മുതലായ ആധുനിക വ്യവസായോത്‌പന്നങ്ങള്‍. ഒരു ശില്‌പത്തില്‍ത്തന്നെ പല തരം പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്‌ കാണാം. ഒട്ടിച്ചും വിളക്കിയും റിവറ്റുചെയ്‌തും വെല്‍ഡുചെയ്‌തും മറ്റുമാണ്‌ ശില്‌പത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്നത്‌. ശില്‌പനിര്‍മിതിയില്‍ യന്ത്രാപകരണങ്ങള്‍ ഉപയോഗിക്കുക സാധാരണമാണ്‌.

ഗാബോയുടെ സ്‌തംഭം (Column) എന്ന പ്രസിദ്ധ ശില്‌പം സുതാര്യവും അതാര്യവുമായ ഫലകങ്ങള്‍ കോണോടു കോണായി ചേര്‍ത്തു നിര്‍മിച്ചതാണ്‌. സുതാര്യഫലകങ്ങളില്‍ക്കൂടി ശില്‌പത്തിന്റെ സന്ധികളും പ്രതലങ്ങളും അകവും പുറവുമായുള്ള സ്ഥലബന്ധവും (Spacial continuity) കാണാം. ഗാബോയുടെ തന്നെ ചലനാത്മക ശില്‌പങ്ങള്‍ (Kinetic Sculptures) പ്രത്യേകം ശ്രദ്ധേയങ്ങളാണ്‌. അമേരിക്കന്‍ ശില്‌പിയായ അലക്‌സാണ്ടര്‍ കാല്‍ഡറിന്റെ പ്രസിദ്ധമായ ചലിക്കും ശില്‌പങ്ങള്‍ (Mobiles) കണ്‍സ്‌ട്രക്‌റ്റിവിസ്റ്റ്‌ സിദ്ധാന്തമഌസരിച്ചു നിര്‍മിക്കപ്പെട്ടവയാണ്‌.

പെവ്‌സ്‌നര്‍, സുതാര്യവും അര്‍ധസുതാര്യവുമായ പദാര്‍ഥങ്ങളുപയോഗിച്ച്‌ സ്‌ത്രീശിരസ്സ്‌ (Head of a Woman), ഉടല്‍ (Torso) എന്നീ പ്രസിദ്ധ ശില്‌പങ്ങള്‍ നിര്‍മിച്ചു. മറ്റൊരു പ്രശസ്‌ത ശില്‌പമാണ്‌ കണ്‍സ്‌ട്രക്ഷന്‍. ഇദ്ദേഹത്തിന്റെ തന്നെ ഡെവലപ്പബിള്‍ സര്‍ഫസ്‌ (Developable Surface) ഒരു അപൂര്‍ണ ശില്‌പമാണ്‌. കലാകാരന്‍ നിറുത്തിവച്ച ഭാഗത്തു നിന്ന്‌ തുടര്‍ന്ന്‌ ഈ ശില്‌പത്തെ മറ്റു ഘടകങ്ങള്‍ ചേര്‍ത്ത്‌ വികസിപ്പിക്കാവുന്നതും, അങ്ങനെ പ്രക്ഷകനില്‍ കാലത്തിന്റെയും സ്ഥലത്തിന്റെയും അനന്തതയുടെ പ്രതീതി ഉളവാക്കാവുന്നതുമാണ്‌.

ടാറ്റ്‌ലിന്റെ മോണ്യൂമെന്റ്‌ ടു ദി തേഡ്‌ ഇന്റര്‍നാഷണല്‍ (Monument to the Third International) എന്ന സ്‌മാരകമാതൃക,ലോഹം, സ്‌ഫടികം മുതലായവകൊണ്ട്‌ നിര്‍മിച്ച ഒരു സര്‍പ്പിളം (spiral) ആണ്‌. ഇതിന്റെ ചില ഭാഗങ്ങള്‍ കറങ്ങത്തക്കവണ്ണമാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌. ആധുനിക സാമഗ്രികളുപയോഗിച്ച്‌ സമകാലീനസാങ്കേതികത്തിഌം സൗന്ദര്യശാസ്‌ത്രത്തിഌ തന്നെയും അഌയോജ്യമായ ഒരു മഹാസ്‌മാരകം നിര്‍മിക്കുകയായിരുന്നു ടാറ്റ്‌ലിന്റെ ഉദ്ദേശ്യം. പക്ഷേ, അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാതെ അവശേഷിക്കുന്നു.

കണ്‍സ്‌ട്രക്‌റ്റിവിസ്റ്റ്‌ കലാസൃഷ്ടികള്‍ വൈകാരികങ്ങളാവില്ല. ശുദ്ധമായ ഗണിതശാസ്‌ത്രരൂപങ്ങള്‍കൊണ്ടുള്ള രൂപഭദ്രതയ്‌ക്കാണ്‌ ഈ ശൈലിയുടെ പ്രയോക്താക്കള്‍ പ്രാധാന്യം കല്‌പിച്ചുപോന്നത്‌; ഭാവാത്‌മകതയ്‌ക്കല്ല.

(എം.എ.യു. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍