This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലനേമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:10, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാലനേമി

ഇതിഹാസ പുരാണാദികളില്‍ ഒന്നിലധികം കാലനേമികളുടെ പരാമര്‍ശമുണ്ട്‌.

1. നൂറു കൈയുള്ള പുരാണ പ്രസിദ്ധമായ ഒരു മഹാസുരന്‍. വിരോചനന്റെ പുത്രനായ ഈ അസുരന്‍ ദേവന്മാരെ തോല്‌പിച്ച്‌ കുറേക്കാലം സ്വര്‍ഗാധിപനായി വാണു. മഹാവിഷ്‌ണു ഇവനെ വധിച്ചു. മരീചിയുടെയും ഊര്‍ണയുടെയും ആറു പുത്രന്മാര്‍ സ്വയംഭൂവ മന്വന്തരത്തില്‍ ബ്രഹ്മാവിന്റെ ശാപമേറ്റ്‌ കാലനേമിയുടെ പുത്രന്മാരായി ഭൂമിയില്‍ പിറന്നു. രണ്ടാം ജന്മത്തില്‍ ഇവര്‍ ആറുപേരും ഹിരണ്യകശിപു എന്ന അസുരന്റെ പുത്രന്മാരായി വീണ്ടും ഭൂമിയില്‍ ജനിച്ചു. ആ ജന്മത്തില്‍ ഇവര്‍ സത്സ്വഭാവികളായി ജീവിച്ചതിനാല്‍ ബ്രഹ്മാവ്‌ ആവശ്യമുള്ള വരം ചോദിക്കാന്‍ ഇവരോട്‌ ആവശ്യപ്പെട്ടു; ആരും തങ്ങളെ വധിക്കരുതെന്നുള്ള വരം ഇവര്‍ ബ്രഹ്മാവില്‍നിന്നു സമ്പാദിച്ചു. തന്നോടാലോചിക്കാതെ പുത്രന്മാര്‍ വരം വാങ്ങിയതില്‍ കോപിഷ്‌ഠനായ ഹിരണ്യകശിപു "നിങ്ങള്‍ ഷഡര്‍ഭകര്‍ എന്ന പേരില്‍ പാതാളത്തില്‍ പോയി വളരെക്കാലം ഉറങ്ങിക്കിടക്കട്ടെ' എന്നു ശപിച്ചു. അവര്‍ ശാപമോക്ഷം യാചിച്ചു. "നിങ്ങള്‍ ദീര്‍ഘനിദ്രയ്‌ക്കുശേഷം ദേവകിയുടെ ഗര്‍ഭത്തില്‍ ജനിക്കു'മെന്നും "തദവസരത്തില്‍ മുന്‍ ജന്മത്തിലെ പിതാവായ കാലനേമി കംസനായി അവതരിച്ചു നിലത്തടിച്ചു കൊല്ലുമെന്നും അപ്പോള്‍ ശാപമോക്ഷം സിദ്ധിക്കും' എന്നും ഹിരണ്യകശിപു അവര്‍ക്കു ശാപമോക്ഷമാര്‍ഗം നിര്‍ദേശിച്ചു. കംസനായി അവതരിച്ച കാലനേമിയെ കൃഷ്‌ണന്‍ വധിച്ചു (ഭാഗവതം).

2. രാവണന്റെ അമ്മാവനായി കാലനേമി എന്ന പേരില്‍ ഒരു രാക്ഷസന്‍ ഉണ്ടായിരുന്നതായി അധ്യാത്മരാമായണത്തില്‍ കാണുന്നു. രാമരാവണയുദ്ധത്തില്‍ ലക്ഷ്‌മണനു ബോധക്ഷയം സംഭവിച്ചപ്പോള്‍ ഔഷധത്തിനായി ദ്രാണപര്‍വത്തിലേക്കു പോയ ഹനുമാന്‌ മാര്‍ഗവിഘ്‌നം വരുത്തുവാനായി ഈ രാക്ഷസനെയാണ്‌ രാവണന്‍ നിയോഗിച്ചത്‌. എന്നാല്‍ മുനിവേഷം പൂണ്ട്‌ തന്നെ വഞ്ചിക്കുവാനൊരുങ്ങിയ ഈ രാക്ഷസനെ ഹനുമാന്‍ തിരിച്ചറിയുകയും വധിക്കുകയും ചെയ്‌തു.

3. മാളവീയദേശീയനും യജ്ഞസേനന്‍ എന്ന ബ്രാഹ്മണന്റെ പുത്രനുമായ ഒരു കാലനേമിയെക്കുറിച്ച്‌ കഥാസരിത്‌സാഗര (കഥാമുഖലംബകംരണ്ടാം തരംഗം) ത്തില്‍ പ്രതിപാദിച്ചുകാണുന്നുണ്ട്‌. ഹോമം കൊണ്ട്‌ ലക്ഷ്‌മീദേവിയെ പ്രസാദിപ്പിച്ച ഈ ബ്രാഹ്മണന്‍ ദേവിയുടെ അനുഗ്രഹത്താല്‍ സമ്പദ്‌സമൃദ്ധിയും ഭൂപതിയായ പുത്രനെയും നേടിയെങ്കിലും കള്ളനെപ്പോലെ ഒടുവില്‍ കൊല്ലപ്പെടുകയാണുണ്ടായത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%87%E0%B4%AE%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍