This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:55, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുന്നി

Jequirity

ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടി. ശാ.നാ.: ഏബ്രസ്‌ പ്രിക്കറ്റോറിയസ്‌ (Abrus precatorius). ഇന്ത്യയിൽ ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള എല്ലാ പ്രദേശങ്ങളിലും ഈ ചെടി കാണപ്പെടുന്നു. തണ്ടുകള്‍ കൊണ്ട്‌ മറ്റു ചെടികളിൽ ചുറ്റിപ്പടർന്ന്‌ കുന്നി വളരുന്നു. പുളിയില പോലുള്ള 20-40 ചെറു പത്രകങ്ങള്‍ ചേർന്ന ബഹുപത്രമാണ്‌ ഇതിന്റേത്‌. ഇത്‌ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. ജൂലായ്‌-ഒക്‌ടോബർ മാസങ്ങളിൽ കുന്നിച്ചെടി പൂവണിയുന്നു. 8-10 എണ്ണം ചേർന്ന കുലകളായി പൂക്കള്‍ ക്രമീകരിച്ചിരിക്കും. ദ്വിലിംഗികളും അസമമിതങ്ങളുമാണ്‌ ഇവ. ഇളംവയലറ്റ്‌ നിറമുള്ള പൂക്കള്‍ക്ക്‌ പയർ പൂക്കളുടെ ആകൃതിയാണുള്ളത്‌. സംയുക്താവസ്ഥയിലുള്ള അഞ്ച്‌ വിദളങ്ങളും അത്രയും തന്നെ സ്വതന്ത്രങ്ങളായ ദളങ്ങളുമുണ്ട്‌. ദളങ്ങള്‍ ആകൃതിയിലും വലുപ്പത്തിലും വൈവിധ്യം പ്രകടിപ്പിക്കുന്നു. കേസരപുടത്തിൽ ഒന്‍പത്‌ കേസരങ്ങളേയുള്ളൂ; അവയുടെ തന്തുക്കള്‍ ഒന്നുചേർന്ന്‌ കുഴലിന്റെ ആകൃതി പൂണ്ടിരിക്കും. ഒറ്റ അണ്ഡപർണം (carpel) മാത്രമുള്ളതാണ്‌ ജനി (pistil). ഫലത്തിനുള്ളിൽ അഞ്ചു മുതൽ എട്ട്‌ വരെ വിത്തുകള്‍ കാണാം. ചുവപ്പുനിറത്തിൽ നല്ല കട്ടിയും മിനുപ്പും അഴകുമുള്ളതാണ്‌ പുറന്തോട്‌. ബീജകണത്തിനു സമീപം കറുത്ത ഒരു പൊട്ടും ഉണ്ട്‌. കുന്നി ചുവന്നത്‌, വെളുത്തത്‌ എന്നിങ്ങനെ രണ്ടുതരമുണ്ട്‌.

ചുവന്ന കുന്നിയുടെ വേര്‌, ഇല, കുരു എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. വേരിലും ഇലയിലും ഉള്ള പദാർഥമാണ്‌ ഗ്ലൈസിറൈസിന്‍ (glycyrrhizin). വിത്തിൽ ഒരു അമ്ലം (abrussia acid), ഹീമാഗ്ലൂട്ടീനിന്‍ (haemagglutinin), ഏബ്രിന്‍ (abrin) എന്നിവ അടങ്ങിയിരിക്കുന്നു. ഏബ്രിന്‍ എന്ന പദാർഥമാണ്‌ കുന്നിക്കുരുവിന്റെ വിഷാംശത്തിനു നിദാനം. ഏബ്രിന്‍ അധികമാത്രയിൽ കഴിക്കുന്നതുമൂലം ഓക്കാനം, ഛർദി, ക്ഷീണം, ദ്രുതഗതിയിലുള്ള നാഡീസ്‌പന്ദനം എന്നീ അസുഖങ്ങള്‍ ഉണ്ടാകുന്നു. ശോണ രക്താണുക്കള്‍ പരസ്‌പരം ഒട്ടിച്ചേരുന്നതിനും ഏബ്രിന്‍ കാരണമാകാറുണ്ട്‌. നീർവീക്കത്തിന്‌ കുന്നിയില തേനിലരച്ചുപുരട്ടാം. ഉണങ്ങിയ ഇല പൊടിച്ചു പഞ്ചസാരയും കൂട്ടി ചവച്ചാൽ ചുമ ശമിക്കും. കുന്നിക്കുരു നേത്രരോഗങ്ങള്‍ക്കും എട്ടുകാലി, എലി എന്നിവയുടെ വിഷത്തിനും ഔഷധമാണ്‌. സ്വർണം കൂട്ടിവിളക്കുന്നതിന്‌ കുന്നിപ്പരിപ്പ്‌ അരച്ചുണ്ടാക്കുന്ന പശ ഉപയോഗിക്കാറുണ്ട്‌. സ്വർണം തൂക്കുന്നതിനും കുന്നിക്കുരു ഉപയോഗിച്ചുവരുന്നു. അഞ്ച്‌ കുന്നിത്തൂക്ക (1Ÿഗ്രയിന്‍)ത്തിന്‌ ആദ്യമാഷകം (2œ പണത്തൂക്കം) എന്നു പറയുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍