This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരുടിമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:44, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുരുടിമീന്‍

Blind Fish

ഭൂഗർഭ അരുവികള്‍, ഗുഹകള്‍ക്കുള്ളിലെ ജലാശയങ്ങള്‍ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കാഴ്‌ചകുറഞ്ഞ വിവിധയിനം ചെറുമത്സ്യങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‌. ഇവയുടെ കണ്ണുകള്‍ പലപ്പോഴും നാമമാത്രവും കാഴ്‌ച നഷ്‌ടപ്പെട്ടതും ആയിരിക്കും. ആംബ്‌ളിയോപ്‌സിഡേ കുടുംബത്തിൽപ്പെടുന്ന മത്സ്യങ്ങളിൽ "റ്റൂത്ത്‌ കാർപ്പ്‌' വിഭാഗത്തിലെ ഒരു കൂട്ടം ഈ പേരിലറിയപ്പെടുന്നു. ഇവ വടക്കേ അമേരിക്കയുടെ കിഴക്കുഭാഗങ്ങളിലെ ചുണ്ണാമ്പുകൽ ഗുഹകളിലാണ്‌ കഴിയുന്നത്‌. തെക്കും വടക്കും അമേരിക്കകള്‍, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ്‌ കുരുടിമീന്‍ സാധാരണ കാണപ്പെടുന്നത്‌. ആംബ്‌ളിയോപ്‌സിസ്‌ സ്‌പേലിയസ്‌ (Amblyopsis spelaeus) എന്ന്‌ ശാസ്‌ത്രനാമമുള്ള മത്സ്യം ഈ കൂട്ടത്തിലെ ഏറ്റവും വിശേഷരൂപത്തോടുകൂടിയാണ്‌. നീണ്ടതും നിറമില്ലാത്തതുമായ (അപൂർവമായി വെള്ളനിറവുമാകാം) ശരീരത്തോടുകൂടിയ ഈ മത്സ്യത്തിന്‌ ഉദ്ദേശം 13 സെ.മീ. നീളമുണ്ടായിരിക്കും. വളരെ മന്ദഗതിയിൽ മാത്രം വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഇതിന്റെ വായ വളരെ വലുതാണ്‌; എന്നാൽ കണ്ണുകളാകട്ടെ തീരെ ചെറുതും പ്രവൃത്തിരഹിതവും. ശരീരത്തിലുടനീളം കാണപ്പെടുന്ന സ്‌പർശനപാപ്പിലകളുടെ ചാലുകള്‍ കണ്ണിന്റെ വൈകല്യം നികത്തുന്നു. ആംബ്ലിയോപ്‌സിസ്‌ റോസേ, ടിഫ്‌ളിക്‌തിസ്‌ സബ്‌ടെറേനിയസ്‌ എന്നിവയും ഈ കുടുംബത്തിലെതന്നെ അംഗങ്ങളായ കുരുടിമീനുകളാണ്‌.

ലൂസിഫ്യൂഗ, സ്റ്റൈഗികോള എന്നീ ജീനസുകളിൽപ്പെടുന്ന മത്സ്യങ്ങള്‍ ക്യൂബ, മെക്‌സിക്കോയിലെ യൂക്കാറ്റന്‍ എന്നിവിടങ്ങളിലെ ഭൂഗർഭ-അരുവികളിൽ കഴിയുന്ന കുരുടിമീനുകളാണ്‌. ഓഫിഡീയിഡേ മത്സ്യകുടുംബത്തിലെ അംഗങ്ങളാണ്‌ ഇവ. മറ്റു കുരുടിമീനുകളിൽ നിന്ന്‌ വ്യത്യസ്‌തമായി ഇവയുടെ ശരീരത്തിന്‌ ഇളംചുവപ്പു മുതൽ കടുംനീലനിറംവരെ ഉണ്ടായിരിക്കും. ചെറുപ്രായത്തിൽ കണ്ണുകള്‍ സാമാന്യം വികസിതങ്ങളാണെങ്കിലും പ്രായമാകുന്നതോടെ തൊലികൊണ്ട്‌ ഇത്‌ ആവൃതമാകുന്നു. ഈ വിഭാഗത്തിലെ എല്ലായിനം മത്സ്യങ്ങളിലെയും സ്‌പർശനപാപ്പിലകളും ബാർബലുകളും സാധാരണ സാഹചര്യങ്ങളിൽ കാണപ്പെടുന്നവയെക്കാള്‍ ഏറെ സംവേദനക്ഷമമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍