This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:21, 7 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അഭ്രം

Mica

അലൂമിനിയത്തിന്റെ ഓര്‍തോസിലിക്കേറ്റുകള്‍ മുഖ്യഘടകമായിട്ടുള്ള ഒരു ബഹുരൂപകധാതു. അഭ്രത്തിന്റെ ഉപഗണങ്ങള്‍ (species) രാസസംയോഗം, ഭൌതികവും പ്രകാശീയ (optical) വുമായ ഗുണങ്ങള്‍, അവസ്ഥിതി എന്നിവയിലൊക്കെ പ്രകടമായ വ്യത്യാസങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ആധാരിക-വിദളനം (basal-cleavage) ഇവയുടെ പൊതുസവിശേഷതയാണ്. മറ്റൊരു പ്രത്യേകത അഭ്രത്തെ തകിടുകളായി അടര്‍ത്തിമാറ്റാമെന്നതാണ്. അണുഘടനയിലെ പ്രത്യേക ക്രമീകരണമാണ് ഈ ഗുണങ്ങള്‍ക്കു നിദാനം.

അഭ്രങ്ങളെ സാധാരണ അഭ്രങ്ങള്‍ (common micas) ഭംഗുര-അഭ്രങ്ങള്‍ (brittle micas) എന്നിങ്ങനെ രണ്ടായി വിഭജിക്കാം. പ്രധാനപ്പെട്ട ഇനങ്ങള്‍ താഴെച്ചേര്‍ക്കുന്നു.

  1. സാധാരണ-അഭ്രങ്ങള്‍ #
    1. മസ്കൊവൈറ്റ് ##

Muscovite


    1. ഫ്ളോഗൊപൈറ്റ് ##

Phlogopite

    1. ബയൊട്ടൈറ്റ് ##

Biotite


    1. ലെപ്പിഡൊലൈറ്റ് ##

Lepidolite


    1. പാരഗൊണൈറ്റ് ##

Paragonite


    1. ഗ്ളാക്കൊണൈറ്റ് ##

Glauconite

    1. സിന്‍വാള്‍ഡൈറ്റ് ##

Zinnwaldite


  1. ഭംഗുര-അഭ്രങ്ങള്‍ #
    1. മാര്‍ഗറൈറ്റ് ##

Margarite


    1. ക്ളിന്‍റ്റൊണൈറ്റ് ##

Clintonite


    1. ക്സാന്‍തോഫിലൈറ്റ് ##

Xanthophyllite


വിവിധയിനം അഭ്രങ്ങളില്‍ സാമ്പത്തികപ്രാധാന്യമുള്ളത് മസ്കൊവൈറ്റ്, ഫ്ളോഗൊപൈറ്റ്, ബയൊട്ടൈറ്റ്, ലെപ്പിഡൊലൈറ്റ് എന്നിവയ്ക്കാണ്.

ശുദ്ധമായ മസ്കൊവൈറ്റ് നിറമില്ലാത്തതും സുതാര്യവുമായിരിക്കും. മാലിന്യങ്ങള്‍ കലര്‍ന്ന് വെളുത്തതോ ചുവന്നതോ (റൂബി അഭ്രം-ബിഹാര്‍), പച്ചയോ (നെല്ലൂര്‍അഭ്രം) ആയും ഇവ ലഭിക്കുന്നു. ഫ്ളോഗൊപൈറ്റ് മഞ്ഞയോ കടുംതവിട്ടോ ആയ അര്‍ധതാര്യവസ്തുവാണ്. ബയൊട്ടൈറ്റ് സാധാരണയായി അതാര്യമാണ്; കറുപ്പ്, തവിട്ട്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലോ നിര്‍വര്‍ണമായോ ഇത് കണ്ടുവരുന്നു. ലെപ്പിഡൊലൈറ്റിന് ഇളംചുവപ്പോ തവിട്ടോ നിറമാണുള്ളത്. അഭ്രങ്ങള്‍ തിളക്കമുള്ളവയാണ്. മസ്കൊവൈറ്റിന് മുത്തിന്റെ ശോഭയാണ് ഉള്ളത്. ലെപ്പിഡൊലൈറ്റിന് ലോഹങ്ങളെപ്പോലെ നേരിയ തിളക്കമുണ്ടായിരിക്കും.

മേല്പറഞ്ഞ എല്ലാ ഇനങ്ങളുംതന്നെ സ്പഷ്ടമായ ആധാരികവിദളനമുള്ളവയാണ്. മസ്കൊവൈറ്റ് പാളികളെ ഒരു മി. മീറ്ററിലും കുറഞ്ഞ കനത്തില്‍ നേരിയ തകിടുകളായി അടര്‍ത്തി എടുക്കാം. തകിടുകള്‍ വഴക്കമുള്ളതും ഇലാസ്തികവും (elastic) ആയിരിക്കും; ഒപ്പംതന്നെ ദൃഢവുമാണ്. ഫ്ളോഗൊപൈറ്റ് തകിടുകള്‍ മസ്കൊവൈറ്റിനോളം ഇലാസ്തികമല്ലെങ്കിലും നന്നായി വളയുന്നു.

അഭ്രങ്ങളില്‍ പൊതുവേ ജലാംശമുണ്ട്. പക്ഷേ, അവയെ ഹൈഡ്രസ് സിലിക്കേറ്റുകളായി വിചാരിക്കാന്‍ ന്യായമില്ല. ജ്വലിപ്പിക്കുമ്പോള്‍ ഇവയൊക്കെത്തന്നെ ജലം പുറപ്പെടുവിക്കുന്നു. പരലുകളിലടങ്ങിയിരിക്കുന്ന ഘടനാജലം (water of conductivity) ആണ് ഈവിധം നഷ്ടപ്പെടുന്നത്.

അഭ്രങ്ങള്‍ക്ക് വിദ്യുത്ചാലകത (electric conductivity) നന്നേ കുറവാണ്; പരാവൈദ്യുതശക്തി (dielectric strength) വളരെ കൂടുതലും. കൂടിയ വോള്‍ട്ടേജിലുള്ള വൈദ്യുതപ്രവാഹംപോലും അഭ്രതകിടുകളെ ബാധിക്കുന്നില്ല. ബയൊട്ടൈറ്റിന്റെ പരാവൈദ്യുതശക്തി താരതമ്യേന കുറവാണ്. ഇരുമ്പിന്റെ അംശം അധികമായതുകൊണ്ടാണിത്. അഭ്രത്തിന്റെ ഉപഗണങ്ങളൊന്നുംതന്നെ എളുപ്പം ചൂട് സംക്രമിപ്പിക്കുന്നവയല്ല; പെട്ടെന്ന് ഉരുകുന്നുമില്ല. മസ്കൊവൈറ്റ് 5500C വരെയും, ഫ്ളോഗൊപൈറ്റ് 10000C വരെയും താപം സഹിക്കുന്നു. മസ്കൊവൈറ്റ് സാധാരണ അവസ്ഥയില്‍ അമ്ളങ്ങളില്‍ ലയിക്കുന്നില്ല. ബയൊട്ടൈറ്റും ലെപ്പിഡൊലൈറ്റും ആസിഡുകളുമായി പ്രവര്‍ത്തിച്ച് സിലിക അവശേഷിപ്പിക്കുന്നു. അഭ്രങ്ങളുടെ കാഠിന്യം 2.5 മുതല്‍ 4.5 വരെയാണ്. (മസ്കൊവൈറ്റ് 22.5, ഫ്ളോഗൊപൈറ്റ് 2.53, ബയൊട്ടൈറ്റ് 2.83.4) ആ. സാ. 2.8-3.4; അപവര്‍ത്തനാങ്കം 1.535-1.705.

രാസസംയോഗം. ഘടകപദാര്‍ഥങ്ങളുടെ പരസ്പരാദേശപ്രകൃതിമൂലം അഭ്രങ്ങളുടെ രാസഘടന സങ്കീര്‍ണമായിരിക്കുന്നു. പൊതുഫോര്‍മുല XY2-3 Z4 O10 (OH, F)2. ഇതില്‍ X പൊട്ടാസിയം, സോഡിയം, കാല്‍സിയം, അപൂര്‍വമായി ബേറിയം, റുബീഡിയം എന്നീ ലോഹങ്ങളെ സൂചിപ്പിക്കുന്നു. ഭംഗുരാഭ്രങ്ങളില്‍ കാല്‍സിയമാണ് അധികവും കാണുന്നത്. Y എന്നത് അലൂമിനിയം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയിലൊന്നായിരിക്കും. ഇതോടുചേര്‍ന്ന് മാന്‍ഗനീസ്, ക്രോമിയം, ലിഥിയം, ടൈറ്റാനിയം എന്നിവയും ചിലപ്പോള്‍ ഉണ്ടാകും. Z സിലികയെ സൂചിപ്പിക്കുന്നു. തരംതിരിച്ചുള്ള രാസസംയോഗം പട്ടികയില്‍ വിവരിച്ചിരിക്കുന്നു.

Y അയോണുകളെ അടിസ്ഥാനമാക്കി അഭ്രത്തിന്റെ ഉപഗണങ്ങളെ ദ്വയാഷ്ടഫലകീയം (dioctahedral), ത്രയാഷ്ടഫലകീയം (trioctahedral) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഇവയിലെ Y അയോണുകളുടെ എണ്ണം യഥാക്രമം 4, 6 ആണ്.

പരല്‍വ്യവസ്ഥ. ഷഡ്ഭൂജീയമോ (hexagonal) ഛദ്മഷഡ്ഭുജീയമോ (pseudo hexagonal) ആയി ഇടതൂര്‍ന്ന് സംയോജിച്ചുകാണുന്ന സാരണീബദ്ധ (tabular) പരല്‍വ്യവസ്ഥയാണ് അഭ്രത്തിനുള്ളത്. ആറു വശങ്ങളുള്ള പ്രിസ (prism) ങ്ങളുടെ ആകൃതിയില്‍ അനുപ്രസ്ഥമായി അടുക്കപ്പെട്ടിട്ടുള്ള പടലങ്ങള്‍ ചേര്‍ന്ന സംപുഞ്ജങ്ങള്‍ (mica books) ആയാണ് അഭ്രത്തിന്റെ അവസ്ഥിതി. ഇവയുടെ വിദളന പടലത്തില്‍ (cleavage falke) ആഘാതമേല്പിച്ചാലുണ്ടാകുന്ന അടയാളം (percussion figure) നക്ഷത്രാകൃതിയില്‍ കാണാം. ഇതിന്റെ മൂന്ന് അക്ഷങ്ങളില്‍ രണ്ടെണ്ണം പ്രിസത്തിന്റെ വശങ്ങള്‍ക്കും മൂന്നാമത്തേത് ക്ളൈനോപിനാക്കോയ്ഡിനും (Clinopinacoid) സമാന്തരമായിരിക്കും.

ഒരേ അഭ്രപാളിയില്‍തന്നെ എല്ലാ അടരുകളും ഒരേ കനത്തിലുള്ളതാവണമെന്നില്ല. ഈ അടരുകള്‍ക്കിടയില്‍ ഗാര്‍നൈറ്റ്, ടൂര്‍മലൈന്‍, ക്വാര്‍ട്ട്സ്, മാഗ്നട്ടൈറ്റ് തുടങ്ങിയവയുടെ പരന്ന പരലുകള്‍ ഇടതൂര്‍ന്നുണ്ടായ നേരിയ സ്തരങ്ങള്‍ കണ്ടുവെന്നും വരാം.

അവസ്ഥിതി. അഭ്രങ്ങള്‍ എല്ലാത്തരത്തിലുള്ള ശിലകളിലും-ആഗ്നേയശിലകള്‍, കായാന്തരിത ശിലകള്‍, അവസാദശിലകള്‍-കണ്ടുവരുന്നു. ഇവ ലാവകള്‍, ഷിസ്റ്റുകള്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, മണല്‍ക്കല്ല് തുടങ്ങിയ ശിലകളുമായി ഇടകലര്‍ന്ന് അവസ്ഥിതമായിരിക്കും. മിക്കവാറുമുള്ള ആഗ്നേയശിലാശേഖരങ്ങളില്‍ അഭ്രത്തിന്റെ നേരിയ പടലങ്ങളെങ്കിലും രൂപംകൊണ്ടിരിക്കും. അപക്ഷരണ (weathering) ഫലമായി വിവിധ ശിലാതലങ്ങളില്‍ അഭ്രത്തരികളുണ്ടാകാം. എന്നാല്‍ ഇവയൊന്നുംതന്നെ സമ്പന്നനിക്ഷേപങ്ങളല്ല. ഭാരിച്ച നിക്ഷേപങ്ങള്‍ ശിലാസിര(veins)കളിലും ഡൈക്കു (dike) കളിലും രൂപംകൊള്ളുന്ന തരിമയമായ ആഗ്നേയശിലാസഞ്ചയ (പെഗ്മട്ടൈറ്റ്-Pegmatite) ങ്ങളിലാണ് കണ്ടെത്താറുള്ളത്. മസ്കൊവൈറ്റ് ഗ്രാനൈറ്റ്-പെഗ്മട്ടൈറ്റുകളുമായി ബന്ധപ്പെട്ടിരിക്കും; ഇവ സ്വതന്ത്രമായോ, ബയൊട്ടൈറ്റ്, ലെപ്പിഡൊലൈറ്റ് എന്നിവയുമായി കൂട്ടുചേര്‍ന്നോ കാണപ്പെടുന്നു. ഏറ്റവും മികച്ചയിനം മസ്കൊവൈറ്റുകള്‍ അഭ്രഷിസ്റ്റിനോ അഭ്രനയിസിനോ ഇടയ്ക്കായി രൂപംകൊണ്ടിട്ടുള്ള പെഗ്മട്ടൈറ്റുകളില്‍ സോഡാഫെല്‍സ്പാറുമായി കലര്‍ന്നു ലഭിക്കുന്നു. കേന്ദ്രസ്ഥമായ ക്വാര്‍ട്ട്സ്കാമ്പ്, മസ്കൊവൈറ്റ്, ഫെല്‍സ്പാര്‍, വീണ്ടും മസ്കൊവൈറ്റ്, മറ്റു ശിലകള്‍ എന്നിങ്ങനെയാണ് ഇന്ത്യയിലെ മികച്ച നിക്ഷേപങ്ങളിലെ ക്രമീകരണം.

ഫ്ളോഗൊപൈറ്റുകള്‍ അല്പസിലിക (basic) ശിലകളുമായി ബന്ധപ്പെട്ടുകാണുന്നു. ഡൂണൈറ്റ്, പെരിഡൊട്ടൈറ്റ് എന്നിവയിലും ഡോളമൈറ്റുകളിലുമാണ് ഇവ സാധാരണ കാണാറുള്ളത്.

ഉപയോഗങ്ങള്‍. ഒരു വിദ്യുത്-രോധി (insulator) എന്നനിലയില്‍ അഭ്രത്തിന്റെ ഉപയോഗം വിദ്യുച്ഛക്തി വ്യവസായത്തില്‍ അനിവാര്യമാണ്. ഡൈനാമോകളിലെ കമ്മ്യൂട്ടേറ്റര്‍, മോട്ടോറുകള്‍, വയര്‍ലസ് ഉപകരണങ്ങള്‍ വിദ്യുത്-താപനയന്ത്രങ്ങള്‍, ഫ്യൂസുകള്‍, റേഡിയോ, ടെലിവിഷന്‍, ടെലിഫോണ്‍, വിമാനങ്ങളിലെ സ്പാര്‍ക് പ്ളഗ്ഗുകള്‍ തുടങ്ങി മിക്കവാറും എല്ലാ വൈദ്യുതോപകരണങ്ങളിലും അഭ്രം ഉപയോഗിക്കുന്നു. പൊടിഞ്ഞുപോയ അഭ്രക്കഷണങ്ങള്‍ കട്ടിയുള്ള തുണിയിലും മറ്റും ഒട്ടിച്ചുചേര്‍ത്തുണ്ടാക്കുന്ന അഭ്രടേപ്പുകള്‍, തകിടുകള്‍ തുടങ്ങിയവപോലും വൈദ്യുതരോധനത്തിന് ഉപയോഗപ്പെടുത്തുന്നു. അഭ്രം സംസ്കരിച്ചെടുത്തതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന അഭ്ര ഇഷ്ടികകളും വിദ്യുത്-രോധികളാണ്. പൊടിച്ച അഭ്രം പെയിന്റുകള്‍, ലൂബ്രിക്കന്റുകള്‍, അലങ്കാരസാധനങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് പ്രയോജനപ്പെടുന്നു. ആയുര്‍വേദ ഔഷധങ്ങളിലും അഭ്രം ചേര്‍ക്കാറുണ്ട്.

ഇന്ത്യയില്‍. ലോകത്തിലെ അഭ്രോത്പാദനത്തിന്റെ 80 ശ.മാ.വും ഇന്ത്യയിലാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ നിക്ഷേപങ്ങളുണ്ട്. പ്രധാന സംസ്ഥാനങ്ങളും നിക്ഷേപമുള്ള ജില്ലകളും താഴെ ചേര്‍ക്കുന്നു: ആന്ധ്രാപ്രദേശ് (നെല്ലൂര്‍, കൃഷ്ണ, കടപ്പ, വിശാഖപട്ടണം), ബിഹാര്‍ (ഭഗവല്‍പൂര്‍, ഗയ, ഹസാരിബാഗ്, മോണ്‍ഘീര്‍, ധന്‍ബാദ്, പലമാവു, റാഞ്ചി, സിംഹ്ഭൂം), ഗുജറാത്ത് (ഛോട്ടാ-ഉദയ്പൂര്‍), ജമ്മു-കാശ്മീര്‍ (സോമ്ജാന്‍, ദോദാ), മധ്യപ്രദേശ് (ബാലാഘാട്ട്, ബസ്താര്‍, ബിലാസ്പൂര്‍, ച്ഛിന്ദ്വാഡാ, ഗ്വാളിയര്‍, ഝാബുവാ, റീവാ), തമിഴ്നാട് (കോയമ്പത്തൂര്‍, നീലഗിരി, സേലം), മഹാരാഷ്ട്ര (രത്നഗിരി), മൈസൂര്‍ (ഹസ്സന്‍, കാടൂര്‍, മൈസൂര്‍), ഒറീസ (ഗഞ്ചാം, കോരാപ്പട്ട്, മയൂര്‍ഭഞ്ജ്, സംഭല്‍പ്പൂര്‍, സുന്ദര്‍ഗഢ്), രാജസ്ഥാന്‍ (അല്‍വര്‍, അജ്മീര്‍, ഭരത്പൂര്‍, ഭീല്‍വാഡാ, ജയ്പൂര്‍, ജോദ്പൂര്‍, കിഷന്‍ഗഡ്, ഷാപുര, തോങ്ക്, ഉദയ്പൂര്‍), കേരളം (കൊല്ലം). ഇവയില്‍ കൊല്ലം ജില്ലയിലും വിശാഖപട്ടണം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും മാത്രമാണ് നേരിയ ഫ്ളോഗൊപൈറ്റ് നിക്ഷേപമുള്ളത്.

അഭ്രത്തിന്റെ മേന്മ അതിന്റെ ഭൌതികഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു. പോറലുകളോ സുഷിരങ്ങളോ ഇല്ലാതെ, ഒരേ നിറത്തിലുള്ള വലിയ മസ്കൊവൈറ്റ് തകിടുകളാണ് ഏറ്റവും ഉയര്‍ന്നതരം അഭ്രം. ഷീറ്റുകളെ അവയുടെ നിറം, വലുപ്പം, മറ്റു ഗുണങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി തരംതിരിക്കുന്നു. ഫ്ളോഗൊപൈറ്റിന്റെ ഈടു നിര്‍ണയിക്കുന്നത് അതിന്റെ താപരോധിത്വത്തെ അടിസ്ഥാനമാക്കിയാണ്. ഉച്ചതാപസഹങ്ങളായ ഫ്ളോഗൊപൈറ്റുകളാണ് സ്പാര്‍ക് പ്ളഗ്ഗുകള്‍ക്ക് ഉപയോഗിക്കുന്നത്.

പഴയ രീതികളുപയോഗിച്ചാണ് ഇന്നും ഈ ധാതു ഖനനം ചെയ്യപ്പെടുന്നത്. സംസ്കരിച്ചെടുക്കുമ്പോള്‍ അയിരിന്റെ 10 ശ.മാ. മാത്രമാണ് തകിടുകളായി വേര്‍തിരിഞ്ഞുകിട്ടുക. അഭ്രപാളികളില്‍നിന്നും തകിടുകള്‍ അടര്‍ത്തിയെടുത്ത്, അവയെ ചെത്തിയും മുറിച്ചും രൂപപ്പെടുത്തുന്നു.

ഇന്ത്യന്‍ അഭ്രത്തിന്റെ 50 ശ.മാ.വും ബിഹാറില്‍നിന്ന് ലഭിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചയിനം അഭ്രങ്ങള്‍ ഇവിടെയാണ് ഖനനം ചെയ്യപ്പെടുന്നത്. ആന്ധ്രപ്രദേശും രാജസ്ഥാനുമാണ് അഭ്രം ലഭിക്കുന്ന മറ്റു പ്രധാന സംസ്ഥാനങ്ങള്‍. വര്‍ധിച്ചുവരുന്ന വ്യവസായങ്ങളിലൂടെ അഭ്രത്തിന്റെ ദേശിയോപഭോഗം ഗണ്യമായികൂടിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B5%8D%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍