This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓള്‍മെക്‌ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓള്‍മെക്‌ കല

Olmec Art

മധ്യ അമേരിക്കയിലെ അതിപ്രാചീനമായ പ്രാകൃതകലയുടെ ദൃഷ്‌ടാന്തമായി ചൂണ്ടിക്കാണിക്കപ്പെട്ടുവരുന്ന ഒരു പ്രാദേശിക കലാരൂപം. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ തീരത്ത്‌ നിവസിച്ചിരുന്ന ആദിവാസികളെ പൊതുവേ ഓള്‍മെക്‌ സമൂഹം എന്നാണ്‌ വിളിച്ചുവരുന്നത്‌. ഇവരുടെ കലയെയാണ്‌ ഓള്‍മെക്‌കല എന്നു പറയുന്നത്‌. ട്രസ്‌സാപോട്‌സ്‌ (വെറാക്രൂസ്‌), ലാവെന്റാദ്വീപ്‌ (തബസ്‌കോ) എന്നീ പ്രദേശങ്ങളിലാണ്‌ ഓള്‍മെക്കുകള്‍ പ്രധാനമായും പാർത്തിരുന്നത്‌. ഈ പ്രദേശങ്ങള്‍ രണ്ടിലെയും സംസ്‌കാരങ്ങളെപ്പറ്റി നടത്തിയിട്ടുള്ള പഠനങ്ങളിൽ നിന്നും പ്രാകൃത കലയുടെ ഏറ്റവും മുന്തിയ രൂപമാണ്‌ ഇവിടെയുള്ളതെന്ന്‌ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഓള്‍മെക്‌ സംസ്‌കാരത്തിന്റെ കാലഘട്ടം വ്യക്തമായി പറയാന്‍ പ്രയാസമാണ്‌. ലാവെന്‍റാ സംസ്‌കാരം ബി.സി. 800 മുതൽ 400 വരെ നിലനിന്നിരുന്നതായി കാണാം. ടെസ്‌സാപോർട്ട്‌സ്‌ സംസ്‌കാരകാലം ബി.സി. 600 മുതൽ 400 വരെയാണെന്ന്‌ കരുതപ്പെടുന്നു. പുരാതന സംസ്‌കാരങ്ങളായ മെക്‌സിക്കോ-താജിന്‍, തിയോതിഹുകാന്‍, മായാ, സാപോട്ടിസ്‌ എന്നിവയെ ഓള്‍മെക്‌ സംസ്‌കാരം സ്വാധീനിച്ചിരുന്നുവെന്നതിന്‌ ഇന്ന്‌ വ്യക്തമായ തെളിവുകളുണ്ട്‌. ഓള്‍മെക്കുകള്‍ നിവസിച്ചിരുന്ന പ്രദേശങ്ങളിൽ വലിയ പാറക്കെട്ടുകളോ കല്ലുകളോ വേണ്ടത്ര ഇല്ലാതിരുന്നതിനാൽ വലിയ മന്ദിരങ്ങളുടെ നിർമാണം ഇവർക്ക്‌ സാധ്യമായിരുന്നില്ല. എന്നാൽ മെക്‌സിക്കന്‍ ശില്‌പകലയുടെ പ്രണേതാക്കള്‍ ഓള്‍മെക്കുകളാണെന്നുള്ളത്‌ ഒരു വസ്‌തുതയാണ്‌. വിദൂരസ്ഥലങ്ങളിൽ നിന്നും കല്ലും പാറയും കൊണ്ടുവന്ന്‌ ഓള്‍മെക്കുകള്‍ ശില്‌പങ്ങളും ബലിപീഠങ്ങളും തൂണുകളും നിർമിച്ചിരുന്നു. കല്ലിൽ കൊത്തിയുണ്ടാക്കപ്പെട്ട ബലിപീഠങ്ങളുടെയും ശില്‌പങ്ങളുടെയും തൂണുകളുടെയും അവശിഷ്‌ടങ്ങള്‍ ഇന്നും മെക്‌സിക്കോയിൽ കാണാവുന്നതാണ്‌. ഓള്‍മെക്കുകളുടെ അസാധാരണമായ ഒരു സംഭാവനയാണ്‌ ഭീമാകാരങ്ങളായ ശിരോരൂപങ്ങള്‍. ബസാള്‍ട്ട്‌ കടഞ്ഞെടുത്ത്‌ ഏകദേശം 2.5 മീ. പൊക്കവും 40 ടണ്‍ ഭാരവുമുള്ള ശിരോരൂപങ്ങള്‍ ഇവർ നിർമിച്ചിരുന്നു. നീഗ്രാകളുടെ മുഖച്ഛായയോടു സാദൃശ്യം തോന്നിപ്പിക്കുന്നവിധം പരന്ന തലയും പരന്ന മൂക്കും തടിച്ച ചുണ്ടും തുടുത്ത കവിളുകളുമുള്ള ഈ രൂപങ്ങള്‍ വലിയ തൂണുകളിലാണ്‌ ഉറപ്പിച്ചിരുന്നത്‌. സന്തോഷം, ക്രൗര്യം മുതലായ വികാരങ്ങള്‍ ദ്യോതിപ്പിക്കുന്ന ഇവയുടെ നിർമാണം വിദഗ്‌ധമായിത്തന്നെ നിർവഹിച്ചിരുന്നു. ഏതാണ്ട്‌ എ.ഡി. 200-300 കാലങ്ങളിൽ നിർമിക്കപ്പെട്ടവയെന്നു കരുതപ്പെടുന്ന ഇത്തരം പത്തു ശിരസ്സുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌; കൂടാതെ ഭീമാകാരങ്ങളായ ഏതാനും പൂർണകായ പ്രതിമകളും ഇക്കൂട്ടത്തിൽ പച്ചകലർന്ന നീലനിറമുള്ള അക്കിക്കല്ലിൽ (ജെയ്‌ഡ്‌) പണിതീർത്തവ ഏറെ മിഴിവുറ്റവയാണ്‌. സാധാരണയിൽക്കവിഞ്ഞ്‌ താഴോട്ടിറങ്ങിയ കടവായും ഐന്ദ്രിയ വികാരദ്യോതകമായ വക്‌ത്രങ്ങളുമുള്ള ഈ രൂപങ്ങള്‍ വലിയ പ്രതിമകളെപ്പോലെ തന്നെ വിദഗ്‌ധമായി നിർമിച്ചിരിക്കുന്നു. ഈ ശില്‌പങ്ങളിൽനിന്നും കഴുത്തിനുതാഴെയുള്ള ശരീരഭാഗങ്ങളെക്കാള്‍ ശിരസ്സിനാണ്‌ ഓള്‍മെക്കുകള്‍ എപ്പോഴും പ്രാധാന്യം നൽകിയിരുന്നതെന്ന്‌ മനസ്സിലാക്കാം.

ഗുസ്‌തിക്കാരന്‍ - ശില്‌പം

രൂപവൈകല്യംകൊണ്ട്‌ അനാകർഷകങ്ങളായ മനുഷ്യരൂപങ്ങള്‍ നിർമിക്കുന്നതിൽ ഓള്‍മെക്കുകള്‍ പ്രത്യേകം താത്‌പര്യം കാണിച്ചിരുന്നു. കൂനന്മാർ, മുണ്ടന്മാർ, സ്ഥൂലശരീരികളായ ശിശുക്കള്‍ എന്നിവരുടെ രൂപങ്ങളാണ്‌ ഇത്തരത്തിൽപ്പെട്ടവ. മാന്ത്രികശക്തി ലക്ഷ്യമാക്കിയാവണം ഇവ നിർമിച്ചിരുന്നത്‌. ഇവയ്‌ക്ക്‌ കല്‌പിക്കപ്പെട്ടിട്ടുള്ള അർഥം എന്തുതന്നെയായിരുന്നാലും അസാധാരണമായ വൈകാരിക പ്രകമ്പനം പ്രക്ഷകനിലുളവാക്കുവാനുള്ള ശക്തി ഇവയ്‌ക്കുണ്ട്‌. ജെയ്‌ഡ്‌ കല്ലുകളിൽ നിർമിച്ചിട്ടുള്ളവയും തുരന്നെടുത്ത കണ്ണുകളും ചപ്പിയമൂക്കും പൂച്ചയുടേതുപോലുള്ള വായുമുള്ള മനുഷ്യശിരസ്സുകള്‍ അങ്കിതമായിട്ടുള്ളവയുമായ കോടാലികള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. ഇവ മതപരമായ കർമങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്നവയാണെന്ന്‌ വിശ്വസിക്കപ്പെട്ടുവരുന്നു. ജഗുർ എന്ന ദൈവത്തിന്റെ രൂപത്തിലുള്ള ശീർഷങ്ങളും ഇവരുടെ ശില്‌പാവശിഷ്‌ടങ്ങളിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. ജഗുർദേവന്‌ ഒരു സ്‌ത്രീയിൽ ഉണ്ടായ ജന്തുവിന്റെ രൂപവും ഓള്‍മെക്കുകള്‍ ആരാധനയ്‌ക്ക്‌ ഉപയോഗിച്ചിരുന്നു. അമൂർത്ത കലാസങ്കേതം ഉപയോഗിച്ചുണ്ടാക്കിയ മുഖംമൂടികള്‍ ഇവരുടെ മറ്റൊരു സംഭാവനയാണ്‌. ഒരു ചതുർഭുജത്തിന്റെ നാലു മൂലകളിൽ ദിക്‌സൂചകങ്ങളായും നടുക്ക്‌ കേന്ദ്രബിന്ദു സൂചകമായും പണിതുചേർത്തിട്ടുള്ള ചൂണ്ടികളോടുകൂടിയ ഒരുപകരണം(Quincunx) ഉപയോഗിച്ച്‌ ലോകത്തിന്റെ നാലു ദിക്കുകള്‍ ആദ്യമായി വിഭാവനം ചെയ്‌തത്‌ ഓള്‍മെക്കുകളാണ്‌. ചിത്രലിപി, പഞ്ചാംഗം, വരകളും കുത്തുകളും ഉപയോഗിച്ചുള്ള ഗണിതശാസ്‌ത്രം എന്നിവയും ഇവർ പ്രയോഗത്തിൽ വരുത്തിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍