This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുംബ്ലെ, അനിൽ (1970 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:27, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുംബ്ലെ, അനിൽ (1970 - )

Kumble, Anil

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം. ടെസ്റ്റ്‌ ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ഏറ്റവും കൂടുതൽ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളർ, ടെസ്റ്റ്‌ ക്രിക്കറ്റിൽ അറുന്നൂറ്‌ വിക്കറ്റുകള്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ ബൗളർ എന്നീ റെക്കാർഡുകള്‍ക്കുടമയായ കുംബ്ലെ ലോകത്തിലെ ഏറ്റവും മികച്ച സ്‌പിന്നർമാരിലൊരാളാണ്‌. 1970 ഒ. 17-ന്‌ ബാംഗ്ലൂരിൽ കെ.എന്‍. കൃഷ്‌ണസ്വാമിയുടെയും സരോജയുടെയും മകനായി ജനിച്ചു. ബസവനഗുഡിയിലെ നാഷണൽ ഹൈസ്‌കൂളിൽനിന്ന്‌ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ അനിൽ കുംബ്ലെ രാഷ്‌ട്രീയ വിദ്യാലയ കോളജ്‌ ഒഫ്‌ എന്‍ജിനീയറിങ്ങിൽനിന്ന്‌ മെക്കാനിക്കൽ എന്‍ജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കി.

പതിമൂന്നാം വയസ്സിൽ യങ്‌ ക്രിക്കറ്റേഴ്‌സ്‌ എന്നൊരു ക്രിക്കറ്റ്‌ ക്ലബ്ബിൽ കുംബ്ലെ അംഗമായി. ഫാസ്റ്റ്‌ ബൗളറായിട്ടായിരുന്നു കുംബ്ലെയുടെ രംഗപ്രവേശം. 1989-ൽ ഹൈദരബാദിനെതിരെ കർണാടകയ്‌ക്കുവേണ്ടി നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. പാകിസ്‌താനും ഇന്ത്യയുമായുള്ള അണ്ടർ 19 മത്സരത്തിൽ കളിക്കാന്‍ ഇദ്ദേഹത്തിന്‌ അവസരം ലഭിച്ചു. ഏകദിന ക്രിക്കറ്റിൽ കുംബ്ലെയുടെ തുടക്കം 1990-ലെ ആസ്‌ത്രലേഷ്യ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. പത്തു ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നായി ആദ്യ അമ്പത്‌ ടെസ്റ്റ്‌ വിക്കറ്റുകള്‍ നേടിയ കുംബ്ലെ ഇത്തരമൊരു നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനായി. 1993-ൽ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെയുള്ള ഏകദിനമത്സരത്തിൽ 12 റണ്‍ വഴങ്ങി ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിക്കൊണ്ട്‌ കുംബ്ലെയുടെ പുതിയൊരു റെക്കോർഡ്‌ സ്ഥാപിച്ചു. ഒരു ടെസ്റ്റ്‌ ഇന്നിങ്‌സിലെ പത്തു വിക്കറ്റും വീഴ്‌ത്തിയ ഒരേയൊരു ഇന്ത്യന്‍ ബൗളർ കുംബ്ലെയാണ്‌. 1999-ൽ ഡൽഹിയിൽവച്ച്‌ പാകിസ്‌താനെതിരെ നടന്ന രണ്ടാമത്തെ ടെസ്റ്റ്‌ മാച്ചിലാണ്‌ 74 റണ്‍സ്‌ വഴങ്ങി കുംബ്ലെ ഇത്തരമൊരു അസുലഭനേട്ടം കൈവരിച്ചത്‌.

2004-ൽ കുംബ്ലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ 400 വിക്കറ്റ്‌ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറും (കപിൽദേവാണ്‌, ആദ്യ ഇന്ത്യന്‍ ബൗളർ) ലോകത്തിലെ മൂന്നാമത്തെ സ്‌പിന്നറുമായി. ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റ്‌ തികച്ച ഇന്ത്യന്‍ ബൗളറും സ്‌പിന്നറുമാണ്‌ അനിൽ കുംബ്ലെ. 2000 റണ്ണും 500 ടെസ്റ്റ്‌ വിക്കറ്റുകളും നേടിയ ഒരേയൊരു ഇന്ത്യന്‍ ബൗളറും കൂടിയാണ്‌ കുംബ്ലെ. 2004 ഒ. 10-ന്‌ കപിൽദേവിന്റെ പേരിലുണ്ടായിരുന്ന 434 വിക്കറ്റ്‌ എന്ന റെക്കോർഡ്‌ കുംബ്ലെ മറികടന്നു. 2007 മാ. 30-ന്‌ ഇദ്ദേഹം ഏകദിന ക്രിക്കറ്റിൽനിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

ഒരു ടെസ്റ്റ്‌ ഇന്നിങ്‌സിൽ 30-ലേറെ തവണ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയ ഒരേയൊരു ഇന്ത്യന്‍ ബൗളറാണ്‌ അനിൽ കുംബ്ലെ. 2008 ജനു. 17-ന്‌ ടെസ്റ്റ്‌ ക്രിക്കറ്റിൽ 600 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ബൗളർ എന്ന റെക്കോർഡിനുടമയായി. ഷെയ്‌ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ എന്നിവർക്കുശേഷം 600 ടെസ്റ്റ്‌ വിക്കറ്റ്‌ നേടുന്ന ലോകത്തിലെ മൂന്നാമത്തെ ബൗളറായി കുംബ്ലെ മാറി. ഒരു ലോകോത്തര ബൗളർ എന്നതിനു പുറമെ മികച്ചൊരു ഫീൽഡറും ബാറ്റ്‌സ്‌മാനും കൂടിയാണ്‌ കുംബ്ലെ. 2008-ൽ രാജ്യാന്തര ടെസ്റ്റ്‌ ക്രിക്കറ്റിൽനിന്നു വിരമിച്ച ഇദ്ദേഹം ഇന്ത്യന്‍ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന്റെ റോയൽ ചലഞ്ചേഴ്‌സ്‌ ടീമിന്റെ ക്യാപ്‌റ്റനായി. പിന്നീട്‌ നായകപദവി ഉപേക്ഷിച്ച്‌ ടീമിന്റെ മുഖ്യഉപദേശകനായി.

2010-ൽ കർണാടക സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷന്റെ പ്രസിഡന്റായി കുംബ്ലെ നിയമിതനായി. ഇന്ത്യാ ഗവണ്‍മെന്റ്‌ കുംബ്ലെയെ അർജുന അവാർഡ്‌ (1995), പദ്‌മശ്രീ (2005) എന്നിവ നല്‌കി ആദരിച്ചു. 1996-ൽ "വിഡ്‌സന്‍ ക്രിക്കറ്റേഴ്‌സ്‌ ഒഫ്‌ ദി ഇയർ'-ൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. 2002-ൽ 20-ാം ശതകത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരത്തെ തിരഞ്ഞെടുക്കാനുള്ള 16 പേരുടെ പട്ടികയിൽ കുംബ്ലെയും ഉള്‍പ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍