This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരപിള്ള, ആർ. (1854 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:44, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈശ്വരപിള്ള, ആർ. (1854 - 1940)

ആദ്യകാലമലയാളോപന്യാസകാരന്മാരിൽ ഒരാള്‍. വിവിധ ഹൈസ്‌കൂളുകളിൽ ഹെഡ്‌മാസ്റ്ററായിരുന്ന ഈശ്വരപിള്ള റേഞ്ച്‌ ഇന്‍സ്‌പെക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കോട്ടയത്ത്‌ ഒളശ്ശയിൽ ചെറുകര ഗോവിന്ദന്‍നായരുടെയും നാലാങ്കൽ കുഞ്ഞിയമ്മയുടെയും പുത്രനായി 1854-ൽ ഇദ്ദേഹം ജനിച്ചു. മദ്രാസ്‌ സർവകലാശാലയിൽ നിന്നും ബി.എ. ബിരുദം നേടി അധ്യാപകവൃത്തിയിൽ പ്രവേശിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലും സംസ്‌കൃതത്തിലും തികഞ്ഞ പാണ്ഡിത്യമുണ്ടായിരുന്ന ഈശ്വരപിള്ളയുടെ പ്രധാനകൃതി ഏഴു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ചിന്താസന്താനം എന്ന ഉപന്യാസസമാഹാരമാണ്‌. ഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും, വൃദ്ധന്മാർക്ക്‌ ചെറുപ്പമാകാനുള്ള മാർഗം, സാഹിത്യകാരന്മാരുടെ ദുരവസ്ഥ, നിയമവും നിയമനിർമിതിയും, മതവും മനുഷ്യനും, തോമസ്‌ കാർലൈൽ തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്‌. സരസമായ ശൈലിയും കൗതുകമരുളുന്ന സമീപനവും ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സവിശേഷതകളാണ്‌.

ഷെയ്‌ക്‌സ്‌പിയർ നാടകങ്ങളും മറ്റും ആദ്യമായി മലയാളികള്‍ക്കു പരിചയപ്പെടുത്തിയത്‌ ഈശ്വരപിള്ളയാണ്‌. ഷെയ്‌ക്‌സ്‌പിയർ നാടകകഥകള്‍, സൂക്തിമുക്താവലി, ശ്രീരാമന്‍, രാമാനുജനെഴുത്തച്ഛന്‍, ഉത്‌കർഷസോപാനം, ഹേമദത്തന്‍ തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍. അപ്രകാശിതങ്ങളായ ചില ഇംഗ്ലീഷ്‌ കവിതകളും ഇദ്ദേഹത്തിന്റേതായുണ്ട്‌.

തിരുവിതാംകൂർ നിയമസഭ, പാഠ്യപുസ്‌തക കമ്മിറ്റി തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. പറവൂർ നഗരസഭാധ്യക്ഷന്‍ എന്ന നിലയിലും ഇദ്ദേഹം ജനസേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1909-ൽ സർക്കാരുദ്യോഗത്തിൽ നിന്നു വിരമിച്ചശേഷം കുറേക്കാലം ഗുരുനാഥന്‍, ഉത്തരതാരക എന്നിവയുടെ പത്രാധിപത്യം നിർവഹിച്ചു. പ്രസിദ്ധ സാഹിത്യകാരനായ കൈനിക്കര കുമാരപിള്ള ഈശ്വരപിള്ളയുടെ ജാമാതാവാണ്‌. 1940 G. 18-ന്‌ ഈശ്വരപിള്ള വടക്കന്‍ പറവൂരിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍