This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഴവർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:58, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈഴവർ

കേരളത്തിലെ ഒരു പ്രബല സമുദായം. ജനസംഖ്യയിൽ കേരളത്തിൽ ഒന്നാമത്‌ നിൽക്കുന്നത്‌ ഈഴവരാണ്‌. കേരളത്തിലെ ജനസംഖ്യയുടെ 27 ശതമാനം ഈഴവ സമുദായക്കാരാണെന്നു കണക്കാക്കപ്പെടുന്നു.

ഉത്‌പത്തി. ഈഴവരുടെ ഉത്‌പത്തിയെപ്പറ്റി വിഭിന്നങ്ങളായ സിദ്ധാന്തങ്ങളാണ്‌ ഉന്നയിക്കപ്പെട്ടിട്ടുള്ളത്‌. അറേബ്യയിൽ നിന്നും സിന്‍ഡിൽനിന്നും, ഗുജറാത്തിൽ പ്രവേശിച്ച്‌ അവിടെ നിന്നു കേരളത്തിൽ എത്തിയ ഫിനിഷ്യന്മാരുടെ സന്തതികളാണ്‌ ഈഴവരെന്ന്‌ എ. ബാലകൃഷ്‌ണപിള്ള നിരീക്ഷിക്കുന്നു. ഈഴവരും നായന്മാരും ഒരു സമുദായക്കാരായിരുന്നുവെന്നും ഈ രണ്ടു സമുദായക്കാരും ദ്രാവിഡഗോത്രത്തിൽനിന്നു പിരിഞ്ഞവരാണെന്നും ഇളങ്കുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഈഴവരും നായന്മാരും നമ്പൂതിരിമാരും ഒരു ഗോത്രക്കാരാണെന്നും കാലാന്തരത്തിൽ പിരിഞ്ഞു വ്യത്യാസത്തിലെത്തിയതാണെന്നുമുള്ള പക്ഷക്കാരനാണ്‌ ഇ.എം.എസ്‌. മലബാറിലെ കോട്ടയം രാജകുടുംബവും കുട്ടന്‍ കുടുംബവും (തിയ്യ) തമ്മിൽ പരസ്‌പരം പുല ആചരിച്ചിരുന്നു.

ഈഴവർ ശ്രീലങ്കയിൽനിന്നു വന്നവരാണ്‌ എന്ന്‌ ടി.കെ. വേലുപ്പിള്ള, കെ.പി. പദ്‌മനാഭമേനോന്‍, തേഴ്‌സ്റ്റണ്‍ തുടങ്ങിയവർ അഭിപ്രായപ്പെടുന്നു. ഈഴവർ ശ്രീലങ്കയിൽ നിന്നു കേരളത്തിൽ എത്തിയതാണെന്നുള്ള ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ്‌ ഈ സിദ്ധാന്തം രൂപംകൊണ്ടത്‌. ചേരമാന്‍ പെരുമാള്‍ ഓല കൊടുത്തയച്ചതിന്‍പ്രകാരം ഈഴത്തുനാട്ടിൽ (സിലോണ്‍) നിന്ന്‌ അയയ്‌ക്കപ്പെട്ടവരുടെ സന്തതിപരമ്പരകളാണ്‌ ചേകോന്മാർ (ഈഴവർ) എന്ന്‌ വടക്കന്‍പാട്ടുകളിൽ പരാമർശമുണ്ട്‌. ഈഴവർക്ക്‌ തീയർ എന്ന പേരുണ്ടായത്‌ തീവർ (തീവ്‌ അഥവാ ദ്വീപിൽനിന്നു വന്നവർ) എന്ന അർഥത്തിലാണ്‌ എന്നും പറയപ്പെടുന്നു. ഈ തീവ്‌ സിലോണ്‍ ദ്വീപാണെന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. ശബ്‌ദധാതുവിനെ ആസ്‌പദിച്ചുള്ള ഈ അനുമാനങ്ങള്‍ക്കൊന്നും ചരിത്രപരമായ തെളിവുകളില്ല. സംഘകാലത്ത്‌ കേരളത്തിലുണ്ടായിരുന്ന ഉഴവർ, ചാന്റോർ, വില്ലോർ എന്നീ ഗോത്രങ്ങള്‍ പരിണമിച്ചുണ്ടായതാണ്‌ ഈഴവസമുദായമെന്ന അഭിപ്രായത്തിന്‌ ഇന്ന്‌ പ്രാബല്യം സിദ്ധിച്ചിട്ടുണ്ട്‌.

ഉഴവർ. കൃഷിചെയ്‌തു ജീവിച്ചിരുന്നവരാണ്‌ ഉഴവർ. ഇവർക്ക്‌ കുലമഹിമയും സ്ഥാനവലുപ്പവും ഉണ്ടായിരുന്നുവെന്ന്‌ പതിറ്റുപ്പത്തിൽ നിന്നു വ്യക്തമാകുന്നു. ഈഴവരുടെയും പ്രധാന തൊഴിൽ കൃഷിയാണ്‌. "കേരളത്തിൽ സ്ഥിരമായി കൃഷി ആരംഭിച്ച ആദ്യത്തെ കർഷകർ ഈഴവരാണെന്നു തോന്നുന്നു' എന്ന്‌ ഡോ. എ. അയ്യപ്പന്‍ അഭിപ്രായപ്പെടുന്നു. കേരളത്തിൽ തെങ്ങ്‌ കൊണ്ടുവന്നത്‌ ഈഴവരാണ്‌ എന്ന്‌ ലോഗന്‍ പ്രസ്‌താവിക്കുന്നുണ്ട്‌. ഈഴവരുടെ പ്രധാന തൊഴിൽ കൃഷിയാണെന്നും അവരിൽ പലരും ധനികരും സ്വാധീനശക്തിയുള്ളവരുമായ ഭൂപ്രഭുക്കന്മാരാണെന്നും തേഴ്‌സ്റ്റണ്‍ പറയുന്നു. പൗരാണിക കേരളത്തിലെ കൃഷിക്കാരായ ഉഴവരിൽ നല്ലൊരു വിഭാഗം ഈഴവസമുദായത്തിൽ ലയിച്ചതുകൊണ്ടാകാം അവരിൽ ഭൂരിഭാഗം പേർ ഭൂവുടമകളായിത്തീർന്നത്‌.

ചാന്റോർ. ഈഴവരായിത്തീർന്ന മറ്റൊരു ജനവിഭാഗം ചാന്റോർ എന്നറിയപ്പെട്ടിരുന്ന മദ്യഹാരകന്മാരാണ്‌. പ്രാചീന തമിഴകത്ത്‌ മദ്യഹാരകന്മാർക്ക്‌ മാന്യമായ ഒരു സ്ഥാനം കല്‌പിക്കപ്പെട്ടിരുന്നു. അതിനാൽ ചാന്റോർ എന്ന പദത്തിന്‌ മാന്യന്‍ എന്ന്‌ അർഥമുണ്ടായി. ചാന്റോർ എന്ന പദമായിരിക്കണം പിന്നീട്‌ ചാന്നാന്‍ ആയി രൂപാന്തരപ്പെട്ടത്‌. ഈഴവരിൽ ചാന്നാന്മാർ എന്നൊരു വിഭാഗമുണ്ട്‌. അവർ കുലമുഖ്യന്മാരെന്നാണ്‌ സങ്കല്‌പം. ഈഴവരുടെ വിവാഹാടിയന്തിരങ്ങള്‍ക്ക്‌ ചാന്നാന്മാരുടെ അനുമതിയും സാന്നിധ്യവും ചില സ്ഥലങ്ങളിൽ മുന്‍കാലങ്ങളിൽ ആവശ്യമായിരുന്നു. തിരുനെൽവേലി ജില്ലയിലും കന്യാകുമാരി ജില്ലയിലും തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലും ചാന്നാന്മാരുണ്ട്‌. അവർ 13-ാം നൂറ്റാണ്ടിൽത്തന്നെ ഈഴവർ എന്നാണ്‌ അറിയപ്പെട്ടിരുന്നതെന്ന്‌ എം. ശ്രീനിവാസയ്യങ്കാർ ചൂണ്ടിക്കാട്ടുന്നു. മദ്യഹാരകത്വം ഇന്നും ഈഴവരുടെ ഒരു തൊഴിലാണ്‌. പ്രാചീനകാലത്തെ മദ്യഹാരകന്മാരായ ചാന്റോർ ഈഴവരായി പരിണമിച്ചതിനു തെളിവാണിത്‌.

വില്ലോർ. വില്ലോർ ആണ്‌ ഈഴവരായി പരിണമിച്ച മറ്റൊരു ജനവിഭാഗം. ഇവർ മികച്ച യോദ്ധാക്കളായിരുന്നു. ക്രിസ്‌ത്വബ്‌ദം രണ്ടാംശതകത്തിൽ കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടുവന്‍ എന്ന കേരള ചക്രവർത്തിയുടെ പ്രധാനമന്ത്രി ഒരു വില്ലവനായിരുന്നു എന്ന്‌ ചിലപ്പതികാരത്തിൽ പറയുന്നുണ്ട്‌. വില്ലോരുടെ പിന്‍മുറക്കാരാണ്‌ അങ്കം വെട്ടുന്നതിൽ വിദഗ്‌ധരായ ചേകോന്മാർ. ആരോമൽ ചേകവർ, ഉച്ചിയാർച്ച തുടങ്ങിയവരുടെ അപദാനങ്ങള്‍ വടക്കന്‍പാട്ടുകളിൽ വർണിച്ചിരിക്കുന്നതുകാണാം. ചേകോന്‍ എന്ന പദത്തിൽനിന്നു ചോവന്‍ എന്ന പേരുണ്ടായി എന്നാണ്‌ ചില പണ്ഡിതന്മാരുടെ മതം. ചോവന്‍ എന്നത്‌ സേവകന്‍ എന്ന പദത്തിന്റെ തദ്‌ഭവമാണെന്നും ഒരു അഭിപ്രായമുണ്ട്‌. അതിനെ എതിർത്ത സി.വി. കുഞ്ഞുരാമനും മറ്റും "ധർമം വാങ്ങിയുച്ചുന്നവന്‍', "ബുദ്ധമതക്കാരന്‍' എന്നീ അർഥങ്ങളുള്ള "ചീവകന്‍' എന്ന തമിഴ്‌ വാക്കിൽനിന്നാണ്‌ ചോവന്‍ നിഷ്‌പന്നമായതെന്ന്‌ പ്രസ്‌താവിക്കുന്നു.

ചോവന്‍ എന്ന പദത്തിന്റെ ഉദ്‌ഭവം എങ്ങനെയായാലും "ചേവകന്‍' എന്നും "ചേകവന്‍' എന്നും അറിയപ്പെട്ടിരുന്നവർ മധ്യകാല കേരളത്തിലെ രണശൂരന്മാരായിരുന്നു എന്നതിൽ സംശയമില്ല. ഈ യോധൃപാരമ്പര്യം അടുത്തകാലംവരെ ഈഴവർ പുലർത്തിവന്നിരുന്നു. അമ്പലപ്പുഴ രാജാവിന്റെ സൈന്യത്തിൽ ഏറിയകൂറും ചോവന്മാരായിരുന്നു എന്ന്‌ കാന്റർവിഷർ രേഖപ്പെടുത്തിയിട്ടുണ്ട്‌. അമ്പലപ്പുഴ താലൂക്കിലെ അമ്പനാട്ടു പണിക്കന്മാരായിരുന്നു ഈഴവസേനയുടെ നായകന്മാർ. ധർമരാജാവിന്റെ സൈന്യത്തിൽ നായന്മാരും ഈഴവരും ഉണ്ടായിരുന്നതായി എഫ്‌.ഡബ്ല്യു. ഡൗസന്‍ രേഖപ്പെടുത്തുന്നു.

ചില ഈഴവഭവനങ്ങളിൽ അടുത്തകാലംവരെ കളരികളുണ്ടായിരുന്നു. കളരികളിൽ ആയുധാഭ്യാസം നടത്തിയിരുന്നവർക്ക്‌ ആശാന്‍ എന്നും പണിക്കർ എന്നും സ്ഥാനപ്പേരു നല്‌കിയിരുന്നു. കളരികള്‍ മിക്കതും അപ്രത്യക്ഷമായെങ്കിലും സ്ഥാനപ്പേരുകള്‍ ഇന്നും നിലനില്‌ക്കുന്നു. അങ്ങനെ കൃഷിക്കാരായ ഉഴവരും മദ്യഹാരകന്മാരായ ചാന്റോരും പടയാളികളായ വില്ലോരും ലയിച്ചു ചേർന്നായിരിക്കണം ഈഴവസമുദായമുണ്ടായത്‌. കേരളത്തിലെ പ്രാചീന ഗോത്രവർഗങ്ങളിൽ പലതും പരിണമിച്ചുണ്ടായ സമുദായമാണ്‌ ഈഴവരുടേതെന്ന കാമ്പിൽ അനന്തന്റെ പ്രസ്‌താവന ഈ ചരിത്രവസ്‌തുതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ചെങ്കുട്ടുവന്റെ കാലം മുതൽക്ക്‌ കേരളത്തിലെ പ്രധാന മതം ബുദ്ധമതമായിരുന്നു. ഈഴവരിൽ ഭൂരിപക്ഷവും ബുദ്ധമതക്കാരായിരുന്നു എന്നാണ്‌ ഇളംകുളം കുഞ്ഞന്‍പിള്ള പറയുന്നത്‌. ബുദ്ധമത പ്രഭാവകാലത്ത്‌ ഈഴവർക്ക്‌ സമൂഹത്തിൽ ഉന്നതപദവിയുണ്ടായിരുന്നു. ഹൈന്ദവ വർണാശ്രമാചാരങ്ങളെ എതിർക്കുന്നതിൽ ബുദ്ധമത മിഷനറിമാർ നിർണായക പങ്കാണ്‌ വഹിച്ചത്‌. എന്നാൽ ബ്രാഹ്മണരുടെ വരവോടെ വർണാശ്രമ ധർമങ്ങള്‍ ശക്തമായി പ്രതിഷ്‌ഠിക്കപ്പെട്ടു എന്നു മാത്രമല്ല ഈഴവരല്ലാത്ത മറ്റു സമുദായക്കാർ ബ്രാഹ്മണർക്കു അടിയറവ്‌ പറഞ്ഞപ്പോള്‍ ബ്രാഹ്മണ മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ഈഴവർ മ്ലേച്ഛരായി മുദ്രകുത്തപ്പെടുകയും ചെയ്‌തു.

നൂറ്റാണ്ടുകളോളം ബ്രാഹ്മണ മേധാവിത്വത്തോടു പൊരുതിയ പാരമ്പര്യമാണ്‌ ഈഴവസമുദായത്തിന്റേത്‌ എന്ന വി.ടി. ഭട്ടതരിപ്പാടിന്റെ അഭിപ്രായം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌. ബ്രാഹ്മണ ആധിപത്യം ശക്തമായതോടെ ദുർബലരായിത്തീർന്ന ഈഴവർ സാമൂഹിക ശ്രണിയിൽ തരംതാഴ്‌ത്തപ്പെട്ടു എന്നാണ്‌ ചരിത്രകാരന്മാരുടെ മതം. സാമൂഹികമായി അയിത്തംകല്‌പിച്ചു മാറ്റി നിർത്തപ്പെട്ട ഇവരുടെ ദുസ്ഥിതി 20-ാം ശതകത്തിന്റെ പൂർവാർധം വരെ തുടർന്നു.

ഈഴവർ കേരളത്തിന്റെ പല ഭാഗങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. കൊല്ലത്തിനു തെക്ക്‌ പൊതുവേ "ഈഴവർ' എന്നും, കൊല്ലത്തിനു വടക്കു കൊച്ചി വരെ ചോവന്മാർ എന്നും മലബാറിൽ തീയ്യന്മാർ എന്നും അറിയപ്പെടുന്നു. തമിഴ്‌നാട്ടിൽ തിരുനെൽവേലി ജില്ലയിലെ ചാന്നാന്മാരും തെക്കന്‍ കർണാടകത്തിലെ ബില്ലവരും ഈഴവസമുദായത്തിൽപ്പെടും. കൊ.വ. 1078-ൽ ഉണ്ടാക്കിയ എസ്‌.എന്‍.ഡി.പി. യോഗ നിബന്ധനകളിൽ ഈഴവർ, ചോവന്മാർ, തിയ്യർ, വില്ലവർ എന്നിവരെ ഒരു സമുദായമായിട്ടാണ്‌ പരിഗണിച്ചിരിക്കുന്നത്‌. മധുര-തിരുനെൽവേലി ജില്ലകളിലെ ഇല്ലത്തുപിള്ളമാരും ഈഴവസമുദായത്തിന്റെ ഒരു അവാന്തരവിഭാഗമാണെന്നു കരുതപ്പെടുന്നു. പഴയ ദക്ഷിണതിരുവിതാംകൂറിലെ ഈഴവരെ മലയാളഈഴവർ, പാണ്ടിഇൗഴവർ, കൊല്ലക്കാർ, പുഴുക്കർ, പാച്ചല്ലിഈഴവർ, വാത്തികള്‍ എന്നിങ്ങനെ ആറ്‌ വിഭാഗങ്ങളിലായി തരംതിരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഈഴവർ മലയാളഈഴവർ എന്നറിയപ്പെട്ടു. തമിഴ്‌നാട്ടിൽനിന്നു വന്ന പാണ്ടിഈഴവർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ഭാഗത്താണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. തിരുവനന്തപുരത്തെ പാച്ചല്ലൂർപ്രദേശത്തെ ഈഴവരാണ്‌ പാച്ചില/പാച്ചൊട്ടികള്‍. പുഴുക്കർ മലയാളിഈഴവരുടെ സിൽബന്ധികളായിരുന്നു. ഈഴവരിലെ എല്ലാ അവാന്തരവിഭാഗങ്ങളുടെയും ക്ഷുരക-പൗരോഹിത്യവൃത്തികളിൽ ഏർപ്പെട്ടുവന്നവരായിരുന്നു വാത്തികള്‍.

വടക്കന്‍ കേരളത്തിൽ ഈഴവർ തീയർ, ഇയ്യർ, കാവുതിയർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി അറിയപ്പെട്ടുപോന്നു. ഇതിൽ തീയരുടെ ക്ഷുരകന്മാരായിരുന്നു കാവുതിയർ. പാലക്കാട്‌ പ്രദേശത്ത്‌ ഈഴവരെ പൊതുവേ തണ്ടാന്മാർ എന്നും ഈഴവരെന്നും (ഈഴവപ്പണിക്കർ) രണ്ടായി തിരിച്ചിരിക്കുന്നു. പണിക്കർ എന്ന പദം ബഹുമാനസൂചകമായി പ്രായംചെന്ന ഈഴവരെ സംബോധനചെയ്യുവാനായിട്ടാണ്‌ ഉപയോഗിച്ചിരുന്നത്‌. തണ്ടാന്മാർ പ്രധാനമായും വള്ളുവനാട്‌, ഏറനാട്‌, പൊന്നാനി, ചിറ്റൂർ, തലപ്പള്ളി എന്നീ പ്രദേശങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

മതം. ഈഴവർ ഹിന്ദുമതവിശ്വാസികളാണ്‌. കേരളത്തിൽനിന്നു ബുദ്ധമതം നിശ്ശേഷം അപ്രത്യക്ഷമായതിനുശേഷമായിരിക്കണം അവർ ഹിന്ദുമതക്കാരായിത്തീർന്നത്‌. ചാത്തന്‍, ചാമുണ്ഡി, കാളി, മുത്തപ്പന്‍ തുടങ്ങിയ ദൈവങ്ങളെ കള്ളു നിവേദിച്ചും മൃഗബലി നടത്തിയും ഈഴവർ ആരാധിച്ചുവന്നിരുന്നു. എന്നാൽ ശ്രീനാരായണഗുരു ഇത്തരം ആചാരങ്ങള്‍ക്കെതിരെ പ്രചാരണപ്രവർത്തനങ്ങള്‍ നടത്തിയതോടെ അവ പതുക്കെ, ഇല്ലാതായി. ഭദ്രകാളിയായിരുന്നു പ്രധാന ദൈവം. ശബരിമല ശാസ്‌താവാണ്‌ ഈഴവർക്കു പ്രിയങ്കരനായ മറ്റൊരു ദൈവം.

"സവർണ' വിഭാഗത്തിൽപ്പെട്ട നായന്മാരുമായി "അവർണ'രായ ഈഴവർക്ക്‌ പണ്ട്‌ ഉറച്ച സാമൂഹികബന്ധങ്ങള്‍ ഉണ്ടായിരുന്നു. അടുത്തകാലം വരെ ഈഴവരുടെയും നായന്മാരുടെയും പൊതു ഉടമയിൽ പല ക്ഷേത്രങ്ങളുമുണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ ശക്തികുളങ്ങരക്ഷേത്രവും മാവേലിക്കരയിലെ ചെട്ടികുളങ്ങരക്ഷേത്രവും ഉദാഹരണങ്ങളാണ്‌. ചെമ്പഴന്തിയിലെ കാളീക്ഷേത്രത്തിൽ നായന്മാർക്കും ഈഴവർക്കും കൂട്ടായ ഉടമാവകാശം ഉണ്ടായിരുന്നു. ചേർത്തലയുള്ള കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ, ചീരങ്കുഴി നായർ തറവാട്ടുകാർക്ക്‌ ചില അധികാരാവകാശങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ട്‌; ക്ഷേത്രം ഈഴവരുടെ വകയാണ്‌. നായന്മാർ, നമ്പൂതിരിമാർ എന്നിവരുമായി ഈഴവർക്ക്‌ പുലബന്ധമുണ്ടായിരുന്നുവെന്നത്‌ ശ്രദ്ധേയമായ മറ്റൊരു വസ്‌തുതയാണ്‌. ചില നായർ, നമ്പൂതിരി കുടുംബങ്ങളുമായി ഈഴവകുടുംബങ്ങള്‍ അടുത്തകാലംവരെ പുല ആചരിച്ചിരുന്നു. ചേർത്തല താലൂക്കിൽ കൊക്കോതമംഗലത്ത്‌ ചേങ്ങാട്‌ എന്ന പുരാതന ഈഴവപ്രഭുകടുംബവും മൂവാറ്റുപുഴ താലൂക്കിൽ പിറവത്ത്‌ ഒരു നമ്പൂതിരി ഇല്ലവും പരസ്‌പരം പുല ആചരിച്ചുവന്നിരുന്നു. കായംകുളത്ത്‌ പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്ര ഉടമയായ നമ്പൂതിരി ഇല്ലവും അതിനടുത്ത്‌ പന്തപ്ലാവിൽ എന്ന ഈഴവകുടുംബവും പരസ്‌പരം പുല ആചരിച്ചുവന്നിരുന്നു. ഈ കുടുംബക്കാർ തമ്മിൽ അയിത്തം ആചരിക്ക പതിവില്ലായിരുന്നു. അമ്പലപ്പുഴ താലൂക്കിൽ കോഴിമുക്കുപകുതിയിൽ "പാതാരശ്ശേരിൽ' എന്ന ഈഴവകുടുംബവും അതിനടുത്ത്‌ "മുങ്ങേലി' എന്ന നായർകുടുംബവും പരസ്‌പരം പുല ആചരിക്കുന്ന പതിവ്‌ കൊ.വ. 1106 (1930-31) വരെ നിലനിന്നു; ഒരു കുടുംബത്തിൽപ്പെട്ട ആള്‍ മരിച്ചാൽ മറ്റേ കുടുംബക്കാർ കോടിയുടുക്കുകയും അപരക്രിയകള്‍ നടത്തുകയും പതിവായിരുന്നു.

കെട്ടുകല്യാണം. ദശാബ്‌ദങ്ങള്‍ക്കുമുമ്പ്‌ ഈഴവർക്കിടയിൽ നിലനിന്നിരുന്ന ഒരു ചടങ്ങാണ്‌ കെട്ടുകല്യാണം (നായന്മാർ, നമ്പൂതിരിമാർ എന്നീ സമുദായങ്ങളിലും ഈ സമ്പ്രദായമുണ്ടായിരുന്നു). പെണ്‍കുട്ടികള്‍ ഋതുവാകുന്നതിനുമുമ്പ്‌ നടത്തപ്പെട്ടിരുന്ന താലികെട്ടുകല്യാണം ആദ്യത്തെ വിവാഹമെന്ന നിലയിലാണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌. എന്നാൽ താലികെട്ടുന്ന ചെറുക്കനും താലികെട്ടപ്പെടുന്ന പെണ്ണും തമ്മിൽ പിന്നീട്‌ യാതൊരു ബന്ധവും ഉണ്ടാവണമെന്നില്ല. അർഥശൂന്യവും ദുർവ്യയഹേതുകവുമായ ഈ ആചാരം സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടതോടെ തികച്ചും അപ്രത്യക്ഷമായി. വിവാഹം. രണ്ടോ അതിലധികമോ സഹോദരന്മാർ ഒരേ സ്‌ത്രീയെ ഭാര്യയായി സ്വീകരിക്കുന്ന ("സഹോദര ഭർത്തൃത്വ') സമ്പ്രദായം പണ്ടുകാലത്ത്‌ അപൂർവമായെങ്കിലും നിലനിന്നിരുന്നു; ബഹുഭാര്യാത്വവും പതിവായിരുന്നു.

വിവാഹരീതി പല സ്ഥലങ്ങളിൽ പല തരത്തിലായിരുന്നു അനുഷ്‌ഠിച്ചിരുന്നത്‌. വരന്റെ സഹോദരി വധുവിന്‌ പുടവ കൊടുത്ത്‌ കൂട്ടിക്കൊണ്ടുപോകുന്ന രീതിയായിരുന്നു തെക്കന്‍ തിരുവിതാംകൂറിൽ പതിവ്‌. വിവാഹത്തിന്‌ ചാന്നാന്മാരുടെ അനുമതി തേടുന്ന സമ്പ്രദായവും പഴയകാലത്ത്‌ ഈ പ്രദേശത്ത്‌ നിലവിലിരുന്നു. ഉത്തര തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും തണ്ടാന്മാരുടെ അനുമതിയാണ്‌ വേണ്ടിയിരുന്നത്‌. വരന്‌ തണ്ടാന്‍ വെറ്റിലമുറുക്കാന്‍ കൊടുത്തതിനുശേഷം മാത്രമാണ്‌ വിവാഹപ്പാർട്ടി പുറപ്പെട്ടിരുന്നത്‌. ഉത്തരമലബാറിൽ വാളും പരിചയും ചുഴറ്റിക്കൊണ്ടായിരുന്നു വിവാഹപ്പാർട്ടിയുടെ യാത്ര. വധൂഗൃഹത്തിലെത്തിയാൽ ആ ദേശത്തിലെ തണ്ടാനാണ്‌ ഈ ആയുധങ്ങള്‍ ഏറ്റുവാങ്ങുന്നത്‌. വരന്റെ സഹോദരിമാരും തണ്ടാന്റെ ഭാര്യയും ചേർന്ന്‌ വധുവിനെ വിവാഹവസ്‌ത്രം അണിയിച്ചശേഷം വരന്റെ സഹോദരി വധുവിനെ വിവാഹമണ്ഡപത്തിലേക്ക്‌ ആനയിച്ച്‌ വരന്റെ പിന്നിലായി ഇരുത്തുന്നു. വധുവിനെ അണിയിക്കാനുള്ള വസ്‌ത്രങ്ങള്‍ കൂടാതെ നാലു വസ്‌ത്രങ്ങള്‍കൂടി വരന്‍ കൊണ്ടുവന്നിട്ടുണ്ടാകും. വധുവിന്റെ അമ്മയ്‌ക്കു "കാണപ്പണം' കൂടി കൊടുത്തുകഴിഞ്ഞാൽ വിവാഹസദ്യയായി. ഇത്രയുമാണ്‌ വിവാഹത്തിന്റെ പ്രധാന ചടങ്ങുകള്‍.

ഇപ്പോള്‍ ഈ ചടങ്ങുകളൊന്നും ഇല്ല. മുഹൂർത്തത്തിൽ വരനെ വധു പൂമാല ചാർത്തുകയും വരന്‍ വധുവിന്റെ കഴുത്തിൽ താലികെട്ടി മാല ചാർത്തുകയും ചെയ്യുന്നതാണ്‌ പ്രധാന ചടങ്ങ്‌. വിവാഹസദ്യയ്‌ക്കുശേഷം വധുവിനെ കൂട്ടിക്കൊണ്ട്‌ വരനും പാർട്ടിയും വരന്റെ ഗൃഹത്തിലേക്ക്‌ മടങ്ങുന്നു.

ദായക്രമം. അടുത്തകാലം വരെ മൂന്നുരീതിയിലുള്ള ദായക്രമം നിലനിന്നിരുന്നു. വടക്കേ മലബാറിൽ മരുമക്കത്തായവും തെക്കേ മലബാറിലും കൊച്ചിയിലും മക്കത്തായവും തിരുവിതാംകൂറിൽ മിശ്രദായക്രമവുമാണുണ്ടായിരുന്നത്‌. മക്കത്തായസമ്പ്രദായമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌.

സാംസ്‌കാരിക സംഭാവന. വിവിധ മേഖലകളിൽ നിപുണരായവർ ഈ സമുദായാംഗങ്ങളായുണ്ട്‌. വൈദ്യശാസ്‌ത്രത്തിൽ ഈഴവരുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നു. ഉപ്പോട്ടു കച്ചന്‍ എന്ന ഈഴവവൈദ്യനാണ്‌ യോഗാമൃതം എന്ന വൈദ്യശാസ്‌ത്രഗ്രന്ഥത്തിന്റെ കർത്താവ്‌. ആലപ്പുഴ തയ്യിൽ കൃഷ്‌ണന്‍ വൈദ്യന്‍ രചിച്ച ഔഷധനിഘണ്ടു വൈദ്യശാസ്‌ത്രത്തിനു ലഭിച്ച ഒരു അമൂല്യഗ്രന്ഥമാണ്‌. ഇതിൽ ഔഷധങ്ങളുടെ സംസ്‌കൃത നാമങ്ങളും അവയുടെ മലയാളപദങ്ങളും ഔഷധദ്രവ്യങ്ങളുടെ സ്വഭാവവും ഗുണവും മറ്റും സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. 1906-ൽ ആണ്‌ ഇത്‌ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇന്ത്യാ ഗവണ്‍മെന്റ്‌ ഈ ബൃഹദ്‌ഗ്രന്ഥം സംസ്‌കൃതത്തിൽ പ്രകാശനം ചെയ്‌തിട്ടുണ്ട്‌. വൈദ്യശാസ്‌ത്രരംഗത്തെ മറ്റൊരു പ്രമുഖവ്യക്തി ആയിരുന്നു ഇട്ടി അച്യുതന്‍. കേരളത്തിലെ ഔഷധികളുടെ സമ്പൂർണവിവരം അടങ്ങിയിട്ടുള്ള ഹോർത്തൂസ്‌ മലബാറിക്കസ്‌ എന്ന ഗ്രന്ഥം തയ്യാറാക്കാന്‍ വാന്‍ റീഡ്‌ എന്ന ഡച്ചുഗവർണറെ സഹായിച്ചവരിൽ മുമ്പനായിരുന്നു ഇട്ടി അച്യുതന്‍. ഈഴവരായ മറ്റ്‌ ആയുർവേദവൈദ്യന്മാരെപ്പറ്റി മഹാകവി ഉള്ളൂർ കേരള സാഹിത്യചരിത്രത്തിൽ പ്രസ്‌താവിക്കുന്നുണ്ട്‌. തൃക്കുന്നപ്പുഴയിലെ നാണുവൈദ്യന്‍, ചിറയിന്‍കീഴ്‌ പാണാവള്ളിൽ കൃഷ്‌ണന്‍ വൈദ്യർ, മാർത്താണ്ഡം വൈദ്യന്‍, വലപ്പാട്‌ ചോലയിൽ കുഞ്ഞുമാമിവൈദ്യന്‍ തുടങ്ങിയവരാണ്‌ പ്രധാനികള്‍.

സുജനാനന്ദിനി പത്രാധിപരായിരുന്ന പരവൂർ കേശവനാശാനും സരസകവി മൂലൂർ എസ്‌. പദ്‌മനാഭപ്പണിക്കരും 20-ാം ശതകത്തിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ സംസ്‌കൃതപണ്ഡിതന്മാരുടെ മുമ്പന്തിയിൽ വർത്തിച്ചിരുന്നവരാണ്‌.

സാമൂഹികനവോത്ഥാനം. കേരളത്തിലെ ജാതിവ്യവസ്ഥയ്‌ക്കകത്ത്‌ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ജനവിഭാഗങ്ങളിലൊന്നായിരുന്നു ഈഴവർ. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ഈഴവർക്കിടയിൽ ആവിർഭവിച്ച പരിഷ്‌കരണ പ്രസ്ഥാനമാണ്‌ ഈഴവരെ മനുഷ്യരായി ജീവിക്കാന്‍ പ്രാപ്‌തരാക്കിയത്‌. ശ്രീനാരായണ ഗുരുവും, അദ്ദേഹം 1903-ൽ സ്ഥാപിച്ച എസ്‌.എന്‍.ഡി.പി.യും ഈഴവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‌കിയതും യോഗമാണ്‌. ഡോ. പൽപ്പു, കുമാരനാശാന്‍, ടി.കെ. മാധവന്‍, സി. കൃഷ്‌ണന്‍, സി.വി. കുഞ്ഞുരാമന്‍, സി. കേശവന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവർ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കാന്മാരായിരുന്നു. അതോടൊപ്പം കേരളത്തിൽ വളർന്നുവന്ന ഇതര സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും രാഷ്‌ട്രീയ സംഘടനകളും ദേശീയ പ്രസ്ഥാനവും ഒക്കെ ചേർന്ന സവിശേഷ സാമൂഹിക സാഹചര്യത്തിൽ ഈഴവർ വിദ്യാഭ്യാസത്തിലും തൊഴിലിലും സാമ്പത്തിക മേഖലകളിലും സാമൂഹിക പദവിയിലും ഗണ്യമായ സ്ഥാനം നേടി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന സാമൂഹിക ജീവിതാവസ്ഥയിൽനിന്ന്‌ വിപ്ലവകരമായ മുന്നേറ്റമാണ്‌ ഈഴവ ജനതയ്‌ക്ക്‌ ഉണ്ടായിട്ടുള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B4%E0%B4%B5%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍