This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരപ്പണിക്കർ, സി.കെ. (1905 - 58)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:02, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുമാരപ്പണിക്കർ, സി.കെ. (1905 - 58)

പുന്നപ്ര വയലാർ സമരത്തിലെ ഒരു ധീരസേനാനി. വയലാർ കുന്തിരിശ്ശേരിൽ കുഞ്ഞമ്മയുടെയും പാണാവള്ളിൽ കീക്കരവീട്ടിൽ കുട്ടിപ്പണിക്കരുടെയും പുത്രനായി 1905 ന. 19-ന്‌ ജനിച്ചു. ചെറുപ്പത്തിലേ ഉത്‌പതിഷ്‌ണുവായിരുന്ന ഇദ്ദേഹം ഈഴവസമുദായത്തിൽ നിലവിലിരുന്ന ഈഴവ-തീയ അസമത്വത്തിനെതിരായി പൊരുതിക്കൊണ്ടാണ്‌ പൊതുപ്രവർത്തനരംഗത്ത്‌ വന്നത്‌. അന്ന്‌ ഈഴവരും തീയരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമായിരുന്നില്ല. കുമാരപ്പണിക്കർ, തീയരുടെ ഭവനങ്ങളിൽ നിന്ന്‌ ഭക്ഷണം കഴിക്കുകയും അവരോടൊപ്പം ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കഴിഞ്ഞുകൂടുകയും ചെയ്‌തു. ദേശീയ പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്തുതന്നെ പണിക്കർ നിവർത്തനപ്രക്ഷോഭണത്തിലേക്ക്‌ ആകർഷിക്കപ്പെട്ടു. തൊഴിലാളി പ്രസ്ഥാനത്തിന്റെയും കർഷകപ്രസ്ഥാനത്തിന്റെയും ആവിർഭാവവും ഇക്കാലത്തായിരുന്നു. ഫ്യൂഡലിസത്തിന്‌ എതിരായി കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്‌ പുതുജീവന്‍ നൽകിയത്‌ പണിക്കർ ആയിരുന്നു. തുടർന്ന്‌ ഇദ്ദേഹം ചേർത്തല കന്നിട്ട ആന്‍ഡ്‌ ഓയിൽമിൽ തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി. വളർന്നുവരുന്ന കയർ-കർഷക-ഓയിൽമിൽ തൊഴിലാളികളുടെ സംഘടിത ശക്തിക്കെതിരെ ചേർത്തല ജന്മിവർഗം അഴിച്ചുവിട്ട ഭീകരവാഴ്‌ചയിൽനിന്നു രക്ഷനേടുന്നതിനു വയലാറിൽ ഉയർന്നുവന്ന രക്ഷാപ്രവർത്തന കേന്ദ്രത്തിന്റെ ചുമതല പണിക്കർ ഏറ്റെടുത്തു. കുമാരപ്പണിക്കർ തൊഴിലാളിരംഗത്തു കടന്നുവന്നതോടെ പി. കൃഷ്‌ണപിള്ള, എ.കെ.ജി., ടി.കെ.രാമകൃഷ്‌ണന്‍ മുതലായവരുമായി ബന്ധപ്പെടുകയും 1937-ൽ (കൊ.വ. 1112-ൽ) കമ്യൂണിസ്റ്റ്‌ പാർട്ടിയംഗമാവുകയും ചെയ്‌തു. വയലാർ വെടിവയ്‌പോടെ കുമാരപ്പണിക്കർ ഒളിവിൽ പോയെങ്കിലും അധികം വൈകാതെ ഇദ്ദേഹം പോലീസിന്റെ പിടിയിൽപ്പെട്ടു. 1950-ൽ ഇദ്ദേഹം ജയിൽ മോചിതനായി. എന്നാൽ ആലപ്പുഴയിൽവച്ചു നടന്ന തിരു-കൊച്ചി സംസ്ഥാന കമ്യൂണിസ്റ്റ്‌ പാർട്ടി കണ്‍വെന്‍ഷനിൽ വച്ച്‌ ഇദ്ദേഹം മറ്റു നേതാക്കളോടൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയിലിൽക്കിടന്നുകൊണ്ടുതന്നെ ഒന്നാമത്തെ തെരഞ്ഞെടുപ്പിൽ ചേർത്തല നിയോജക മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം വിജയിയായി. ഈ ഘട്ടത്തിലാണ്‌ ഇദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായത്‌. ഇദ്ദേഹത്തിന്റെ പത്‌നി അമ്മുക്കുട്ടിയമ്മയാണ്‌. സി.പി.ഐ.യുടെ പ്രമുഖ നേതാവായ സി.കെ. ചന്ദ്രപ്പന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്‌. യാതനാപൂർണമായ പൊതുജീവിതം നയിച്ച ഇദ്ദേഹം 1958 ജൂല. 28-ന്‌ അന്തരിച്ചു.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍