This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈയേയാസൂ (1542 - 1616) Ieyasu
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഈയേയാസൂ (1542 - 1616)
Ieyasu
ജാപ്പനീസ് സൈനികനേതാവും ടോകുഗാവ ഷോഗണ്‍ ഭരണത്തിന്റെ സ്ഥാപകനും. ജപ്പാനിലെ ഒകസാകിയിൽ 1542-ൽ ജനിച്ചു. 16-ാം ശതകത്തിന്റെ അന്ത്യത്തിൽ ഫ്യൂഡൽ പ്രഭുക്കളെയും ബുദ്ധമത നേതാക്കളെയും അമർച്ച ചെയ്‌ത് ജപ്പാന്റെ ഏകീകരണം നിർവഹിച്ചത് ഇദ്ദേഹമാണ്. യുദ്ധ പ്രഭുവായ ഹിദെയോഷി 1598-ൽ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുത്രനും പിന്‍ഗാമിയുമായ ഹിദയോറിയുടെ നാല് റീജന്റുമാരിൽ ഒരാളായി ഈയേയാസൂ നിയോഗിക്കപ്പെട്ടു. 1600-ൽ നടന്ന സെകിഗാഹാര യുദ്ധത്തിലൂടെ രാജ്യത്തിലെ പ്രബല നേതാവായി, യെഡൊ (ആധുനിക ടോക്കിയോ) ആസ്ഥാനമാക്കി ഭരണമാരംഭിച്ചു. 1603-ൽ ചക്രവർത്തി ഇദ്ദേഹത്തിന് ഷോഗണ്‍ (മുഖ്യ പട്ടാളമേധാവി) പദവി നല്‌കി. 1605-ൽ പുത്രനായ ഹിദെതാഡയ്‌ക്കുവേണ്ടി അധികാരം ഒഴിഞ്ഞുകൊടുത്തെങ്കിലും യെഡൊയിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഈയേയാസൂവാണ്. പിന്നീട് എട്ടു തലമുറക്കാലം ഈയേയാസൂവംശം ജപ്പാന്‍ ഭരിച്ചു. സംഘടിതമായ ഒരു ഫ്യൂഡൽഗവണ്‍മെന്റ് ജപ്പാനിൽ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഷിന്റോമതവും ബുദ്ധമതവും കലർന്ന ജപ്പാന്‍ പാരമ്പര്യം ആധ്യാത്മികൈക്യത്തിനും സാന്മാർഗികവ്യവസ്ഥയ്‌ക്കും ദേശാഭിമാനപരമായ സമർപ്പണബുദ്ധിക്കും ആവശ്യമാണെന്ന പക്ഷക്കാരനായിരുന്നു ഈയേയാസൂ. ക്രിസ്‌ത്യന്‍ മിഷനറിമാർ ഭരണത്തിനെതിരായി ഗൂഢാലോചന നടത്തുന്നുണ്ടെന്നു കണ്ടപ്പോള്‍ (1614) ഇദ്ദേഹം ക്രിസ്‌തുമത പ്രചാരണം നിരോധിക്കുകയുണ്ടായി. വിദേശ വ്യാപാരത്തെ പ്രാത്സാഹിപ്പിച്ച ഈയേയാസൂ 1609-ൽ ഡച്ചുകാർക്കും 1613-ൽ ബ്രിട്ടീഷുകാർക്കും വ്യാപാരസ്വാതന്ത്യ്രം അനുവദിച്ചുകൊടുത്തു. 1616-ൽ ഈയേയാസൂ അന്തരിച്ചു. നിക്കോയിൽ (Nikko) സ്ഥിതി ചെയ്യുന്ന ഈയേയാസൂവിന്റെ ശവകുടീരം ജപ്പാനിലെ പ്രധാനപ്പെട്ട പുണ്യ സങ്കേതങ്ങളിൽ ഒന്നാണ്.