This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാപ്പിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:04, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാപ്പിയം

തമിഴ്‌ ആഖ്യാനകാവ്യം. കാവ്യം എന്ന സംസ്‌കൃത ശബ്‌ദത്തിന്റെ ദ്രാവിഡീകൃത രൂപമാണ്‌ കാപ്പിയം. ധര്‍മാര്‍ഥകാമമോക്ഷങ്ങളെ പ്രതിപാദിക്കുന്ന കാപ്പിയത്തില്‍ തമിഴില്‍ "തൊടര്‍നിലൈ ചെയ്യുള്‍' എന്നും പറയാറുണ്ട്‌. നായകന്റെ വീരപരാക്രമ വര്‍ണനകള്‍ക്കാണ്‌ കാപ്പിയത്തില്‍ മുഖ്യ സ്ഥാനം. ആദ്യകാലങ്ങളില്‍ തമിഴ്‌ഭാഷയില്‍ പാട്ടുകളല്ലാതെ കാപ്പിയങ്ങള്‍ ഉണ്ടായിരുന്നില്ല. സംഘകാലത്തിന്റെ അന്ത്യദശയിലാണ്‌ കാപ്പിയം ഉടലെടുത്തത്‌. ഇളങ്കോവടികളുടെ ചിലപ്പതികാരം പ്രഥമ കാപ്പിയമായി കരുതപ്പെടുന്നു. കോവലന്റെയും കണ്ണകിയുടെയും ചരിത്രമാണ്‌ ഇതിലെ കഥ. ചീള്‍ത്തലൈ ചാത്തനാരുടെ (മണിമേഖലത്തുറവു) മണിമേഖലയും ഒരു കാപ്പിയമാണ്‌. കാപ്പിയത്തിന്‌ പെരുങ്കാപ്പിയം, ചിറുകാപ്പിയം എന്ന്‌ രണ്ട്‌ പിരിവുകള്‍ ഉണ്ട്‌.

പെരുങ്കാപ്പിയം. പുരുഷാര്‍ഥങ്ങളെ വിശദമായി ഉപപാദിക്കുന്നതിനു പുറമേ "നഗരാര്‍ണവശൈലര്‍ത്തു' വിവരണങ്ങളും പെരുങ്കാപ്പിയം നല്‌കണം. നിസ്‌തുലനായ നായകനെ കേന്ദ്രബിന്ദുവാക്കി എഴുതപ്പെടുന്ന ഇത്തരം കാവ്യത്തില്‍ വിവാഹം, സിംഹാസനാരോഹണം, സന്താനലാഭം, യുദ്ധവിജയം എന്നിവയും അഷ്‌ടരസങ്ങളും കാണും. ഇലമ്പകം, സര്‍ഗം എന്നീ വിഭാഗങ്ങള്‍ ഇതിനുണ്ടായിരിക്കും.

സാമൂഹിക ദുരാചാരങ്ങളുടെ നിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള പരിഷ്‌കരണാശയങ്ങളുടെ വിജ്ഞാനകോശമായി പരിലസിക്കുന്ന ചിലപ്പതികാരത്തെയും മണിമേഖലയെയും ചേര്‍ത്തു "ഇരട്ടക്കാപ്പിയ' ങ്ങള്‍ എന്നു പറയാറുണ്ട്‌. ഇവയെയും പിന്നീടുണ്ടായ ജീവകചിന്താമണി, വളയാപതി, കുണ്ഡലകേശി എന്നിവയെയും ചേര്‍ത്ത്‌ "ഐമ്പരും കാപ്പി'യങ്ങള്‍ എന്നു പറഞ്ഞുവരുന്നു.

ചൂളാമണി, നീലകേശി, ഉദയണകുമാരകാപ്പിയം, യശോധരകാപ്പിയം, നാകകുമാരകാപ്പിയം എന്നിവയാണ്‌ "ഐഞ്ചിറുകാപ്പിയങ്ങള്‍'. 2,131 പാട്ടുകള്‍ ഉള്ള ചൂളാമണി എന്ന ജൈനകാപ്പിയം തോലാമൊഴിത്തേവരുടെ കൃതിയാണ്‌. ലോകവീരന്‍ തിവിട്ടഌം സ്വര്‍ഗസുന്ദരി സ്വയംപ്രഭയും വിവാഹിതരാകുന്നതാണ്‌ ഇതിലെ കഥ. മറ്റൊരു ജൈനകാപ്പിയമാണ്‌ അജ്ഞാതകര്‍ത്തൃകമായ വളയാപതി. ഇതിലെ എഴുപതു ചെയ്യുളുകള്‍ (കവിതകള്‍) മാത്രമേ കിട്ടിയിട്ടുള്ളൂ. നാകകുമാരകാപ്പിയത്തില്‍ 330 ചെയ്യുളുകള്‍ ഉണ്ട്‌. ഈ കൃതി ലഭ്യമല്ല. നാദകുത്തനാര്‍ രചിച്ച കുണ്ഡലകേശി ഒരു ബൗദ്ധ കാപ്പിയമാണ്‌. ഒരു അജ്ഞാത കര്‍ത്താവ്‌ രചിച്ചിട്ടുള്ള നീലകേശിക്ക്‌ (നീലകേശിത്തിരട്ട്‌) പത്ത്‌ സര്‍ഗങ്ങളും 895 ചെയ്യുളുകളുമുണ്ട്‌. ഉദയകുമാരകാപ്പിയത്തില്‍ 367 ചെയ്യുളുകളിലായി ഉദയനന്റെ കഥ പറയുന്നു. ബിംബസാരകഥ, മേരൂമന്ത്രപുരാണം, കമ്പരാമായണം, പെരിയപുരാണം, കന്ദപുരാണം എന്നിങ്ങനെ കാപ്പിയ ഗുണങ്ങള്‍ നിറഞ്ഞ വേറെയും ഗ്രന്ഥങ്ങള്‍ തമിഴില്‍ ഉണ്ട്‌. നോ. ചിലപ്പതികാരം; മണിമേഖല

(എം. ശിവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍