This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമകോടിപീഠം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:28, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാമകോടിപീഠം

കാഞ്ചീപുരത്ത്‌ സ്ഥിതിചെയ്യുന്ന അദ്വൈതവിദ്യാകേന്ദ്രം. ലളിതാത്രിശതിയില്‍ "കാമകോടിപീഠനിലയായൈ നമഃ' എന്ന നാമമുണ്ട്‌. ശ്രീ ശങ്കരാചാര്യര്‍ ആ നാമം വ്യാഖ്യാനിക്കുമ്പോള്‍ കാമകോടിപീഠപദത്തിനു "ശ്രീചക്രം' എന്ന അര്‍ഥമാണ്‌ നല്‌കിയിട്ടുള്ളത്‌. കാഞ്ചികാമാക്ഷിയെ ആദിപരാശക്തിയായിട്ടാണ്‌ ആരാധിച്ചുവരുന്നത്‌. അതുകൊണ്ട്‌ ദേവിയുടെ ആസ്ഥാനം കാമകോടിപീഠമെന്ന പേരില്‍ പ്രസിദ്ധമായി. ശ്രീശങ്കരനാല്‍ സ്ഥാപിതമായ പ്രമുഖ മഠചതുഷ്‌ടയത്തില്‍ ഈ കാമകോടിപീഠം ഉള്‍പ്പെടുന്നില്ല. ഈ മഠം സ്ഥാപിതമായത്‌ ഒരു വൈശാഖപൗര്‍ണമിദിനത്തിലായിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഭാരതത്തിലെ സപ്‌തമോക്ഷപുരികളില്‍ (അയോധ്യ, മഥുര, മായ (ഗയ), കാഞ്ചി, കാശി, അവന്തിക, ദ്വാരക) ഒന്നായി പ്രകീര്‍ത്തിതമായ കാഞ്ചിനഗരിക്ക്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നുവെന്നു കാണിക്കുന്ന പല ഐതിഹ്യങ്ങളും ഉണ്ട്‌. ശ്രീശങ്കരന്‍ കാഞ്ചീപുരം സന്ദര്‍ശിക്കുകയും അവിടെ ഒരു മഠം സ്ഥാപിക്കുകയും സുരേശ്വരനെ യോഗലിംഗം ഏല്‌പിക്കുകയും ചെയ്‌ത ശേഷം 32-ാമത്തെ വയസ്സില്‍ കാഞ്ചിയില്‍ വച്ച്‌ നിര്‍വികല്‌പസമാധിയില്‍ ലയിച്ചതായി ആനന്ദനഗരി തന്റെ ശങ്കരവിജയത്തില്‍ വിവരിച്ചിട്ടുണ്ട്‌. തന്റെ പ്രതിയോഗികളെയെല്ലാം പരാജയപ്പെടുത്തിയശേഷം ശ്രീശങ്കരന്‍ ഇവിടെവച്ചാണ്‌ സര്‍വജ്ഞപീഠം കയറിയതെന്ന്‌ ചിദ്‌വിലാസന്റെ ശങ്കരവിജയത്തില്‍ പരാമര്‍ശിച്ചു കാണുന്നു. ഈ പരാമര്‍ശങ്ങള്‍ ഭാവനാകല്‌പിതങ്ങള്‍ മാത്രമാണെന്നു പറയുന്നവരും വിരളമല്ല.

കര്‍ണാടക യുദ്ധകാലത്ത്‌ ഈ മഠം കാഞ്ചീപുരത്തുനിന്നു തഞ്ചാവൂരിലേക്കും പിന്നീട്‌ കുംഭകോണത്തേക്കും മാറ്റി സ്ഥാപിക്കപ്പെട്ടെങ്കിലും എല്ലാ രേഖകളിലും അവിടത്തെ ആചാര്യന്മാര്‍ ശ്രീ കാഞ്ചികാമകോടി മഠാധിപതികള്‍ എന്നാണ്‌ പരാമൃഷ്‌ടരായിട്ടുള്ളത്‌. ചന്ദ്രമൗലീശ്വരപൂജ നടത്തുക, ബ്രാഹ്‌മണര്‍ക്കു അന്നദാനം ചെയ്യുക, അദ്വൈതോപദേശം നല്‌കുക എന്നിവയാണ്‌ ഈ ആചാര്യന്മാരുടെ ചുമതലകള്‍.

ശ്രീകാഞ്ചികാമകോടിപീഠം അദ്വൈതവിദ്യാപ്രചാരണത്തിനായി പലവിധത്തില്‍ ശ്രമിച്ചുവരുന്നുണ്ട്‌. വിദ്യാര്‍ഥികളെ സൗജന്യമായി താമസിപ്പിച്ച്‌ ഗുരുകുല സമ്പ്രദായത്തില്‍ അദ്വൈതവേദാന്തം അഭ്യസിപ്പിച്ചുവരുന്ന ഒരു വിദ്യാപീഠം ഇവിടെയുണ്ട്‌. "രാഷ്‌ട്രീയ സംസ്‌കൃത സംസ്ഥാന്‍' എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ശാസ്‌ത്രി, ആചാര്യ പരീക്ഷകള്‍ക്കു ചേരുവാനുള്ള സൗകര്യവും അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രതിവര്‍ഷം അദ്വൈതസദസ്സു നടത്തി അദ്വൈതദര്‍ശന തത്ത്വങ്ങള്‍ ചര്‍ച്ച ചെയ്യുകയും പണ്ഡിതന്മാരെ ബഹുമാനിച്ച്‌ ഉപഹാരങ്ങളും മറ്റും നല്‌കുകയും ചെയ്‌തുവരുന്നു. കാഞ്ചികാമകോടിപീഠത്തിന്റെ ചരിത്രത്തിനു വളരെയധികം പ്രാചീനത്വമുണ്ട്‌. ആദിശങ്കരന്റെ കാലം മുതല്‍ ഈ മഠം അധ്യാത്മവിദ്യയുടെയും ധര്‍മപ്രവര്‍ത്തനത്തിന്റെയും കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍