This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസെന്‍ ഫാങ്‌, അമേദെ (1886 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:02, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓസെന്‍ ഫാങ്‌, അമേദെ (1886 - 1966)

Ozenfant, Amedee

അമേദെ ഓസെന്‍ ഫാങ്‌

ഫ്രഞ്ച്‌ ചിത്രകാരന്‍. 1886-ൽ സെന്റ്‌ ക്വെന്റിനിലെ ഐസനിൽ ജനിച്ചു. "പ്യൂരിസം' എന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്‌ ഒസെന്‍ ഫാങ്‌. സാമാന്യവിദ്യാഭ്യാസത്തിനുശേഷം 1904-ൽ ഇദ്ദേഹം ചിത്രകല അഭ്യസിക്കുവാന്‍ ആരംഭിച്ചു. രണ്ടു വർഷത്തിനുശേഷം വാസ്‌തുവിദ്യ പഠിക്കുന്നതിലേക്കായി പാരിസിൽ പോയി. ക്രമേണ ഇദ്ദേഹം അമൂർത്തകലയുടെ ശൈലിയിലേക്ക്‌ ആകർഷിക്കപ്പെട്ടു. ക്യൂബിസ്റ്റ്‌ എഴുത്തുകാരായ മാക്‌സ്‌ ജേക്കബ്‌, ഗില്വാമെ അപ്പോളിനെയർ എന്നിവേരാടു ചേർന്ന്‌ ഒസെന്‍ ഫാങ്‌ ല ഇലാന്‍ (L' Elan)എന്നൊരു മാസിക തുടങ്ങി. ഇതിൽ 1915 മുതൽ 17 വരെ ചിത്രകലയെക്കുറിച്ച്‌ തനിക്കുള്ള അഭിപ്രായങ്ങള്‍ ഇദ്ദേഹം തുടർച്ചയായി എഴുതിയിരുന്നു. ലി കോർബുസെ എന്ന്‌ പിന്നീട്‌ അറിയപ്പെട്ട ചാള്‍സ്‌ എഡേ്വഡ്‌ എന്ന വാസ്‌തുവിദ്യാവിദഗ്‌ധനുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ ഒസെന്‍ ഫാങ്‌ "പ്യൂറിസ്റ്റ്‌' പ്രസ്ഥാനം ആരംഭിച്ചത്‌. 1918-ൽ ആഫ്‌റ്റർ ക്യൂബിസം എന്ന പേരിൽ ഇവർ ഇതിന്റെ പ്രകടനപത്രിക തയ്യാറാക്കി. 1920 മുതൽ 25 വരെ ഈ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കുവേണ്ടി ഇദ്ദേഹം യത്‌നിച്ചു. 1926-ൽ ഒസെന്‍ ഫാങ്‌ രചിച്ച ദ ജഗ്‌ എന്ന ചിത്രം പ്യൂറിസ്റ്റ്‌ ശൈലിയിലുള്ളതാണ്‌; 1925 മുതൽ 28 വരെ ചുവർചിത്രകലയെ പ്രാത്സാഹിപ്പിക്കുന്നതിൽ താത്‌പര്യം കാണിച്ചു. പാരിസിലെ മോഡേന്‍ ആർട്ട്‌ മ്യൂസിയത്തിലുള്ള ഫോർറേസസ്‌ ഇക്കാലത്തു രചിച്ചതാണ്‌. 1928-ൽ ഇദ്ദേഹം രണ്ടു വാല്യങ്ങളുള്ള ആർട്ട്‌ എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി; ഇതൊരു ക്ലാസ്സിക്‌ കൃതിയായി കണക്കാക്കപ്പെട്ടുവരുന്നു. 1931 മുതൽ 38 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ലൈഫ്‌ എന്നൊരു കൂറ്റന്‍ ചിത്രം ആലേഖനം ചെയ്യുന്നതിൽ ആമഗ്നനായിരുന്നു. പ്യൂറിസ്റ്റ്‌ ശൈലിയിൽ രചിച്ചിട്ടുള്ള ഈ ചിത്രത്തിൽ മാനവ ഐക്യത്തെ പാടിപ്പുകഴ്‌ത്തുന്ന നൂറിനുമേൽ മനുഷ്യരൂപങ്ങളെ വരച്ചുചേർത്തിരിക്കുന്നു. 1938-ൽ ഇദ്ദേഹം ന്യൂയോർക്കിൽ താമസമാക്കി. ഇവിടെ "ഒസൈന്‍ ഫാങ്‌ സ്‌കൂള്‍ ഒഫ്‌ ഫൈന്‍ ആർട്ട്‌സ്‌' സ്ഥാപിച്ചു; താമസിയാതെ ഇത്‌ യു.എസ്സിലെ ഏറ്റവും പ്രശസ്‌തസ്ഥാപനമായി ഉയർന്നു. 1955-ൽ ഇദ്ദേഹം ഫ്രാന്‍സിൽ തിരിച്ചെത്തി. അവിടെ വിദേശ വിദ്യാർഥികളെ ഉദ്ദേശിച്ചുകൊണ്ട്‌ ഒരു ചിത്രകലാസ്റ്റുഡിയോ നടത്തിവന്നു. 1966-ൽ കാനസിൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍