This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റ്യാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:58, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുറ്റ്യാടി

കോഴിക്കോട്‌ ജില്ലയിൽ വടകര താലൂക്കിലെ ഒരു പഞ്ചായത്ത്‌. ഈ പേരിൽ ഇവിടെ ഒരു നദിയും ഉണ്ട്‌. ഒരു വൈദ്യുതിയുത്‌പാദനകേന്ദ്രം കൂടിയായ കുറ്റ്യാടി ആദ്യകാലത്ത്‌ അമലാടി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. വടകരയ്‌ക്ക്‌ ഏകദേശം 28 കി.മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്ന കുറ്റ്യാടി പണ്ടു വടക്കന്‍ കോട്ടയം രാജാവിന്റെ അധീനതയിലായിരുന്നു. ഇവിടെയുള്ള ഒരു കുന്നിന്‍മുകളിൽ കോട്ടയം രാജാക്കന്മാരുടെ ഒരു കരിങ്കൽകോട്ടയും കൊട്ടാരവുമുണ്ടായിരുന്നതിന്റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും കാണാം. നാലു പീരങ്കികളാൽ കവചിതമായ കോട്ടയും കൊട്ടാരവും ഒരിക്കൽ മൈസൂറുകാർ ആക്രമിച്ച്‌ അധീനത്തിലാക്കിയെങ്കിലും പിന്നീട്‌ അത്‌ പഴശ്ശി രാജാവ്‌ തിരിച്ചുപിടിക്കുകയുണ്ടായി. അതിനുശേഷം ഈ കോട്ടകള്‍ കുറച്ചുകാലം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. പഴശ്ശി രാജാവിന്റെതെന്നു സംശയിക്കപ്പെടുന്ന രണ്ടു സ്വർണ ഖഡ്‌ഗങ്ങളുടെ പിടികള്‍ ഇവിടന്ന്‌ അടുത്തകാലത്ത്‌ കണ്ടുകിട്ടിയിട്ടുണ്ട്‌. പഴശ്ശി വിപ്ലവകാലത്ത്‌ വയനാടന്‍ വനാന്തരങ്ങളിലേക്കുള്ള തന്ത്രപ്രധാനമായ ഒരു വഴിയായിരുന്നു കുറ്റ്യാടി. ഇവിടെയുള്ള ഒരു മലയുടെ മുകളിൽ പുരാണങ്ങളിലെ ബാണാസുരന്‍ നിർമിച്ചതെന്നു പറയപ്പെടുന്ന ഒരു കോട്ടയുടെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും ഉണ്ട്‌. പാണ്ഡവന്മാർ നിർമിച്ചതെന്നു പറഞ്ഞുവരുന്ന ഒരു കൃത്രിമജലാശയവും ഇവിടെയുണ്ട്‌.

15.22 ച. കി.മീ. വിസ്‌തീർണമുള്ള കുറ്റ്യാടി പഞ്ചായത്തിന്റെ ജനസംഖ്യ 18,548 (2001) ആണ്‌. സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 900 മീ. ഉയരമുള്ള പ്രദേശംവരെ നിബിഡവനങ്ങള്‍ കാണുന്നു. തൂക്കായുള്ള മലകളും ഇടതൂർന്ന വനങ്ങള്‍ നിറഞ്ഞ ചെരിവുകളും നെൽപ്പാടങ്ങള്‍ നിറഞ്ഞ നിരപ്പായ പ്രദേശങ്ങളും ഒക്കെ ചേർന്ന്‌ അത്യന്തം പ്രകൃതിരമണീയമാണ്‌ ഈ പ്രദേശം. കുറ്റ്യാടി നദിയും പോഷകനദികളായ ഓണിപ്പുഴയും കടിയങ്ങാടിപ്പുഴയും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കേരളത്തിൽ പൊതുവേയുള്ള കാലാവസ്ഥയാണ്‌ ഇവിടെയുള്ളതെങ്കിലും ഉയരത്തിനനുസരിച്ചുളവാകുന്ന വ്യത്യാസങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നു.

500 സെന്റിമീറ്ററിൽ കൂടുതൽ വാർഷിക വർഷപാതമുള്ള ഇവിടം ഒട്ടുമുക്കാൽ ഭാഗവും നിത്യഹരിതങ്ങളായ മഴക്കാടുകളാണ്‌. സാമ്പത്തിക പ്രാധാന്യമുള്ളവയാണ്‌ കുറ്റ്യാടിയിലെ വനങ്ങള്‍. വനങ്ങളിലെ പ്രധാന വൃക്ഷങ്ങള്‍ തേക്ക്‌, ഈട്ടി, ചന്ദനം എന്നിവയാണ്‌. കൂടാതെ പുന്ന, പാലി, ആഞ്ഞിലി, തമ്പകം, ചുവന്നകിൽ, കടമരം മുതലായവയും ഉണ്ട്‌. മുള, ഈറ, ചൂരൽ എന്നിവയും ധാരാളമായി ലഭിച്ചുവരുന്നു. തെക്കന്‍ കേരളത്തിൽ നിന്നുവന്ന്‌ ഇവിടെ പാർപ്പുറപ്പിച്ച കുടിയേറ്റക്കാർ മലഞ്ചരിവുകള്‍ വെട്ടിത്തെളിച്ച്‌ ഏലം, കാപ്പി, കുരുമുളക്‌, റബ്ബർ എന്നിവയുടെ തോട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്‌. മലഞ്ചരിവുകള്‍ തട്ടുതട്ടാക്കിയാണ്‌ കൃഷിചെയ്യുന്നത്‌. താണപ്രദേശങ്ങളിൽ നെല്ല്‌, വാഴ എന്നിവ കൃഷിചെയ്‌തു വരുന്നു. കുറ്റ്യാടിപ്പുഴ. പശ്ചിമഘട്ടങ്ങളുടെ തെക്കേ അറ്റത്തുള്ള വയനാടന്‍ മലകളിൽ സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 914 മീ. പൊക്കത്തിലുള്ള വനങ്ങളിൽനിന്നുദ്‌ഭവിച്ച്‌ 74 കി.മീ. പടിഞ്ഞാറോട്ടൊഴുകി കോട്ടക്കായലിലൂടെ അറബിക്കടലിൽ പതിക്കുന്നു. മൂരാട്‌, കോട്ട എന്നീ പേരുകളിലും കുറ്റ്യാടിപ്പുഴ അറിയപ്പെടുന്നു. ഉദ്‌ഭവസ്ഥാനത്തുനിന്ന്‌ 4 കി.മീ. തെക്കോട്ട്‌ ഒഴുകിയശേഷം കുറ്റ്യാടിയിൽവച്ച്‌ പടിഞ്ഞാറോട്ടു തിരിയുന്ന ഈ പുഴ പിന്നീട്‌ ഊരക്കുഴി വെള്ളച്ചാട്ടം വഴി 305 മീ. താഴേക്കു പതിക്കുന്നു. കുറ്റ്യാടിക്ക്‌ 10 കി.മീ. മുകളിൽവച്ച്‌ പോഷകനദിയായ ഓണിപ്പുഴയും 5 കി. മീ. താഴെവച്ച്‌ കടിയങ്ങാടിപ്പുഴയും ഇതിനോടു ചേരുന്നു. ഊരക്കുഴി വെള്ളച്ചാട്ടംവഴി 305 മീ. താഴെ എത്തുന്ന നദി തെക്കോട്ടും തെക്കു പടിഞ്ഞാറോട്ടും ഒഴുകി തിരുവല്ലൂർ, ചെമ്മരത്തൂർ, കായണ്ണ, അയിനിക്കാട്‌, ഇരിങ്ങൽ, വടകര, പാലേരി, മീനുണ്ട, കരുവഞ്ചേരി, മേപ്പയ്യൂർ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി കോട്ടക്കായലിലൂടെ കടലിൽ പതിക്കുന്നു.

250 ച. കി.മീ.-ൽ അധികം സ്ഥലത്ത്‌ കുറ്റ്യാടിപ്പുഴയിൽ നിന്ന്‌ ജലസേചനസൗകര്യം കിട്ടുന്നു. കുരുമുളക്‌, കമുക്‌, തെങ്ങ്‌, നെല്ല്‌ എന്നിവയാണ്‌ നദീതടത്തിലെ പ്രധാന കാർഷികവിളകള്‍. നദീതടത്തിൽ അധികഭാഗവും നെൽക്കൃഷിക്കാണ്‌ ഉപയോഗിക്കുന്നത്‌. നദീമുഖം മുതൽ കുറ്റ്യാടി വരെയുള്ള പ്രദേശം ഗതാഗതയോഗ്യമാണ്‌. മുകളിലുള്ള വനങ്ങളിൽനിന്ന്‌ തടികള്‍ വെട്ടി തീരപ്രദേശങ്ങളിലേക്ക്‌ ഒഴുക്കിക്കൊണ്ടുവരാനും സൗകര്യങ്ങളുണ്ട്‌. കുറ്റ്യാടി പദ്ധതികള്‍. മഴ താരതമ്യേന കൂടുതലായതുകൊണ്ട്‌ കുറ്റ്യാടിപ്പുഴ എന്നും ജലസമൃദ്ധമാണ്‌. മലബാർ പ്രദേശത്തെ ജലസേചനസൗകര്യം മെച്ചപ്പെടുത്തുന്നതിനും വൈദ്യുതിയുത്‌പാദനശേഷി പരമാവധി ഉയർത്തുന്നതിനും കുറ്റ്യാടിപ്പുഴയിലെ ജലം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ കേരളസർക്കാർ പദ്ധതി പ്രവർത്തനങ്ങള്‍ ആരംഭിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയും കുറ്റ്യാടി ജലസേചനപദ്ധതിയും ഇതിൽ ഉള്‍പ്പെടുന്നു. കുറ്റ്യാടി നദിയിൽ പെരുവണ്ണാമൂഴിയിലാണ്‌ ജലസേചനത്തിനുള്ള കുറ്റ്യാടി അണക്കെട്ട്‌ നിർമിച്ചിരിക്കുന്നത്‌. കോഴിക്കോട്‌ കോർപ്പറേഷന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവയ്‌ക്കുപുറമെ 25-ഓളം പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്നത്‌ ഈ പദ്ധതിയാണ്‌.

കേരളത്തിന്റെ ഒരു വിവിധോദ്ദേശ്യ പദ്ധതിയായ കുറ്റ്യാടി വടക്കന്‍ കേരളത്തിന്റെ, പ്രത്യേകിച്ച്‌ കോഴിക്കോട്‌ ജില്ലയുടെ, കാർഷിക-വ്യാവസായിക പുരോഗതിയെ നിയന്ത്രിക്കുന്ന ഒരു പ്രധാനകണ്ണിയാണ്‌. ജലവൈദ്യുത-ജലസേചനപദ്ധതിയായ ഇതിന്റെ വൈദ്യുതനിലയം കുറ്റ്യാടിപ്പുഴയുടെ മേൽച്ചാലിൽ ഊരക്കുഴിയിലാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഇതിനുവേണ്ടി കക്കയത്ത്‌ കെട്ടിയിരിക്കുന്ന അണയ്‌ക്കു 1,200 ദശലക്ഷം ഘന അടി ജലം സംഭരിക്കാന്‍ കെല്‌പുണ്ട്‌. ഈ സംഭരണിയിലെ വെള്ളം തുരങ്കങ്ങളും കുഴലുകളുംവഴി ഊരക്കുഴിയിലുള്ള വൈദ്യുതിയുത്‌പാദന കേന്ദ്രത്തിലെത്തുന്നു. വൈദ്യുതിയുത്‌പാദിപ്പിച്ച ശേഷം ജലം പെരുവണ്ണാമൂഴിയിലേക്ക്‌ കടത്തിവിടുന്നു. 1972-73-ൽ കമ്മിഷന്‍ ചെയ്‌ത ഈ പദ്ധതിക്ക്‌ ഏകദേശം 10 കോടിയോളം രൂപ ചെലവായി.

കുറ്റ്യാടി ജലവൈദ്യുതപദ്ധതി വടക്കന്‍ കേരളത്തിന്റെ വൈദ്യുതിയുടെ ആവശ്യം പൂർണമായിട്ടല്ലെങ്കിലും ഒട്ടൊക്കെ നിറവേറ്റാന്‍ പര്യാപ്‌തമായിട്ടുണ്ട്‌. എന്നാൽ ഏറിവരുന്ന ആവശ്യങ്ങള്‍ മുന്‍നിർത്തി കേരള സർക്കാർ കുറ്റ്യാടിപ്പുഴയിലെ പുതിയ ഓഗ്മെന്റേഷന്‍ പദ്ധതി ആരംഭിക്കുകയും ഇത്‌ വിപുലീകരിച്ച്‌ ഊർജോത്‌പാദനം വർധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്‌. പെരുവണ്ണാമൂഴിയിലെത്തുന്ന കുറ്റ്യാടിയിലെ ജലം സംഭരിച്ച്‌ കൃഷിക്കുപയുക്തമാക്കാന്‍ വേണ്ടി പൊതുമരാമത്തുവകുപ്പ്‌ പെരുവണ്ണാമൂഴിയിൽ കോഴിക്കോട്‌ നഗരത്തിന്‌ 59 കി.മീ. ദൂരെ കുറ്റ്യാടിപ്പുഴയ്‌ക്ക്‌ കുറുകെയായി ഒരു അണ കെട്ടിയിട്ടുണ്ട്‌. 35 മീ. ഉയരവും 173 മീ. നീളവും ഉള്ള ഒരു സ്റ്റ്രയിറ്റ്‌ ഗ്രാവിറ്റി മെയ്‌സണ്‍റി ഡാം (Straight gravity masonry dam) ആയ ഇതിന്റെ സ്‌പിൽവേയുടെ നീളം 49 മീ. ആണ്‌. ഇതിലെ 13 സാഡിലുകളിൽ (Saddles) 12എണ്ണവും മണ്ണണക്കെട്ടുകളാണ്‌. 131 ദശലക്ഷം ഘ.മീ. ജലം സംഭരിക്കാനുള്ള ശേഷി ഇതിനുണ്ട്‌. നാല്‌ ആരീയ ഗേറ്റുകള്‍ (Radial crestgates)കൊണ്ടു നിയന്ത്രിക്കുന്ന സ്‌പിൽവേയുടെ പ്രസ്രവണശേഷി 1560 ക്യു. മീ. ആണ്‌.

ജലസേചനസൗകര്യത്തിനുവേണ്ടി നിരവധി ശാഖകളും ഉപശാഖകളുമുള്ള കനാലുകള്‍ ഇതിനോടനുബന്ധിച്ച്‌ പണിതിട്ടുണ്ട്‌. ഇടതുവശത്തും വലതുവശത്തുംകൂടി പോകുന്ന പ്രധാന കനാലുകളുടെ ആകെ നീളം 37.20 കി.മീ. ആണ്‌. ഇടതുവശത്തുള്ള പ്രധാന കനാലിന്‌ 6 ശാഖകളും വലതുവശത്തുകൂടി പോകുന്നതിന്‌ 4 ശാഖകളും ഉണ്ട്‌. ഈ രണ്ടു ശാഖകളുടെയും ആകെ നീളം ഏകദേശം 600 കി.മീ. ഓളം വരും. 1962-ൽ പണി ആരംഭിച്ച ഈ പദ്ധതി 1972-73-ൽ കമ്മിഷന്‍ ചെയ്‌തു.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍